UPDATES

ഗിരിജയുടെ നായ പ്രേമത്തിനു മുന്‍പില്‍ മേനകാ ഗാന്ധിയും മാറി നിൽക്കും

തെരുവുനായകളെ കൊല്ലുന്നവരോട് ഗിരിജയ്ക്ക് ഒന്നേ ചോദിക്കാനുള്ളൂ- അവരും ഈ ഭൂമിയുടെ അവകാശികളല്ലേ?

ബ്രൂട്ടസി, ക്രിസ്, റോസി, പുരുഷു… ഈ പേരുകൾ വിളിച്ചപ്പോൾ കുറേ നായ്ക്കൾ ഗിരിജയുടെ അടുത്തേക്ക് ഓടിയെത്തി.  പിന്നെ, കണ്ടത് സ്നേഹ പ്രകടനങ്ങൾ. ഗിരിജ ഓരോരുത്തരെയും കെട്ടിപ്പിടിച്ചു. ഭക്ഷണം കഴിപ്പിച്ചു..

ഇതെല്ലാം കണ്ട് അയൽവാസികൾക്കും നാട്ടുകാർക്കും കലികയറി. “തെരുവ് നായ്ക്കളെ എടുത്ത് ലാളിച്ചോ? നായ്ക്കൾ കടിച്ചുകീറി എത്ര പേരെയാണ് കൊന്നതെന്ന് അറിയുമോ?” നാട്ടുകാരുടെ ഈ ചോദ്യത്തിന് ഗിരിജ ചിരിച്ചു കൊണ്ടാണ് മറുപടി നൽകിയത്.”ഇവർ ആരേയും കടിക്കില്ല. ഇതെന്റെ മക്കളാണ്.”

ആലപ്പുഴ ശവക്കോട്ടപ്പലത്തിന് പടിഞ്ഞാറ് മാളികമുക്കിന് സമീപം കൊടിവീട്ടിൽ വീട്ടുവളപ്പിലെത്തിയാൽ ഗിരിജയേയും പത്തു നായ്ക്കളെയും കാണാം. ഒപ്പം,അവരുടെ സ്നേഹപ്രകടനങ്ങളും. ഗിരിജയുടെ നായ് പ്രേമം കണ്ടാൽ സാക്ഷാൽ മേനകാ ഗാന്ധി പോലും മാറി നിൽക്കും.

ഗിരിജയുടെ നായ് പ്രേമത്തോട് വീട്ടുകാർക്കും അത്ര താത്പര്യമില്ല. എന്തിനാണ് ഇതിനെയൊക്കെ വളർത്തുന്നതെന്ന് മക്കളും കൂടപ്പിറപ്പുകളും വരെ ചോദിച്ചു. പക്ഷേ, അതൊന്നും കേട്ട് ഗിരിജ കുലുങ്ങിയില്ല. അവർ നായ്ക്കളെ പരിചരിച്ചു കൊണ്ടേയിരിക്കുകയാണ്.

ഗിരിജയുടെ നായ് പ്രേമത്തിന് ഒരുദാഹരണം കൂടി കണ്ടോളൂ. “നായ്ക്കളെ കൊല്ലാൻ സർക്കാർ ആളെ ഇറക്കിയിട്ടുണ്ട്. എല്ലാറ്റിനെയും പിടിച്ച് കഴുത്ത് ഞെരിച്ച് കൊല്ലും അവർ.” 65കാരിയായ ഗിരിജയോട് നാട്ടുകാർ കയർത്തു. തെരുവിൽ നിന്ന് കിട്ടിയ നായ്ക്കളെ മാറോട് ചേർത്തുവെച്ച് ഗിരിജ മറുപടി നൽകി. “എന്റെ ശവം കണ്ടിട്ടേ അവർക്ക് അതിന് കഴിയൂ”.

തെരുവ് നായ്ക്കളെ ഇത്രയേറെ സ്നേഹിക്കാൻ ആരാണ് ഈ ഗിരിജ എന്നൊന്നും ആരും ചോദിക്കരുത്. സാധാരണക്കാരിയായ റിട്ട. അംഗൻവാടി ടീച്ചറാണ്. അതിലുപരി, തെരുവിൽ കിടന്ന് മരണത്തോട് മല്ലടിച്ച നായ്ക്കളെ പരിചരിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വന്ന മൃഗസ്നേഹി കൂടിയാണ്.

പത്തു നായ്ക്കളുണ്ട് ഗിരിജയ്ക്ക്. എല്ലാം തെരുവിൽ നിന്ന് കിട്ടിയതാണ്. എല്ലാ നായ്ക്കളെയും സ്വന്തം മക്കളെപ്പോലെ പരിചരിച്ചപ്പോൾ കൂടപ്പിറപ്പുകൾ പലരും അകന്നുപോയി.

നായ്ക്കളെയൊക്കെ എവിടെയെങ്കിലും കൊണ്ടുപോയി കളഞ്ഞാലേ ഇനി വീടിന്റെ പടി ചവിട്ടൂ എന്ന് പറഞ്ഞാണ് പലരും കടന്നു പോയത്. പക്ഷേ, അതൊന്നും കേട്ട് ഗിരിജ കുലുങ്ങിയില്ല. നായ്ക്കളെ അവർ സ്വന്തം മക്കളെപ്പോലെ പിന്നെയും സ്നേഹിച്ചു. വരുമാനത്തിന്റെ നല്ല പങ്കും നായ്ക്കൾക്ക് ഭക്ഷണം നൽകാൻ ചെലവഴിച്ചു.

പക്ഷേ, ഭക്ഷണത്തിന് എത്രപണം ചെലവാകുമെന്ന് ചോദിച്ചാൽ ഗിരിജ പറയും. മക്കൾക്ക് കൊടുക്കുന്ന ഭക്ഷണത്തിന് ആരെങ്കിലും കണക്ക് ചോദിക്കുമോ?

നാട്ടിലെവിടെയെങ്കിലും ആരെയെങ്കിലും നായി കടിച്ചാൽ, ഗിരിജയ്ക്ക് ഇരിക്കപ്പൊറുതി കാണില്ല. കാരണം, എല്ലാവരും വന്ന് ഗിരിജയെ ചീത്തവിളിക്കും. തന്റെ നായ്ക്കളല്ല കടിച്ചതെന്ന് പറഞ്ഞാലും ആരും വിശ്വസിക്കില്ല. പക്ഷേ, ഗിരിജയ്ക്ക് ഉറപ്പുണ്ടായിരുന്നു അവർ ആരേയും കടിക്കില്ലെന്ന്.

ഗിരിജയുടെ നായപ്രേമത്തിന് പിന്നിൽ ഒരു കഥയുണ്ട്. കുഞ്ഞുനാളിൽ വീട്ടിൽ രണ്ടു നായ്ക്കളുണ്ടായിരുന്നു. അതുങ്ങളോട് തോന്നിയ അടുപ്പമാണ് തെരുവ് നായ്ക്കളോടും തോന്നിയത്. ചില ദുരന്തങ്ങളും നായപ്രേമത്തിന് കാരണമായിട്ടുണ്ട്. ഗിരിജയുടെ സഹോദരൻ ഗിരിജാ ശങ്കർ 1965 മുതൽ തളർന്ന് കിടപ്പിലായിരുന്നു. അന്നുമുതൽ സഹോദരന്റെ പരിചരണം ഗിരജയ്ക്കായിരുന്നു. 2003 ൽ സഹോദരൻ മരിച്ചതോടെ ഗിരിജ ആകെ തളർന്നു. ആ വേദനയിൽ കഴിയുമ്പോഴാണ് വഴിവക്കിൽ നിന്ന് അവശനിലയിലായ ഒരു നായയെ കിട്ടിയത്. പിന്നെ അതിനെ സ്നേഹിച്ചു വളർത്തി. ഒടുവിൽ അവശരായ നായ്ക്കളുടെയൊക്കെ അമ്മയായി ഗിരിജ മാറുകയായിരുന്നു.

വളർത്താൻ ചോദിക്കുന്നവർക്ക് ഗിരിജ നായക്കുട്ടികളെ കൊടുക്കും. പക്ഷേ, പരിചരണം മോശമായാൽ ചിലപ്പോൾ തിരിച്ചെടുത്തുകൊണ്ടുപോകുമെന്ന് മാത്രം.

നായ്ക്കളെ പ്രണയിച്ചപ്പോൾ വീട്ടുകാരുടെയും എതിർപ്പ് കൂടിക്കൂടി വന്നു. ഭർത്താവിന് എതിർപ്പുണ്ടോയെന്ന് ചോദിച്ചാൽ, അദ്ദേഹം എല്ലാ ആഴ്ചയും വരാറുണ്ടെന്നാണ് ഗിരിജയുടെ മറുപടി.

തെരുവുനായ്ക്കളെ കൊല്ലുന്നതിനോട് ഗിരിജയ്ക്ക് ഒരിക്കലും യോജിക്കാനാവില്ല. തെരുവുനായപെരുപ്പം തടയാൻ വന്ധ്യംകരണം മതിയെന്നാണ് അവരുടെ നിലപാട്. നായ്ക്കൾക്ക് പേയിളകാതിരിക്കാൻ ഒരുവിദ്യയുണ്ട്. നീലം കലക്കിയ വെള്ളം കൊടുത്താൽ മതി. ഹോമിയോ ഡോക്ടറായ അച്ഛൻ കെ.സി. കുഞ്ഞൻ പകർന്നു നൽകിയ പാഠമാണിത്. ഇത് മുറതെറ്റാതെ ചെയ്യുന്നുണ്ട്. അതിനാൽ നായിയുടെ മാന്തൽ പോലും പേവിഷബാധയ്ക്ക് കാരണമാകില്ല.

തെരുവ് നായ്ക്കളെ കൊല്ലുന്നവരോട് ഗിരിജയ്ക്ക് ഒന്നേ ചോദിക്കാനുള്ളൂ- അവരും ഈ ഭൂമിയുടെ അവകാശികളല്ലേ?

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍