UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടീസ്റ്റ സെതല്‍വാദിനെതിരെ കേസെടുക്കാം: കേന്ദ്ര സര്‍ക്കാരിന് നിയമോപദേശം

ടീസ്റ്റ സെതല്‍വാദിന്റെ സബ് രംഗ് ട്രസ്റ്റ്, സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നതും വെറുപ്പ് പ്രചരിപ്പിക്കുന്നതുമായ പാഠ ഭാഗങ്ങള്‍ പ്രചരിപ്പിച്ചതായി ആരോപിച്ചാണ് കേസെടുക്കാന്‍ നീക്കം.

സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് നിയമോപദേശം. സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറാണ് എച്ച്ആര്‍ഡിക്ക് നിയമോപദേശം നല്‍കിയത്. ടീസ്റ്റ സെതല്‍വാദിന്റെ സബ് രംഗ് ട്രസ്റ്റ്, സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നതും വെറുപ്പ് പ്രചരിപ്പിക്കുന്നതുമായ പാഠ ഭാഗങ്ങള്‍ പ്രചരിപ്പിച്ചതായി ആരോപിച്ചാണ് കേസെടുക്കാന്‍ നീക്കം. 153 എ, ബി വകുപ്പുകള്‍ പ്രകാരം കേസെടുക്കാമെന്നാണ് നിയമോപദേശം.

സ്മൃതി ഇറാനി മന്ത്രിയായിരിക്കെയാണ് എച്ച്ആര്‍ഡി മന്ത്രാലയം സോളിസിറ്റര്‍ ജനറലില്‍ നിന്ന് നിയമോപദേശം തേടിയത്. ഗുജറാത്ത് കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സലര്‍ സയദ് എ ബാരിയുടെ അദ്ധ്യക്ഷതയിലുള്ള സമിതിയുടെ ശുപാര്‍ശ പ്രകാരമായിരുന്നു ഇത്. സോളിസിറ്റര്‍ ജനറലിന്റെ നിയമോപദേശം കിട്ടിയ സാഹചര്യത്തില്‍ എച്ച് ആര്‍ ഡി മന്ത്രി പ്രകാശ് ജാവദേക്കര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. സബ് രംഗ് ട്രസ്റ്റ് തയ്യാറാക്കിയ പാഠഭാഗത്ത് സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. ഇതിന് കൃത്യമായ തെളിവുണ്ടെന്നാണ് സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ പറയുന്നത്.

ടീസ്റ്റ സെതല്‍വാദുമായി തെറ്റിപ്പിരിഞ്ഞ മുന്‍ സഹായി റയിസ് ഖാന്‍ പത്താന്റെ പരാതിയെ തുടര്‍ന്നാണ് ടീസ്റ്റയ്ക്കും സബ് രംഗ് ട്രസ്റ്റിനും എതിരെ അന്വേഷണത്തിന് 2014ല്‍ മൂന്നംഗ സമിതി നിയോഗിക്കപ്പെടുന്നത്. ടീസ്റ്റ സെതല്‍വാദും ഭര്‍ത്താവ് ജാവേദ് ആനന്ദും മാനവ വിഭവശേഷി മന്ത്രാലയത്തിന്റ സര്‍വശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരം തങ്ങളുടെ എന്‍ജിഒയ്ക്ക് ലഭിച്ച പണം തട്ടിയതായി റയിസ് ഖാന്റെ പരാതിയില്‍ ആരോപിക്കുന്നു. മുംബൈയില്‍ സ്‌കൂളുകള്‍ക്കായി പുസ്തകങ്ങള്‍ തയ്യാറാക്കാനും സബ് രംഗ് ട്രസ്റ്റ് നിയോഗിക്കപ്പെട്ടിരുന്നു.

2015 ജൂലായിലാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സബ് രംഗ് ട്രസ്റ്റിനെ പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം ഏല്‍പ്പിക്കരുതായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സബ് രംഗ് ട്സറ്റിന് ഇതിനുള്ള യോഗ്യതയില്ലെന്നാണ് റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നത്. 2.06 കോടിയുടെ പദ്ധതിയാണ് രണ്ട് വര്‍ഷത്തേയ്ക്ക് എച്ച് ആര്‍ ഡി അനുവദിച്ചത്. ഇതില്‍ സബ് രംഗിന് 1.39 കോടി രൂപ നല്‍കിയിട്ടുണ്ട്. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഇതെന്നും സമിതി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍