UPDATES

ഇന്ത്യ

വ്യാജവാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് സീ ന്യൂസിനെതിരെ കേസ്: 153 A ചര്‍ച്ചയാകുന്നു

പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ ദുലഗാര്‍ഗ്ഗില്‍ നടന്ന സാമൂദായിക കലാപവുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്ത നല്‍കിയെന്ന പേരിലാണ് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 153എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.

2016 ഫെബ്രുവരി ഏഴിന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ നടന്ന ഒരു പ്രകടനത്തെക്കുറിച്ച് സീ ന്യൂസ് പുറത്തുവിട്ട ഒരു വാര്‍ത്ത രാജ്യത്തെ ഇളക്കി മറിച്ചു. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചാര്‍ത്തുന്നിടത്തോളം കേസ് വളര്‍ന്നു. എന്നാല്‍ സീ ന്യൂസ് പുറത്തുവിട്ട ദൃശ്യങ്ങള്‍ വ്യാജമാണെന്ന ആരോപണം പല കോണില്‍ നിന്നും ഉയരുകയും ഇതിന്റെ പേരില്‍ അവരുടെ ഒരു വാര്‍ത്ത പ്രൊഡ്യൂസര്‍ രാജിവെക്കുകയും ചെയ്തു. അന്ന് സീ ന്യൂസിനെതിരെ നടപടികള്‍ ഒന്നും ഉണ്ടായില്ല. വര്‍ഷം അവസാനിക്കുമ്പോള്‍ സീ ന്യൂസിലെ ഒരു റിപ്പോര്‍ട്ടര്‍ക്കെതിരെ വ്യാജവാര്‍ത്ത ചമച്ചതിന്റെ പേരില്‍ കേസ് വരുന്നു എന്നത് കാവ്യനീതിയായിരിക്കാം.

പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ ദുലഗാര്‍ഗ്ഗില്‍ നടന്ന സാമൂദായിക കലാപവുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്ത നല്‍കിയെന്ന പേരിലാണ് അവരുടെ റിപ്പോര്‍ട്ടര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 153എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. സിടിവിയുടെ റിപ്പോര്‍ട്ടിംഗിലെ ധാര്‍മ്മികയെക്കാള്‍ 153എ എന്ന നിയമത്തിന്റെ പ്രസക്തിയാണ് കൂടുതല്‍ പ്രസക്തമാവുന്നത്. മതം, വംശം, ജന്മസ്ഥലം, ഭാഷ മുതലായവയുടെ പേരില്‍ വിവിധ സംഘങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന തരത്തില്‍ പരമാര്‍ശങ്ങള്‍ നടത്തുന്നതിനെ ശിക്ഷിക്കുന്നതാണ് 153എ. പൊതുവില്‍ സ്പര്‍ദ്ധ വളര്‍ത്തുന്നവരെയും സാമുദായിക കലാപങ്ങള്‍ ഇളക്കിവിടുന്നവരെയും ശിക്ഷിക്കുക എന്നതാണ് ഈ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതിനും ഭിന്നാഭിപ്രായം അടിച്ചമര്‍ത്തുന്നതിനുമാണ് ഇന്ത്യയില്‍ പൊതുവെ ഭരണകൂടങ്ങള്‍ ഈ നിയമം ഉപയോഗിക്കുന്നത് എന്നതിന് പ്രത്യേക്ഷ ഉദാഹരണങ്ങള്‍ ഉണ്ട്. മത, സാമുദായിക വിദ്വേഷം വളര്‍ത്തുന്നവരെ നിയമത്തിന്‍ കീഴില്‍ ശിക്ഷിച്ചതിനുള്ള ഉദാഹരണങ്ങള്‍ അപൂര്‍വമാണ് താനും.

ഗുജറാത്തികളുടെ വികാരം വ്രണപ്പെടുത്തി എന്നതിന്റെ പേരില്‍ എഴുത്തുകാരന്‍ ആഷിഷ് നന്ദിക്കെതിരെ 153എ ചുമത്തുകയും അദ്ദേഹത്തിന് നിരുപാധികം മാപ്പ് പറയുകയും ചെയ്യേണ്ടി വന്നു. ഉത്തര്‍പ്രദേശ് നഗരവികസന മന്ത്രി അസം ഖാനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് 2015ല്‍ ഒരു വിദ്യാര്‍ത്ഥിക്കെതിരെ യുപി പോലീസ് 153എ ചുമത്തി. 2014ല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് സാമൂഹിക മാധ്യമത്തില്‍ എഴുതി എന്ന ഒറ്റക്കാരണം കാണിച്ച് ഒരു ഗോവന്‍ സ്വദേശിയെ 153എ പ്രകാരം അറസ്റ്റ് ചെയ്തു. അതേ വര്‍ഷം ‘ബ്രാഹ്മണരുടെയും ലിംഗായത്തുകളുടെയും’ വികാരങ്ങള്‍ വ്രണപ്പെടുത്തി എന്നാരോപിച്ച് യോഗേഷ് മാസ്റ്റര്‍ എന്ന കന്നട എഴുത്തുകാരനെയും അറസ്റ്റ് ചെയ്തു. ശിവജിയെ കുറിച്ച് പുസ്തകമെഴുതി എന്നാരോപിച്ചാണ് 2007ല്‍ ജയിംസ് ലെയ്‌നെയെ പോലീസ് അറസ്റ്റ് ചെയ്തത്.

തങ്ങള്‍ക്കെതിരെയുള്ള അഭിപ്രായപ്രകടനം തടയുന്നവരെ ദ്രോഹിക്കുക എന്നതിനപ്പുറം നിയമത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശം നടപ്പാക്കാന്‍ അധികാരികള്‍ക്ക് താല്‍പര്യമില്ലെന്ന് സ്‌ക്രോ.ഇന്‍ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടുന്നു. ശിവസേന നേതാവ് ബാല്‍ താക്കറെയുടേതാണ് ഇക്കാര്യത്തിലുള്ള പ്രത്യേക്ഷ ഉദാഹരണം. 900 പേരുടെ മരണത്തില്‍ കലാശിച്ച 1992-93 കാലത്ത് മുംബെ വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് കാരണഭൂതമായത് ബാല്‍ താക്കറെയുടെ ചില വിഷലിപ്തമായ പരാമര്‍ശങ്ങളാണെന്ന് സംഭവം അന്വേഷിച്ച ശ്രീകൃഷ്ണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ താക്കറെയെ വിചാരണ ചെയ്തില്ല എന്ന് മാത്രമല്ല അദ്ദേഹം മരിച്ചപ്പോള്‍ സംസ്ഥാന ബഹുമതികള്‍ നല്‍കുകയും ചെയ്തു. അധികാരത്തിലിരിക്കുന്നവര്‍ക്കും സ്വാധീനമുള്ളവര്‍ക്കും വളച്ചൊടിക്കാന്‍ കഴിയുന്ന ഒരു നിയമമായി മാത്രമാണ് 153എ നിലനില്‍ക്കുന്നത്. വര്‍ഗ്ഗീയ, സാമുദായി വിദ്വേഷം പ്രചരിപ്പിക്കുന്ന ആളുകള്‍ സ്വതന്ത്രരായി പൊതുസമൂഹത്തില്‍ വിലസുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിയമത്തിന്റെ സാംഗത്യം തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.

വായനയ്ക്ക്: https://goo.gl/XOHwdF

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍