UPDATES

നോട്ട് നിരോധനം; ഗ്രാമീണ മേഖലയില്‍ പണരഹിത വിനിമയം നടത്തുന്നവര്‍ രണ്ടു ശതമാനം മാത്രം

എറണാകുളം ജില്ലയിലെ ഗ്രാമീണ മേഖലയില്‍ പോലും 91 ശതമാനം പേരും ജീവിതത്തില്‍ ഒരിക്കല്‍ പോലും പണരഹിത വിനിമയം നടത്തിയിട്ടില്ലെന്ന് സിഎസ്ഇഎസ്‌ പഠന റിപ്പോര്‍ട്ട്

രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ സാക്ഷരത നേടുകയും, ഫിനാന്‍ഷ്യലി ഇന്‍ക്ലുസിവ് ആയി പ്രഖ്യാപിക്കപ്പെടുകയും ചെയ്ത എറണാകുളം ജില്ലയിലെ ഗ്രാമീണ മേഖലയില്‍ പോലും 91 ശതമാനം പേരും ജീവിതത്തില്‍ ഒരിക്കല്‍ പോലും പണരഹിത വിനിമയം നടത്തിയിട്ടില്ലെന്ന് പഠന റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കലിന് ശേഷം ഇത്തരം സൗകര്യങ്ങള്‍ ഉപയോഗിച്ച് വിനിമയം നടത്തുവാന്‍ തുടങ്ങിയവര്‍ വെറും രണ്ടു ശതമാനത്തില്‍ താഴെ മാത്രമാണെന്നും പഠനം വെളിപ്പെടുത്തുന്നു. കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് & എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് (CSES) എറണാകുളം ജില്ലയിലെ മൂന്നു പഞ്ചായത്തുകളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്. സി.എസ്.ഇ.എസ്-ലെ ഗവേഷകരായ ബിബിന്‍ തമ്പി, ജയന്‍ കെ.എം., റംഷാദ് എം, ബെന്‍ റോയ്‌സ് ജോസ്, അഞ്ചല്‍ നായര്‍, ദിനൂപ് കെ.കെ., സ്വാതി മോഹനന്‍ എന്നിവരടങ്ങിയ സംഘമാണ് പഠനം നടത്തിയത്. പ്രായപൂര്‍ത്തിയായ 500 ആളുകളില്‍ നിന്നും അവരുടെ വീടുകളില്‍ ഡിസംബര്‍ അവസാനവാരം നേരിട്ട് പോയി കണ്ടാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഒരോ പഞ്ചായത്തിലും നടത്തിയ വിവരശേഖരണത്തിന്റെ ഭാഗമായി(random study) ഓരോ വീടുകളില്‍ നിന്നും പുരുഷന്മാരേയും സ്ത്രീകളേയും തുല്യമായ അനുപാതത്തില്‍ തെരഞ്ഞെടുത്താണ് വിവരശേഖരണം നടത്തിയത്. സര്‍വ്വെയില്‍ വിവിധ പ്രായത്തിലുള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കുന്ന രീതിയിലാണ് വിവരദാതാവിനെ തെരഞ്ഞെടുത്തത്.

സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ പണരഹിത വിനിമയം നടത്തുന്നതില്‍ ഏറെ പിന്നിലാണെന്നു പഠനം വെളിപ്പെടുത്തുന്നു. ബി.പി.എല്‍ വിഭാഗത്തിലുള്ള ജനവിഭാഗങ്ങളില്‍ മൂന്നു ശതമാനം പേര്‍ മാത്രമാണ് ജീവിതത്തില്‍ ഒരിക്കലെങ്കിലും പണരഹിത വിനിമയം നടത്തിയിട്ടുള്ളത്. എ.പി.എല്‍. വിഭാഗത്തിലുള്ളവരില്‍ ഇത് 13 ശതമാനമാണ്. എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവരില്‍ അഞ്ചു ശതമാനം പേര്‍ ഒരിക്കലെങ്കിലും പണരഹിത വിനിമയം നടത്തിയപ്പോള്‍ മറ്റുള്ളവരില്‍ ഇത് 10 ശതമാനമാണ്. സര്‍വ്വെയില്‍ പങ്കെടുത്ത പുരുഷന്മാരില്‍ 12 ശതമാനം പേര്‍ ഒരിക്കലെങ്കിലും പണരഹിത വിനിമയം നടത്തിയിട്ടുണ്ടെങ്കില്‍ സ്ത്രീകളില്‍ ഇത് 6.5 ശതമാനം മാത്രമാണ്.

സര്‍വ്വെയില്‍ പങ്കെടുത്തവരില്‍ കൂലിപ്പണിയെടുക്കുന്ന വിഭാഗങ്ങളില്‍ രണ്ടു ശതമാനവും, വീട്ടമ്മമാരില്‍ മൂന്നു ശതമാനവും മാത്രമാണ് പണരഹിത വിനിമയം നടത്തിയിട്ടുള്ളത്. അതേസമയം ഉദ്യോഗസ്ഥ വിഭാഗങ്ങളില്‍ നിന്നുള്ളവരില്‍ 50 ശതമാനം പേരാണ് ഇത്തരത്തിലുള്ള വിനിമയം നടത്തിയിട്ടുള്ളത്. വിദ്യാര്‍ത്ഥികളില്‍ 30 ശതമാനവും വ്യവസായികള്‍, സ്വയം സംരംഭകര്‍ എന്നിവരില്‍ 12 ശതമാനവും പണരഹിത വിനിമയം നടത്തിയിട്ടുണ്ട്. സര്‍വ്വെയില്‍ പങ്കെടുത്ത ജോലിയില്‍ നിന്നു വിരമിച്ചവരില്‍ ആരും ഈ സൗകര്യം ഉപയോഗിച്ചിട്ടില്ല.

60 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ വെറും 2.5 ശതമാനം മാത്രമേ ഇത് ഉപയോഗിച്ചിട്ടുള്ളു. എന്നാല്‍ ചെറുപ്പക്കാരില്‍ 22 ശതമാനത്തോളം പേര്‍ ഈ സൗകര്യം ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടുണ്ട്. പ്രായം കൂടുന്നതിനനുസരിച്ച് പണരഹിത വിനിമയം നടത്തുന്നവരുടെ അനുപാതം കുറഞ്ഞുവരുന്നതായി കാണാം.

പണരഹിത വിനിമയം നടത്തുന്നതില്‍ വിദ്യാഭ്യാസം വളരെ പ്രധാനമാണ് എന്നു പഠനം വെളിപ്പെടുത്തുന്നു. സര്‍വ്വെയില്‍ പങ്കെടുത്തതില്‍ ഹൈസ്‌കൂളില്‍ താഴെ വിദ്യാഭ്യാസമുള്ള ഒരാളും ഇത്തരത്തിലുള്ള വിനിമയം നടത്തിയിട്ടില്ല. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ളവരില്‍ 3.5 ശതമാനം പേര്‍ ഇത്തരത്തില്‍ ഒരിക്കലെങ്കിലും വിനിമയം നടത്തിയിട്ടുണ്ടെങ്കില്‍, പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടിയവരില്‍ ഇത് 47 ശതമാനമാണ്. മറ്റു ബിരുദധാരികളില്‍ 25 ശതമാനവും ഹയര്‍ സെക്കറി വിദ്യാഭ്യാസമുള്ളവരില്‍ 10 ശതമാനവും ഇത്തരത്തില്‍ വിനിമയം നടത്തിയപ്പോള്‍ ഹൈസ്‌കൂളോ അതില്‍ താഴെയോ വിദ്യാഭ്യാസമുള്ളവര്‍ പണരഹിത വിനിമയം നടത്തുന്നതില്‍ ഏറെ പിന്നിലാണെന്നു കണക്കുകള്‍ കാണിക്കുന്നു. എന്നാല്‍ ആകെ സര്‍വ്വെ ചെയ്തതില്‍ 63 ശതമാനത്തോളം ആളുകള്‍ ഹൈസ്‌കൂളോ അതില്‍ താഴെയോ വിദ്യാഭ്യാസമുള്ളവരാണ്. അതേ സമയം പണരഹിത വിനിമയത്തില്‍ മുന്‍പില്‍ നില്‍ക്കുന്ന പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടിയവര്‍ ആകെ സര്‍വ്വെയില്‍ പങ്കെടുത്തവരുടെ നാലു ശതമാനം മാത്രമാണ്.

പണ വിനിമയത്തിന് സാധാരണയായി ഉപയോഗിന്നത് എ.ടി.എം./ഡബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, ഇ-വാലറ്റുകള്‍ എന്നീ സംവിധാനങ്ങളാണല്ലോ. സര്‍വ്വെയില്‍ പങ്കെടുത്തവരില്‍ പകുതിയോളം പേര്‍ക്ക് എ.ടി.എം. കാര്‍ഡ് സൗകര്യം ഉെണ്ടങ്കിലും മൂന്നിലൊന്ന് ആളുകളാണ് ഇത് പണം പിന്‍വലിക്കലടക്കമുള്ള ഏതെങ്കിലും കാര്യങ്ങള്‍ക്കായി ഒരു തവണയെങ്കിലും ഉപയോഗിച്ചിട്ടുള്ളത്. 28 ശതമാനത്തോളം ആളുകള്‍ എ.ടി.എം. കാര്‍ഡ് പണം പിന്‍വലിക്കുന്നതിന് മാത്രമായാണ് ഉപയോഗിക്കുന്നത്. നാല് ശതമാനം ആളുകള്‍ക്ക് ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗകര്യം ഉണ്ടെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ്, മൊബൈല്‍ ബാങ്കിംഗ്, ഇ-വാലറ്റ് എന്നീ സൗകര്യങ്ങള്‍ ഉള്ളവര്‍ രണ്ടു ശതമാനമാണ്.
പണരഹിത വിനിമയത്തിന് പ്രധാനമായും വേണ്ട സൗകര്യങ്ങള്‍ ബാങ്ക് അക്കൗണ്ട്, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യം എന്നിവയാണല്ലോ. സര്‍വ്വെയില്‍ പങ്കെടുത്തവരില്‍ 82 ശതമാനം പേര്‍ക്കും പൊതു/സ്വകാര്യ ബാങ്ക്, ജില്ലാ/അര്‍ബന്‍ സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ ഒരിടത്തെങ്കിലും അകൗണ്ട് ഉണ്ട്. ഒരു ബാങ്കിലും അകൗണ്ട് ഇല്ലാത്ത ആളുകള്‍ 18 ശതമാനം വരുന്നു. സര്‍വ്വെയില്‍ പങ്കെടുത്ത 81 ശതമാനം ആളുകളും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ്. എന്നിരുന്നാലും പകുതിയോളം പേര്‍ക്ക് മാത്രമേ മൊബൈലില്‍ സന്ദേശങ്ങള്‍ വായിക്കുന്നതിനും, അയയ്ക്കുന്നതും കഴിയുന്നുള്ളൂ. മൂന്നിലൊരാള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നു. മൊബൈല്‍ ഫോണിലോ, കമ്പ്യൂട്ടറിലോ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ 28 ശതമാനമാണുള്ളത്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതില്‍ 37 ശതമാനം ആളുകള്‍ ഇന്റര്‍നെറ്റ് ലഭിക്കുന്നതില്‍ പ്രശ്‌നം നേരിടുന്നതായി പറഞ്ഞിരിക്കുന്നു.

സൗകര്യങ്ങള്‍ സ്വന്തമായി ഉള്ളത് പോലെ തന്നെ പ്രധാനമാണ് അത് ഉപയോഗിക്കാനുള്ള അവസരങ്ങള്‍ ഉണ്ടാവുക എന്നതും. പണരഹിത വിനിമയം സാധ്യമായിട്ടുള്ള കടകളും സ്ഥാപനങ്ങളും ഇതില്‍ പ്രധാനമാണ്. സര്‍വ്വെയില്‍ പങ്കെടുത്തവരില്‍ 10 ശതമാനം ആളുകള്‍ മാത്രമാണ് അവര്‍ പതിവായി സാധനങ്ങള്‍ വാങ്ങുവാന്‍ പോകുന്ന കടയില്‍ POS സൗകര്യം ഉണ്ടെന്ന് പറഞ്ഞത്.

പണരഹിത വിനിമയ സംവിധാനം ഉപയോഗിച്ചത് ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങിനാണ്. ഇത് ഒരിക്കലെങ്കിലും പണരഹിത വിനിമയം നടത്തിയവരുടെ 5.2 ശതമാനം പേര്‍ വരുന്നു. ഇതു കഴിഞ്ഞാല്‍ കൂടുതല്‍ ഇടപാടുകള്‍ നടന്നിട്ടുള്ളത് പലചരക്കുകള്‍ വാങ്ങുന്നതിനും (4.2%), വസ്ത്രങ്ങള്‍ വാങ്ങുന്നതിനും (4%), പണം കൈമാറ്റം നടത്തുന്നതിനും (3%), ഇലക്ട്രിസിറ്റി/വെള്ളം/ഫോണ്‍ ബില്ലുകള്‍ തുടങ്ങിയ ബില്ലുകള്‍ അടക്കുന്നതിനും (2.4%), പെട്രോളോ ഡീസലോ വാങ്ങുന്നതിനുമാണ്(2%).

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട വിലാസം:
ബിബിന്‍ തമ്പി
സി.എസ്.ഇ.എസ്. ഖാദി ഫെഡറേഷന്‍ ബില്‍ഡിങ്ങ്, എന്‍. എച്ച്‌ ബൈപാസ്സ്
പാടിവട്ടം, കൊച്ചി- 682024, ഫോണ്‍ നമ്പര്‍: 9388046717, 9847190984
Email: [email protected], Web: www.csesindia.org

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍