UPDATES

13485 കോടി രൂപയുടെ ‘തീരത്തിനായി ഹരിത ഇടനാഴി’ പദ്ധതിയുമായി കേരള സര്‍ക്കാര്‍

അഴിമുഖം പ്രതിനിധി

തീരദേശ ഗ്രാമങ്ങളെ ബന്ധിപ്പിച്ച് ‘തീരത്തിനായി ഹരിത ഇടനാഴി’ എന്ന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. നാലു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിക്ക് 13485 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം കൊല്ലങ്കോട് മുതല്‍ കാസര്‍കോട് മഞ്ചേശ്വരം വരെ 522 കിലോമീറ്റര്‍ ആയിരിക്കും ഈ ഹരിത ഇടനാഴിയുടെ ദൈര്‍ഘ്യം. പദ്ധതി നടത്തിപ്പിനായി 24040 കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. ഇതിനായി 5553.28 കോടിയുടെ പുനരധിവാസ പദ്ധതിക്കും രൂപരേഖയായിട്ടുണ്ട്. 

പദ്ധതിയെ കുറിച്ച് വിശദീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ; 

നാലു വര്‍ഷത്തിനുള്ളില്‍ മാലിന്യമുക്ത സുന്ദര തീരം സംസ്ഥാനത്തു വരാന്‍പോകുകയാണ്. ടൂറിസം കേന്ദ്രങ്ങളെയും മത്സ്യഗ്രാമങ്ങളെയും ബന്ധിപ്പിച്ച് ‘തീരത്തിനായി ഹരിത ഇടനാഴി’ എന്ന സ്വപ്നപദ്ധതി സംസ്ഥാനത്ത് തയ്യാറാകുകയാണ്. തീരസംരക്ഷണം, മത്സ്യത്തൊഴിലാളി മേഖലയുടെ സമഗ്രവികസനം എന്നിവ ലക്ഷ്യമാക്കി ദേശീയപാത മാതൃകയില്‍ തിരുവനന്തപുരം കൊല്ലങ്കോട് മുതല്‍ കാസര്‍കോട് മഞ്ചേശ്വരം വരെ 522 കിലോമീറ്റര് ദൂരത്തിലാണ് ഹരിത ഇടനാഴി ഒരുക്കുന്നത്. 13485 കോടി രൂപയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ്. വിപുലമായ യോഗം ചേര്‍ന്ന് ജനകീയപങ്കാളിത്തത്തോടു കൂടിയായിരിക്കും പദ്ധതി നടപ്പിലാക്കുക.

തീരദേശത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള പദ്ധതിയില് എല്ലാ മത്സ്യബന്ധന തുറമുഖങ്ങളെയും ലാന്റിംഗ് സെന്ററുകളെയും ബന്ധിപ്പിക്കും. തീരത്തെ വേലിയേറ്റപരിധിയില്‍ നിന്ന് 35 മീറ്റര്‍ മാറിയാണ് 15 മീറ്റര്‍വീതിയില്‍ റോഡ് നിര്‍മിക്കുന്നത്. ഈ ഭാഗത്ത് മരങ്ങൾ നട്ട് ഗ്രീന്‍ബെല്‍ട്ടായി സംരക്ഷിക്കും. മണ്ണൊലിപ്പും കടലാക്രമണവും തടയാനായി ആര്‍ട്ടിഫിഷ്യല്‍ റീഫ്, ഡിറ്റാച്ച്ഡ് ബ്രേക്ക് വാട്ടര്‍ സംവിധാനങ്ങൾ സജ്ജീകരിക്കും. പാതയോരത്ത് പാസഞ്ചര്‍ അമിനിറ്റി സെന്‍റര്‍, സീഫുഡ് പാര്‍ക്ക്, റിക്രിയേഷണല്‍ ഫിഷറീസ് സംവിധാനങ്ങൾ, ശൗചാലയങ്ങൾ, ജലകായിക വിനോദകേന്ദ്രങ്ങൾ എന്നിവ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കും. കാലവര്‍ഷവും കടലാക്രമണവും തീരത്തുണ്ടാകുന്ന കെടുതികൾക്ക് അറുതിവരുത്താനും ഇതിനായി വര്‍ഷംതോറും ചെലവാകുന്ന തുക ഒഴിവാക്കാനും പദ്ധതി സഹായമാകും.

പദ്ധതി നടത്തിപ്പിനായി 24040 കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടി വരും. 5553.28 കോടിയുടെ പുനരധിവാസ പദ്ധതിക്ക് രൂപരേഖയായി. വെറുതെ നഷ്ടപരിഹാരം നല്കി ജനങ്ങളെ തെരുവിലിറക്കുകയെന്നതല്ല സര്‍ക്കാരിന്റെ ലക്ഷ്യം. മത്സ്യബന്ധന ഗ്രാമങ്ങളുടെ തനത് സാമൂഹ്യ-സാംസ്ക്കാരിക പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ടുള്ള പുനരധിവാസമാണ് സര്‍ക്കാര്‍ നടപ്പിലാക്കാനുദ്ദേശിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ സാമൂഹിക-സാംസ്ക്കാരിക ഉന്നമനം സാധ്യമാകുന്ന തരത്തിലുള്ള ഒരു സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. തീരത്തുനിന്ന് കിഴക്കോട്ട് ഒരു കിലോമീറ്ററും സമാന്തരമായി രണ്ടു കിലോമീറ്ററും ദൂരപരിധിയില്‍ പുനരധിവാസത്തിനായി സ്ഥലം കണ്ടെത്തും. ഇരുനില കെട്ടിട യൂണിറ്റുകളായും രണ്ടുതരം ടൗൺഷിപ്പുകളുമായാണ് പുനരധിവാസം നടപ്പാക്കുക. ചുറ്റുമതിലോടു കൂടിയ ടൗൺഷിപ്പില് വീടുകൾക്ക് പുറമെ അങ്കണവാടി, കമ്യൂണിറ്റി സെന്റര്, പ്രാഥമികാരോഗ്യകേന്ദ്രം, കളിസ്ഥലം, പാര്ക്കിംഗ് സ്ഥലം, മാലിന്യസംസ്ക്കരണ യൂണിറ്റ് എന്നിവയുണ്ടാകും. പുനരധിവാസവുമായി ബന്ധപ്പെട്ട ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയുടെ അധ്യക്ഷതയില്‍ തീരദേശമണ്ഡലങ്ങളിലെ എം.എല്‍.എ.മാരുടെ യോഗം ചേര്‍ന്നിരുന്നു.


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍