UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മദ്യാസക്തിയുടെ ദൈവശാസ്ത്രം; വനിതാ ബിഷപ്പിന്റെ മദ്യപാനം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

Avatar

മിച്ചല്‍ ബൂര്‍സ്‌റ്റൈന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

മദ്യപിച്ചു ടെക്സ്റ്റ് ചെയ്തുകൊണ്ടു യാത്രചെയ്ത ഒരു എപ്പിസ്‌കോപ്പല്‍ ബിഷപ്പ് ഒരു സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച് അയാളുടെ മരണത്തിനു കാരണമായത് പലതരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇതില്‍ സഭാരാഷ്ട്രീയം മുതല്‍ സൈക്കിള്‍ പാതകള്‍ വരെ പെടുന്നു. എന്നാല്‍ ബിഷപ് ഹെതര്‍ കുക്കിനെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ ഏറ്റവും ചൂട് പിടിക്കുന്നത് അഡിക്ഷന്റെ ദൈവശാസ്ത്രമാണ്. 

മദ്യാസക്തി ഒരു പാപമാണോ? അതിനു മാപ്പ് കിട്ടുമോ? മദ്യാസക്തര്‍ ഒരു അസുഖത്തിന്റെ ഇരകളല്ലേ? 

ഈസ്റ്റണിലെയും മേരിലാന്‍ഡിലെയും മതനേതൃത്വം ഇതിനെ എങ്ങനെയാണ് കാണുന്നത്? ഈ രണ്ടിടങ്ങളിലാണ് ഹെതര്‍ കുക്ക് മുന്‍പ് പ്രവര്‍ത്തിച്ചിരുന്നത്. ഈസ്റ്റണില്‍ വെച്ചാണ് 2010 ല്‍ ഹെതര്‍ ആദ്യമായി മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായത്. അതൊന്നും സാരമാക്കാതെയാണ് കഴിഞ്ഞ വര്‍ഷം അവര്‍ മേരിലാന്‍ഡിലെ ആദ്യവനിതാബിഷപ്പായി മാറിയത്. 

ചെറിയ പള്ളിയോഗങ്ങളിലും പ്രാര്‍ത്ഥനകളിലും മറ്റും എപ്പിസ്‌കോപ്പല്‍ അധികാരികള്‍ കുക്കിന്റെ വിഷയം കൈകാര്യം ചെയ്ത രീതിയില്‍ നിന്ന് മദ്യാസക്തിയെ ക്രിസ്തുമതം എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. 

‘മദ്യപര്‍ക്കായുള്ള സമൂഹങ്ങളില്‍ മദ്യാസക്തിയെ ഒരു സദാചാരപ്രശ്‌നമായി കാണാറുണ്ട്’, കുക്കിന്റെ രൂപതയിലെ വൈദികനായ റെവറണ്ട് ജോ സ്ടീവാര്‍റ്റ് സിക്കിംഗ് പറയുന്നു. ‘നാമെല്ലാം പാപത്താല്‍ ചുറ്റിയാണ് ജീവിക്കുന്നത്. എന്നാല്‍ പാപത്തെ വര്‍ണ്ണിക്കാന്‍ നമ്മള്‍ തുടങ്ങിയാല്‍ നാമെല്ലാം അതില്‍ കുരുങ്ങിയിട്ടുണ്ട് എന്നത് വിട്ട് പോകും. അവരുടെ പദവി മാത്രമല്ല ഇതില്‍ എത്തിച്ചത്. മറ്റുള്ളവരും ഇതില്‍ പങ്കാളികളാണ്. നമ്മളും. ഒരു സമൂഹം തന്നെ ഒരാള്‍ക്ക് പുറത്തുവന്നു സഹായം ചോദിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാക്കുന്നു’.

കുക്കിനെ ബിഷപ്പാക്കുന്ന തീരുമാനമെടുത്ത ആളുകളില്‍ ഒരാളാണ് സിക്കിങ്ങും. അവരുടെ പേര് പരിഗണിച്ച കമ്മിറ്റി അവരുടെ 2010ലെ അറസ്റ്റിന്റെ വിവരം മറച്ചുവെച്ചു. കമ്മറ്റി അവരോടു ഈ വിവരം കണ്‍വെന്‍ഷനില്‍ വെളിപ്പെടുത്താനാണ് ആവശ്യപ്പെട്ടതെങ്കിലും അവരത് ചെയ്തില്ല.

ഡിസംബര്‍ ഇരുപത്തിയേഴിനു തോമസ് പലെര്‍മോ മരിച്ചതോടെ മദ്യാസക്തിയെയും മോചനത്തെപ്പറ്റിയും പരിചയമുള്ള ക്രിസ്ത്യാനികള്‍ സകലരും ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്.

മദ്യപിച്ചുവാഹനമോടിച്ച് മരണത്തിന് കാരണമാവുകയും ആക്‌സിഡന്റ് സ്ഥലം വിട്ടുപോവുകയും ചെയ്ത ശേഷം സ്വയം പോലീസിനു കീഴടങ്ങിയ ഹെതര്‍ ജാമ്യത്തിനാവശ്യമായ രണ്ടര മില്യന്‍ ഡോളര്‍ വൈദികവൃത്തി ഉപേക്ഷിച്ച ഒരു വ്യക്തി മുഖേന സമര്‍പ്പിച്ചിട്ടുണ്ട്. അയാള്‍ തന്റെ സന്തതസഹചാരിയാണെന്ന് അവര്‍ വിശേഷിപ്പിച്ചിട്ടുണ്ട് എന്ന് ബാല്‍ടിമൂര്‍ ബ്രൂ പറയുന്നു.

അപകടത്തിനുശേഷം രണ്ടുരൂപതകളിലെയും നേതാക്കള്‍ അവരുടെ മദ്യപാനത്തെ തങ്ങള്‍ എങ്ങനെ കണ്ടുവെന്നും എങ്ങനെ കൈകാര്യം ചെയ്തുവെന്നും വിശദീകരിക്കാന്‍ വിസമ്മതിക്കുന്നു. 2010ലെ സംഭവത്തിനുശേഷം അവര്‍ ചികിത്സയ്ക്ക് വിധേയയായോ എന്നും അന്വേഷണം ഉണ്ടായോ എന്നും ഒന്നും വ്യക്തമല്ല. 

അപകടം നടന്ന ഉടനെ 21,500 വീടുകളുള്ള മേരിലാന്റ് രൂപത ഒരു ചെറുരേഖ പുറത്തിറക്കി. 

‘ക്രിസ്തീയവിശ്വാസത്തിലെ ഒരു പ്രധാനമൂല്യം ക്ഷമയാണ്. ക്ഷമാശീലം പരിശീലിക്കാതെ നമുക്കത് പ്രസംഗിക്കാനാകില്ല. മറ്റുള്ളവര്‍ക്ക് പശ്ചാത്തപിക്കാന്‍ നാം അവസരം നല്‍കണം’, അതില്‍ പറയുന്നു. 

സഭയുടെ അയഞ്ഞ സമീപനമാണ് കുക്കിന്റെ കാര്യത്തില്‍ പ്രശ്‌നമായത് എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. 

‘ആളുകള്‍ക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കാന്‍ ഞങ്ങള്‍ക്ക് ഇഷ്ടമാണ്. ദൈവകൃപ മുതലായ പല സംഗതികളുമുണ്ട്. ഡയാന ബട്‌ലര്‍ ബസ് എന്ന പ്രമുഖ സഭാചരിത്രകാരി പറയുന്നു. ‘ആളുകളെ മാറ്റിനിര്‍ത്താന്‍ ഇഷ്ടപ്പെടുത്തുന്ന ഒരു സഭയല്ല ഇത്. എന്നാല്‍ ഈ കാര്യത്തില്‍ അത് നേരായി പ്രവര്‍ത്തിച്ചില്ല എന്നുമാത്രം.’ 

ബട്‌ലര്‍ ബാസും ക്ഷമയുടെ പ്രാധാന്യത്തെപ്പറ്റി പറഞ്ഞു. 

‘സഭ മദ്യാസക്തിയെ അതിന്റെ സങ്കീര്‍ണ്ണതയില്‍ മനസിലാക്കുന്നുണ്ട് എന്നെനിക്ക് തോന്നുന്നില്ല. ആസക്തിയുടെ ഉത്തരം ക്ഷമയല്ല. നേതൃത്വത്തിലുള്ളവര്‍ അത് മനസിലാക്കണം.’ അവര്‍ പറഞ്ഞു. 

മദ്യാസക്തിയില്‍ നിന്ന് വിമുക്തനാകുന്നതിനിടെ 2012ല്‍ ‘ഗ്രേസ് ഇന്‍ അഡിക്ഷന്‍’ എന്ന പുസ്തകം എഴുതിയ ജോണ്‍ സാല്‍ എന്ന സൗത്ത് കരോലിന എപ്പിസ്‌കോപ്പല്‍ വൈദികന്‍ പറയുന്നത് കുക്കിന്റെ കേസ് സഭാനേതൃത്വത്തെ ക്ഷമിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കും എന്നാണ്. 

ക്ഷമ എന്ന വാക്കിനു ക്രിസ്തീയവിശ്വാസത്തില്‍ ഏറെ പ്രാധാന്യമുണ്ട്. ക്ഷമിക്കാന്‍ മടിക്കുന്ന സഭ അതിന്റെ ഉദാത്തമായ ഒരു വികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുകയാണ് ചെയ്യുന്നത്. സഭ കൂടുതല്‍ വിശ്വാസം കാണിക്കുമെന്നും ആളുകള്‍ മാറുമെന്നതില്‍ മറ്റുള്ളവരേക്കാള്‍ പ്രതീക്ഷ വയ്ക്കുമെന്നുമാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറയുന്നു. 

മദ്യാസക്തിയെപ്പറ്റി സഭയില്‍ ചര്‍ച്ച വേണമെന്ന് രൂപതയുടെ ബിഷപ്പ് റവ. യൂജീന്‍ ടെയ്‌ലര്‍ സുട്ടന്‍ പറഞ്ഞിട്ടുണ്ട്. 

‘ഈ ദുരന്തം മറ്റു ബിഷപ്പ് സഹപ്രവര്‍ത്തകരുമായി ഒരുമണിക്കൂര്‍ എടുത്ത് ചര്‍ച്ച ചെയ്യുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തതിനിടെ ഒരാള്‍ പറഞ്ഞു, യൂജീന്‍, ഞാന്‍ ഒരു മദ്യപന്റെ മകനാണ്. വര്‍ഷങ്ങള്‍ കൊണ്ടാണ് മദ്യം ഒരാളെ എങ്ങനെ നിയന്ത്രിക്കുന്നു എന്ന് ഞാന്‍ മനസിലാക്കിയത്. ആ സൈക്കിള്‍ സഞ്ചാരിയുടെ മരണത്തില്‍ മേരിലാന്‍ഡ് രൂപതയ്ക്ക് ഉത്തരവാദിത്തമില്ല. നിങ്ങളല്ല അതിന്റെ ഉത്തരവാദി. ഹെതര്‍ കുക്ക് ആണ്. അത് നിങ്ങളുടെ കുറ്റമല്ല.’, ഞാന്‍ കരഞ്ഞു പോയി.’ അദ്ദേഹം പറയുന്നു. 

കത്തോലിക്ക സര്‍വകലാശാലയിലെ പ്രൊഫസര്‍ ആയ റവ. സ്‌റീഫന്‍ റോസറ്റി പറയുന്നത് സഭയിലെ ലൈംഗികപീഡന വിവാദങ്ങളാണ് ഈ വിഷയത്തെ കൂടുതല്‍ ഗൗരവമായി കാണാന്‍ കത്തോലിക്കാസഭയെ പ്രേരിപ്പിച്ചത് എന്നാണു. 

‘ക്ഷമയും അധികാരവും തമ്മില്‍ വ്യത്യാസമുണ്ട് എന്നാണ് നമ്മള്‍ മനസിലാക്കിയ ഒരു കാര്യം. നമുക്ക് ഒരാളോട് ക്ഷമിക്കാം. എന്നാല്‍ അതിനര്‍ത്ഥം അയാള്‍ക്ക് അധികാരത്തിന് അവകാശമുണ്ടെന്നല്ല. അദ്ദേഹം പറഞ്ഞു. ‘തീര്‍ച്ചയായും നിങ്ങളോട് ക്ഷമിക്കാം. പക്ഷെ നിങ്ങള്‍ക്ക് അധികാരത്തിലിരിക്കാന്‍ അവകാശമില്ല. അത് ക്ഷമിക്കലല്ല എന്ന് ആളുകള്‍ പറയും, പക്ഷെ അത് ക്ഷമയാണ്.’ 

ആസക്തികളുടെ ചരിത്രമുള്ളവര്‍ സഭയുടെ വൈദികവൃത്തിയില്‍ വരുന്നതിനോട് കത്തോലിക്കാസഭ കൂടുതല്‍ ഇടുങ്ങിയ നിലപാടുകള്‍ എടുത്തുതുടങ്ങിയിട്ടുണ്ട്. ‘അതിനോട് യോജിപ്പ് കുറവാണ്… ഞങ്ങള്‍ക്ക് പൊള്ളലേറ്റവരാണ്. ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധാലുക്കളായിരിക്കും.’ 

എന്നാല്‍ മദ്യാസക്തി ഒരു രോഗാവസ്ഥയൊണന്ന് സമൂഹവും അംഗീകരിച്ചു തുടങ്ങിയിരിക്കുമ്പോള്‍ കുക്കിനോടുള്ള നിലപാട് അത്ര മോശമായി കരുതാനാകില്ല. പല ക്രിസ്ത്യന്‍ ബ്ലോഗുകളും കുക്കിന്റെ കേസില്‍ പാപത്തിന്റെ പങ്ക് ചര്‍ച്ച ചെയ്യുന്നുണ്ട്. 

റോസറ്റി പറയുന്നത് തന്നെപ്പോലെ പലരും ആസക്തിയെ ഒരു രോഗമായാണ് കാണുന്നത് എന്നാണു. എന്നാല്‍ ക്രിസ്തീയ ദൈവശാസ്ത്രം അനുസരിച്ച് രോഗം, മരണം, മറ്റു മാനുഷികദൗര്‍ബല്യങ്ങള്‍ എന്നിവയെല്ലാം ആദ്യപാപത്തിന്റെ (ആദം-ഹവ്വ കഥ) ഫലമായാണ് ഉണ്ടാകുന്നത്. 

‘മദ്യപനോ വിഷാദരോഗിയോ ആയ ഒരാള്‍ ആ അവസ്ഥയിലായത് കൊണ്ടു പാപിയാകുന്നു എന്ന് ഇതിനര്‍ത്ഥമില്ല. തകര്‍ന്ന മാനവികതയില്‍ നിന്നാണ് ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ഒരാള്‍ ഒരു മദ്യപനാനെങ്കില്‍ അയാള്‍ക്ക് അതിന്റെ നേരിടാനും അതില്‍ നിന്ന് മോചനം നേടാന്‍ ശ്രമിക്കാനും കഴിയണം.’ അദ്ദേഹം പറയുന്നു. 

പാപത്തെയും ഒരു രോഗമായി ബൈബിളില്‍ കരുതുന്നു എന്ന് സാല്‍ പറയുന്നു. മര്‍ക്കോസിന്റെ പുസ്തകത്തില്‍ യേശു പറയുന്നത് ‘ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെ ആവശ്യം. ഞാന്‍ പാപികളെ അന്വേഷിച്ചാണ് വന്നിരിക്കുന്നത്’ എന്നാണ്. 

‘രോഗികളെ നമ്മള്‍ അനുകമ്പയോടെ കാണുന്നു. എന്നാല്‍ ആത്മീയവീഴ്ചകളോട് നമുക്ക് അനുകമ്പയില്ല.’ സാല്‍ പറയുന്നു. ‘യേശുവിനു പക്ഷെ അതൊരു പ്രശ്‌നമായിരുന്നില്ല.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍