UPDATES

വിദേശം

എല്‍ജിബിടി സമൂഹത്തിനെതിരേ കൊലക്കത്തി ഉയര്‍ത്തുന്ന മതഭീകരത; മൗനസമ്മതവുമായി ബംഗ്ലാദേശ് സര്‍ക്കാര്‍

28 പുരുഷന്മാരെ സ്വവര്‍ഗ്ഗ പ്രേമികള്‍ എന്നാരോപിച്ച് ദ്രുതകര്‍മ്മ സേന അറസ്റ്റ് ചെയ്തതാണു പുതിയ സംഭവം

മേയ് 19നു ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയുടെ പ്രാന്തപ്രദേശമായ ഘെരാനിഗഞ്ചില്‍ നിന്നും 28 പുരുഷന്മാരെ സ്വവര്‍ഗ്ഗ പ്രേമികള്‍ എന്നാരോപിച്ച് ദ്രുതകര്‍മ്മ സേന അറസ്റ്റ് ചെയ്തു. പിറ്റേ ദിവസം തങ്ങളുടെ അന്യാദൃശ്യ നേട്ടം വിളമ്പരം ചെയ്യുന്നതിനായി അവര്‍ ഒരു പത്രസമ്മേളനം വിളിച്ചു ചേര്‍ക്കുകയും ചെയ്തു. ആവേശഭരിതരായ പൊതുജനങ്ങളും സ്വര്‍ഗരതിയെ ഭയത്തോടെ കാണുന്ന ബുദ്ധിജീവികളും പോലീസിനെ പ്രകീര്‍ത്തിച്ചുകൊണ്ട് സംഭവം സാമൂഹിക മാധ്യമങ്ങളില്‍ ആഘോഷിച്ചു. 1860ല്‍ ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ ശിക്ഷനിയമത്തിലെ 377-ാം വകുപ്പ് പ്രകാരം ബംഗ്ലാദേശില്‍ സ്വവര്‍ഗരതി ജീവപര്യന്തം തടവുവരെ ലഭിക്കാവുന്ന കുറ്റമാണ്.

എന്നാല്‍ ഇവര്‍ക്കെതിരേ 377-ാം വകുപ്പ് ചുമത്താന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വവര്‍ഗരതി നടന്നു എന്നതിന് തെളിവുകളൊന്നുമില്ലെന്ന് ദ്രുതകര്‍മ്മസേനയുടെ കമാന്‍ഡിംഗ് ഓഫിസര്‍ ജഹാംഗിര്‍ ഹുസൈന്‍ മുത്തുബാര്‍ തന്നെ പറയുന്നു. പക്ഷെ മുത്തുബാറിന്റെ വിശദീകരണം വരുമ്പോഴേക്കും 18നും 30നും ഇടയില്‍ പ്രായമുള്ള അറസ്റ്റിലായവരുടെ ചിത്രങ്ങള്‍ മുഖ്യധാര, സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രചാരണം നേടിയിരുന്നു. ഒട്ടും താമസിയാതെ മാധ്യമ സദാചാരക്കാര്‍ വിചാരണയും ആരംഭിച്ചിരുന്നു.

അറസ്റ്റിലായവരില്‍ നാലുപേരില്‍ നിന്നും 45 യാബ ഗുളികകള്‍, 250 ഗ്രാം മരീജുവാന, 25 കോണ്ടം പാക്കറ്റുകള്‍, രണ്ട് ലൂബ്രിക്കേഷന്‍ ജല്ലിന്റെ ട്യൂബുകള്‍ എന്നിവ കണ്ടെടുത്തെന്നാണ് മുത്തബാര്‍ വിശദീകരിച്ചത്. പിന്നെ എന്തിനാണ് 28 പേരെ അറസ്റ്റ് ചെയ്തന്നും എന്തിനാണ് എഫ്‌ഐആറില്‍ സ്വവര്‍ഗരതിയും മറ്റ് പ്രകൃതിവിരുദ്ധ പ്രവര്‍ത്തനങ്ങളും എന്ന് ചേര്‍ത്തത് എന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നില്ല. ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ സുല്‍ഹാസ് മന്നന്‍, മഹബൂബ് റാബി ടോണോയ് എന്നിവരെ ജനക്കൂട്ടം തല്ലിക്കൊന്ന ഒരു രാജ്യത്ത് ഇവരുടെ ജീവന്‍ വച്ച് എങ്ങനെയാണ് ഉത്തരവാദിത്വപ്പെട്ട ഒരു സുരക്ഷസേനയ്ക്കും മാധ്യമങ്ങള്‍ക്കും കളിക്കാന്‍ സാധിക്കുന്നത് എന്ന ചോദ്യവും അവശേഷിക്കുന്നു. അതിലുപരിയായി ഒരു സംഘം നടത്തിയ സ്വകാര്യ കൂടിച്ചേരലില്‍ എന്തിനാണ് പോലീസ് ഇടപെട്ടതെന്നും മതിയായ തെളിവുകളില്ലാതെ അവരുടെ സ്വകാര്യവിവരങ്ങള്‍ വെളിപ്പെടുത്തിയത് എന്തിനാണെന്നുമുള്ള ചോദ്യങ്ങളും ബാക്കിയാവുന്നു.

ഇതിന് ബംഗ്ലാദേശിന്റെ സമീപകാല ചരിത്രം പരിശോധിക്കേണ്ടിയിരിക്കുന്നു. സമീപകാലത്തായി ബംഗ്ലാദേശില്‍ മതതീവ്രവാദവും രാഷ്ട്രീയ ഏകാധിപത്യവും വര്‍ദ്ധിച്ചുവരികയാണ്. സ്വവര്‍ഗ ലൈംഗികതയ്‌ക്കെതിരായ സര്‍ക്കാര്‍ വേട്ട ഇവിടെ പെട്ടെന്ന്് പൊട്ടിമുളച്ചതല്ല. കഴിഞ്ഞ 20 വര്‍ഷങ്ങളെങ്കിലുമായി ഇവിടെ എല്‍ജിബിടി സമൂഹം സര്‍ക്കാരിനാലും പൊതുസമൂഹത്താലും വേട്ടയാടപ്പെടുന്നുണ്ട്. ആണുങ്ങളിലെ സ്വവര്‍ഗ ലൈംഗികതയാണ് എയ്ഡ്‌സിന് പ്രധാനകാരണം എന്ന് പ്രചരിപ്പിക്കുന്നത് സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെയാണ്.

രജിസ്റ്റര്‍ ചെയ്യാത്ത ചില സന്നദ്ധസംഘടനകള്‍ എല്‍ജിബിടി പ്രസ്ഥാനത്തിന് വേണ്ടി ഒളിവില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് സര്‍ക്കാരിന് ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ അവര്‍ എല്‍ജിബിടി പ്രസ്ഥാനങ്ങള്‍ക്ക് നേരെ ഒരു വേട്ടയ്ക്കിറങ്ങിയിരിക്കുന്നു എന്നു വേണം കരുതാനെന്ന് 2002ല്‍ മുതല്‍ ഇവരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ബോയ്‌സ് ഓഫ് ബംഗ്ലാദേശ് എന്ന സംഘടനയിലെ ഷൗക്കത്ത് ഹുസൈന്‍ രജീബ് സ്‌ക്രോളില്‍ എഴുതുന്നു.

ഇതോടൊപ്പം തീവ്രവാദികളും ഇസ്ലാമിക ഗ്രൂപ്പുകളും രാഷ്ട്രീയ പാര്‍ട്ടികളും ഇവര്‍ക്കെതിരെ അക്രമങ്ങളും അഴിച്ചുവിടുന്നു. സ്വവര്‍ഗ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ച് ബംഗ്ലാദേശി നോബല്‍ പുരസ്‌കാരം ജേതാവ് മുഹമ്മദ് യൂനുസിനെതിരെ മുസ്ലിം പുരോഹിതരുടെ സംഘടനയായ ബംഗ്ലാദേശ് ഒലമ മഷായേക് ഷാന്‍ഗതി പരിഷത്ത് 2013ല്‍ പത്രസമ്മേളനം നടത്തിയതായിരുന്നു ഇത്തരത്തിലുള്ള ആദ്യ സംഭവം. യൂനുസിനും എല്‍ജിബിടി സമൂഹത്തിനുമെതിരെ നൂറുകണക്കിന് ഇമാമുമാര്‍ അന്ന് രാജ്യവ്യാപകമായി പ്രകടനങ്ങള്‍ നടത്തുകയും ആറ് ലക്ഷത്തിലേറെ ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇതൊരു വലിയ വിദ്വേഷ പ്രചാരണത്തിന്റെ തുടക്കമായിരുന്നു. 2014 ജനുവരിയില്‍, രാജ്യത്തെ ആദ്യത്തെ സ്വവര്‍ഗ ലൈംഗിക പ്രസിദ്ധീകരണമായ രൂപ്ബാന്‍ പുറത്തുവന്നപ്പോള്‍ അത് ബംഗ്ലാദേശിനെ തകര്‍ക്കാനുള്ള പാശ്ചാത്യ ദുഷ്ടശക്തികളുടെ പദ്ധതിയാണെന്ന് ബംഗ്ലാദേശ് തഫ്‌സീര്‍ പരിഷത്ത് ആരോപിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലും ഈ വിദ്വേഷ പ്രചാരണം വ്യാപകമായിരുന്നു. ബാഷര്‍ കെല്ല, സാഹൗദ്ദീനര്‍ ഗോറ, ഹിസ്ബുത്-തഹരീര്‍ തുടങ്ങിയ തീവ്രവാദ ഫേസ്ബുക്ക് പേജുകളില്‍ സമൂഹത്തിനെതിരെ വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുകയും അവരെ പ്രതിരോധിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. 2015ല്‍ സ്വവര്‍ഗ ലൈംഗികതയെക്കുറിച്ച് ബംഗാളി ഭാഷയില്‍ നോവല്‍ എഴുതിയ അവിജിത് റോയ് കൊല്ലപ്പെടുകയും പ്രസാധകനായ ചൗധരി താതുലിന് അതേ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
മുഖ്യധാര ഇസ്ലാമിക സംഘടനകള്‍ വിദ്വേഷ പ്രചാരണവുമായി മുന്നോട്ട് പോയപ്പോള്‍ അല്‍ ക്വയ്ദയുടെ ബംഗ്ലാദേശ് ഘടകമായ അന്‍സറുള്ള ബംഗ്ലാ ടീമിനെ പോലുള്ള ഭീകരവാദി സംഘടനകളും വെറുതെ ഇരുന്നില്ല. 2016 ഏപ്രില്‍ 25ന് മന്നന്റെ വീടാക്രമിച്ച് അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തിയ അവര്‍, ടൊണോയിയെ വടിവാള്‍ ഉപയോഗിച്ച് കൊലപ്പെടുത്തുകയും ചെയ്തു. സ്വവര്‍ഗ്ഗ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവര്‍ക്കും ഇതായിരിക്കും അനുഭവമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

എന്നാല്‍ ബ്ലോഗ് എഴുത്തുകാരുടെയും മതേതരവാദികളുടെയും യുക്തിവാദികളും അദ്ധ്യാപകരും സ്വതന്ത്ര ചിന്ത്രകരും അവകാശപ്രവര്‍ത്തകരും കൊല്ലപ്പെടുമ്പോള്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നത് ഭീകരവാദികള്‍ക്ക് വര്‍ദ്ധിത ധൈര്യം പകരുന്നു. അതോടുകൂടി ഇത്തരക്കാരുടെ വിലപേശല്‍ ശേഷി വര്‍ദ്ധിക്കുകയും വളരെ വിചിത്രമായ ആവശ്യങ്ങള്‍ അവര്‍ ഉന്നയിക്കുകയും ചെയ്യുന്നു. നീതി ദേവതയുടെ പ്രതിമ നീക്കം ചെയ്യുക, പാഠപുസ്തകങ്ങള്‍ മാറ്റിയെഴുതുക, മദ്രസകള്‍ക്ക് അംഗീകാരം നല്‍കുക, എല്‍ജിബിടി സമൂഹത്തെ തുടച്ചു നീക്കുക തുടങ്ങിയ ആവശ്യങ്ങളൊക്കെ അവരുടേതായി മുഴങ്ങുന്നു.

ഘെരാനിഗെഞ്ചിലെ പുരുഷ സ്വവര്‍ഗരതി സംഗമത്തെ പോലീസ് പിടികൂടിയ സംഭവം ഒരു ശൂന്യതയില്‍ നിന്നും ഉടലെടുത്തതല്ല. ഇസ്ലാമിനെതിരായ ഒന്നിനോടും സഹിഷ്ണുത പുലര്‍ത്തില്ലെന്ന പ്രതിജ്ഞയെടുത്ത ആഭ്യന്തരമന്ത്രിയുള്ള ഒരു രാജ്യത്ത്, ഭീകരവാദികളുമായി ഒരു മേശയ്ക്ക് ചുറ്റുമിരിക്കാന്‍ മടിയില്ലാത്ത പ്രധാനമന്ത്രിയുള്ള ഒരു രാജ്യത്ത് മനഃസാക്ഷിക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന കുറച്ച് ബംഗ്ലാദേശികളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാവുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍