UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടോം ജോസിന്റെ വിവാദങ്ങള്‍

Avatar

അഴിമുഖം പ്രതിനിധി

തൊഴില്‍വകുപ്പ് സെക്രട്ടറിയായിരുന്നപ്പോള്‍ അനധികൃത സ്വത്ത് സമ്പാദനം, അഴിമതി; കൊച്ചി മെട്രോയുടെ ചുമതലയിലിരുന്നപ്പോള്‍ അഴിമതി, ഗൂഢാലോചന തുടങ്ങി ഏതു വകുപ്പിലായാലും 1984 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ ടോം ജോസിനെതിരെ മുമ്പ് പറഞ്ഞ കാര്യങ്ങളില്‍ ആരോപണമുണ്ടാകുന്നുണ്ട്. പൊതുമരാമത്ത് സെക്രട്ടറിയും തൊഴില്‍വകുപ്പ് സെക്രട്ടറിയുമായിരുന്ന ടോം ജോസ് അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് പറഞ്ഞ് പഴയ വിജിലന്‍സ് ഡയറക്ടര്‍ അന്നത്തെ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ് നല്‍കിയ രഹസ്യ റിപ്പോര്‍ട്ട് നല്‍കിയതു മുതല്‍ ടോം ജോസിന് ശനിദശയാണ്. പിന്നെ കൊച്ചി മെട്രോ എംഡി ആയിരിക്കെ മഗ്നീഷ്യം ഇടപാടിലൂടെ 1.21 കോടിയുടെ നഷ്ടം സര്‍ക്കാരിനുണ്ടായിയെന്നും പറഞ്ഞുള്ള കേസ്, അതു കൂടാതെ മെട്രോമാന്‍ ഇ ശ്രീധരനെ അതില്‍ നിന്ന് കെട്ടുകെട്ടിക്കാനും അങ്ങ് ഡല്‍ഹിയിലും പിടിയുണ്ടെന്ന് കാണിക്കാന്‍ അയച്ച കത്തും കേരളത്തില്‍ തരംഗമായിരുന്നു. അവസാനം അവിടുത്തെ പൊറുതിയും അവസാനിപ്പിച്ച് ഇപ്പോള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി ഇരിക്കുമ്പോഴാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പഴയ കേസ് വീണ്ടും പൊടിതട്ടിയെടുക്കുന്നത്.

ആളുകള്‍ മറന്നു തുടങ്ങിയ ആ ചരിത്രങ്ങള്‍ ഒന്നു പൊടിതട്ടി എടുക്കാം. കാലം ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലമാണ്. ആ കാലത്ത് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടിഒ സൂരജിന്റെ അനധികൃത സ്വത്ത് സമ്പാദന വിവരങ്ങള്‍ പുറത്തു വന്നു. തൊട്ടുപിന്നാലെ ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റും മുന്‍ പൊതുമരാമത്ത് സെക്രട്ടറിയും അന്നത്തെ തൊഴില്‍വകുപ്പ് സെക്രട്ടറിയുമായ ടോം ജോസും അനധികൃത സ്വത്ത് സമ്പാദനം നടത്തിയതായി രേഖകള്‍ പെട്ടെന്ന് പൊട്ടിമുളച്ചു. ടോം ജോസ് കേരളത്തിനകത്തും പുറത്തും കോടിക്കണക്കിന് രൂപ വിലയുള്ള ഭൂമി വാങ്ങിക്കൂട്ടിയതായി വിജിലന്‍സ് ഡയറക്ടര്‍ അന്ന് ചീഫ് സെക്രട്ടറിയായിരുന്ന ഭരത് ഭൂഷണ് നല്‍കിയ രഹസ്യ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചു.

ടോം ജോസ് 2010 ഓഗസ്റ്റ് 10-ന് മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ്ഗാ ജില്ലയില്‍ ഗീറോഡ് വില്ലേജില്‍ ദോദ് മാര്‍ഗ്ഗ് താലൂക്കില്‍ 19.15 ഹെക്ടര്‍ കൃഷിഭൂമി 1.63 കോടി രൂപയ്ക്ക് വാങ്ങിയെന്നായിരുന്നു ആക്ഷേപം. സന്തോഷ് നകുല്‍ദമാസ്‌കര്‍ എന്ന വ്യക്തിയില്‍ നിന്നാണ് സര്‍വ്വേ നമ്പര്‍ 46/27 എ-യില്‍പ്പെട്ട ഭൂമി വാങ്ങിയത്. ഇതിനായി തിരുവനന്തപുരം നിറമണ്‍കരയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന്‍ 1.32 കോടി വായ്പയെടുത്തെന്നാണ് ടോം ജോസ് ചീഫ് സെക്രട്ടറിക്കു നല്‍കിയ മറുപടിയില്‍ പറയുന്നത്. എന്നാല്‍ ഒരു വര്‍ഷത്തിനകം തന്നെ ഈ തുക തിരിച്ചടച്ചു. അമേരിക്കയിലെ ഡോ.അനിതാ ജോസ്, ഡോ. ജോസ്, ടോം ജോസിന്റെ ഭാര്യാ പിതാവ് പി.ജെ ഡേവിഡ് എന്നിവരില്‍ നിന്നും വായ്പ വാങ്ങിയാണ് തിരിച്ചടവ് നടത്തിയതെന്നും വിശദീകരണത്തില്‍ പറയുന്നുണ്ട്.

കൂടാതെ കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ 2008-ലും തിരുവനന്തപുരം തൈക്കാട് വില്ലേജില്‍ 2010-ലും ഭൂമി വാങ്ങിയതായും ഒരു വിജിലന്‍സ് റിപ്പോര്‍ട്ടുണ്ട്. ടോം ജോസ് നല്‍കിയ ആസ്തി ബാധ്യതാ വിവരങ്ങള്‍ വസ്തുതകള്‍ക്കു നിരക്കാത്തതാണെന്ന് കാണിച്ച് ചീഫ് സെക്രട്ടറി അയച്ച കത്ത് കാറ്റില്‍ പറന്നു പോയി എന്നാണ് കേള്‍ക്കുന്നത്. തുടര്‍ന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍, ടോം ജോസ് അനധികൃത ഭൂമി വാങ്ങിയെന്നു പറയുന്ന സമയത്ത് എല്‍ഡിഎഫ് ഭരണമായിരുന്നുവെന്നും എളമരം കരീമിന്റെ കീഴിലാണ് പൊതുമരാമത്ത് സെക്രട്ടറിയായിരുന്നതെന്നുമാണ് പറഞ്ഞത്. എങ്കിലും സര്‍ക്കാരിനെ സമയാസമയം എല്ലാ കാര്യങ്ങളും അറിയിച്ചുകൊണ്ടായിരുന്നു ടോം ജോസ് വസ്തുക്കള്‍ സമ്പാദിച്ചതെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. അതോടെ ഏകദ്ദേശം ടോം ജോസ് രക്ഷപ്പെട്ടു.

പിന്നെ കൊച്ചി മെട്രോ എംഡിയായിരുന്നപ്പോള്‍ ഒപ്പിച്ച പുകിലുകളും ചില്ലറയല്ല. അവിടെ ഉമ്മന്‍ ചാണ്ടിയുടെ ചാവേറായിരുന്നു ടോം ജോസ് എന്നൊരു ശ്രുതിയുണ്ടായിരുന്നു. അതു പ്രകാരം പറയുന്നത്, കൊച്ചി മെട്രോ, എമര്‍ജിംഗ് കേരളയില്‍ വില്‍പ്പനയ്ക്കു വച്ചിരുന്നുവെന്നും അവിടെ നിന്നും കൊച്ചി മെട്രോ ഡിഎംആര്‍സിക്ക് കിട്ടാതിരിക്കാന്‍ ടോം ജോസിനെ വച്ച് ഇ ശ്രീധരനെതിരെ കളിച്ചത് ഉമ്മന്‍ചാണ്ടിയാണെന്നുമാണ്. കൊച്ചി മെട്രോ എംഡി ആയിരിക്കെ ടോം ജോസിന് ആദ്യം കിട്ടിയ പണി മഗ്നീഷ്യം ഇടപാടിലൂടെ 1.21 കോടിയുടെ നഷ്ടം സര്‍ക്കാരിനുണ്ടായിയെന്നു പറഞ്ഞുള്ള ആരോപണമായിരുന്നു. അതിന്റെ പേരില്‍ ടോം ജോസിനിനെതിരെ വിജിലന്‍സ് എഫ് ഐ ആറും രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നെ കിട്ടിയ പണി ഇ ശ്രീധരനെ തെറിപ്പിക്കാനായി നടത്തിയ ഒരു കത്തായിരുന്നു. അവസാനം തെറിച്ചത് പക്ഷേ ടോം ജോസായിരുന്നു. ശ്രീധരനെ ഒഴിവാക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചനയാണെന്ന് പറഞ്ഞ് ജനങ്ങളും പ്രതിപക്ഷവും കൈകോര്‍ത്തപ്പോള്‍ ഉമ്മന്‍ ചാണ്ടി ബലിയാടാക്കിയത് ടോം ജോസിനെയായിരുന്നു.

ജേക്കബ് തോമസും, ഇ ശ്രീധരനും

ഇ ശ്രീധരന്റെ അധികാരങ്ങള്‍ ആരാഞ്ഞ് നാല് കാര്യങ്ങളായിരുന്നു ടോം ജോസ് കത്തില്‍ ഉന്നയിച്ചിരുന്നത്. (1) മെട്രോ റെയില്‍ പദ്ധതിക്കായി ചെറിയ പാലങ്ങളുടെ നിര്‍മാണം വരെ ഏറ്റെടുക്കാന്‍ തയാറാണെന്ന് ശ്രീധരന്‍ പറയുന്നു, എന്നാല്‍ ഇതിനുള്ള സഹായം ഡിഎംആര്‍സി നല്‍കുന്നുണ്ടോ? (2) കേരള സര്‍ക്കാരുമായി കരാറുണ്ടാക്കാന്‍ ഇ ശ്രീധരന് അധികാരം നല്‍കിയിട്ടുണ്ടോ? (3) ശ്രീധരന്‍ ഏറ്റെടുത്തിരിക്കുന്ന പദ്ധതികള്‍ക്ക് ഡിഎംആര്‍സി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ പിന്തുണയുണ്ടോ? (4) മെട്രോയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ ഇത് സഹായിക്കുമെന്നുള്ളതിന് വ്യക്തമായ മറുപടി നല്‍കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. 

മുമ്പ് അനധികൃത കേസില്‍ തന്നെ കുടുക്കാന്‍ നോക്കിയ ഭരത് ഭൂഷണെ തറപറ്റിച്ചതിനെപ്പറ്റി വേറെയും ഉണ്ട് കഥകള്‍. ഐഎഎസ് – ഐപിഎസ് കൂട്ടത്തിലെ ചില വിശ്വസ്തരെയും മാധ്യമ ശിങ്കിടികളെയും കൂട്ടിപിടിച്ചാണ് ഭരത് ഭൂഷണെ, ടോം ജോസ് ഒതുക്കിയത് എന്നായിരുന്നു ആ വാര്‍ത്ത. പിന്നെയുള്ളത് ഇപ്പോ നമ്മുടെ തത്ത ജേക്കബ് തോമസിനെതിരെയും ടോം ജോസ് ഒരു കളി കളിച്ചു നോക്കിയെന്നും തത്ത കൂട് പൊട്ടിച്ച് ആ കൂടു കൊണ്ടു തന്നെ വേടനെ വീഴ്ത്തിയെന്നുമാണ് മറ്റൊരു വാര്‍ത്ത.  

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍