UPDATES

ജാതിക്കോളം: പ്രഖ്യാപനം കൊള്ളാം; പക്ഷേ, ദളിത് സ്ത്രീകള്‍ക്ക് ക്ലോസറ്റില്‍ പ്രസവിക്കേണ്ടി വരുന്ന നാടാണിത്

ഗവണ്‍മെന്‍റ് ഇടപെടല്‍ പ്രതീകാത്മക നടപടികളില്‍ ഒതുങ്ങരുത്

ഇത്തവണത്തെ ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയന്‍ സുപ്രധാനമായ ഒരു പ്രഖ്യാപനം നടത്തി. സര്‍ക്കാരുമായി ബന്ധപ്പെട്ട അപേക്ഷാ ഫോറങ്ങളില്‍ ജാതിക്കോളം ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു എന്നതായിരുന്നു ആ പ്രഖ്യാപനം. അതിന്റെ നിയമപരവും സാങ്കേതികവുമായ കാര്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലപ്പോള്‍ സംവരണവുമായി ബന്ധപ്പെട്ട സാങ്കേതികതയില്‍ കുടുങ്ങി  ഈ പ്രഖ്യാപനം തള്ളപ്പെട്ട് പോയേക്കാം. എന്തുതന്നെയായാലും ജാതി ചിന്തയും വിവേചനവും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യേണ്ടതാണ്. ഒരു പ്രതീകാത്മക നടപടി എന്ന നിലയില്‍ ഇത് സമൂഹത്തില്‍ വലിയ ചലനങ്ങളൊന്നും ഉണ്ടാക്കില്ലെങ്കില്‍ പോലും.

എന്നാല്‍ മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെ 2016ലെ അവസാന ദിവസം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഒരു ദളിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ചു എന്ന വാര്‍ത്ത ഞെട്ടലോടുകൂടിയാണ് നമ്മള്‍ കേട്ടത്. 60 വര്‍ഷം പൂര്‍ത്തിയാക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം തല കുനിയിപ്പിക്കുന്ന സംഭവം. ക്ലോസറ്റില്‍ പ്രസവിക്കുന്നത് സാധാരണമാണെന്ന് സംഭവത്തിന് ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞെന്നാണ് യുവതിയുടെ ബന്ധു വിശദീകരിച്ചത്. ‘ബസ്സില്‍ പ്രസവിക്കാം, ബസ്സ് സ്റ്റോപ്പില്‍ പ്രസവിക്കാം, വിമാനത്തില്‍ പ്രസവിക്കാം, എവിടെ വേണമെങ്കിലും പ്രസവിക്കാം. ഇതൊക്കെ സാധാരണമാണ്’ ഒരു ഡോക്ടര്‍ പറഞ്ഞു. ഉത്തരവാദപ്പെട്ട ഒരു പൊതുജന സേവകനില്‍ നിന്നു കേട്ട ഈ വാക്കുകളാകാം ചിലപ്പോള്‍ ഒരു ജനാധിപത്യ സമൂഹമെന്ന നിലയില്‍ തീര്‍ച്ചയായും നമ്മളെ കൂടുതല്‍ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ടാകുക. ഡോക്ടറുടെ വാക്കുകള്‍ ആരോടായിരുന്നു എന്നത് നമ്മളെ ആശങ്കപ്പെടുത്തുക തന്നെ വേണം.

അട്ടപ്പാടിയില്‍ ആദിവാസി ഊരുകളില്‍ കുഞ്ഞുങ്ങള്‍ മരിച്ചു വീഴുന്നതും, പെരുമ്പാവൂരില്‍ ജിഷ എന്ന ദളിത് പെണ്‍കുട്ടി ബലാത്സംഗ കൊലയ്ക്ക് വിധേയമായതും, കൊല്ലത്തും കോഴിക്കോടും ദളിത് കുടുംബങ്ങള്‍ പോലീസ് പീഡനത്തിന് വിധേയമായതും, തലശ്ശേരിയില്‍ ദളിത് പെണ്‍കുട്ടികളെ പോലീസ് ജയിലില്‍ അടച്ചതും, ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സില്‍ പ്രവേശന പരീക്ഷ പാസായ ആദിവാസി വിദ്യാര്‍ത്ഥിക്ക് പഠന ചിലവിനുള്ള പണം കിട്ടാന്‍ സെക്രട്ടറിയേറ്റ് കയറി ഇറങ്ങേണ്ടി വന്നതും, നാട്ടകം പോളിയില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ റാഗിംഗിന് ഇരയായതും കഴിഞ്ഞ വര്‍ഷം നാം കണ്ടു. വടക്കാഞ്ചേരിയില്‍ ഭൂമിക്ക് വേണ്ടി സമരം ചെയ്യുന്ന ആദിവാസികളെ മുഖ്യമന്ത്രിയുടെ സുരക്ഷ മുന്‍നിര്‍ത്തി കസ്റ്റഡിയില്‍ എടുത്തതും ഈ ഡിസംബര്‍ മാസത്തില്‍ തന്നെ ആയിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ജിഷയുടെ കൊലപാതകം ഉയര്‍ത്തിയ പ്രതിഷേധ കൊടുങ്കാറ്റില്‍ അന്നത്തെ യു ഡി എഫ് ഗവണ്‍മെന്‍റ് ആടി ഉലഞ്ഞപ്പോള്‍ തന്നെയാണ് നരേന്ദ്ര മോദിയുടെ സൊമാലിയ പ്രസ്താവനയ്ക്കെതിരെ കേരള സമൂഹവും സോഷ്യല്‍ മീഡിയയും ആഞ്ഞടിച്ചത്. സി കെ ജാനുവിനെയും വെള്ളാപ്പള്ളിയെയും കൂടെക്കൂട്ടി ദളിത്-ആദിവാസി-പിന്നോക്ക സമുദായ രാഷ്ട്രീയം കളിക്കാനിറങ്ങിയ ബി ജെ പിയെ ഒട്ടൊന്നുമല്ല ആ സംഭവം പ്രതിരോധത്തില്‍ ആക്കിയത്. ഇങ്ങനെ ഉയര്‍ന്ന പ്രതിഷേധങ്ങളില്‍ നിന്നും സംവാദങ്ങളില്‍ നിന്നും കിട്ടിയ മേല്‍ക്കൈ തന്നെയാണ് ഇടതുപക്ഷത്തിന്റെ വിജയത്തിലേക്ക് നയിച്ചത് എന്നു നിസംശയം പറയാം. അതുകൊണ്ടുതന്നെ ദളിതര്‍ക്കും ആദിവാസികള്‍ക്കും എതിരെ നടക്കുന്ന വിവേചനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ശക്തമായ നടപടി പുതിയ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുക സ്വാഭാവികം.

എന്നാല്‍ സി പി എം ഏറ്റെടുത്ത ശ്രീ നാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ല വിളംബരത്തിന്റെ ശതാബ്ദി ആഘോഷം പോലെ അല്ലെങ്കില്‍ അപേക്ഷകളില്‍ നിന്നു ജാതി കോളം എടുത്തുമാറ്റുന്നത് പോലുള്ള ആശയ പ്രചാരണ തലത്തിലുള്ളതും പ്രതീകാത്മമകവുമായ നടപടികളില്‍ ചുരുങ്ങിപ്പോകുന്നതാണ് കാണുന്നത്. (നമുക്ക് ജാതിയില്ല സമ്മേളനത്തില്‍ സ:….. നായര്‍ സംസാരിക്കുന്നതും നമ്മള്‍ കാണേണ്ടി വന്നു എന്നത് വിരോധാഭാസം)

ഇടതുപക്ഷ സര്‍ക്കാരില്‍ നിന്നു 2017ല്‍ കേരളം പ്രതീക്ഷിക്കുന്നു;

ഇനി ഒരു കുട്ടിയും അട്ടപ്പാടിയില്‍ മരിക്കരുത്
ഇനി ഒരു പെണ്‍കുട്ടിക്കും ജാതിയുടെ പേരില്‍ നിയമപാലകരില്‍ നിന്നു വേണ്ട സംരക്ഷണം ലഭിക്കാതെ പോകരുത്
അടുക്കള പൊളിച്ച് ഒരു ദളിത് കുടുംബത്തിനും പ്രിയപ്പെട്ടവരുടെ ശവമടക്ക് നടത്താന്‍ ഇടവരരുത്
ബിനേഷിനെ പോലുള്ള കഴിവുറ്റ വിദ്യാര്‍ത്ഥികള്‍ക്ക് പണമില്ലാത്തതിന്റെ പേരില്‍ ലോകത്തിന്റെ ഏത് കോണില്‍ പോയും പഠിക്കാന്‍ കഴിയാതെ പോകരുത്
ഇനി ഒരു കോളേജ് ഹോസ്റ്റലിലും പുലയക്കുടില്‍ എന്നെഴുതിവെക്കപ്പെടരുത്
ഇനി ഒരു ദളിത് യുവതിയും ക്ലോസറ്റില്‍ പ്രസവിക്കാന്‍ ഇടവരരുത്…

അതേ, മുഖ്യമന്ത്രി പിണറായി വിജയന്‍, താങ്കള്‍ നയിക്കുന്ന സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നത് ഇതൊക്കെയാണ്. അത് ചില പ്രതികാത്മ നടപടികള്‍ കൊണ്ട് മാത്രം പരിഹരിക്കാന്‍ കഴിയുന്ന ഒന്നല്ല. (അത് അത്രയേറെ മഹത്തരമാണെങ്കില്‍ പോലും). താങ്കളുടെ പുതുവത്സര സന്ദേശത്തില്‍ പറഞ്ഞതുപോലെ ‘ജാതിമത വേര്‍തിരിവുകള്‍ക്കതീതമായി ചിന്തിക്കുകയും മനുഷ്യന്‍ ഒന്നാണെന്ന കാഴ്ചപ്പാടു പുലര്‍ത്തുകയും ചെയ്യുന്ന സമൂഹം ഉണ്ടാവണമെങ്കില്‍’ ആദിവാസികളും ദളിതരും മറ്റ് പിന്നോക്ക വിഭാഗത്തില്‍ പെട്ടവരും അന്തസോടെ ജീവിക്കുന്ന ഇടമായി കേരളം മാറണം.

(അഴിമുഖം സീനിയര്‍ എഡിറ്ററാണ് ലേഖകന്‍)

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍