UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാര്‍ ഭ്രാന്തിന്‍റെ അമേരിക്കന്‍ അനുഭവം

Avatar

മാര്‍ക് ഫിഷര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

വെള്ളിയാഴ്ച്ച രാത്രിയുള്ള കാറോട്ടങ്ങളില്‍ തന്റെ ഊഴത്തിനായി ചക് മെക്ക ചുവപ്പ് നിറത്തിലുള്ള 1956 മോഡല്‍ ഫോര്‍ഡ്-100 പിക് അപ്പുമായി കാത്തു നിന്നു.

മെക്കയ്ക്ക് വയസ് 72-ആയി. എന്നാലും ആഴ്ചയിലൊരിക്കലുള്ള കാര്‍ പ്രേമികളുടെ ഈ ഒത്തുകൂടല്‍ മുടക്കാറില്ല. തങ്ങളുടെ കാറുകളുടെ പൊലിമ പ്രദര്‍ശിപ്പിക്കുന്നത് ആത്മപ്രദര്‍ശനത്തിന്റെ അവസാന വാക്കായി കണ്ട ഒരു കാലത്തേക്കുള്ള അവരുടെ ഓര്‍മ്മ പുതുക്കലാണിത്.

18 വയസില്‍ പത്രവിതരണക്കാരനായ് പണിയെടുത്താണ് അയാള്‍ തന്റെ ആദ്യത്തെ കാര്‍ വാങ്ങുന്നത്. ഒരു 53 മോഡല്‍ ഫോര്‍ഡ്. സെക്കന്‍ഡ് ഗിയര്‍ കേടായിരുന്നു. വാഷിംഗ്ടണ്‍ ഡി സി യിലേക്ക് പോകാനും ചുറ്റുവട്ടത്തോടിച്ച് പെണ്‍കുട്ടികളുടെ മുന്നില്‍ ആളാകാനുമൊക്കെയായിരുന്നു അത്.

അന്നൊക്കെ കടന്നുപോകുന്ന ഏത് കാറും ഏത് മോഡലാണെന്നും ഏത് കൊല്ലത്തേതാണെന്നും അയാള്‍ പറയുമായിരുന്നു. ഇപ്പൊഴും കാറുകള്‍ അയാളുടെ ആവേശമാണ്: “എന്റെ ഭാര്യ ഗര്‍ഭാശയ അര്‍ബുദത്തെ അതിജീവിച്ചപ്പോള്‍ ഞാനവള്‍ക്ക് അവളുടെ സ്വപ്നത്തിലെ കാര്‍ വാങ്ങിക്കൊടുത്തു.”

വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ മെക്കയും സുഹൃത്തുക്കളും 72 മോഡല്‍ Dodge Challenger-നും 65 മോഡല്‍ കോര്‍വെറ്റയ്ക്കും ഒപ്പം ഒത്തുകൂടും. പിന്നെ കാറുകളെയും സ്ത്രീകളെയും കുറിച്ചുള്ള പഴയ കഥകള്‍ പറഞ്ഞിരിക്കും. ആ കാലം എവിടെപ്പോയെന്ന് നെടുവീര്‍പ്പിടും.

മോട്ടോര്‍വാഹനങ്ങളിലെ യാത്രയുടെ ആദ്യനൂറ്റാണ്ടില്‍ ലൈസന്‍സ് കിട്ടുക എന്നുപറഞ്ഞാല്‍ അച്ഛനമ്മമാരുടെ പിടിയില്‍ നിന്നുമുള്ള മോചനവും തുറന്ന പാതയിലേക്കുള്ള പാസ്പോര്‍ടുമാണ്. ഇന്നിപ്പോള്‍ 18 വയസില്‍ ലൈസന്‍സ് എടുക്കാന്‍ പകുതി പേരും ഉത്സാഹം കാണിക്കുന്നില്ല. അമേരിക്കന്‍ സ്വപ്നത്തിന്റെ 20-ആം നൂറ്റാണ്ടിലെ എഞ്ചിന്‍ ഒരു വൃദ്ധന്റെ കളിയായി മാറി.

“ഇന്നിപ്പോള്‍ ആളുകളുടെ ജീവിതത്തിലെ ഏറ്റവും പ്രധാന സംഗതിയൊന്നുമല്ല കാര്‍. നവ സാമൂഹ്യ മാധ്യമങ്ങള്‍ എല്ലാത്തിന്റെയും പരിധികളെ മറികടന്നു. സുഹൃത്തുക്കളേ കണ്ടെത്താന്‍ ഇനിയിപ്പോള്‍ കാര്‍ വേണ്ട.”

കാറിനോടുള്ള വൈകാരികമായ അടുപ്പം ചെറുപ്പക്കാരെ സംബന്ധിച്ച് സ്മാര്‍ട് ഫോണിലേക്ക് മാറിയിരിക്കുന്നു എന്നാണ് ഹെര്‍ഷെയിലെ അമേരിക്ക മ്യൂസിയത്തിലെ Antique Automobile Club എക്സിക്യൂട്ടീവ് ഡയറക്ടര്‍ മാര്‍ക് ലിസ്വെസ്കീ പറയുന്നു. “Ford vs Chevy എന്നതല്ല Apple vs Android എന്നാണിപ്പോള്‍. ഫോണിലൂടെയാണ് നിങ്ങള്‍ സ്വയം പ്രകടിപ്പിക്കുന്നത്. കാറുകള്‍ 1,00,000 മൈല്‍ വാറന്‍റിയുള്ള, ഉപകരണം പോലെയായി.”

വാഷിംഗ്ടണ് 30 മൈല്‍ അകലെ Cruise-In-ല്‍ മേക്കയും മറ്റ് കാര്‍ ശേഖകരും കാറുകള്‍ക്ക് കൂടുതല്‍ അലങ്കാരം നിറഞ്ഞ രൂപങ്ങള്‍ ഉണ്ടായിരുന്ന കാലമോര്‍ക്കുകയാണ്.

“എന്നെ സംബന്ധിച്ച് ലോകം അതിവേഗം മാറുകയാണ്.” മെക്ക പറഞ്ഞു. “ഞാന്‍ 50-കളിലേക്ക് തിരിച്ചെത്താനാണ് ആഗ്രഹിക്കുന്നത്.”

“ഇതാണ് ഞങ്ങള്‍ സംസാരിക്കാറുള്ളത്.” ഗാരി ഫാനിംഗ് പറഞ്ഞു. തന്റെ 65 പിക് അപ് മകന് നല്കാന്‍ അയാള്‍ ആഗ്രഹിച്ചു. പക്ഷേ സമ്മാനം നിരസിക്കപ്പെട്ടു; താത്പര്യമില്ലായിരുന്നു.

വണ്ടികള്‍ നിര്‍ത്തിയിടുന്നതിന് അടുത്തുനിന്ന കുറച്ചു ചെറുപ്പക്കാര്‍ തങ്ങളുടെ തലമുറയ്ക്ക് വേണ്ടി നിലപാടെടുത്തു. കെവിനും (26), കോണര്‍ വാല്‍ഷും (25) കാര്‍ ഭ്രമത്തില്‍ മുതിര്‍ന്നവര്‍ക്കൊപ്പമെത്തും. അവരുടെ Mustangs-03 SVT Cobra-യും കൊണെഴ്സിന്‍റെ 0 Mach 1-ഉം പുത്തനായി വെട്ടിത്തിളങ്ങുന്നു. തങ്ങളുടെ കാര്‍ ഭ്രമം തുടങ്ങിയതിനെക്കുറിച്ച് അവര്‍ക്കുമുണ്ട് ഓര്‍മ്മകള്‍. വാല്‍ഷ് Hot Wheels ശേഖരിച്ചുകൊണ്ടാണ് തുടങ്ങിയത്. ഒരു അടിപൊളി കാര്‍ സ്ത്രീയുടെ ഹൃദയത്തിലേക്കുള്ള വാതിലാണെന്ന് ഇരുവരും കരുതുന്നു.

“ഒരു സുന്ദരിയെ ഈ കാറിലിരുത്തുന്നതില്‍ ചിലതൊക്കെയുണ്ട്. അവള്‍ പറയുന്നത് കേള്‍ക്കണമെന്നുമില്ല. സംഗീതം പോലും വേണ്ട.”

എന്നാല്‍ തങ്ങളുടെ തലമുറയില്‍ ഇങ്ങനെ അധികം പേരില്ല എന്നും അവര്‍ക്കറിയാം. കെവിന്‍റെ 21-കാരനായ അനുജന് ഉപയോഗമൂല്യമാണ് പ്രധാനം. എല്ലാം അവസാനിക്കുന്നത് ഫോണിന്റെ തലയ്ക്കലും.

മെക്കയ്ക്കും മറ്റ് മുതിര്‍ന്നവര്‍ക്കുമൊപ്പം കെവിനും വാല്‍ഷും ഒത്തുപോകുന്നുണ്ട്. കാര്‍ പ്രേമികള്‍ എന്ന നിലയില്‍ അവര്‍ക്ക് മുന്നോട്ടുള്ള വഴിയില്‍ അധികം പേരില്ല. പിന്നിലുള്ള വഴിയാകട്ടെ മറ്റൊരു തലമുറയുടെ ഓര്‍മ്മകളാല്‍ സമൃദ്ധവും.

2008-ലെ മാന്ദ്യം വരെയും അമേരിക്കന്‍ നിരത്തുകളില്‍ കാറുകളുടെ എണ്ണം പെരുകുകയായിരുന്നു. അവിടിന്നിങ്ങോട്ട് താഴെപ്പോരാന്‍ തുടങ്ങി. അടുത്തിടെ അത് വീണ്ടും മേലോട്ടു പതുക്കെ നീങ്ങുന്നുണ്ട്. അതുപോലെ, ഡ്രൈവര്‍മാരുടെ എണ്ണവും.

“സമീപഭാവിയില്‍ത്തന്നെ ഡ്രൈവര്‍മാര്‍ കാറുകളെയല്ല, മറിച്ചായിരിക്കും നിയന്ത്രിക്കുക,” മോട്ടോര്‍വാഹനങ്ങളുമായുള്ള അമേരിക്കയുടെ അടുപ്പത്തെപ്പറ്റി പഠനം നടത്തുന്ന ഡെയ്ടണ്‍ സര്‍വ്വകലാശാലയിലെ ചരിത്രകാരന്‍ ജോണ്‍ ഹെയ്റ്റ്മാന്‍ പറയുന്നു. “നമ്മലിപ്പോള്‍ ജീവിക്കുന്ന രീതിയില്‍, പ്രത്യേകിച്ചും കടല്‍തീരത്ത്, സ്വന്തം കാര്‍ ബുദ്ധിമുട്ടുണ്ടാക്കും. ചെറുപ്പക്കാര്‍ക്ക്, അതിപ്പോള്‍ നഗരങ്ങളിലെ ഉപരിവര്‍ഗക്കാര്‍ക്ക് മാത്രമല്ല, വണ്ടിയോടിക്കാനുള്ള ആഗ്രഹം പോലുമില്ല.”

കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി അമേരിക്കക്കാര്‍ പ്രതിവര്‍ഷം ഓടിക്കുന്ന മൈലുകള്‍ 9% കുറഞ്ഞിരിക്കുന്നു. ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള 19 വയസുകാരുടെ എണ്ണം രണ്ടു പതിറ്റാണ്ടു മുമ്പ് 87 ശതമാനമായിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 70 ശതമാനമാണ്. കൌമാരക്കാരുടെ മുന്‍ഗണനകള്‍ മറ്റ് പലതുമാണ്.

കാറുകള്‍ മിക്കതും കൂടുതല്‍ സ്വയം നിയന്ത്രിതവും ആശ്രയിക്കാവുന്നതും ആയതോടെ വണ്ടിയുടെ യന്ത്രഭാഗങ്ങളിലുള്ള താത്പര്യം കൌമാരക്കാര്‍ക്കില്ല. പലര്‍ക്കും വണ്ടിയുടെ ബോണറ്റ് തുറക്കാന്‍ പോലും അറിയില്ലെന്നാണ് റോക്വില്ലെയിലെ ഡ്രൈവിംഗ് പരിശീലകന്‍ കൂടിയായ ഒരു മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നത്. ഇതെന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്നതിന് വ്യാഖ്യാനങ്ങള്‍ പലതാണ്.

ഇതെല്ലാം ലളിതമായി കാര്യങ്ങള്‍ കൊണ്ടുനടക്കാനുള്ള ആഗ്രഹമാണെന്നാണ് ഫെയ്സ്ബുക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബെര്‍ഗ് പറയുന്നത്. മുതിര്‍ന്ന ജീവിതത്തിന്റെ കുരുക്കുകളിലേക്ക് ചെന്നുചാടാനുള്ള ഒരു മടി- വിവാഹം, കുട്ടികള്‍, കാര്‍. വീട് വാങ്ങുന്നത് വൈകിപ്പിക്കുന്നത് പോലെ, ചുറ്റിക്കറങ്ങാനും അവര്‍ വേറെ വഴി കണ്ടെത്തുന്നു- Uber, Zipcar, പൊതുയാത്രാ സൌകര്യങ്ങള്‍, സുഹൃത്തുക്കളുടെ വണ്ടികള്‍.

ഇതൊക്കെ വെറും മണ്ടന്‍ സിദ്ധാന്തങ്ങള്‍; പണമാണ് പ്രശ്നമെന്ന് ചില കാര്‍ വ്യവസായ നിരീക്ഷകര്‍ പറയുന്നു. ഈ തലമുറ കാലുറപ്പിക്കാന്‍ തുടങ്ങിയപ്പോഴേക്കും മാന്ദ്യം ബാധിച്ചു. തൊഴിലവസരങ്ങള്‍ കുറഞ്ഞു, പണവും. കാറ് വാങ്ങാനും കൊണ്ടുനടക്കാനുമുള്ള ശേഷിയെയും അത് ബാധിച്ചു.

ഇപ്പോള്‍ സമ്പദ് രംഗം ശക്തി പ്രാപിക്കുന്നുണ്ട്. മോട്ടോര്‍ വാഹന വില്പന ഈ വര്‍ഷം ആദ്യ പകുതിയില്‍ 4% കൂടി. അമേരിക്കക്കാര്‍ വീണ്ടും വലിയ വണ്ടികള്‍ തെരഞ്ഞെടുക്കാന്‍ തുടങ്ങി. വാതക വില കുറഞ്ഞതോടെ SUV, ചെറിയ ട്രാക് എന്നിവയുടെ വില്‍പനയും ഉയര്‍ന്നു. ചെറിയ കാറുകളുടെയും ഇലക്ട്രിക് കാറുകളുടെയും വില്പന കുറയുകയും ചെയ്യുന്നു.

“ഇതൊക്കെ സാമ്പത്തിക വിഷയങ്ങളാണ്, അല്ലാതെ മുന്‍ഗണനകളൊന്നുമല്ല,” സര്‍ക്കാരും കാര്‍ കമ്പനികളും ധനസഹായം നല്‍കുന്ന Centre for Automotive Research-ലെ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ ഷീന്‍ മക്അലിണ്ടേന്‍ പറയുന്നു. കാര്‍ സ്വന്തമാക്കാന്‍ വരുമാനത്തിന്റെ 10 ശതമാനത്തില്‍  കുറവേ വേണ്ടിവരൂ എന്നുവന്നാല്‍, ഈ ചെറുപ്പക്കാരൊക്കെ മാറ്റിപ്പറയുമെന്നാണ് അദ്ദേഹം പറയുന്നത്. “നിങ്ങള്‍ക്ക് വാങ്ങാന്‍ കഴിയാത്ത സാധനങ്ങളില്‍ താത്പര്യമില്ലെന്നാണ് നിങ്ങള്‍ പറയുക.”

ചെറുപ്പക്കാര്‍ അധികവും പൊതു യാത്രാ സൌകര്യങ്ങള്‍ ഉപയോഗിക്കുന്നു, നേരിട്ടല്ലാതെ തന്നെ ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ സുഹൃത്തുക്കളുമായി സംവദിക്കുന്നു, വലിയ നഗരങ്ങളില്‍ ജീവിക്കുന്നു.

“വിദ്യാഭ്യാസ വായ്പയും മറ്റുമുള്ളതിനാല്‍ ചെറുപ്പക്കാര്‍ക്ക് കാര്‍ വാങ്ങാന്‍ കഴിയുന്നില്ല,” എന്നു AAA Mid-Atlantic വക്താവായിരുന്ന ജോണ്‍ ബി ടൌണ്‍സെണ്ട് പറഞ്ഞു. കാര്‍ ഇന്‍ഷൂറന്‍സാകട്ടെ കുതിച്ചുകയറി ഇപ്പോള്‍ ശരാശരി 1,100 ഡോളറാണ്. എന്നാല്‍ ആളുകള്‍ മോട്ടോര്‍ വാഹനങ്ങളിലേക്ക് തിരിച്ചെത്തുമെന്നാണ് മക്അലിണ്ടേന്‍ കരുതുന്നത്. “മോട്ടോര്‍ വാഹനം ഇഷ്ടമില്ലാത്തത് ഒട്ടും അമേരിക്കനായ രീതിയല്ല.”

ഒരു പക്ഷേ എന്താണ് അമേരിക്കന്‍ രീതി എന്നത് മാറിയതുമാകാം.

“ഡിജിറ്റല്‍ ആകര്‍ഷണങ്ങള്‍ വണ്ടിയോടിക്കുന്നതിലെ ആനന്ദത്തിന് പകരം വന്നിരിക്കുന്നു,” വിര്‍ജീനിയ സര്‍വ്വകലാശാലയിലെ തത്വചിന്ത അദ്ധ്യാപകന്‍ മാറ്റ് ക്രോഫോട് പറയുന്നു. “കാറില്‍ കയറി അടുത്ത നഗരത്തില്‍ എന്താണെന്ന് അറിയാനുള്ള ആഗ്രഹം ഇപ്പോള്‍ അത്ര ശക്തമല്ല.”

ഇടക്കിടെ പണിമുടക്കുന്ന കാറുകളുടെ കാലത്താണ് ക്രോഫോട് കാറുകളുടെ കാമുകനായത്. എന്നാലിപ്പോള്‍ കാറുകള്‍ ഒരുതരം അയഥാര്‍ത്ഥ മായിക പെട്ടികളായി എന്നയാള്‍ പറയുന്നു. BMW ഈയിടെ ഇമ്പമുള്ള എഞ്ചിന്‍ ശബ്ദങ്ങള്‍ കാറിന്റെ ശബ്ദ സംവിധാനത്തിലൂടെ കേള്‍പ്പിക്കാന്‍ തുടങ്ങി. ഓടിക്കുന്നയാള്‍ക്ക് തനിയെ ഓടുന്ന കാറിലിരിക്കുന്ന പ്രതീതി. ഒരുതരം പിന്നാക്കം പോക്കുപോലെ എന്നു ക്രാഫോട് എഴുതുന്നു. “ഗര്‍ഭപാത്രത്തിലേക്കെന്ന പോലെ.”

കാര്‍ മ്യൂസിയങ്ങളും ഓട്ടോ ക്ലബ്ബുകളുമൊന്നും ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നില്ല. പ്രാദേശിക ബന്ധങ്ങളെ പ്രതികൂലമായി ബാധിച്ച ഡിജിറ്റല്‍ സംസ്കാരത്തിന്റെ ഒരു പ്രത്യാഘാതമാണ് കാറുകളും നേരിടുന്നത്. ഭൂമിശാസ്ത്രപരമായ അടുപ്പങ്ങളേക്കാള്‍ ഇന്‍റര്‍നെറ്റ് വഴിയാണ് ആളുകള്‍ ബന്ധപ്പെടുന്നത്. അങ്ങനെ നോക്കിയാല്‍ കാറുകള്‍ക്ക് അവയുടെ പ്രാദേശിക ഘടന നഷ്ടപ്പെടുകയാണ്- ക്ലബ്ബുകള്‍, മ്യൂസിയങ്ങള്‍, ആളുകളുടെ കൂട്ടായ്മകള്‍. പുത്തന്‍ കാര്‍ പ്രേമികള്‍ ഇന്‍റര്‍നെറ്റ് ലോകത്താണ് കണ്ടുമുട്ടുന്നത്- autoextremist.com പോലെ.

ഒരു നൂറ്റാണ്ടു മുമ്പ് ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന പുസ്തകങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കാന്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കാര്‍ ഉപയോഗിച്ചുള്ള സാഹസികതകളില്‍ ഏര്‍പ്പെടുന്ന പ്രമേയങ്ങളായിരുന്നു മെച്ചം. അമേരിക്കന്‍ സ്വപ്നത്തിന്റെ പ്രധാന മുഖം കാരായിരുന്നു. നിരവധി പുസ്തകങ്ങള്‍, ഹോളിവുഡ് സിനിമകള്‍. American Graffiti (1973), Thunder Road (1958),Smokey and the Bandit (1977) The Cannonball Run (1981).

Hot Red മാസികയുടെ എക്കാലത്തെയും മികച്ച കാര്‍ ചലച്ചിത്രങ്ങളില്‍ ഈ നൂറ്റാണ്ടില്‍ നിന്നും വെറും രണ്ടെണ്ണം മാത്രം. കാറുകളുടെ സുവര്‍ണകാലത്താണ് ജെയിംസ് ബോണ്ടിന്റെ അത്ഭുത കാറുകളും Bullitt-ല്‍ സാന്‍ഫ്രാന്‍സിസ്കോയിലെ തെരുവിലൂടെ സ്റ്റീവ് മക്വീന്‍റെ ഇതിഹാസം പോലൊരു കാറോട്ടവുമെല്ലാം ഉണ്ടായത്.

കാറുകള്‍ക്കായി ടി വി പരിപാടികളും കുറവായിരുന്നില്ല. Knight Rider, The Dukes of Hazard. 1965-ലെ ഒരു പരിപാടിയില്‍ 1928 മോഡല്‍ Porter ഉടമസ്ഥന്റെ അമ്മയുടെ പുനരവതാരമായി മാറുന്ന കാഴ്ചവരെ ഉണ്ടായിരുന്നു. ശരിക്കും!

കാറുകളുടെ വില്‍പനയില്‍ സ്ഥിരമായ ഇടിവ് വരുന്ന Peak Car മുനമ്പിലേക്ക് അമേരിക്ക എത്തിയോ എന്നത് ഏറെക്കാലമായി നടക്കുന്ന തര്‍ക്കമാണ്. ഇനിയും തുടരുകയും ചെയ്യും. പക്ഷേ ഒന്നു വ്യക്തമാണ്-അമേരിക്കക്കാരുടെ കാറുകളുമായുള്ള ബന്ധത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വന്നിരിക്കുന്നു.

ഉപയോഗമൂല്യം കണക്കാക്കിയുള്ള സമീപനം പരക്കുകയാണ്. അമേരിക്കന്‍ ജീവിതത്തില്‍ കാറുകള്‍ക്കുണ്ടായിരുന്ന മുഖ്യ പങ്ക് കാണിക്കുന്ന ചിഹ്നങ്ങള്‍ പതുക്കെ മായുകയാണ്. ഫാസ്റ്റ് ഫുഡ് കടകളില്‍ drive-through ജാലകങ്ങള്‍ പുതിയതായി അധികം വരുന്നില്ല. വിദ്യാലയങ്ങളില്‍ വണ്ടിയോടിക്കുന്നവര്‍ക്കുള്ള നിര്‍ദേശ, പരിശീലനം കുറയുന്നു. കാര്‍ പങ്കിടുന്ന ഇക്കാലത്ത് എങ്ങനെ പണമുണ്ടാക്കാമെന്നാണ് വാഹനനിര്‍മാതാക്കളുടെ ആലോചന.

കാറുകള്‍ ഒരു ഭാരമാവുകയാണ് എന്നു 44-കാരനായ ക്ലെയിന്‍ പറയുന്നു. “നഗരത്തില്‍ നിന്നും ദൂരെ വീടുകള്‍ വില്‍ക്കാന്‍ ശ്രമിച്ച ഭൂമി, കെട്ടിട കച്ചവടക്കാരും, നഗരപ്രാന്തങ്ങളില്‍ താമസിച്ചു വാഹനമോടിച്ചു വരുന്ന ജീവിതരീതി വിറ്റ കാര്‍ കമ്പനികളും വഴി സര്‍ക്കാര്‍ പല തട്ടിപ്പിലും ഞങ്ങളെ ചാടിച്ചു.”

തനിയെ ഓടുന്ന, നഗരത്തിലെ തെരുവുകളില്‍ കറങ്ങി ആവശ്യക്കാരെ കയറ്റുന്ന, Uber-നേക്കാളും പകുതി നിരക്കില്‍ ഓടുന്ന കുറഞ്ഞ ഗതാഗതവും കുറച്ചു വാഹനങ്ങളുമുള്ള ഒരു ഭാവിയുടെ സുവിശേഷം ക്ലെയിനുണ്ട്.

കോളേജില്‍ നിന്നും പഠനം കഴിഞ്ഞിറങ്ങിയ 22-കാരിയായ റെജീന കാറ്റിപ്പോണ്‍ മേരിലാണ്ടില്‍ നിന്നും വാഷിംഗ്ടണിലെ ജോലി സ്ഥലത്തേക്കും തിരിച്ചും  90 മിനിറ്റ് വീതം യാത്ര ചെയ്യുന്നു-ഒരു ബസ്, ഒരു തീവണ്ടി, പിന്നെ കുറച്ചു നടത്തവും.

അവള്‍ക്ക് കാറില്ല, ലൈസന്‍സില്ല, രണ്ടും നേടുന്നതിന് പെട്ടന്നൊന്നും ഉദ്ദേശിക്കുന്നുമില്ല. 26 കാരിയായ അവളുടെ സഹോദരിക്കും ലൈസന്‍സില്ല (ശ്രമിക്കാഞ്ഞിട്ടല്ല, 5 തവണ ഓടിക്കല്‍ പരീക്ഷയില്‍ തോറ്റു) സഹോദരന് 22 വയസായപ്പോള്‍ ലൈസന്‍സ് കിട്ടി.

കാറുണ്ടെങ്കില്‍ അല്പം സൌകര്യം കൂടുമെന്ന് അവള്‍ക്കറിയാം. എന്നാലും അതിനല്ല മുന്‍ഗണന. ബസ് വൈകിയാല്‍ Uber- അല്ലെങ്കില്‍ Lyft വിളിച്ച് പോകും. അവള്‍ക്ക് കാറുകള്‍ ഇഷ്ടമാണ്. പക്ഷേ സാമൂഹ്യജീവിതം മുഴുവന്‍ നഗരത്തിലാണ്. വണ്ടി നിര്‍ത്തിയിടലും ഗതാഗതത്തിരക്കും വലിയ ചുറ്റിക്കളിയാണ്. മാത്രവുമല്ല അവള്‍ക്കും ആണ്‍സുഹൃത്തിനും വലിയ വിദ്യാഭ്യാസ വായ്പ്കള്‍ തിരിച്ചടക്കാനുണ്ട്. “ഈ സമയത്ത് കാറിനായി വായ്പയെടുക്കുന്നത് നിരുത്തരവാദപരമാണ്.”

കാറിനെക്കുറിച്ചുള്ള അവളുടെ ചിന്തകളില്‍ ഒരു വിമത സ്വരമുണ്ട്,“ആളുകള്‍ തുറസായ പാതകളെക്കുറിച്ച് സംസാരിക്കുന്നു. പക്ഷേ എന്റെ അനുഭവത്തില്‍ പാതകള്‍ ഉപയോഗത്തിനുള്ള തുകയും (ടോള്‍), ട്രാഫിക് കാമറകളുമാണ്.”

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍