UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മിശ്രവിവാഹം ബാങ്കിന്റെ യശസ്സിന് കളങ്കമേല്‍പ്പിച്ചു: ദമ്പതികളായ ജീവനക്കാരെ ബാങ്ക് പുറത്താക്കി

അഴിമുഖം പ്രതിനിധി

മിശ്രവിവാഹം കഴിച്ചതിന്റെ പേരില്‍ ബാങ്കിന് കളങ്കമുണ്ടാക്കിയെന്നാരോപിച്ച് ജീവനക്കാരായ ദമ്പതികളെ ബാങ്ക് പുറത്താക്കിയെന്ന് ആരോപണം. ബംഗളൂരുവിലാണ് സംഭവം. ചാംരാജ്പതിലെ ഹോട്ടല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയലിസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന് എതിരേയാണ് ബാങ്കിന്റെ ജീവനക്കാരായിരുന്ന രാകേഷ് – ഉന്നതി ദമ്പതിമാര്‍ രംഗത്തെത്തിയിരിക്കുന്നത്.

 

2015 നവംബറിലാണ് രാകേഷും ഉന്നതിയുമായുള്ള വിവാഹം നടന്നത്. മോഗവീര സമുദായക്കാരനാണ് രാകേഷ്. ഉന്നതി ബ്രാഹ്മിണ്‍ സമുദായക്കാരിയും. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹം നടക്കുന്ന സമയത്ത് ബാങ്കില്‍ സെക്കന്റ് ഡിവിഷന്‍ ക്ലാര്‍ക്കുമാരായിരുന്നു ഇരുവരും. 

 

“കഴിഞ്ഞ വര്‍ഷം നവംബര്‍ 25നാണ് ഞങ്ങള്‍ വിവാഹം ചെയ്തത്. വിവാഹക്കാര്യം വീട്ടില്‍ അറിയിച്ചതോടെ പ്രശ്‌നങ്ങളുണ്ടായി. ഒടുവില്‍ പോലീസ് സംരക്ഷണം പോലും തേടേണ്ടി വന്നു. ഡിസംബര്‍ 9-ന് ഞങ്ങള്‍ വിവാഹം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തു. ഡിസംബര്‍ 10 മുതല്‍ ബാങ്കില്‍ ജോലി ചെയ്യാന്‍ അനുവദിച്ചില്ല”- രാകേഷ് പറയുന്നു. എന്നാല്‍ ബാങ്കിന്റെ സല്‍പ്പേരിന് കളങ്കം വരുത്തി എന്ന് വാക്കാല്‍ പറഞ്ഞതല്ലാതെ പിരിച്ചുവിടാന്‍ ഇടയായ കാരണം ഇതാണെന്ന് കാണിച്ച് കത്തൊന്നും ഇതുവരെ ബാങ്ക് നല്‍കിയിട്ടില്ല.

മാധ്യമങ്ങളില്‍ ഇത് വലിയ വാര്‍ത്തയായതോടെ ബാങ്ക് ഇപ്പോള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇവരെ അറിയിച്ചിട്ടുണ്ട്.

കര്‍ണാടക സാഹിത്യ പരിഷത്ത് മുന്‍ പ്രസിഡന്റ് പുണ്ടലിക ഹലംബിയുടെ മരുമകളാണ് ഉന്നതി. “വിവാഹം കാരണം കുടുംബത്തിനും എല്ലാവര്‍ക്കും അപമാനം വരുത്തി വച്ചു. ഇനി മുതല്‍ നീ ബാങ്കില്‍ കയറില്ല”- അമ്മാവന്‍ തന്നോട് പറഞ്ഞതായി ഉന്നതി മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങളില്‍ നിന്ന് സമ്മര്‍ദം ഉണ്ടായതിനെത്തുടര്‍ന്ന് ജൂണ്‍ 27ന് ബാങ്കില്‍ എത്തിച്ചേരാന്‍ രണ്ടുപേരോടും നിര്‍ദേശിച്ചിട്ടുണ്ട്.

 

ജോലിയില്‍ തിരികെ കയറിയാലും പ്രശ്നങ്ങള്‍ തുടരുമെന്ന കാര്യത്തില്‍ സംശയമില്ലെങ്കിലും ഇത്തരം അവഗണനകളോട് പോരാടാന്‍ തന്നെയാണ് തങ്ങളുടെ തീരുമാനം എന്ന് ഉന്നതി-രാകേഷ് ദമ്പതികള്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍