UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്ത്രീകളെ പേടിക്കേണ്ടത് തന്നെയാണ്; അവര്‍ പേനും കൊണ്ടാണ് പള്ളിയില്‍ വരുന്നത്

Avatar

അലക്‌സാന്‍ഡ്ര പെട്ര
(വാഷിംഗ്ടണ്‍പോസ്റ്റ്)

കാര്‍ദിനാള്‍ റെയ്മണ്ട് ലിയോ ബുര്‍ക്ക് പറഞ്ഞത് നേരുതന്നെയാണ്. 

സ്ത്രീകളെ പേടിക്കേണ്ടത് തന്നെയാണ്. അവര്‍ പേനും കൊണ്ടാണ് പള്ളിയില്‍ വരുന്നത്. പേനുകളെ പുറത്താക്കാനുള്ള ചടങ്ങുകളൊന്നും ഇല്ലതന്നെ. പ്രേതങ്ങളെ പുറത്താക്കാം, പക്ഷെ പേനുകള്‍! സ്ത്രീകള്‍ ബോര്‍ഡ്‌റൂമുകളില്‍ വന്നു കസേരകളില്‍ കയറിയിരിക്കുന്നു. അവര്‍ അള്‍ത്താരയില്‍ കയറുന്നു. അവര്‍ അതിലൊന്നും മികച്ചവരുമല്ല. 

ഇതെല്ലാം പരിഗണിക്കേണ്ട ഭയാനകവിഷയങ്ങള്‍ തന്നെയാണ്. 

കത്തോലിക്കാപുരുഷന്മാര്‍ നേരിടുന്ന പ്രശ്‌നങ്ങളെപ്പറ്റി അദ്ദേഹം പറഞ്ഞത് ഏറെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. പുരുഷന്മാരുടെ അവകാശങ്ങളെപ്പറ്റി സംസാരിക്കുന്നവര്‍ അതേറ്റെടുക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹം പറഞ്ഞതിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതും പ്രധാനമാണ്. ‘ഇമാന്‍ജലൈസേഷന്‍’ എന്ന ഒരു മൂവ്മന്റിന്റെ ഭാഗമായാണ് ഈ വാദങ്ങള്‍ ഉയര്‍ന്നത്. ഇതൊരു മോശം ദ്വയാര്‍ത്ഥമാണെന്ന് പറയാതെവയ്യ. 

അഭിമുഖത്തിന്റെ തുടക്കത്തില്‍ തന്നെ ‘അറുപതുകള്‍ മുതല്‍ റാഡിക്കല്‍ ഫെമിനിസം സഭയെ ആക്രമിക്കുകയാണെന്നും പുരുഷന്മാര്‍ തത്ഫലമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു’വെന്നും അദ്ദേഹം പറയുന്നുണ്ട്. 

അതേ, അതുതന്നെയാണ് സംഭവിച്ചത്. പുരുഷന്മാരെ നോക്കുമ്പോള്‍ തന്നെ എന്റെ മനസിലേയ്ക്ക് ആദ്യം ഓടിയെത്തുന്ന വാക്കാണ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ എന്നത്. പുരുഷന്മാരാണ് കത്തോലിക്ക പുരോഹിതന്മാര്‍ എല്ലാവരും. നൂറുശതമാനം പ്രസിഡന്റുമാരും ഏതാണ്ട് എണ്‍പതു ശതമാനം കോണ്‍ഗ്രസ് അംഗങ്ങളും പുരുഷന്മാര്‍ തന്നെ. അവര്‍ അരികുകളില്‍ നിന്ന് കഷ്ടപ്പെടുകയാണ്. അവരുടെ മറ്റെര്‍നിറ്റി ലീവ് കള്ളുകുടിച്ച് തീര്‍ക്കാന്‍ അവര്‍ ബുദ്ധിമുട്ടുകയാണ്. അവര്‍ ചുരുക്കം പറഞ്ഞാല്‍ സംതൃപ്തരല്ല. ‘പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍’ എന്നുതന്നെ പറയണം. 

ബര്‍ക്ക് പറയുന്നത് ശ്രദ്ധിക്കുക. ‘സഭ സ്ത്രൈണമാക്കപ്പെട്ടു. സ്ത്രീകള്‍ മികച്ചവരാണ്, ഒരു സംശയവുമില്ല. പള്ളിയില്‍ എത്താന്‍ ആവശ്യപ്പെടുന്നതിനോട് വളരെ നൈസര്‍ഗികമായി തന്നെ പ്രതികരിക്കുന്നവരാണ് സ്ത്രീകള്‍. പുരോഹിതനല്ലാതെ പള്ളി നിറയെ സ്ത്രീകളാണ്. പള്ളിപ്രവര്‍ത്തനങ്ങളും എന്തിന് പ്രാര്‍ത്ഥനകള്‍ പോലും സ്ത്രീകളുടെ സ്വാധീനത്തിലാണ്. ചിലയിടങ്ങളില്‍ പ്രാര്‍ത്ഥനകളുടെ സ്ത്രൈണസ്വഭാവം മൂലം പുരുഷന്മാര്‍ മാറിനില്‍ക്കുകവരെ ചെയ്യുന്നു.’

തീര്‍ച്ചയായും. സ്ത്രീകള്‍ ഭയങ്കര മികച്ചവരാണ്. പക്ഷെ അവര്‍ വന്നുകഴിഞ്ഞാല്‍ എല്ലാം നശിക്കുമെന്ന് മാത്രം. അതല്ലെങ്കില്‍ അവരുടെ പങ്കാളിത്തം മനോഹരമാണ്. കൊള്ളാം! 

ബര്‍ക്ക് തുടരുന്നു. ‘പെണ്‍കുട്ടികള്‍ അള്‍ത്താരയില്‍ കയറാന്‍ തുടങ്ങിയതോടെ അള്‍ത്താര ബാലന്മാര്‍ കൊഴിഞ്ഞുതുടങ്ങി. പെണ്‍കുട്ടികളുടെയൊപ്പം ഒന്നും ചെയ്യാന്‍ ആണ്‍കുട്ടികള്‍ക്ക് ഇഷ്ടമല്ല. അത് സ്വാഭാവികമാണ്.’ 

അതാണ്. അതാണ് പ്രധാന പ്രശ്‌നം. പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ ആണ്‍കുട്ടികള്‍ക്ക് പിന്നെ അത് ചെയ്യേണ്ട. പെണ്‍കുട്ടികള്‍ വൃത്തികെട്ടവരാണല്ലോ. 

‘പെണ്‍കുട്ടികള്‍ അള്‍ത്താര ജോലിയില്‍ മികച്ചവര്‍ തന്നെയായിരുന്നു. പല ആണ്‍കുട്ടികളും പതിയെ പിറകോട്ടുമാറി. സ്ത്രീകള്‍ക്ക് സഭയില്‍ ഉള്ള അസമത്വത്തിന് ആണ്‍കുട്ടികളെ അള്‍ത്താരബാലന്മാരാക്കുന്നതുമായി ബന്ധമൊന്നും ഇല്ലെന്നുകൂടി പറയട്ടെ.’ 

ഇല്ല. ഒന്നുമില്ല. തീര്‍ച്ചയായും ഇല്ല. 

‘ഇതിലൂടെ പുരോഹിതന്മാരാകുന്ന ആളുകളുടെ എണ്ണം കുറഞ്ഞെന്നാണ് ഞാന്‍ കരുതുന്നത്. ഒരു പുരോഹിതന്റെ അരികില്‍ അള്‍ത്താരബാലനായി നിന്ന് ജോലിചെയ്യാന്‍ ഒരുപാട് അച്ചടക്കം വേണം. പല പുരോഹിതന്മാരുടെയും ആദ്യ അധ്യാത്മിക അനുഭവങ്ങളും പ്രചോദനങ്ങളും അള്‍ത്താരബാലനായിരുന്ന കാലത്ത് ഉണ്ടായതാണ്. ആണ്‍കുട്ടികളെ അള്‍ത്താരബാലന്മാരായി പരിശീലിപ്പിക്കുന്നില്ലെങ്കില്‍, ദൈവത്തെ അടുത്തറിയാന്‍ അവര്‍ക്ക് അവസരം കിട്ടാതാവും. പുരോഹിതന്മാരാകാന്‍ തയ്യാറാകുന്നവരുടെ എണ്ണം കുറയുന്നതില്‍ അത്ഭുതപ്പെടാനില്ല.’ 

അള്‍ത്താര ജോലികളില്‍ മികച്ചുനില്‍ക്കുന്ന ഈ പെണ്‍കുട്ടികള്‍ക്ക് പുരോഹിതജോലികള്‍ തെരഞ്ഞെടുക്കാന്‍ അവസരങ്ങള്‍ ഉണ്ടായിരുന്നെങ്കിലോ? പക്ഷെ അവര്‍ പെണ്ണുങ്ങളല്ലേ? അയ്യേ! 

പക്ഷെ ബര്‍ക്ക് പ്രതീക്ഷ കാണുന്നുണ്ട്. അദ്ദേഹത്തിന്റെ നിരീക്ഷണം ഇങ്ങനെ: 

‘ദൈവവേല ചെയ്യാന്‍ തയ്യാറായി നമ്മുടെ സെമിനാരികളില്‍ ശക്തരായ യുവാക്കള്‍ എത്തുന്നു എന്നത് പ്രതീക്ഷ തരുന്നു. ഈ പുതിയ യുവാക്കള്‍ പുരുഷത്വമുള്ളവരും അവരുടെ സ്വത്വത്തെപ്പറ്റി ആത്മവിശ്വാസമുള്ളവരുമാണ്. ഇതൊരു സ്വീകാര്യമായ മാറ്റമാണ്. സ്ത്രൈണസ്വഭാവമുള്ള, സ്വന്തം ലൈംഗികതയെപ്പറ്റി സംശയമുള്ളവര്‍ പുരോഹിതരായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇതില്‍ ചിലര്‍ ചെറിയ കുട്ടികളെ പീഡിപ്പിച്ചു എന്നതും ദുഖകരമാണ്. ഈ ദുരന്തത്തിന്റെ പേരില്‍ സഭ വിലപിക്കുന്നുണ്ട്.’ 

ക്ഷമിക്കണം. എനിക്ക് എന്റെ തല മേശയില്‍ ഇടിച്ചുകൊണ്ടേയിരിക്കാതെ വേറെ ഒന്നും ചെയ്യാനാകുന്നില്ല. അതാണ് പ്രശ്‌നം അപ്പോള്‍. ഫെമിനിസ്റ്റുകളാണ് എല്ലാത്തിനും കാരണം. അത് നമ്മള്‍ മനസിലാക്കേണ്ടിയിരുന്നു. അവരായിരുന്നു ചരടു വലിച്ചിരുന്നത്. കത്തോലിക്കാസഭ ബാലപീഡനത്തില്‍ മുഴുകിനിന്നപ്പോള്‍ അതിനെതിരെ ഒരുമിച്ചു പ്രതികരിച്ചത് റാഡിക്കല്‍ ഫെമിനിസ്റ്റുകളാണ്. അതിനുശേഷവും നിങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് ചെവികൊടുക്കുന്നു എന്നതാണ് അത്ഭുതം. 

പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും സഭയില്‍ പ്രാതിനിധ്യം ഉണ്ടാകണം എന്നൊന്നുമല്ല ഇദ്ദേഹം പറയുന്നത്. ഓരോ തവണ ഓരോ വിഷയവും സ്ത്രൈണമാകുമ്പോള്‍ നശിക്കുന്നു. പുരുഷത്വം കൊള്ളാം. സ്ത്രീത്വം മോശം. അമ്പേ കഷ്ടം. 

പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വ്യത്യസ്തമായ പ്രവര്‍ത്തികളാണ് ചെയ്യാനുള്ളത് എന്നൊന്നുമല്ല പറയുന്നത്. അതൊരുപക്ഷെ പ്രധാനപ്പെട്ട ഒരു ചര്‍ച്ചയായി മാറിയേനെ. ഇദ്ദേഹം പറയുന്നത് സ്ത്രീകള്‍ മോശമാണ് എന്നാണ്. സ്ത്രീകള്‍ കുറഞ്ഞവരാണ് എന്നാണ്. അവര്‍ എന്തെങ്കിലും കാര്യത്തില്‍ കൈ വെച്ചാല്‍ അത് നശിക്കുമെന്നും പിന്നീട് പല ചടങ്ങുകളിലൂടെ അത് ശുദ്ധീകരിച്ചാല്‍ മാത്രമേ പുരുഷന്മാര്‍ക്ക് അത് വീണ്ടും ഉപയോഗിക്കാനാകൂ എന്നും. 

ഇത്രയധികം ഊര്‍ജം നിങ്ങള്‍ സ്ത്രീകളെ പുറത്തു നിരത്തുന്നതിനെപ്പറ്റി പറയാന്‍ ഉപയോഗിക്കുമ്പോള്‍ അത് നിങ്ങളുടെ ആണത്ത അവകാശത്തിലുള്ള ആത്മവിശ്വാസമാണെന്ന് തോന്നുന്നുണ്ടാവും. പക്ഷെ നേര്‍വിപരീതമാണ്. 

പേടിക്കുന്ന ഒരാളുടെ വാക്കുകളാണിവ. 

ഒരു സ്ത്രീയുടെ വിജയം ഒരു പുരുഷന്റെ പരാജയമാണെന്ന് വിശ്വസിക്കുന്ന ഒരാളുടെ ഭീതിയാണിത്. സ്ത്രീകളെ ഒരു കാര്യത്തില്‍ പങ്കെടുപ്പിക്കുന്നത് എല്ലാവര്‍ക്കും ഗുണകരമാണ് എന്ന് ഇങ്ങനെയൊരാള്‍ക്ക് കരുതാന്‍ കഴിയില്ല. സ്ത്രൈണത എന്നാല്‍ മോശം എന്നും അശക്തമെന്നും ആണ് ധാരണ. സ്ത്രീത്വവും പുരുഷത്വവും ഒരുമിച്ചല്ല, പരസ്പരം എതിര്‍ത്താണ് നിലകൊള്ളുന്നത് എന്നും ഒന്നിന്റെ നേട്ടം മറ്റൊന്നിന്റെ നഷ്ടമാണെന്നാണ് ഇദ്ദേഹത്തെപ്പോലെയുള്ളവര്‍ വിശ്വസിക്കുന്നത്. 

സ്ത്രീകള്‍ ഒരു പദവിയില്‍ എത്തിയാല്‍ അവിടെ പിന്നെ പുരുഷന്‍മാര്‍ക്ക് സ്ഥാനമില്ല എന്ന് കരുതുന്നയാളാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ അനുഭവിക്കുന്ന അധികാരം നിങ്ങള്‍ അര്‍ഹിക്കുന്നില്ല എന്നുകൂടി നിങ്ങള്‍ കരുതുന്നു എന്നാണു മനസിലാക്കേണ്ടത്. കതകുകള്‍ സ്ത്രീകള്‍ക്ക് മുന്നില്‍ അടച്ചുവയ്ക്കാന്‍ നിങ്ങള്‍ ഇത്ര വിഷമിക്കേണ്ട കാര്യമില്ലല്ലോ അല്ലെങ്കില്‍. 

വോട്ടുകളും ജോലികളും എല്ലാം നൂറുശതമാനം നേടി മാത്രം ശീലിച്ചവര്‍ക്ക് പെട്ടെന്ന് മറ്റൊരാള്‍ വരുന്നത് കാണുമ്പോള്‍ തങ്ങള്‍ക്കുള്ളത് ഇല്ലാതാവുമെന്നു തോന്നും. പക്ഷെ അങ്ങനെയല്ല കാര്യങ്ങള്‍. ആകെ നഷ്ടപ്പെടുന്നത് നിങ്ങള്‍ക്ക് ഉണ്ടായിരുന്ന കുത്തകയാണ്. ആളില്ലാത്ത പൗരോഹിത്യക്കുപ്പായങ്ങള്‍ നിറയ്ക്കാന്‍ ആളെ കിട്ടുകയും ചെയ്യും. 

ഞാന്‍ എപ്പിസ്‌ക്കൊപ്പിലിയനാണ്. കാത്തോലിക്ക് ലൈറ്റ് എന്ന് തമാശയ്ക്ക് പറയും. സ്ത്രീകള്‍ സഭയില്‍ എല്ലായിടത്തുമുണ്ട്. റെക്ടര്‍മാരായും ഡീക്കന്‍മാരായും അച്ചന്‍മാരായും ബിഷപ്പുമാരായും അള്‍ത്താരജോലികളിലും എല്ലാം. ഞാനും ഒരു അള്‍ത്താര ബാലികയായിരുന്നു. 

സ്ത്രീകളെ പുറത്താക്കുക എന്നാ ഈ ‘ഇമാന്‍ജലൈസേഷന്‍’ ഒച്ചപ്പാട് ആരുടേയും പ്രശ്‌നങ്ങള്‍ പരിഹരിക്കില്ല. സഭയ്ക്കുള്ളിലും പുറത്തും. പെണ്‍കുട്ടികള്‍ക്ക് പ്രവേശനമില്ല എന്ന് കുത്തിവരച്ചുവെച്ചിരിക്കുന്ന ഒരു ആണ്‍ ക്ലബ്ഹൗസ് പോലെയാണ് ഇപ്പോള്‍ സഭ. അത് മാറുന്നത് വരെ ഈ ക്ലബ്ബില്‍ ചേരാന്‍ ആര്‍ക്കും താല്‍പ്പര്യം ഉണ്ടാകില്ല. ഇദ്ദേഹത്തിനു ഒരു കൊട്ട് കൊടുത്തതിനു പോപ്പ് ഫ്രാന്‍സിസിന് നന്ദി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍