UPDATES

ആവേശം അവസാനിച്ചപ്പോള്‍ ഇന്ത്യയിലെ ഈ പണരഹിത ഗ്രാമത്തിന് എന്തുപറ്റി?

2016 ഡിസംബറില്‍ ആണ്‌ ആദ്യത്തെ പണരഹിത ഗ്രാമം ആയി കാമറെഡ്ഢി താലൂക്കിലെ ഉഗ്രവൈ പ്രഖ്യാപിക്കപ്പെട്ടത്

രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഗൗരവതരമായ സാമ്പത്തിക നയങ്ങള്‍ പോലും വെറും ആഘോഷങ്ങളാക്കി മാറ്റുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനത്തിന് ശക്തമായ തിരിച്ചടികള്‍ നേരിട്ടു തുടങ്ങിയതിന്റെ സൂചനകളാണ് രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും വരുന്നത്. നോട്ട് നിരോധനത്തിന് ശേഷം ജനശ്രദ്ധ മാറ്റുന്നതിനായി ഡിജിറ്റല്‍ സാമ്പത്തികരംഗം എന്ന പൊതിയാത്തേങ്ങയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. ഇന്ത്യ പെട്ടെന്ന് ആധുനികമാവുകയാണെന്ന് പാടിപ്പുകഴ്ത്തി സര്‍ക്കാര്‍ കുഴലൂത്തുകാരായ മുഖ്യധാര മാധ്യമങ്ങളും സംഘപരിവാര്‍ സാമൂഹ്യ മാധ്യമ കൂലിത്തൊഴിലാളികളും ഇതിന് അകമ്പടി സേവിച്ചു.

ഭരണകൂട വാഗ്‌ധോരണകളില്‍ മുഴങ്ങി പണരഹിത സമ്പദ്‌വ്യവസ്ഥയിലേക്ക് എടുത്തു ചാടിയ തെലുങ്കാനയിലെ നിസാമബാദ് ജില്ലയിലെ കാമറെഡ്ഢി താലൂക്കില്‍പ്പെട്ട ഒരു ഗ്രാമത്തിന്റെ ഇപ്പോഴത്തെ ദുരവസ്ഥ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് thenewsminute.com ആണ്. ആദ്യത്തെ പണരഹിത ഗ്രാമം ആയി കാമറെഡ്ഢി താലൂക്കിലെ ഉഗ്രവൈ പ്രഖ്യാപിക്കപ്പെട്ടത് 2016 ഡിസംബറിലായിരുന്നു. പുതിയ സാങ്കേതികവിദ്യയെ മാറോടണച്ച ഗ്രാമം എന്ന നിലയില്‍ ഉഗ്രവൈ ഉദാഹരണം നിരവധിപ്പേരെ ആവേശചിത്തരാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഏകദേശം 1,500 പേര്‍ അധിവസിക്കുന്ന ഗ്രാമം ഇന്ന് എങ്ങനെയും പണകൈമാറ്റങ്ങളിലേക്ക് മടങ്ങിപ്പോകാനുള്ള നെട്ടോട്ടത്തിലാണ്. ആറ് മാസത്തിടയില്‍ നേരിടേണ്ടി വന്ന കടമ്പകളാണ് ഇവരെ മറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.

"</p

ഫോട്ടോ ക്രെഡിറ്റ്; ചരണ്‍ തേജ, ദി ന്യൂസ് മിനിട്ട്‌

നോട്ട് നിരോധനത്തിന് പിന്നാലെ പണരഹിത സമ്പദ്‌വ്യവസ്ഥയിലേക്ക് രാജ്യം കുതിക്കുന്നു എന്ന പ്രചാരണത്തില്‍ വിശ്വസിച്ചാണ് ജനങ്ങള്‍ ഗ്രാമ സര്‍പഞ്ച് അബ്ബഗൗനി ബാലകൃഷ്ണ ഗൗഡിന്റെ സാന്നിധ്യത്തില്‍ പണരഹിത സമൂഹമായി മാറാനുള്ള പ്രമേയം പാസാക്കിയത്. ഇതിനെ തുടര്‍ന്ന് സര്‍പഞ്ച് സ്ഥലം എംഎല്‍എ ഗമ്പ ഗോവര്‍ദ്ധനെ സമീപിച്ചു. 2015ല്‍ തെലുങ്കാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഗ്രാമജ്യോതി പദ്ധതിയിലേക്ക് ഗ്രാമം ദത്തെടുത്ത ആളായിരുന്നു എംഎല്‍എ. പണരഹിത ഗ്രാമമായി മാറുന്നതിന് ഉഗ്രവൈയ്ക്ക് എല്ലാ പിന്തുണയും നല്‍കാന്‍ അദ്ദേഹം കാമറെഡ്ഢി ആന്ധ്ര ബാങ്കിനോടും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരോടും ആവശ്യപ്പെട്ടു.

ബാങ്ക് ഉടന്‍ തന്നെ പ്രവര്‍ത്തനനിരതമായി. 17,000 രൂപയ്ക്ക് സ്വൈപ്പിംഗ് യന്ത്രങ്ങള്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ ഗ്രാമത്തിലെ കച്ചവടക്കാര്‍ക്ക് നല്‍കി. ആദ്യത്തെ രണ്ടുമൂന്ന് മാസം കാര്യങ്ങള്‍ സുഗമമായി നീങ്ങി. എന്നാല്‍ ബുദ്ധിമുട്ടുകള്‍ ആംരഭിക്കാന്‍ തുടങ്ങുകയായിരുന്നു. സ്വൈപ്പിംഗ് യന്ത്രം ഉപയോഗിച്ച് എങ്ങനെയാണ് സാധനങ്ങള്‍ വാങ്ങേണ്ടതെന്ന് ഗ്രാമവാസികള്‍ക്ക് അറിയില്ലായിരുന്നുവെന്ന് ശ്രീലക്ഷ്മി സ്‌റ്റോര്‍ ഉടമ ലക്ഷ്മി പറയുന്നു. മാത്രമല്ല, കച്ചവടക്കാരും ബുദ്ധിമുട്ടിലായി. ഡിജിറ്റല്‍ വിനിമയം വഴി നടക്കുന്ന ഇടപാടുകളുടെ പണം ബാങ്കില്‍ നിന്നും വരാതായി. രണ്ടായിരം രൂപയില്‍ കൂടുതല്‍ നല്‍കാന്‍ ബാങ്കുകള്‍ തയ്യാറായില്ല. ഡിജിറ്റല്‍ പണമിടപാട് ബുദ്ധിമുട്ടായതോടെ ആളുകള്‍ പതുക്കെ നോട്ട് ഇടപാടുകളിലേക്ക് മാറാന്‍ തുടങ്ങി.

"</p

ഒരു ഇടപാടിന് പത്തും പതിനഞ്ചും രൂപ ബാങ്ക് ചാര്‍ജ്ജ് ഈടാക്കാന്‍ തുടങ്ങിയതാണ് മറ്റൊരു പ്രശ്‌നം. ഒരു ചായ കുടിക്കുന്നതിന് ആരാണ് ഇത്രയും പൈസ ബാങ്ക് ചാര്‍ജ്ജ് നല്‍കുക എന്ന് ഗ്രാമത്തില്‍ ഒരു ചെറിയ ചായക്കട നടത്തുന്ന സുജാത ചന്ദ്ര ഗൗഡ് ചോദിക്കുന്നു. പത്രങ്ങളില്‍ വാര്‍ത്ത വന്നതിന്റെ ഒരു അമിതാവേശം മാത്രമാണ് ആദ്യം ഉണ്ടായിരുന്നതെന്നും അത്ര പെട്ടെന്ന് നടപ്പക്കാവുന്ന ഒന്നല്ല ഡിജിറ്റല്‍ ഇടപാടുകളെന്നും ഭാസ്‌കര്‍ എന്ന ഉപഭോക്താവ് പറയുന്നു. എല്ല വ്യാപരികളും സ്വൈപ്പിംഗ് യന്ത്രത്തിന് പണം മുടക്കേണ്ടി വരുന്നു എന്നതാണ് മറ്റൊരു ബുദ്ധിമുട്ട്. യന്ത്രം ഏതായാലും വെറുതെ കിട്ടില്ല. യന്ത്രത്തിന് വളരെ വിലക്കൂടുതല്‍ ആയതിനാല്‍ സര്‍പഞ്ച് ആവശ്യപ്പെട്ടിട്ടും തങ്ങള്‍ യന്ത്രം വാങ്ങിയില്ലെന്ന് മറ്റൊരു കടയുടമായ മാധവി പറയുന്നു. ദിവസം 400-500 രുപ പോലും സമ്പാദിക്കാന്‍ സാധിക്കാത്ത തങ്ങളെ സംബന്ധിച്ചിടത്തോളം 17,000 രൂപ ഒരു വലിയ തുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കുക മാത്രമാണ് മാര്‍ഗമെന്ന് സര്‍പഞ്ച് പറയുന്നു. 1,200 ബാങ്ക് അകൗണ്ടുകളും റുപയ് കാര്‍ഡുകളും നിലനിറുത്താന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നു. എന്നാല്‍ രാജ്യത്തിന്റെ താഴെത്തട്ടിലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കാതെ ദന്തഗോപുരങ്ങളില്‍ നിന്നെടുക്കപ്പെടുന്ന എടുത്തുചാടിയുള്ള നടപടികളുടെ ദുരന്തഫലം അനുഭവിക്കുന്നത് ഇന്ത്യയിലെ കോടാനുകോടി ജനങ്ങളാണ്. യാതൊരു പശ്ചാത്തല സൗകര്യങ്ങളും ഒരുക്കാതെ തിടുക്കത്തില്‍ ആഘോഷപൂര്‍വം നടപ്പിലാക്കപ്പെട്ട ചരക്കു സേവന നികുതി (ജിഎസ്ടി) എന്തൊക്കെ പ്രതിഫലനങ്ങളാകും ഉണ്ടാക്കുക എന്ന് കാത്തിരുന്നുതന്നെ കാണേണ്ടി വരും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍