UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബ്രാഹ്മണിക് കറിപൗഡറുകള്‍ ബീഫ് കറിയിലിട്ടാല്‍ വേവുമോ?

Avatar

സന്ദീപ് പീയെസ്

ചുട്ടെരിക്കപ്പെട്ട ദളിത് കുഞ്ഞുങ്ങള്‍ ഉത്തരേന്ത്യയുടേയും രോഹിത് വെമൂല തെലങ്കാനയുടെ ഗോത്ര സ്വഭാവത്തിന്റേയും സാമൂഹ്യ പിന്നോക്കാവസ്ഥയുടെ സൂചകങ്ങളായി കാണാനാണ് നമുക്കിഷ്ടം. പൊതുമണ്ഡലത്തില്‍ ജാതി എന്നത് സംവരണം കൊണ്ടു മാത്രം അടയാളപ്പെടുത്തപ്പെടുന്ന ഒന്നാണെന്ന് ആവര്‍ത്തിച്ച് സ്വയമേയും പുറമേയും ഭാവിക്കുമ്പോഴും ജാതിയുടെ രുചിയും മണവും ബോധവും എത്രമേല്‍ നമ്മുടെ സാമൂഹ്യ ശരീരത്തെ ബാധിച്ചിട്ടുണ്ടെന്ന് നമ്മുടെ നാട്ടിടവഴികളിലേക്ക് ഒന്നിറങ്ങി നടന്നാല്‍ തിരിച്ചറിയാവുന്നതേയുള്ളൂ. ജാതിബോധവും കമ്പോളവും ഒത്തുചേരുന്ന സവിശേഷമായ സാഹചര്യമാണ് ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍ എന്ന പോലെ കേരളത്തിലും നിലനില്‍ക്കുന്നത്.

ആധുനികവും മല്‍സരാധിഷ്ഠിതവുമായ വിപണി രാജ്യത്ത് കടന്നു വന്നത് ജാതിയെ തകര്‍ത്തുകൊണ്ടല്ല. മറിച്ച് അതിന്റെ ഓരം പറ്റിയും സൗജന്യം പറ്റിയുമാണ്.

ഇതിന്റെ ഉത്തമ ഉദാഹരണമാണ് ബ്രാഹ്മിണ്‍ എന്ന പദത്തിന് കേരളത്തിന്റെ ഭക്ഷ്യ വ്യവസായ രംഗത്ത് ലഭിക്കുന്ന സ്വീകാര്യത. അത് പാരമ്പര്യവും രുചിമാഹാത്മ്യവും രുചിക്കൂട്ടും അറിയിക്കുന്നതല്ലേ? അതില്‍ ജാതി കാണേണ്ടതുണ്ടോ? എന്ന് ചോദിക്കുന്ന ‘നിഷ്‌കളങ്കര്‍’ ഉണ്ടാകും. ശുചിത്വത്തെ കുറിച്ചുള്ള സൂചനയാണ് എന്ന വാദവും ഉയര്‍ത്താം. എന്നാല്‍ സര്‍, അത് ശുചിത്വത്തിന്റേതല്ല ശുദ്ധിയുടെ, കൃത്യമായി പറഞ്ഞാല്‍ ജാതീയമായ ശുദ്ധിയുടെ മാത്രം അടയാളമാണ്. സംശയമുള്ളവര്‍ക്ക് ഈ ചിത്രം പരിശോധിക്കാം.

അതിവേഗം മെട്രോ വികസനത്തിലേക്ക് കുതിക്കുന്ന എറണാകുളത്തു നിന്നുള്ളതാണ് ഈ ചിത്രം. സത്യത്തില്‍ ഇത് പ്രോല്‍സാഹനജനകമായ മാറ്റത്തിന്റെ ചൂണ്ടുപലകയാണ്. മറച്ചുപിടിച്ചും ഒളിച്ചുകടത്തിയും നാം പരിപാലിച്ചു പോന്ന ജാതി സങ്കല്‍പ്പങ്ങളുടെ തുറന്നുപറച്ചില്‍. സ്വതന്ത്ര്യസമര പ്രസ്ഥാനത്തിന്റെയും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന്റെയും ആശയ തലത്തിലും പ്രായോഗിക തലത്തിലുമുള്ള പ്രവര്‍ത്തനങ്ങളിലൂടെ കേരളം തൂത്തെറിഞ്ഞുവെന്ന് പറയപ്പെടുന്ന ജാതിബോധം എങ്ങും പോയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ജാതിയുടെ സാമൂഹ്യ ഇടപെടലിലും സ്വഭാവത്തിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല. എന്നാല്‍ കൊല്ലലിനേ കുറവു വന്നിട്ടുള്ളു, കൊല്ലാക്കൊലകള്‍ക്ക് വലിയ കുറവില്ല.

‘സ്വകാര്യ സ്ഥാപനങ്ങള്‍ പൊതുബോധത്തിലെ ജാതി സങ്കല്‍പ്പങ്ങളെ ഉപയോഗപ്പെടുത്തുന്നു എന്നതിനൊപ്പം നമ്മള്‍ കാണേണ്ട വസ്തുത നമ്മുടെ പൊതുസംവിധാനം തന്നെ ഇതിനെ പ്രോല്‍സാഹിപ്പിക്കുന്നുണ്ട് എന്നതാണ്. കലോല്‍സവങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ടെണ്ടര്‍ വിളിച്ച് പരിശോധനയ്ക്ക് ശേഷം കുറഞ്ഞ തുകയ്ക്ക് കരാര്‍ നല്‍കുമ്പോള്‍ പാചകത്തിന്റെ ചുമതല വര്‍ഷങ്ങളായി ഇത്തരം നടപടികളൊന്നുമില്ലാതെ പഴയിടം മോഹനന്‍ നമ്പൂതിരിയെ ഏല്‍പ്പിക്കുകയാണ്. അതിന്റെ രുചിയെക്കുറിച്ചു പോലും അതില്‍ ആരും എതിരു പറയാനാകുന്നില്ല,’‘ ബാങ്കറും സാമൂഹിക നിരീക്ഷകനുമായ വി.കെ ആദര്‍ശ് നിരീക്ഷിക്കുന്നു.

കലര്‍പ്പില്ലാത്ത ശുദ്ധി
കറിപൗഡറുകള്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ആരോപണം അതിന്റെ ശുദ്ധിയും മായംചേര്‍ക്കലുമായി ബന്ധപ്പെട്ടതാണ്. നിറപറയും ഈസ്റ്റേണും പോലുള്ള പ്രമുഖ ബ്രാന്‍ഡുകള്‍ വരെ പരിശോധനകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമായി. കലര്‍പ്പില്ലാത്ത ശുദ്ധി ഉപഭോക്താവിനു വെളിപ്പെടുത്താന്‍ ഏറ്റവും അനുയോജ്യമായ ബ്രാന്‍ഡ് നാമം ബ്രാഹ്മണ്യത്തിന്റേതാണ് എന്നു കരുതിയാല്‍ അത് ഒരു സംരംഭകന്റെ പിഴവല്ല, വിപണി അറിയുന്ന ഒരു ബിസിനസുകാരന്റെ മികവാണത്.

ബ്രാഹ്മിന്‍സ് എന്ന പേരില്‍ പുറത്തിറങ്ങുന്ന കറിക്കൂട്ടുകള്‍ സ്വന്തമാക്കുന്ന വിപണിവിഹിതത്തിനു പിന്നില്‍ അതിന്റെ ഗുണമേന്മ മാത്രമല്ല പേരുകൊണ്ടു തന്നെ അത് പങ്കുവെക്കുന്ന ശുദ്ധിബോധം കൂടി പങ്കു വഹിക്കുന്നുണ്ട്. ”വെജിറ്റേറിയനിസത്തെ ഏറ്റവും കൃത്യമായി ഉപഭോക്താക്കളില്‍ എത്തിക്കുന്നതിനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ആഗോളതലത്തില്‍ തന്നെ വിവിധ വെജിറ്റേറിയന്‍ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് ഞങ്ങള്‍. ജാതിയുടെ അടിസ്ഥാനത്തില്‍ ഞങ്ങളെ ഉപഭോക്താക്കള്‍ വിലയിരുത്തുന്നില്ല,’‘ ബ്രാഹ്മിന്‍സ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ശ്രീനാഥ് വിഷ്ണു പറയുന്നു.

ബ്രാഹ്മിന്‍ എന്ന വാക്കിന്റെ ഈ സാധ്യത തിരിച്ചറിഞ്ഞു തന്നെയാണ് ഈസ്‌റ്റേണും ബ്രാഹ്മിന്‍ എന്ന ബ്രാന്‍ഡ് നാമത്തില്‍ സാമ്പാര്‍ പൗഡറുകള്‍ പുറത്തിറക്കാന്‍ ആരംഭിച്ചത്. ഈസ്റ്റേണ്‍ ജാതി പറഞ്ഞ് മാര്‍ക്കറ്റിംഗ് നടത്തുന്നു എന്ന വിമര്‍ശനങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇതോടെ സജീവമായി. എന്നാല്‍ രുചിക്കൂട്ടിനെ സൂചിപ്പിക്കാനാണ് ബ്രാഹ്മിന്‍ എന്നു ചേര്‍ത്തതെന്നാണ് ഈസ്റ്റേണ്‍ അധികൃതര്‍ വിശദീകരിക്കുന്നത്.

മധ്യകേരളത്തില്‍ സാമ്പാര്‍ ഉണ്ടാക്കുന്നതില്‍ നിന്നും വ്യത്യസ്തമായ ചേരുവയാണ് തങ്ങള്‍ ഉപയോഗിക്കുന്നതെന്നും മലബാര്‍ രുചി എന്നെല്ലാം പറയുന്നതു പോലെ സ്ഥല സംബന്ധമായ ഒരു സൂചകമായി ഇതിനെ കണ്ടാല്‍ മതിയെന്നും അവര്‍ പറയുന്നു. ശരിയാണ് സ്ഥലങ്ങളുമായും സമുദായങ്ങളുമായും ബന്ധപ്പെട്ട് രുചി വൈവിധ്യങ്ങള്‍ കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്.

സമുദായത്തിനും സ്ഥലത്തിനും പുറത്തേക്ക് ഇത്തരം രുചികള്‍ക്ക് ഇപ്പോള്‍ പ്രചാരം ലഭിക്കുന്നുമുണ്ട്. എന്നാല്‍ കേരളത്തില്‍ മൊത്തത്തില്‍ സ്വീകാര്യമായ, ജനങ്ങള്‍ക്ക് പ്രിയങ്കരമായ ഒരു രുചി വിശേഷം ബ്രാഹ്മിന്‍ എന്ന ഒറ്റപ്പേരില്‍ സൂചിപ്പിക്കാനാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വിവിധ അവാന്തര വിഭാഗങ്ങളും അവയ്‌ക്കൊക്കെ വ്യത്യസ്തമായ ഭക്ഷണ രീതികളും കേരളത്തിലെ ബ്രാഹ്മണ സമൂഹത്തില്‍ നിലനില്‍ക്കുന്നില്ലേ?

”ബ്രാഹ്മിന്‍സിനെ മറ്റ് ഉല്‍പ്പന്നങ്ങളില്‍ നിന്നു തിരിച്ചറിയാന്‍ ഉപഭോക്താക്കള്‍ക്ക് പ്രയാസമുണ്ടാകില്ല. ബ്രാഹ്മണന്‍ തയാറാക്കുന്ന ഭക്ഷണം ശ്രേഷ്ഠം എന്ന സങ്കല്‍പ്പം ഞങ്ങള്‍ക്കില്ല. എല്ലാ വിഭാഗങ്ങളിലും മികച്ച രീതിയില്‍ ഭക്ഷണം തയാറാക്കി നല്‍കുന്നവരുണ്ട് എന്നതു തന്നെയാണ് ഞങ്ങളുടെ കാഴ്ചപ്പാട്” ശ്രീനാഥ് വിഷ്ണു വിശദീകരിക്കുന്നു.

മലബാറിലെ സവിശേഷ പലഹാരങ്ങളും മാംസ വിഭവങ്ങള്‍ക്കുമെന്ന പോലെ അയ്യങ്കാര്‍ സമുദായത്തിന്റെ പാരമ്പര്യത്തിലുള്ള വെജിറ്റേറിയന്‍ വിഭവങ്ങള്‍ക്കുമുണ്ട് രുചിപരമായ ഡിമാന്‍ഡ്. എന്നാല്‍ ബ്രാഹ്മണനാലോ ബ്രാഹ്മണനായോ തയാറാക്കപ്പെടുന്ന കാറ്ററിംഗ് യൂണിറ്റുകളില്‍, സാമ്പാര്‍പൊടികളില്‍ ഇതൊന്നുമല്ലത്രേ തിരിച്ചറിയപ്പെടുന്നത്.

1990-കള്‍ക്കു ശേഷം ഇന്ത്യയില്‍ വളര്‍ന്നു വന്ന ആഗോള വിപണിയും സാങ്കേതിക വിദ്യയും സാമൂഹ്യതലത്തിലും മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഐടി, ടെലികോം, ഓട്ടോമൊബീല്‍ തുടങ്ങിയ നിരവധി മേഖലകളില്‍ ജാതി ഇന്ന് ഒരു മുഖ്യ ഘടകമായി വെളിപ്പെടുന്നില്ല. കായികവും ബൗദ്ധികവുമായ അധ്വാനം ഇത്തരം തൊഴിലുകള്‍ക്ക് അനിവാര്യമാണ്. എന്നാല്‍ ശരീരത്തിന് അകത്തേക്കുള്ളതിന്റെ, രുചിയുടെ കാര്യം വരുമ്പോഴാണ് വ്യാജ ശുദ്ധതാബോധം ഇന്നും നിലനില്‍ക്കുന്നുവെന്ന് എളുപ്പത്തില്‍ തിരിച്ചറിയപ്പെടുന്നത്. അത് ഒരു പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ല”- വി.കെ ആദര്‍ശ് കൂട്ടിച്ചേര്‍ക്കുന്നു.

ബ്രാഹ്മണനാല്‍ തയാറാക്കപ്പെടുന്നതിനും ബ്രാഹ്മണന് നല്‍കുന്നതിനും സവിശേഷതയുണ്ടെങ്കില്‍ അതിന്റെ മറുവശത്ത് ദളിതന്‍ തയാറാക്കുന്നതിലും ദളിതനായി നല്‍കുന്നതിനും സവിശേഷതയുണ്ട്. അതിനാലാണ് അച്ഛാ ദിന്‍ കാത്ത് ഇപ്പോഴും എച്ചിലിലകള്‍ ഉരുളാന്‍ നല്‍കപ്പെടുന്നത്. ദളിതന്റെയോ മുസ്ലീമിന്റെയോ ഹോട്ടലില്‍ നിന്ന് വെള്ളം പോലും കൂട്ടിക്കില്ലെന്ന് പറയുന്നത് അഭിമാനമാണെന്ന് ഇന്നും ചിലര്‍ ചിന്തിക്കുന്നത്. Its not about cleanliness, its all about purity.

വാല്‍ക്കഷ്ണം: സീരിയല്‍ മോഡലില്‍ ചില ചോദ്യങ്ങള്‍ കൂടി ബാക്കിയുണ്ട്. ബ്രാഹ്മണനാല്‍ തയാറാക്കപ്പെടുന്ന കാറ്ററിംഗ് ഭക്ഷണം അംബേദ്ക്കര്‍ കോളനിയിലെ ചടങ്ങിന് വിട്ടുകൊടുക്കുമോ? അഥവാ വിട്ടുകൊടുത്താലും വിളമ്പാന്‍ ബ്രാഹ്മണന്‍ തന്നെ വരുമോ? ബ്രാഹ്മണിക് പരിശുദ്ധിയുള്ള കറി പൗഡറുകള്‍ ബീഫ് കറിയിലിട്ടാല്‍ വേവുമോ?

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍