UPDATES

ന്യൂസ് അപ്ഡേറ്റ്സ്

​മംഗളം സിഇഒ ആർ അജിത്കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

ഒന്‍പതു പേര്‍ കൂടി കേസില്‍ പ്രതികള്‍; ഐ.ടി ആക്ട്, ​ഗൂഡാലോചന, വ്യാജരേഖ ചമയ്ക്കൽ, ഇലക്ട്രോണിക് മാധ്യമത്തിന്റെ ദുരുപയോ​ഗം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്

മുൻ മന്ത്രി എകെ ശശീന്ദ്രന്റെ ഫോൺ വിളി വിവാദവുമായി ബന്ധപ്പെട്ട് മം​ഗളം ടെലിവിഷൻ സിഇഒ ആർ അജിത്കുമാറിനും മറ്റ് ഒമ്പതു പേർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ക്രൈം ബ്രാഞ്ച് കേസെടുത്തു. ഐ.ടി ആക്ട്, ​ഗൂഡാലോചന, വ്യാജരേഖ ചമയ്ക്കൽ, ഇലക്ട്രോണിക് മാധ്യമത്തിന്റെ ദുരുപയോ​ഗം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഹൈടെക് സെൽ ഡിവൈഎസ്പി ബിജുമോന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിന് ഐജി ദിനേശ് കാശ്യപ് മേല്‍നോട്ടം വഹിക്കും. ആറംഗ സംഘത്തെയാണ് ഇതിന് നിയോഗിച്ചിരിക്കുന്നത്.

രണ്ടുപേർ നൽകിയ പരാതിപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് എകെ ശശീന്ദ്രന്‍ പറഞ്ഞിരുന്നെങ്കിലും പരാതി നല്‍കാതിരുന്നതിനാല്‍ പോലീസ് തുടക്കത്തില്‍ കേസെടുത്തിരുന്നില്ല. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ പിന്നീട് ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു. വനിതാ മാധ്യമ പ്രവര്‍ത്തകരും മുഖ്യമന്ത്രിക്ക് പരാതി നല്കിയിരുന്നു.

പരാതിക്കാരിയോട് മന്ത്രി അശ്ലീല സംഭാഷണം നടത്തുന്നു എന്ന മട്ടില്‍ ചാനലിന്റെ ഉദ്ഘാടന ദിവസം പുറത്തുവിട്ട വാര്‍ത്തയാണ് വിവാദമായത്. സാമൂഹ്യ മാധ്യമങ്ങളിലും പൊതുസമൂഹത്തിലും വലിയ വിമര്‍ശനം ഇളക്കിവിട്ടതിനെ തുടര്‍ന്ന് ചാനല്‍ സിഇഒ ഇന്നലെ ഖേദം പ്രകടിപ്പിക്കുകയും സ്ഥാപനത്തിലെ ജീവനക്കാരിയെ ഉപയോഗിച്ച് നടത്തിയ സ്റ്റിംഗ് ഓപ്പറേഷനാണ് എന്നു വ്യക്തമാക്കുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍