UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജാതി മത സംഘടനകളോട് ഒറ്റ ചോദ്യം: പുരുഷൂന് ഇപ്പോൾ അതിർത്തിയിൽ യുദ്ധം ഒന്നുമില്ലേ?

Avatar

ഡി. ധനസുമോദ്

യുഡിഎഫ് ഭരണകാലത്തു ഒരു മന്ത്രി രാജിവച്ചാൽ പിന്നെ പോരാട്ടം മുഴുവൻ സ്വന്തം ആളെ മന്ത്രി കസേരയിൽ എത്തിക്കാനായിരുന്നു. 20 മന്ത്രിമാരുമായി ഉമ്മൻചാണ്ടി ഭരണം ആരംഭിച്ചപ്പോൾ തന്നെ തലപൊക്കിയതാണ് മുസ്ലീംലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാന ആവശ്യം. എൽഡിഎഫ് എം എൽ എ ആയിരുന്ന മഞ്ഞളാംകുഴി അലിയെ ലീഗ് കോട്ടയിൽ എത്തിച്ചതിനു പിന്നിൽ അലിയുടെ വി എസ് അടുപ്പത്തോടുള്ള പിണറായി വിജയൻറെ വിരോധം മാത്രമല്ല യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ഒരു മന്ത്രി സ്ഥാനം എന്ന വാഗ്‌ദാനം കൂടി ഉണ്ടായിരുന്നു. ഈ വാഗ്ദാനം നിറവേറ്റാൻ ഇതുവരെ ഒരു പാണക്കാട് തങ്ങളും നടക്കാത്ത വഴിയിലൂടെ ഹൈദരാലി ശിഹാബ് തങ്ങൾ നടന്നു. മുഖ്യമന്ത്രി ആണെങ്കിൽ പോലും പാണക്കാട്ടു പോയി കാണണം എന്ന കീഴ്വഴക്കം തെറ്റിച്ചു പി കെ കുഞ്ഞാലിക്കുട്ടിയുടെ കൈപിടിച്ച് തിരുവനന്തപുരത്തു എത്തി ഉമ്മൻചാണ്ടിയെ അദ്ദേഹം കണ്ടു. അഞ്ചാം മന്ത്രി സ്ഥാനം നൽകണം എന്ന് അപേക്ഷിച്ചു. നടത്തിത്തരാം എന്ന് പറഞ്ഞു തങ്ങളെ കുറച്ചു നാൾ തെക്കു വടക്കു നടത്തി. മുസ്‌ലിം ലീഗ് അമിതമായി സ്‌ഥാനം നേടുന്നു എന്നും ഇനിയൊരു മന്ത്രി സ്‌ഥാനം നൽകാനാവില്ലെന്നും പറഞ്ഞു കോൺഗ്രസിലെ ചില നേതാക്കൾ മതേതരന്മാരാകാൻ ശ്രമിച്ചു.

ഭൂരിപക്ഷത്തെ അടിച്ചമർത്തി  ന്യൂനപക്ഷ പ്രീണനം ആണ് സംസ്ഥാനത്ത് നടക്കുന്നത് എന്ന് പറഞ്ഞു വെള്ളാപ്പള്ളി നടേശൻ വാളെടുത്തു ഉറഞ്ഞു തുള്ളി. (രണ്ടുമാസം മാത്രമായി പത്രം വായിച്ചു തുടങ്ങുകയും വാർത്താ ചാനൽ കാണുന്നവരുടെയും ശ്രദ്ധക്ക് : ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരിക്കെ വെള്ളാപ്പള്ളി ഇന്നത്തെ പോലെ മൗനി ആയിരുന്നില്ല. ഏതുകാര്യത്തിനും വാമൊഴി വഴക്കത്തിലൂടെ പൊട്ടിത്തെറിക്കുന്ന വ്യക്തി ആയിരുന്നു). മന്ത്രിമാരുടെ സ്റ്റാഫുകളുടെ ജാതിയും മതവും തിരിച്ചുള്ള പട്ടിക വെള്ളാപ്പള്ളി പുറത്തെടുത്തു.

എളുപ്പവഴിയിൽ മതേതരൻ ആകാനുള്ള മാർഗം ഉപയോഗിക്കാൻ ഉമ്മൻചാണ്ടി തീരുമാനിച്ചു. മുസ്ലീംലീഗിന് അഞ്ചാം മന്ത്രി സ്ഥാനം കൊടുക്കാൻ പോകുന്നില്ല എന്ന് കോൺഗ്രസിൽ പറഞ്ഞു. മുസ്‌ലിം ലീഗ് പിടി മുറുക്കി. അഞ്ചാം മന്ത്രിയുടെ പേരിൽ കേരളം രണ്ടായി തിരിഞ്ഞു.

ഈ സമയത്താണ് നൈസ് മൂവുമായി എൻ എസ് എസ് കളത്തിലിറങ്ങിയത്. രമേശൻ നായരെ മന്ത്രി ആക്കുക മാത്രമായിരുന്നു ലക്‌ഷ്യം. കോൺഗ്രസിലെ ഈഴവരായ കെ ബാബുവും അടൂർ പ്രകാശും  മന്ത്രിമാരും അച്യുതന്  മന്ത്രിപ്പണിക്ക് താല്പര്യം ഇല്ലെന്നു സ്വന്തം നേതാവായ വയലാർ രവിയെ അറിയിച്ച സ്ഥിതിക്കും പുതിയ മന്ത്രിയെ ആവശ്യപ്പെടാൻ വെള്ളാപ്പള്ളിക്ക് കഴിഞ്ഞില്ല. മുന്നോക്ക വിഭാഗത്തിൽ നിന്നും കഴിവുള്ള വ്യക്തി ആകട്ടെ എന്നൊക്കെ ചർച്ച ഉയർന്നപ്പോൾ വി ഡി സതീശന്റെ പേരും ഉയർന്നു. ലോട്ടറി സംവാദത്തിൽ തോമസ് ഐസക്കിനെ മലർത്തി അടിച്ച സതീശൻ വക്കീലിന്റെ കഴിവിൽ ആർക്കും സംശയവും ഇല്ല . രമേശിന്റെ സഹായത്തിനു എത്തിയത് കേന്ദ്രമന്ത്രി ആയിരുന്ന കെ സി വേണുഗോപാൽ ആയിരുന്നു. ചങ്ങനാശേരിയുമായി ബന്ധമേയില്ലാത്ത നായരാണ് സതീശൻ എന്ന് അദ്ദേഹം വാദിച്ചു. താക്കോൽ സ്ഥാനം തന്നെ വേണം എന്ന് സുകുമാരൻ നായർ രമേശിന്റെ അഭിഭാഷകനായി. പെരുന്നയിലെ അക്കൌണ്ടിൽ തനിക്കു കസേര വേണ്ടെന്നു സതീശനും പറഞ്ഞതോടെ മന്ത്രി പദവി കെ പി സി സി പ്രസിഡന്റ് കൂടിയായ രമേശിനെ തിരക്കി പോകുന്നു എന്ന് തിരിച്ചറിഞ്ഞ ഉമ്മൻചാണ്ടി മുന്നോക്കക്കാരനായ തിരുവഞ്ചൂരിന് ആഭ്യന്തരമന്ത്രി സ്ഥാനം നൽകി, ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം നൽകി. രമേശിന്റെ വരവിനു ചെക്ക് പറഞ്ഞു.

ഭാര്യയുടെ കൂട്ടുകാരിയുടെ ഭർത്താവു വീട്ടിൽ കയറി തല്ലിയതിന്റെ പുറമെ പിതാവ് ബാലകൃഷണ പിള്ള ഇടയുകയും ചെയ്തതോടെ കെ ബി ഗണേഷിന് മന്ത്രിസ്ഥാനം പോയി. മനസ്സിൽ ലഡ്ഡു പൊട്ടിയ രമേശ് കരുക്കൾ നീക്കി. കരിക്കിൻ വെള്ളം കുടിച്ചു മുഖം നഷ്ടപ്പെട്ട തിരുവഞ്ചൂരിന്റെ കസേര തന്നെ രമേശിന് കിട്ടി.

ഓരോ മന്ത്രി പദവിക്കും വേണ്ടി ഓരോ സമുദായം ഇറങ്ങിത്തിരിക്കുകയായിരുന്നു യുഡിഎഫ് കാലത്തേ രീതി. തുടക്കത്തിൽ സ്വന്തമായി ഒരു കസേര കിട്ടുന്നതിനായി നാടാർ സമുദായത്തെ അവഗണിക്കുന്നതായി ശക്തൻ നാടാരും വിലപിച്ചിരുന്നു.

കെ എം മാണി രാജി വയ്ക്കുന്നത് വരെ 21 മന്ത്രിമാരുമായി ഫുൾ പാക്ക്ഡ് ആയിരുന്നു യുഡിഎഫ്  മന്ത്രിസഭ എങ്കിൽ 19 മന്ത്രിമാരുമായിട്ടാണ് പിണറായി വിജയൻറെ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ എത്തിയത്. ഇവരിൽ രണ്ടാമൻ ഇ പി ജയരാജൻ രാജി വച്ചു. ഈ ഒഴിവിലേക്ക് ഒരു ജാതിമത സംഘടനയും അവകാശവാദം ഉന്നയിക്കാത്തത് തന്നെയാകും മികച്ച മുഖ്യമന്ത്രി എന്ന് പിണറായി വിജയനെ അടയാളപ്പെടുത്തുന്നത്.

പിന്നിൽകുത്ത്: ജാതി മത സംഘടനകളോട് ഒറ്റ ചോദ്യം : പുരുഷൂന് ഇപ്പോൾ അതിർത്തിയിൽ യുദ്ധം ഒന്നുമില്ലേ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍