UPDATES

ക്ഷേത്രോത്സവത്തില്‍ പുലയ വിഭാഗത്തോട് അയിത്തം; സിപിഎം ഇടപെടുന്നു

കണ്ണൂർ അഴിക്കലിലെ പാമ്പാടി ആലിൻകീഴിൽ ഭഗവതി ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടു വര്‍ഷങ്ങളായി നിലനിൽക്കുന്ന അയിത്താചരണം അവസാനിപ്പിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ക്ഷത്രഭാരവാഹികളുമായി ചർച്ച നടത്തും

കണ്ണൂർ അഴിക്കലിലെ പാമ്പാടി ആലിൻകീഴിൽ ഭഗവതി ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടു വര്‍ഷങ്ങളായി നിലനിൽക്കുന്ന അയിത്താചരണത്തിനു അന്ത്യം ആകാൻ സാധ്യത തെളിയുന്നു. വര്‍ഷങ്ങളായി സിപിഎം നിയന്ത്രണത്തിലുള്ള ക്ഷേത്രമാണ് ഇത്. പ്രശ്നം ബിജെപിയും സികെ ജാനുവിന്റെ ജെആർഎസ്സും ഏറ്റെടുക്കുകയും വലിയ വിവാദം ആവുകയും ചെയ്ത സാഹചര്യത്തിൽ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജൻ നേരിട്ട് ക്ഷത്രഭാരവാഹികളുമായി ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.

ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ എകെജിയുടെ നാട്ടിൽ നടക്കുന്ന ഈ അധാര്‍മ്മികതക്കെതിരെ ജെആർഎസ് ജില്ലാ കൌൺസിൽ പ്രസിഡന്റ് പ്രസീത കോയിലെരിയാൻ കണ്ണൂർ ജില്ലാ കളക്ടറേറ്റിന് മുൻപിൽ രണ്ടു ദിവസമായി സത്യഗ്രഹം അനുഷ്ഠിക്കുകയാണ്. ഇന്നലെ സത്യഗ്രഹ പന്തൽ സന്ദർശിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ജാതി-അയിത്ത പ്രശ്നങ്ങളിൽ സിപിഎം പുലർത്തുന്ന ഇരട്ടത്താപ്പ് നയത്തെ നിശതമായി വിമർശിച്ചിരുന്നു. ജാതി നോക്കി സാധാരണക്കാരോട് പെരുമാറുന്ന സിപിഎം പഴയ കാല ജന്മി-കുടിയാൻ സമ്പ്രദായത്തിലേക്കു കേരളത്തെ തിരികെ കൊണ്ടുപോവുകയാണെന്നും കുമ്മനം ആക്ഷേപിച്ചു.

കാര്യങ്ങൾ കൈവിട്ടുപോകുന്നെന്ന തോന്നൽ തന്നെയാവണം പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടാൻ സിപിഎം നേതൃത്വത്തെ പ്രേരിപ്പിച്ചത് എന്നു വേണം കരുതാൻ. എല്ലാ വര്‍ഷവും ഫെബ്രുവരി ആദ്യ ആഴ്ചയില്‍ ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവത്തോടനുബന്ധിച്ചുള്ള വാളെഴുന്നള്ളിപ്പിലാണു പ്രദേശത്തെ പുലയ കുടുംബങ്ങളോട് വിവേചനം കാണിക്കുന്നത്. മറ്റെല്ലാ സമുദായങ്ങളിലുമുള്ളവരുടെ വീടുകളില്‍ വാളെഴുന്നള്ളിപ്പ് നടത്തുമെങ്കിലും ഇതില്‍ നിന്ന് പുലയ സമുദായക്കാരെ മാറ്റി നിര്‍ത്തുകയാണ്. പുലയ സമുദായക്കാരുടെ വീടുകളില്‍ വെളിച്ചപ്പാട് കയറില്ല. പൊതു സമൂഹത്തിന് മുന്നില്‍ തങ്ങളെ അപമാനിതരാക്കുന്നതാണ് ഈ ആചാരമെന്നും വിവേചനപരമായ നിലപാടില്‍ നിന്ന് ക്ഷേത്രം ഭരണസമിതി മാറിച്ചിന്തിക്കണമെന്നുമുള്ള ആവശ്യം പുലയസമുദായത്തില്‍ പെട്ടവര്‍ ഉന്നയിച്ചിട്ടും അയിത്തം തുടരുമെന്ന ഉറച്ച നിലപാടിലാണ് സിപിഎം പ്രാതിനിധ്യമുള്ള ക്ഷേത്ര ഭരണസമിതി.

1915ലെ നിശ്ചയരേഖയാണ് ഈ വിവേചനത്തിനുള്ള ന്യായീകരണമായി ഭരണസമിതി എടുത്തുകാട്ടുന്നത്. വാളെഴുന്നള്ളത്ത് നടത്തുന്നത് ഈ നിശ്ചയരേഖ പ്രകാരമാണെന്നും ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും നിശ്ചയരേഖയില്‍ പ്രതിപാദിക്കും വിധമാണെന്നും ഇതില്‍ മാറ്റം വരുത്താനാവില്ലെന്നുമാണു ഭരണസമിതിയുടെ ന്യായവാദം.

പുലയ വിഭാഗത്തോട് അയിത്തം; കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് ദേവസ്വം കമ്മിറ്റിയുടെ ജാതി വിവേചനം

2015ല്‍ വിഷയം ചര്‍ച്ചയായിരുന്നു. അന്നു ദളിത് സംഘടനകള്‍ നല്‍കിയ പരാതിയിന്‍മേല്‍ ജില്ലാ കളക്ടര്‍ യോഗം വിളിച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തു. ഒരു പ്രത്യേക ജാതി മാത്രം അനുഷ്ഠിക്കുന്ന മതപരമായ ചടങ്ങിനെ ആചാരമായും, ഒരു പ്രത്യേക സമുദായത്തെ അകറ്റി നിര്‍ത്തി മറ്റെല്ലാ സമുദായങ്ങളും ചേര്‍ന്ന് നടത്തുന്ന മതപരമായ ചടങ്ങിനെ വിവേചനമായും പരിഗണിക്കാമെന്ന് ജില്ലാ കളക്ടര്‍ ആ യോഗത്തില്‍ പറഞ്ഞിരുന്നു. ഇത്തരം വിവേചനം അനുവദിക്കാനാവില്ലെന്നും ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ഗൗരവതരമായി വീക്ഷിച്ച് തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും കളക്ടര്‍ പറഞ്ഞിരുന്നു. ആയുധം എഴുന്നള്ളിപ്പ് ഒരു പ്രത്യേക സമുദായത്തിന് മാത്രമായുള്ള ക്ഷേത്രാചാരമാണെങ്കില്‍ അത് നിലനിര്‍ത്താമെന്നും പകരം പല സമുദായങ്ങളുടെ വീട്ടിലും എഴുന്നള്ളിപ്പ് നടത്തി പുലയ സമുദായങ്ങളെ മാത്രം ഒഴിവാക്കുകയാണെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചിരുന്നു.കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം തുടര്‍ന്നുള്ള രണ്ട് വര്‍ഷങ്ങളില്‍ തീയ സമുദായ അംഗങ്ങളുടെ വീടുകളില്‍ മാത്രമായി എഴുന്നള്ളിപ്പ് ഒതുക്കി. എന്നാല്‍ ഈ വര്‍ഷം പഴയപടി തന്നെ ആചാരം തുടര്‍ന്നാല്‍ മതിയെന്ന് ക്ഷേത്രം ഭാരവാഹികള്‍ തീരുമാനിക്കുകയായിരുന്നു.

തീയ സമുദായത്തിന് പ്രാതിനിധ്യം കൂടുതലുള്ള ഗ്രാമമാണ് അഴീക്കല്‍. തീയസമുദായത്തിലെ ഒരു തറവാട്ടുകാരുടേതായിരുന്നു ആലിന്‍കീഴില്‍ ക്ഷേത്രം. മൂന്ന് ദശകക്കാലമായി പ്രാദേശിക ജനകീയ സമിതിയാണ് ക്ഷേത്രത്തിന്റെ ഭരണം. ഇപ്പോള്‍ സിപിഎമ്മും സിപിഐയുമാണ് ക്ഷേത്രം കമ്മിറ്റിയുടെ ഭരണ സമിതിയിലുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍