UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹൈദരാബാദില്‍ നിന്നുള്ള കറുത്ത ഫലിതം ഇതാണ്

Avatar

ടീം അഴിമുഖം

രോഹിതിന്റെ മരണത്തിലെ കറുത്ത ഫലിതം ഇതാണ്.

രോഹിത് വെര്‍മുലയും മറ്റ് ദളിത വിദ്യാര്‍ത്ഥികളും ചേര്‍ന്ന് തന്നെ ആക്രമിച്ചെന്നാരോപിക്കുകയും അതിന്റെ ഫലമായുള്ള പരിക്കിന് ശസ്ത്രക്രിയ നടത്തിയെന്ന് അവകാശപ്പെടുകയും ചെയ്ത ABVP നേതാവിന് വാസ്തവത്തില്‍ കടുത്ത അപ്പെന്‍ഡിസൈറ്റിസിനുള്ള ശസ്ത്രക്രിയയായിരുന്നു നടന്നത്. ആകെയുണ്ടായിരുന്നത് ഇടതു തോളില്‍ ഒരു നിസ്സാര പരിക്ക് മാത്രമായിരുന്നു. ഈ ആരോപണമാണ് രോഹിതടക്കമുള്ള അഞ്ചു ദളിത് വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷനിലേക്കും ഞായറാഴ്ച്ച രോഹിതിന്റെ ആത്മഹത്യയിലേക്കും നയിച്ചത്.

കഴിഞ്ഞ ആഗസ്റ്റിലാണ് തന്റെ ഹോസ്റ്റല്‍ മുറിയില്‍ അതിക്രമിച്ചു കയറി  അംബേദ്കര്‍ വിദ്യാര്‍ത്ഥി അസോസിയേഷന്റെ (ASA) അംഗങ്ങള്‍ തന്നെ ആക്രമിച്ചതായി ABVP നേതാവ് നന്ദനാം സുശീല്‍ കുമാര്‍ ആരോപിച്ചത്. ആഗസ്റ്റ് 4-നു അയാളുടെ സഹോദരന്‍ വിഷ്ണുകുമാര്‍ ‘ആക്രമണമേറ്റു  എന്ന് പറഞ്ഞ്’ കുമാറിനെ പ്രവേശിപ്പിച്ച മദിനഗുഡയിലെ അര്‍ച്ചന ആശുപത്രിയിലെ രേഖകള്‍ കാണിക്കുന്നത് ആഗസ്ത് 7-നു കുമാറിന് കടുത്ത അപ്പെന്‍ഡിസൈറ്റിസിനുള്ള ശസ്ത്രക്രിയ നടത്തി എന്നാണ്. അന്നത്തെ വൈസ് ചാന്‍സലര്‍ ആര്‍.പി ശര്‍മയോടൊപ്പം ആഗസ്ത് 8-നു കുമാറിനെ സന്ദര്‍ശിച്ച സര്‍വകലാശാലയിലെ മുതിര്‍ന്ന മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ അനുപമ റാവു ചൊവ്വാഴ്ച്ച  ഇന്ത്യന്‍ എക്സ്പ്രസിനോട് ഇങ്ങനെ പറഞ്ഞു: “സുശീല്‍ കുമാറിന്റെ എല്ലാ വൈദ്യപരിശോധന രേഖകളും നോക്കിയതിനുശേഷം ആക്രമണത്തിന്റെ ഫലമായാണ് അയാള്‍ക്ക് അപ്പെന്‍ഡിസൈറ്റിസ് വന്നതെന്ന നിഗമനത്തില്‍ ഞാനെത്തിയില്ല. ഇടതു തോളില്‍ ഒരു മുറിവുണ്ടെന്ന വാചകമുണ്ടായിരുന്നു. അയാളെ ഇടിച്ചോ മര്‍ദ്ദിച്ചോ എന്നെനിക്ക് പറയാനായില്ല. എന്റെയടുത്ത് വന്നിട്ടില്ലാത്തതിനാല്‍ ഞാനയാളെ പരിശോധിച്ചിട്ടില്ല. ആശുപത്രി രേഖകള്‍ അയാള്‍ക്കെന്തെങ്കിലും ബാഹ്യമോ, കാണാവുന്നതോ ആയ പരിക്കുള്ളതായും പറയുന്നില്ല.”

ഇടികൊണ്ടതിന്റെ ഫലമായാണോ സുശീല്‍കുമാറിന്റെ അപ്പെന്‍ഡിസൈറ്റിസ് ഗുരുതരമായതെന്ന് തങ്ങള്‍ക്ക് തീര്‍ത്തും പറയാനാകില്ലെന്നാണ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും ഡോക്ടര്‍ റാവു പറയുന്നു. അര്‍ച്ചന ആശുപത്രിയിലെ ജനറല്‍ ഫിസിഷ്യന്‍ ഡോക്ടര്‍ ചന്ന റെഡ്ഡിയുടെ റിപ്പോര്‍ട്ടില്‍ എഴുതിയിരിക്കുന്നു: “പുലര്‍ച്ചെ 2:30-നുമര്‍ദ്ദനമേറ്റു എന്നു പറയുന്ന 26 വയസുള്ള പുരുഷനെ ആഗസ്റ്റ്-4-നു പ്രവേശിപ്പിച്ചു. അടിവയറ്റില്‍ വേദനയും ശ്വാസതടസവും ഉണ്ടെന്ന് പറയുന്നു. രോഗി രണ്ടു ദിവസം ആശുപത്രിയില്‍ സാധാരണ നിലയിലായിരുന്നു. പെട്ടന്നു രോഗി അടിവയറ്റില്‍ കടുത്ത വേദനയുണ്ടെന്ന് പറഞ്ഞു. ആഗസ്റ്റ് 7-നെടുത്ത അടിവയറിന്റെ അള്‍ട്രാ സോനോഗ്രാഫിയില്‍ കടുത്ത അപ്പെന്‍ഡിസൈറ്റിസ് ആണെന്ന് വ്യക്തമായി.”

അടിവയറ്റില്‍ ഇടിയേറ്റു എന്നു പറയുന്ന സംഭവത്തിനുശേഷം എന്തുകൊണ്ടാണ് സര്‍വകലാശാലയിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആരോഗ്യ കേന്ദ്രത്തിലേക്ക് പോകാഞ്ഞത് എന്നായിരുന്നു സുശീല്‍കുമാറിനോട് തന്റെ ആദ്യത്തെ ചോദ്യമെന്ന് ഡോക്ടര്‍ റാവു പറഞ്ഞു. “സംഭവം നടക്കുമ്പോള്‍ അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു. അടുത്തുള്ള ഏക ആശുപത്രി സര്‍വകലാശാല ആരോഗ്യ കേന്ദ്രവും. അതുകൊണ്ടാണ് ഞാനയാളോട് ആ ചോദ്യം ചോദിച്ചത്. മറ്റൊരാക്രമണം ഭയന്ന് താന്‍ കാമ്പസിന് വെളിയില്‍പ്പോയി ചേട്ടനെ വിളിച്ചെന്നും ചേട്ടന്‍ വന്ന്  തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അയാള്‍ മറുപടിയും നല്കി.”

“അന്ന് രാത്രി ആ സംഭവത്തിന് ശേഷം അയാള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരിക്കാം. അതുകൊണ്ടായിരിക്കാം ആശുപത്രിയില്‍ പോയത്. ആശുപത്രി രേഖകളും കാണിക്കുന്നത് പ്രവേശിപ്പിക്കുന്ന സമയത്ത് അയാള്‍ക്ക് ശ്വാസതടവും, തലകറക്കവും, അടിവയറ്റില്‍ വേദനയും അനുഭവപ്പെട്ടതായി പറഞ്ഞു എന്നാണ്. വളരെ കഴിഞ്ഞാണ് അയാള്‍ക്ക് അപ്പെന്‍ഡിസൈറ്റിസ് ഉണ്ടെന്ന് ഞങ്ങള്‍ അറിയുന്നത്.”

അന്ന് രാത്രി ഒരു ഫോണ്‍വിളി കിട്ടി ആദ്യം സുശീല്‍കുമാറിന്റെ മുറിയിലെത്തിയ ഡ്യൂട്ടി സെക്യൂരിറ്റി ഒഫീസര്‍ (DSO)ദിലീപ് സിങ് നല്കിയ  റിപ്പോര്‍ട്ടില്‍ പറയുന്നത് താനവിടെയെത്തിയപ്പോള്‍ കണ്ടത് ASA പ്രവര്‍ത്തകരും സുശീല്‍കുമാറും തമ്മില്‍ ഒരു ചര്‍ച്ചയിലേര്‍പ്പെട്ടിരിക്കുന്നു എന്നാണ്.

“ASA പ്രവര്‍ത്തകര്‍ സുശീലിനെ മര്‍ദിച്ചതായി ഞാന്‍ കണ്ടില്ല. ചുരുങ്ങിയത് എന്റെ മുന്നിലെങ്കിലും അത് സംഭവിച്ചിട്ടില്ല. മാപ്പെഴുതി നല്കാനും ഫേസ്ബുക്കില്‍ മാപ്പ് പറയാനും സുശീല്‍ തയ്യാറായി. പ്രശ്നം തീര്‍ക്കാനായി ഞങ്ങളെല്ലാം സുരക്ഷാ കാര്യാലയത്തിലേക്ക് നീങ്ങി. സുശീല്‍ സുരക്ഷവിഭാഗത്തിന്റെ ജീപ്പിലിരുന്നപ്പോള്‍ ASA പ്രവര്‍ത്തകരിലാരോ അയാളെ ഉന്തുകയും അങ്ങനെ അയാളുടെ ഷര്‍ട് കീറാനും ഇടത്തുതോളില്‍ മുറിവുണ്ടായിരിക്കാനുമാണ് സാധ്യത,” സിങ്  പറഞ്ഞു.

ഡോക്ടര്‍ റാവുവിന്റെയും സിങ്ങിന്റെയും റിപ്പോര്‍ടുകളുടെ അടിസ്ഥാനത്തില്‍ പ്രോക്ടോറിയല്‍ ബോര്‍ഡ് ആദ്യം, രോഹിത് വെര്‍മുലയടക്കം അഞ്ചു ASA പ്രവര്‍ത്തകര്‍ക്ക് ഇത്തരം നടപടികളില്‍ ഏര്‍പ്പെടരുതെന്ന് കര്‍ശനമായ താക്കീത് നല്കാനും വിദ്വേഷജനകമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് സുശീല്‍ കുമാറിനെ താക്കീത് ചെയ്യാനുമാണ് തീരുമാനിച്ചത്.

ആഗസ്റ്റ് 31-നു ബോര്‍ഡ് നിലപാട് മാറ്റി. ഡോക്ടര്‍ റാവുവിന്‍റെ റിപ്പോര്‍ട്ടും സുശീല്‍കുമാറിന്റെ മൊഴിയും അടിസ്ഥാനമാക്കി രോഹിത് വെര്‍മുല, ദോന്ത പ്രശാന്ത്, പി വിജയ് കുമാര്‍, സേഷു ചെമുദുഗുണ്ട, വേല്‍മുല ശുങ്കണ്ണ എന്നിവരെ സസ്പെണ്ട് ചെയ്യാന്‍ ശുപാര്‍ശചെയ്തു.

രോഹിതിനെ മരണത്തിന് ശേഷവും വേടയാടുന്ന കറുത്ത ഫലിതങ്ങളുടെ പരമ്പരയില്‍ ഒന്നുകൂടി കൂട്ടിച്ചേര്‍ത്തുകൊണ്ട്, സുശീല്‍ കുമാര്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞത്, തന്റെ അച്ഛനാണ് കേന്ദ്ര തൊഴില്‍ സഹമന്ത്രി ബന്ദാരു ദത്താത്രേയയെ സമീപിച്ചതെന്നും തുടര്‍ന്നാണ് മന്ത്രി HRD മന്ത്രാലയത്തിന് കത്തെഴുതിയത് എന്നുമാണ്.

“ആഗസ്റ്റ് 3-ലെ ആക്രമണം ചൂണ്ടിക്കാട്ടിക്കൊണ്ടും, എന്തുകൊണ്ട്  ഞാന്‍ കാമ്പസില്‍ സുരക്ഷിതനല്ല എന്നു കാണിച്ചും സര്‍വകലാശാല അധികൃതര്‍ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടും എന്റെ അച്ഛന്‍ മന്ത്രിക്ക് ഒരു കത്ത് നല്കി,” സുശീല്‍കുമാര്‍ പറയുന്നു. HRD മന്ത്രി സ്മൃതി ഇറാനിക്ക് ദത്താത്രേയ നല്കിയ കത്തില്‍ പറയുന്നത്, ഹൈദരാബാദ് സര്‍വകലാശാല “കഴിഞ്ഞ കുറച്ചു നാളുകളായി ജാതീയ, തീവ്രവാദ, ദേശവിരുദ രാഷ്ട്രീയത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു,” എന്നാണ്. അപ്പോള്‍തൊട്ട് സര്‍വകലാശാലയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരുന്ന HRD മന്ത്രാലയം നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് നാല് കത്തുകളെങ്കിലും അയച്ചു.

പിന്നെ സംഭവിച്ചത് നികൃഷ്ടമായ ചരിത്രമാണ്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍