UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വാമിയുടെ ലൈംഗികാവയവം മുറിച്ച സംഭവം; പെണ്‍കുട്ടിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

പീഡിപ്പിച്ചയാളുടെ ലൈംഗിക ശേഷി പരിശോധിക്കാതെ കേസ് കോടതിയില്‍ വിജയിക്കില്ലെന്ന് അറിയാവുന്ന നിയമവിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി എന്തിനാണ് ലിംഗം ഛേദിച്ചതെന്ന് കണ്ടെത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു

തന്നെ ലൈംഗികമായി പീഡിപ്പിച്ച സ്വാമിയുടെ ലൈംഗികാവയവം വെട്ടിമുറിച്ച പെണ്‍കുട്ടിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് മേധാവിക്ക് പരാതി. പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസാണ് ഡിജിപി ടിപി സെന്‍കുമാറിന് പരാതി നല്‍കിയത്. ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിക്കെതിരെ നടപടി സ്വീകരിക്കണമെന്നും നുണ പരിശോധനയ്ക്ക് വിധേയയാക്കണമെന്നുമാണ് ആവശ്യം.

നിയമ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയ്ക്ക് പീഡിപ്പിച്ചയാളിന്റെ ലൈംഗിക ശേഷി പരിശോധന നടത്താതെ കേസ് കോടതിയില്‍ വിജയിക്കില്ലെന്ന് വ്യക്തമായി അറിയാമെന്നും അതിനാല്‍ തന്ന ലിംഗം ഛേദിച്ചത് എന്തിനാണെന്ന് കണ്ടെത്തണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. സംഭവത്തില്‍ സാമ്പത്തിക, ബാഹ്യ ഇടപെടലുകള്‍ ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

ലിംഗം മുറിച്ചിട്ടും സ്വാമി നിലവിളിക്കാത്തത് ദുരൂഹമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വര്‍ഷങ്ങളായി പീഡനത്തിനിരയാകുന്ന പെണ്‍കുട്ടി നിയമവിദ്യാര്‍ത്ഥിയായിട്ടും മറ്റാരോടും പറയാതിരുന്നതും ദുരൂഹമാണെന്നും ഇത് അന്വേഷിക്കണമെന്നുമാണ് പരാതിയിലെ മറ്റൊരു ആവശ്യം. വെള്ളിയാഴ്ച രാത്രിയാണ് ലൈംഗികാതിക്രമത്തിന് ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത്. എട്ടുവര്‍ഷമായി തന്നെ നിരന്തരം ലൈംഗിക പീഡനത്തിന് വിധേയനാക്കിയ ഹരിസ്വാമിയെന്ന സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ ലൈംഗികാവയവമാണ് പെണ്‍കുട്ടി മുറിച്ചത്.

അഞ്ചുവര്‍ഷമായി പെണ്‍കുട്ടിയുടെ വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്ന ഹരിസ്വാമി പെണ്‍കുട്ടിയുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്താണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പൂജകള്‍ക്കായാണ് ഇയാള്‍ ഇവരുടെ വീടിലെത്തിയത്. മൂന്ന് വര്‍ഷമായി ഇയാള്‍ തന്നെ പീഡിപ്പിക്കുന്നുണ്ടെന്നാണ് പോലീസിന് പെണ്‍കുട്ടി മൊഴി നല്‍കിയത്. ഭീഷണിയെ തുടര്‍ന്ന് പേടിച്ചാണ് ഇത്രകാലവും വിവരം പുറത്തുവിടാതിരുന്നത്.

ഇതിനിടെ വിവാദ സ്വാമിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. സ്ഥിതി മെച്ചപ്പെടുമ്പോള്‍ ഇയാളെ ജയിലിലേക്ക് മാറ്റും. അതേസമയം ജനനേന്ദ്രിയം താന്‍ സ്വയം മുറിച്ചതാണെന്നാണ് ഇയാള്‍ ഇപ്പോഴും പോലീസിനോട് ആവര്‍ത്തിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍