UPDATES

ട്രോളുകളിലെ ‘കറുത്ത’ ചിരി അഥവാ ഫേസ്ബുക്കിലെ ജാതിവെറി

ചിരി നല്ലതാണ്, പക്ഷെ ഒരുവര്‍ഗ്ഗത്തിന്‍റെ ചുമലില്‍ ചവുട്ടിനിന്നുണ്ടാകുന്ന ചിരി അല്പം അപകടം പിടിച്ചതാണ്

‘എന്റെ മുഖത്ത് ഇത്രമാത്രം ഭാവമുണ്ടെന്നു മനസിലാക്കി തന്നത് കേരളത്തിലെ ട്രോളമാരാ’ണെന്ന് സിനിമാ നടന്‍ സലിംകുമാര്‍ പറയുന്നു. ഒരു പക്ഷെ മലയാള സിനിമയില്‍ സ്വയം പരിഹാസ്യനായി ഇത്രമാത്രം അഭിനയിച്ച മറ്റൊരു നടന്‍ കാണില്ല. കറുത്ത മുത്തെന്ന് വിളിച്ചുകൊണ്ട് മണിയെ അല്പം കൂടി ഉയര്‍ന്ന തലത്തില്‍ പ്രതിഷ്ഠിച്ചപ്പോള്‍ അതുവഴി കടന്നു വന്ന സലിംകുമാര്‍ കറുപ്പെന്ന നിറത്തെയും പരമ്പരാഗത സങ്കല്‍പ്പത്തില്‍ മനോഹരമല്ലാതിരുന്ന ശരീരത്തെയും അതിന്റെ യഥാര്‍ത്ഥ അവസ്ഥയില്‍ മാര്‍ക്കറ്റ് ചെയ്തു വിജയിപ്പിച്ചു. സത്യമാണ് മലയാള നടന്മാരില്‍ ഇത്രമാത്രം ട്രോളര്‍മാര്‍ ഏറ്റെടുത്ത മുഖം മറ്റൊന്നില്ല. ജിവിതത്തില്‍ വളരെ ഗൌരവമുള്ളതും വിഷമമുണ്ടാക്കുന്നതുമായ ഒരു കാര്യത്തെ ഹാസ്യത്തില്‍ പൊതിഞ്ഞു അവതരിപ്പിക്കുകയോ നോക്കിക്കാണുകയോ ചെയ്യുന്നതാണ് ഇരുണ്ട ഹാസ്യമെന്നൊരു നിര്‍വചനമുണ്ട്. പക്ഷെ, ഇവിടെ ആത്യന്തികമായി ഇരുണ്ട ശരീരത്തിന്റെ പ്രകടനങ്ങള്‍ ചിരിയുണര്‍ത്താന്‍ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണ്. ‘ലുക്കില്ലെന്നേ ഉള്ളു ബയങ്കര ബുദ്ധിയാ’ എന്ന് സലിംകുമാര്‍ തന്നെ ഒരു സിനിമയില്‍ പറയുന്നതിലൂടെയുണ്ടാകുന്ന ഒരു ചിരിയുടെ തലമാണ് സ്വയം അപഹാസ്യനായിക്കൊണ്ടുള്ള ചിരിയുണര്‍ത്തലിനുള്ള ഏറ്റവും നല്ല ഉദാഹരണവും.

നമുക്കൊരാളെ സോഷ്യല്‍ മീഡിയയില്‍ എങ്ങനെ പെട്ടെന്ന് കളിയാക്കാം? ഒരാളുടെ മനോഹരമായ പ്രൊഫൈല്‍ പിക്ചര്‍ എങ്ങനെ കലിപ്പിക്കാം? ഒരു സംശയവും വേണ്ട അതിനു താഴെ കമന്റ് കോളത്തില്‍ ഒരു പടമിടുക ‘ഈ ചേട്ടനെ എനിക്ക് ഒരു പാടിഷ്ടമായെന്ന് ഒരു കറുകറുത്ത പെണ്‍കുട്ടി പറയുന്നതായി ..’ അല്ലെങ്കില്‍ ‘നിങ്ങളെ എന്‍റെഅടുത്ത സിനിമയില്‍ നായകനാ’ക്കാമെന്ന് സന്തോഷ്‌ പണ്ഡിറ്റ് പറയുന്നതായി. ഇതാണ് ട്രോളിന്റെ ചിരി രാഷ്ട്രിയം.

ജാതിയും വര്‍ഗ്ഗവും മതവുമെല്ലാം പല മനസുകളിലും ഇപ്പോഴും ചാകാത്ത പാമ്പായി കിടക്കുന്നു. ചിലപ്പോള്‍ അത് വൈരാഗ്യത്തിന്റെ രീതിയിലും മറ്റു ചിലപ്പോള്‍ അത് വെറും തമാശയായും പുറത്തുവരുന്നു. സ്വന്തം പാര്‍ട്ടിക്കാരനാല്‍ ഒരു ജനപ്രതിനിധി അധിക്ഷേപിക്കപെട്ടത് ഇതിനുദാഹരണമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നമുക്ക് ജാതിയില്ല എന്ന ആഹ്വാനവുമായി കേരളം ഭരിക്കുന്ന പ്രധാനകക്ഷി രംഗത്തെത്തിയതും മായ്ച്ചാലും മായാത്ത ജാതിക്കറ ഇപ്പോഴും നിലനില്‍ക്കുന്നതിനുള്ള തെളിവാണ്. എന്നാല്‍ ഇതിനു തിരിച്ചും ഒരു വാദമുണ്ട് -ജാതി പറയുന്നത് അക്ഷേപമാണോ എന്നുള്ള ചര്‍ച്ച അതേ പാര്‍ശ്വജീവിതങ്ങളെ സംബന്ധിച്ച് അതിപ്പോഴും അധിക്ഷേപിക്കുന്നതിന് തുല്യമാണ്. കാരണം ഒരിക്കലും നമ്പൂതിരി, നായര്‍, നമ്പ്യാര്‍ എന്നൊക്കെ പറയുന്ന സുഖം പറയന്‍, പുലയന്‍, കുറവന്‍ എന്നൊന്നും പറഞ്ഞാല്‍ ലഭിക്കില്ല. അതെന്താണ് അങ്ങനെ? ജാതി അവകാശങ്ങള്‍ക്ക് നല്ലതാണ് എന്നാല്‍ അത് പറയുന്നത് അവഹേളനമാണെന്നാണ് നമ്മുടെ പല സുഹൃത്തുക്കളും കമന്റ് ചെയ്യുന്നത്. അവകാശങ്ങളുടെ ചരിത്രം പഠിക്കുമ്പോള്‍ കഴിഞ്ഞുവന്ന ജീവിത ചുറ്റുപാടുകളെ പറ്റിയും പറയേണ്ടതുണ്ട്. ജാതിയെന്ന സ്ട്രാറ്റ രൂപം കൊള്ളുന്നത്‌ തൊഴിലില്‍ നിന്നാണ്. കീഴ്‌ ജാതിയുടെ കാര്യത്തില്‍ അടിച്ചമര്‍ത്തലിന്റെ രാഷ്ട്രിയം തൊഴില്‍ വിഭജനത്തിലൂടെ ആരംഭിക്കുന്നു. അത് മറച്ചുവയ്ക്കാന്‍ സാധിക്കില്ല. ഈ അടിച്ചമര്‍ത്തലില്‍ നിന്നാണ് ജാതി അധിക്ഷേപമെന്ന തലം വന്നു ചേരുന്നത്. നോക്കൂ.. ഒരു ഡ്രൈവറെ ‘എടോ ഡ്രൈവറെ’ എന്ന് വിളിച്ചാല്‍ അത് കേള്‍ക്കാന്‍ അയാള്‍ ഇഷ്ടപ്പെടുമോ? പോട്ടെ, ‘പോലീസുകരാ’ എന്ന് വിളിച്ചു അധിക്ഷേപിക്കുന്ന സിനിമയും നമ്മള്‍ കണ്ടിട്ടുണ്ട്. ഇവിടെല്ലാം ചിരിയുടെ ഒരു പുറംപോക്കുലോകം ഉണ്ടാകുന്നു. എന്നാല്‍ റാങ്കു കൂടിയ ഒരാളെ ഇങ്ങനെ വിളിക്കുമ്പോള്‍ അത് ബഹുമാനമായും മാറുന്നു. എം എല്‍ എ എന്നും ഡി എസ് പി യെന്നും വിളിക്കുമ്പോള്‍ അതിന്റെ രീതി മാറുന്നു. ഇത് തന്നെയാണ് അധഃകൃത ജാതികള്‍ അവരുടെ ജാതി വിളിയില്‍ അധിക്ഷേപം കണ്ടെത്തുന്നതിന്റെ കാരണം. ഇതൊരു ലഘുവായ വിശദീകരണം മാത്രമാണ് . ‘നിനക്കൊക്കെ സംവരണത്തിനു ജാതി വേണം എന്നാല്‍ ..’ എന്ന് തുടങ്ങുന്ന കമന്റിടുന്ന കൂട്ടുകാര്‍ക്കുള്ള നേര്‍രേഖയിലുള്ള മറുപടി ഇത് മാത്രമാണ്.

ദേശിയവും അന്തര്‍ ദേശിയവുമായ തലത്തില്‍ മാധ്യമങ്ങളില്‍ വര്‍ഗ്ഗപരമായ അധിക്ഷേപം ഒരു ട്രെണ്ടായി മാറുന്നു. മംഗള്‍യാന്‍ വിക്ഷേപണ സമയത്ത് ഇന്‍റര്‍നാഷണല്‍ സ്പേസ് ക്ലബിന്റെ വാതിലില്‍ ഇന്ത്യന്‍ കര്‍ഷകന്‍ കന്നുകാലിയുമായി വന്നു മുട്ടിവിളിക്കുന്ന കാര്‍ട്ടൂണ്‍ നല്ലൊന്നാന്തരം വര്‍ഗപരമായ കളിയാക്കലിനു ഉദാഹരണമാണ്. മനുഷ്യപ്രകൃതിയെ സംബന്ധിച്ച സൌന്ദര്യ സങ്കല്‍പ്പങ്ങള്‍ വെളുപ്പിലും മേനിയഴകിലും മാത്രമാണ് എന്നും നിലനില്‍ക്കുന്നത് എന്ന തിരിച്ചറിവാണ് ട്രോളുകളിലും കമന്റുകളിലും നിറയുന്ന ചിരിയുണര്‍ത്തുന്ന കറുത്ത മുഖങ്ങള്‍. മലയാള സിനിമ കണ്ട ഏറ്റവും വലിയ ട്രോള്‍ ചിരിയാണ് ആക്ഷന്‍ ഹീറോ ബിജു. ബിജുവിലെ കഥാപാത്രങ്ങളും ട്രോള്‍ ചിരിയും തമ്മില്‍ വലിയ സാമ്യമുണ്ട്‌. ബിജു എന്ന സുന്ദരനായ പോലിസ് ഓഫീസറുടെ മുന്‍പില്‍ പ്രതികളായും പരാതിക്കാരായും എത്തുന്ന പലരും ഉണ്ടാക്കുന്ന ചിരി വംശീയ വിവേചനം ഉണ്ടാക്കുന്ന ചിരിയാണ്. ഈ ചിരിതന്നെയാണ് സലിംകുമാര്‍, ധര്‍മ്മജന്‍, വെരോണിക്ക, ആഫ്രിക്കന്‍ യുവതി തുടങ്ങിവര്‍ ഫേസ്ബുക്ക് ചിരികളില്‍ ഉണര്‍ത്തുന്നത്.

ചിരി നല്ലതാണ്, പക്ഷെ ഒരുവര്‍ഗ്ഗത്തിന്‍റെ ചുമലില്‍ ചവുട്ടിനിന്നുണ്ടാകുന്ന ചിരി അല്പം അപകടം പിടിച്ചതാണ്. ഒരു നിസംഗതയുടെ ഭാവികാലത്തിലേക്കുള്ള പോക്കാണ് നമ്മള്‍ ഇതിലൂടെ ശീലിക്കുന്നത്. നമുക്ക് ചുറ്റും ജീവിക്കുന്ന കുറേ ‘വൃത്തി’യില്ലാത്ത മനുഷ്യരെ നോക്കി ചിരിക്കാന്‍ ശീലിക്കുന്നത് . അതുതന്നെയാണ് പുതിയ ക്ലാസ് വ്യതിയാനം. അത് നിലനില്‍ക്കുന്നത് മനസിലാണ്. ഒരു കോളേജ് പ്രിന്‍സിപ്പല്‍ അവരുടെ വിദ്യാര്‍ത്ഥിയെ ജാതീയമായി അധിക്ഷേപിച്ചിട്ടും അതിനെ ന്യായീകരിക്കാന്‍ അവര്‍ കുടുംബ മഹിമയെ കൂട്ടുപിടിക്കുന്നത് വെളുത്ത ഉടല്‍ നല്‍കുന്ന അഹന്തയെന്ന മാടമ്പിത്തരവും സൌന്ദര്യത്തെ സംബന്ധിച്ച മാമൂല്‍ വിശ്വാസങ്ങളും നിലനില്‍ക്കുന്നതിനാലാണ്.

ഈയടുത്തകാലത്ത് ഒരു ഇംഗ്ലിഷ് പത്രം നവമാധ്യമ മലയാളികളെ സൈബര്‍ ഗുണ്ടകള്‍ എന്ന് വിളിക്കുന്നത്‌ കണ്ടു. കാരണം വീട്ടിലെ നാലുചുവരുകള്‍ക്കുള്ളില്‍ നിന്ന് സംഘിയും കമ്മിയുമൊക്കെ കളിക്കാന്‍ വളരെയേറെ ശീലിച്ചവര്‍ മലയാളികളെ പോലെ മറ്റാരും കാണില്ല. ഒറ്റയ്ക് ഇരിക്കുമ്പോഴാണല്ലോ ഒരാള്‍ എന്താണോ അതായിതീരുന്നത്. അതുകൊണ്ടുതന്നെയാണ് വര്‍ഗ്ഗപരമായ കമന്റുകള്‍ കണ്ടു ചിരിക്കാന്‍ ഒരാള്‍ പ്രേരിപ്പിക്കപ്പെടുന്നതിനെ നമ്മള്‍ ഭയപ്പെടേണ്ടത്. ഈ മനസ്സിലിരിപ്പിന്റെ മലയാള തെളിവാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു പെണ്‍കുട്ടി ഡോക്ടര്‍ എന്ന നിലയില്‍ അനുഭവിക്കേണ്ടിവന്ന ആണനുഭവങ്ങളെപ്പറ്റിയിട്ട ഫേസ്ബുക്ക് പോസ്റ്റിനു താഴെ വന്ന വളരെ തരംതാണ കമന്റുകള്‍. അതെല്ലാം ആ പെണ്‍കുട്ടിയുടെ നിറത്തെയും അവള്‍ ഉള്‍ക്കൊള്ളുന്ന ജാതിയേയോ പരാമര്‍ശിക്കുന്ന തരത്തിലുള്ളതായിരുന്നു. ഇവിടെ സംഭവിക്കാവുന്ന മറ്റൊരു കാര്യം കാലക്രമത്തില്‍ നവമാധ്യമങ്ങളില്‍ നിന്നും പാര്‍ശ്വജീവിതങ്ങള്‍ അകറ്റിനിര്‍ത്തപ്പെടും എന്ന യഥാര്‍ത്ഥ്യമാണ്. കരുതിയിരിക്കുക ആ കാലം അതി വിദൂരമല്ല.

(സാമൂഹിക നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വി കെ അജിത് കുമാര്‍

വി കെ അജിത് കുമാര്‍

സാമൂഹിക നിരീക്ഷകനാണ്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍