UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ന്യൂനപക്ഷവിരുദ്ധ പ്രസംഗം; ബാലകൃഷ്ണ പിള്ളയ്‌ക്കെതിരെ കേസ്

അഴിമുഖം പ്രതിനിധി

ന്യൂനപക്ഷ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ ആര്‍. ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ 163 (എ) പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് എടുക്കാന്‍ നിര്‍ദേശം. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് തിരുവനന്തപുരം റേഞ്ച് ഐജിക്ക് നിര്‍ദേശം നല്‍കിയത്. മതസ്പര്‍ധ വളര്‍ത്തിയെന്നാണ് പിള്ളയ്‌ക്കെതിരെയുള്ള കേസ്. പുനലൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ദൃശ്യമാധ്യമങ്ങളില്‍ വന്ന ശബ്ദരേഖകള്‍ തെളിവായി സ്വീകരിക്കും. കഴിഞ്ഞ ദിവസം എന്‍എസ്എസ് കരയോഗത്തിന്റെ പരിപാടിയില്‍ പിള്ള നടത്തിയ പ്രസംഗമാണ് വിവാദമായത്.

പള്ളികളിലെ വാങ്ക് വിളിക്കെതിരെയും മുസ്‌ലിംകള്‍ സുന്നത്ത് കല്യാണം നടത്തുന്നതിനെ പരാമര്‍ശിച്ചുമായിരുന്നു പിള്ളയുടെ പ്രസംഗം. പത്തു മുസ്‌ലിംകളോ ക്രൈസ്തവരോ ഒരിടത്തു താമസിച്ചാല്‍ അവര്‍ അവിടെ പള്ളി പണിയും. പണ്ട് ഒരു പ്രദേശത്ത് ഒരു ക്രിസ്ത്യന്‍ പള്ളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് എവിടെ നോക്കിയാലു പള്ളിയേ ഉള്ളൂവെന്നും പിള്ള പറഞ്ഞുവെന്നുമാണ് ആക്ഷേപം.

വിവിധ സംഘടനകളുടെയും വ്യക്തികളുടെയും പരാതിയെ തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ റൂറല്‍ എസ്പി എസ്.അജിതാബീഗം ഉത്തരവിട്ടിരുന്നു. പുനലൂര്‍ ഡിവൈഎസ്പി എ.ഷാനവാസിനായിരുന്നു അന്വേഷണച്ചുമതല. എന്നാല്‍, പ്രചാരണം ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതിന്റെ പേരില്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്നും പിള്ള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍