UPDATES

ഓഫ് ബീറ്റ്

അല്ല ഗോപീകൃഷ്ണാ, നിങ്ങളപ്പോ മാതൃഭൂമി പത്രോം വായിക്കാറില്ലേ?

ബി എം ഗഫൂറിന്റെ കുഞ്ഞമ്മാന്റെ വിടവ് പൂര്‍ണമായി അല്ലെങ്കിലും ഏതാണ്ടൊരു പരിധിവരെ നികത്താന്‍ കഴിയുന്നുണ്ട് ഗോപീകൃഷ്ണന്റെ കാകദൃഷ്ടിക്ക്. ഇന്നും മാതൃഭൂമിയുടെ പ്രധാനതലക്കെട്ടിനു മുമ്പ് ആദ്യം കണ്ണെത്തുന്നത് കാകദൃഷ്ടിയിലാണ്. ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിവുള്ള കാര്‍ട്ടൂണിസ്റ്റുകളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഗോപീകൃഷ്ണനോട് എന്നും ആദരവും സ്‌നേഹവും മാത്രമാണ്.

22-10-2016 ല്‍ ഇറങ്ങിയ മാതൃഭൂമി ദിനപത്രത്തില്‍ ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണ്‍ കണ്ടതോടെ (ഇതാദ്യമല്ല വിയോജിക്കേണ്ടതരത്തിലുള്ള കാര്‍ട്ടൂണുകള്‍ അദ്ദേഹം വരയ്ക്കുന്നതെങ്കിലും) അധാര്‍മിക മാധ്യമസംഘത്തിലെ വിദൂഷകന്റെ മുഖമാണ് അദ്ദേഹത്തിനുള്ളതെന്നു തോന്നി. മാതൃഭൂമിയുടെ ചാനലില്‍ വന്ന വാര്‍ത്തയുടെ യഥാര്‍ത്ഥ ഉദ്ദേശ്യം ഇന്നലെ ഇരുട്ടുന്നതിനു മുമ്പ് സകലര്‍ക്കും മനസിലായിട്ടും പ്രസ്തുത മാധ്യമസ്ഥാപനത്തിന്റെ പത്രത്തില്‍ ജോലി ചെയ്യുന്ന ഗോപീകൃഷ്ണന്‍ അക്കാര്യം അറിയാത പോവുകയും പിറ്റേദിവസം(ഇന്ന്) ഇറങ്ങേണ്ട പത്രത്തിലേക്ക് കുടുംബക്ഷേത്രത്തിലേക്ക് ജയരാജന്‍ തേക്ക് തടിയാവിശ്യപ്പെട്ടെന്ന മാതൃഭൂമി റിപ്പോര്‍ട്ടറുടെ കള്ളത്തരത്തിനു കുടപിടിക്കുന്ന തരത്തില്‍ രണ്ടു കാര്‍ട്ടൂണുകള്‍ വരച്ചു കൊടുക്കുകയും ചെയ്തു.

കള്ളനല്ലാത്ത ഒരുവനെ കള്ളനാക്കാന്‍ അവന്‍ കക്കണമെന്നില്ല, കുറച്ചുപേര്‍ തുടര്‍ച്ചയായി അവനെ നോക്കി കള്ളനെന്നു വിളിച്ചാല്‍ മതി. ആ തിയറിയുടെ അടിസ്ഥാനത്തില്‍ ഒരുവനെ ആജീവനാന്ത കള്ളനാക്കാന്‍ വേണ്ടിയുള്ള അശ്രാന്ത പരിശ്രമത്തിനിടയില്‍ സംഭവിച്ചുപോയ വീഴ്ച മറച്ചുവയ്ക്കാന്‍ തുടര്‍ച്ചയായി കള്ളത്തരങ്ങള്‍ വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്ന സ്വന്തം സ്ഥാപനത്തിനോട് വാങ്ങുന്ന കാശിനു കൂറു പുലര്‍ത്തിയ ഗോപീകൃഷ്ണന്റെ നടപടി ഒട്ടൊന്നുമല്ല വിഷമമുണ്ടാക്കിയത്.

എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ നിന്നും കടുത്ത രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ തന്റെ പ്രവര്‍ത്തിയില്‍ ക്ഷമ പറയാന്‍ ഗോപീകൃഷ്ണന്‍ തയ്യാറായി. ഒരു തെറ്റുപറ്റിയാല്‍ അതിനു ക്ഷമ ചോദിക്കുന്നതു നല്ല മനസിന്റെ ലക്ഷണമാണ്. ഗോപീകൃഷ്ണന്റെ നല്ല മനസിന് ആദരം. എന്നാല്‍ തനിക്കു തെറ്റുപറ്റാന്‍ ഉണ്ടായ കാരണങ്ങള്‍ ഗോപീകൃഷ്ണന്‍ പറയുന്നതു വായിക്കുമ്പോള്‍, ആ ക്ഷമ ചോദിക്കലിനെക്കാള്‍ വലുതായി മറ്റൊരിക്കലും ഒന്നും വരച്ചും ഗോപീകൃഷ്ണന്‍ മലയാളിയെ ചിരിപ്പിച്ചു കാണില്ലെന്നു വിശ്വസിക്കുന്നു.

അതേ ഗോപീകൃഷ്ണന്‍, നിങ്ങളുടെ ആ ന്യായീകരണം വലിയൊരു കോമഡിയാണ്…

ഗോപീകൃഷ്ണന്റെ വിശദീകരണം ശ്രദ്ധിക്കു;

ക്ഷമ ചോദിക്കുന്നു, പണ്ടൊക്കെ പത്രത്തില്‍ വരുന്ന വാര്‍ത്ത നോക്കിയാണ് വരയ്ക്കുക. ഇപ്പോള്‍ ഓണ്‍ലൈന്‍ പത്രങ്ങളില്‍ വരുന്ന വാര്‍ത്ത നോക്കിയും. കുടുംബക്ഷേത്രം എന്നാണ് അതില്‍ കണ്ടത്. അങ്ങനെ അല്ല എങ്കില്‍ വാര്‍ത്തയിലെ പോലെ കൊടുത്താല്‍ മതിയായിരുന്നു. വിട്ടു പോയതാകും. അതൊരു അഴിമതി ആണെന്ന് കാര്‍ട്ടൂണില്‍ പറഞ്ഞിട്ടില്ല.

പ്രചാരത്തില്‍ മലയാളത്തില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നുവെന്നു പറയുന്ന ഒരു പത്രത്തിലെ ജീവനക്കാരനായിട്ടും താങ്കള്‍ വാര്‍ത്തകള്‍ അറിയാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ആശ്രയിക്കുന്നതെന്ന് തുറന്നു പറയാന്‍ കാണിച്ച ചങ്കൂറ്റം(അതോ ഇതിനൊരു ട്രോളിന്റെ ചൂരുണ്ടോ?) തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. മാതൃഭൂമിക്കു പത്രവും ചാനലും ഓണ്‍ലൈന്‍ പോര്‍ട്ടലും ഉണ്ടെന്നിരിക്കെ അവയിലൊന്നും വിശ്വസിക്കാന്‍ തയ്യാറാകാതെ പുത്തന്‍കൂറ്റുകാരായ നവമാധ്യമങ്ങളെ ആശ്രയിക്കുകയാണ് താങ്കളെ പോലൊരാളും ചെയ്യുന്നതെന്നു പറഞ്ഞു കേള്‍ക്കുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.

വാര്‍ത്തകള്‍ അറിയാന്‍ ഓണ്‍ലൈന്‍ പത്രങ്ങളെയാണ് ആശ്രയിക്കുന്നതെന്നു പറയുമ്പോഴും സമയക്കുറവോ മറ്റോ കൊണ്ടാവണം, അധികം സമയം സോഷ്യല്‍ മീഡിയയില്‍ ഗോപീകൃഷ്ണന്‍ ചെലവഴിക്കുന്നില്ലെന്നു തോന്നുന്നു. പ്രത്യേകിച്ച് വൈകുന്നേരങ്ങളില്‍. അദ്ദേഹത്തിന്റെ മാതൃകുടുംബതത്തിന്റെ ചാനല്‍ അവതരിപ്പിച്ച ‘ജയരാജനും തേക്കുതടിയും’ നാടകത്തിന്റെ പ്രചരണത്തിനായി കുറച്ച് നോട്ടീസുകള്‍ ഓണ്‍ലൈന്‍ പത്രങ്ങളും അച്ചടിച്ചെങ്കിലും അധികം വൈകാതെ തന്നെ വന്ന ജയരാജന്റെ വിശദീകരണവും അതിനു പിന്നാലെ പല കേന്ദ്രങ്ങളില്‍ നിന്നായി ഈ വിഷയത്തില്‍ പുറത്തുവന്ന വ്യക്തമായ തെളിവുകളും ചേര്‍ത്ത് മേല്‍പ്പറഞ്ഞ ഓണ്‍ലൈന്‍ പത്രങ്ങളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലും മാതൃഭൂമി ചാനല്‍ റിപ്പോര്‍ട്ടറുടെ തേക്കു കഥയുടെ വേരിളകിയതിന്റെ വാര്‍ത്തകളും വിശദീകരണങ്ങളും വന്നിരുന്നു. എന്നാല്‍ ശുദ്ധനായ ഗോപീകൃഷ്ണന്‍ ഈ സമയത്തൊന്നും സോഷ്യല്‍ മീഡിയായുടെ പരിസരത്ത്‌ ഇല്ലാതിരുന്നതിനാല്‍ ഇതൊന്നും അറിഞ്ഞില്ല. ജയരാജന്‍ കോടികളുടെ തേക്കുമരം സ്വന്തം കുടുംബക്ഷേത്രത്തിനായി വനം വകുപ്പില്‍ നിന്നും സൗജന്യമായി ആവശ്യപ്പെട്ടതായി ‘ഏതോ ഒരു ചാനല്‍’ റിപ്പോര്‍ട്ട് ചെയത വാര്‍ത്തയുടെ പകര്‍പ്പെടുത്ത് നല്‍കിയ ഓണ്‍ലൈന്‍ മാധ്യമങ്ങളെ വിശ്വസിച്ച് പേനയില്‍ മഷി നിറയ്ക്കുകയായിരുന്നു. പിന്നീട് നടന്നതൊന്നും പാവം അറിഞ്ഞില്ല. ഫസ്റ്റ് എഡിഷന്‍ അടിക്കും മുന്നേ തന്റെ വഹ രണ്ടു കാര്‍ട്ടൂണുകളും ഡസ്‌കില്‍  ഏല്‍പ്പിച്ചിട്ടു വീട്ടില്‍ പോവുകയും ചെയ്തു.

പിറ്റേദിവസം വീണ്ടും ഓണ്‍ലൈന്‍ പത്രങ്ങള്‍ വായിക്കാന്‍ കയറിയപ്പോഴാണ് അമിളി മനസിലായത്. താന്‍ സമര്‍ത്ഥമായി വഞ്ചിക്കപ്പെട്ടിരിക്കുന്നു. ഓണ്‍ലൈന്‍ പത്രങ്ങള്‍ തന്നെ വഞ്ചിച്ചിരിക്കുന്നു. ഇന്നലെ കുടുംബക്ഷേത്രമെന്നു പറഞ്ഞു നടന്ന സകല ഓണ്‍ലൈന്‍ പത്രങ്ങളും കോഴി മൂന്നു കൂവും മുന്നേ അത് ദേവസ്വം ബോര്‍ഡ് ക്ഷേത്രമാണെന്നു മാറ്റി പറഞ്ഞിരിക്കുന്നു. ഇത്തരത്തില്‍ പറ്റിയ ചതിയില്‍ മനം നൊന്ത് ഇരിക്കുമ്പോഴാണ് ആരോ പറഞ്ഞതു, വിരോധമില്ലെങ്കില്‍ മാതൃഭൂമി പത്രമെടുത്ത് ഒന്നാം പേജ് നോക്കൂ എന്നു. മനസില്ലാ മനസോടെയാണെങ്കിലും പത്രമെടുത്ത് വായിച്ചപ്പോഴാണ് ഒരു സമാധാനം വന്നത്. പ്രസ്തുത ക്ഷേത്രം ഇ പി ജയരാജന്റെ തറവാടിന്റെ അടുത്താണ്. തറവാടിന്റെ അടുത്തെന്നാല്‍ ഏതാണ്ട് തറവാട്ട് വക തന്നെ… എന്നു ചിന്തിച്ചിരിക്കവെയാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ഒച്ചപ്പാടും ബഹളവും. എല്ലാം തനിക്കെതിരെയാണന്നു മനസിലായതോടെയാണു മനസില്‍ നന്മ മാത്രമുള്ള ഗോപീകൃഷ്ണന്‍ പരസ്യമായി ക്ഷമചോദിക്കാന്‍ തയ്യാറായത്. അതോടൊപ്പം തന്നെ അസത്യങ്ങള്‍ പറഞ്ഞു തന്നെ പറ്റിച്ചത് ഓണ്‍ലൈന്‍ പത്രങ്ങളാണെന്നു വെളിപ്പെടുത്താനും ഗോപീകൃഷ്ണന്‍ മറന്നില്ല.

എന്തായാലും വിശാലഹൃദയന്മാരായ എല്ലാവരും ഗോപീകൃഷ്ണന് മാപ്പു നല്‍കുന്നുണ്ട്. എന്നാല്‍ ചില ദോഷൈകദൃക്കുകള്‍ വിടുന്ന മട്ടില്ല. അവരു ചോദിക്കുന്നത്; ആരാ ഗോപ്യേ ഈ കെട്ടുകഥ വാര്‍ത്തയാക്ക്യേ? അത് നിന്റെ ചാനലല്ലേ? എന്നാണ്.

അവരുടെ ചോദ്യത്തിലും ന്യായമുണ്ട്. ഓണ്‍ലൈന്‍ പത്രങ്ങള്‍ക്ക് ഈ വാര്‍ത്ത എവിടുന്നു കിട്ടിയെന്നു താങ്കള്‍ അറിഞ്ഞില്ലേ? എന്തായാലും ആ കാര്‍ട്ടൂണുകള്‍ താങ്കള്‍ വരയ്ക്കുന്നതിനും മുന്നേ തന്നെ അതിലെ സത്യാവസ്തകള്‍ പലതും പുറത്തു വന്നിരുന്നു. മാതൃഭൂമിയില്‍ ഉള്‍പ്പെടെ ഇരണാവ് ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ളതാണെന്നു പറയുന്നുമുണ്ടായിരുന്നു(എന്നിരുന്നിട്ടും ഗീബല്‍സിയന്‍ മെത്തേഡ് അനുസരിച്ച് ഒരു അന്തിചര്‍ച്ചയ്ക്കും കൂടി തയ്യാറാകാന്‍ മാതൃഭൂമി ധൈര്യം കാണിച്ചു). ജയരാജന്റെ കുടുംബക്ഷേത്രമെന്ന് അലമുറയിട്ടവര്‍ പിറ്റേദിവസം ക്ഷേത്രം ജയരാജന്റെ വീടിനടുത്തുള്ളതാണെന്നും വകയിലുള്ള ആരൊക്കെയോ ക്ഷേത്രക്കമ്മിറ്റിയിലുണ്ടെന്നുമൊക്കെ പ്ലേറ്റ് തിരിച്ചു. അങ്ങനെയായിട്ടുപോലും ആ രണ്ടു കാര്‍ട്ടൂണിലും പ്രസ്തുത ക്ഷേത്രം ജയരാജന്റെ കുടുംബക്ഷേത്രമാണെന്നു പറയാന്‍ ഗോപീകൃഷ്ണന്‍ തയ്യാറായെങ്കില്‍, ഈ മാപ്പ് പറച്ചിലില്‍ യാതൊരു ആത്മാര്‍ത്ഥതയും ഇല്ലെന്നു തിരിച്ചു പറയുന്നവരെ കുറ്റം പറയാന്‍ പറ്റില്ല.

മാത്രമല്ല, സ്വന്തം ഭാഗം ന്യായീകരിക്കാന്‍ ഓണ്‍ലൈന്‍ പത്രങ്ങളുടെ മേല്‍ പരോക്ഷമായി കുറ്റം ചാരന്‍ കാണിച്ച വ്യഗ്രത കാര്യങ്ങള്‍ തമാശയാക്കിയതേയുള്ളൂ.

അതൊരു അഴിമതിയാണെന്നു ഞാന്‍ പറഞ്ഞിട്ടില്ലല്ലോ എന്നൊരു വരികൂടി ചേര്‍ത്താണ് ക്ഷമ പറച്ചില്‍ അവസാനിക്കുന്നത്.

‘കാട്ടിലെ തടി, തേവരുടെ ചിറ്റപ്പന്‍’ എന്നു പറഞ്ഞാല്‍ ഇൗങ്ക്വിലാബ് സിന്ദാബാദ് എന്നല്ല അര്‍ത്ഥമെന്നു ഞങ്ങള്‍ക്കറിയാം ഗോപിച്ചേട്ടാ…

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ് ഇന്ദു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍