UPDATES

ബച്ചു മാഹി

കാഴ്ചപ്പാട്

ബച്ചു മാഹി

ന്യൂസ് അപ്ഡേറ്റ്സ്

വ്യാജപ്രചരണങ്ങളിലൂടെ കൊഴുക്കുന്ന സംവരണ വിരുദ്ധത

ബച്ചു മാഹി

ജാട്ട് സംവരണം റദ്ദ് ചെയ്ത് കൊണ്ട് സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങൾ ജാതി സംവരണത്തിനെതിരായ വിധിയെഴുത്തായും സാമ്പത്തിക സംവരണത്തിലേക്കുള്ള ചുവട് വെപ്പായും വ്യാഖ്യാനിച്ച് ആഘോഷിക്കുന്നുണ്ട് ചിലർ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും മേധാശക്തിയായി വർത്തിക്കുന്ന, ശക്തമായ ജാട്ട് സമുദായത്തെ, ഒൻപത് സംസ്ഥാനങ്ങളിൽ ഒബിസി ലിസ്റ്റിൽ ഉൾപ്പെടുത്തിക്കൊണ്ട് സംവരണാനുകൂല്യം ലഭ്യമാക്കാൻ യു.പി.എ. സർക്കാർ നടത്തിയ രാഷ്ട്രീയക്കളിയെ തുറന്ന് കാട്ടുകയായിരുന്നു തരുണ്‍ ഗഗോയിയും ആർ.എഫ്. നരിമാനും ഉൾപ്പെട്ട ബെഞ്ച് ഫലത്തിൽ ചെയ്തത്. ജാട്ട് വോട്ട് ബാങ്ക് ആകർഷിക്കാമെന്ന വ്യാമോഹത്തിൽ ഇലക്ഷന് തൊട്ട് മുൻപ്, കഴിഞ്ഞ മാർച്ചിൽ കോണ്‍ഗ്രസ് സർക്കാർ ധൃതി പിടിച്ച് നടത്തിയ ആ വിജ്ഞാപനത്തെ, പിന്നീട് അധികാരത്തിൽ വന്ന ബിജെപി സർക്കാർ പൂർണ്ണമായി പിന്താങ്ങി. ഈ നീക്കത്തിനെതിരെ ‘ഒ ബി സി റിസർവേഷൻ രക്ഷാസമിതി’ സമർപ്പിച്ച പൊതുതാല്പര്യ ഹരജിയിലാണ് ഇപ്പോഴത്തെ വിധി.

ചുമ്മാ ‘പിന്നാക്കം’ എന്ന് ലേബൽ അടിച്ച് ഏതെങ്കിലും ജാതിയെ പുതുതായി ലിസ്റ്റിൽ കയറ്റരുത് എന്നും സാമൂഹികവും സാമ്പത്തികവുമായ അവസ്ഥ കൃത്യമായി കണക്കാക്കിക്കൊണ്ട് മാത്രമാകണം ആരെയെങ്കിലും പരിഗണിക്കേണ്ടത് എന്നുമായിരുന്നു കോടതി പരാമർശത്തിന്റെ രത്നച്ചുരുക്കം. ജാട്ടുകൾ പിന്നാക്ക സമുദായമല്ല എന്ന, ഒബിസി കാറ്റഗറി നിശ്ചയിക്കാനുള്ള നാഷണൽ കമ്മിഷൻറെ കണ്ടെത്തൽ എന്തുകൊണ്ട് അവഗണിച്ചു എന്ന് കേന്ദ്രസർക്കാരിനോട് ആരാഞ്ഞ സുപ്രീം കോടതി, കമ്മിഷൻ ശുപാർശയെ മറികടന്നത് ഗൗരവതരമായി എടുക്കുന്നു എന്ന് കൂട്ടിച്ചേർത്തു. തീരുമാനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ സാമൂഹ്യനീതി മന്ത്രാലയത്തിന് നിർദ്ദേശം നല്കുക കൂടി ചെയ്തു, കോടതി. “The inclusion of politically-organised castes like the Jats in the OBC list is not good for other backward classes” എന്ന നിരീക്ഷണത്തിലൂടെ, അനർഹമായ കുത്തിത്തിരുകലുകൾ വഴി യഥാർത്ഥ പിന്നോക്കസമുദായങ്ങൾക്ക് അവകാശപ്പെട്ട ആനുകൂല്യം ഇതരർ തട്ടിപ്പറിക്കുന്നത് അനുവദിക്കില്ലെന്ന താക്കീതാണ് കോടതി നൽകിയത്. സാമൂഹ്യമായ ഒറ്റപ്പെടുത്തലും വിവേചനവും അനുഭവിക്കുന്ന മൂന്നാം ലിംഗക്കാരെ പിന്നാക്ക സമൂഹമായി കരുതി സംവരണത്തിന് പരിഗണിക്കണം എന്ന നിർദ്ദേശം എടുത്ത് പറയേണ്ട ഒന്നാണ്.

വാസ്തവത്തിൽ ഒരു സമൂഹത്തിൻറെ പിന്നോക്കാവസ്ഥ കണക്കാക്കുമ്പോൾ പരിഗണിക്കേണ്ട വിവിധ മാനദണ്ഡങ്ങളിൽ ഒന്നായി സാമ്പത്തികാവസ്ഥയെയും നിരീക്ഷിച്ചതിനെ, ജാതി സംവരണ വിരുദ്ധ / സാമ്പത്തിക സംവരണവാദികൾ ലോട്ടറി ആയി കൊണ്ടാടി സ്വയം പരിഹസ്യരാകുകയാണ്. സഹസ്രാബ്ദങ്ങളായി ഒരു ന്യൂനപക്ഷ വരേണ്യവർഗ്ഗം കയ്യടക്കി വെച്ചിരിക്കുകയാണ് അധികാരാവകാശങ്ങൾ. രാജ്യം വ്യത്യസ്ത വംശങ്ങളുടെ രാജവാഴ്ച്ചകൾക്കും കോളനിവല്ക്കരണത്തിനും വിധേയമായിട്ടും പിന്നീട് ജനാധിപത്യ പരമാധികാര റിപ്പബ്ലിക് ആയി പരിവർത്തിക്കപ്പെട്ടിട്ടും പ്രസ്തുത ന്യൂനപക്ഷത്തിന്റെ പിടി അയഞ്ഞില്ല. പടിക്ക് പുറത്ത് നിർത്തപ്പെട്ട ബഹുഭൂരിപക്ഷത്തെ അധീശപ്പെടുത്താനും അടിച്ചമർത്താനും ആ അധികാരകേന്ദ്രീകരണം വിനിയോഗിക്കപ്പെട്ടുവെന്ന യാഥാർത്ഥ്യമാണ് സംവരണത്തെ പ്രസക്തമാക്കുന്നത്. സാമുദായിക സംവരണം ചരിത്രപരവും സാമൂഹ്യപരവുമായ അനിവാര്യതയാണ്. സാമൂഹ്യനീതിയിലെക്കും അവസരസമത്വത്തിലേക്കുള്ള പരിമിതമായ ചുവട് വെയ്പാണത്. സർക്കാർ സർവീസിൽ എല്ലാ വിഭാഗത്തിൻറെയും പ്രാതിനിധ്യം വേണമെന്നത്, ഭരണതലത്തിലെ വിവേചനം അവസാനിപ്പിക്കാനുള്ള ആദ്യപടിയാണ്. ചിലർ ചുരുക്കിക്കെട്ടാൻ ശ്രമിക്കുന്നത് പോലെ, കേവലം ജോലിക്കാര്യമോ പട്ടിണി പരിഹാരമാർഗ്ഗമോ അല്ല സംവരണം. സംവരണം തങ്ങൾക്ക് സർക്കാർ ജോലി നിഷേധിക്കുന്നു എന്ന് വ്യാജം പ്രചരിപ്പിക്കുന്ന മുന്നോക്കവിഭാഗങ്ങൾ, അത് സത്യമെന്ന് ഉറപ്പുണ്ടെങ്കിൽ സർക്കാർ സർവീസിൽ മുന്നോക്ക-പിന്നോക്ക ഭേദമില്ലാതെ 100% ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഏർപ്പെടുത്താൻ വേണ്ടി വാദിക്കട്ടെ. സ്റ്റാറ്റസ്കോ അതനുസരിച്ച് റീ-സ്ട്രെക്ചർ ചെയ്യപ്പെടുകയും വേണം.

സാമ്പത്തിക സംവരണവാദം പടച്ച് വിടുന്ന ചില മിഥ്യകൾ
(1) സർക്കാർ ജോലി ദാരിദ്യ്ര നിർമ്മാർജ്ജനത്തിനുള്ള ഉപാധിയാണ്.
(2) സംവരണ വൃത്തത്തിന് പുറത്തുള്ള മുന്നാക്ക ജാതിക്കാർ മുഴുക്കെ ദാരിദ്ര്യത്തിലാണ്.
(3) ജാതിസംവരണം എടുത്ത് മാറ്റുകയോ സാമ്പത്തിക സംവരണം നടപ്പാക്കുകയോ ചെയ്താൽ ദാരിദ്ര്യം ഇല്ലാതാക്കാം.
(4) സംവരണ സമുദായങ്ങളിൽ മൊത്തം സമ്പന്നർ ആണ്.
(5) മൊത്തം സർക്കാർ ജോലികൾ ‘കീഴ്’ ജാതിക്കാർക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു.
(6) സംവരണം ഇല്ലാത്തതിനാൽ ‘ഉയർന്ന’ ജാതിക്കാരന് ജോലി കിട്ടുന്നില്ല.
(7) ജാതിസംവരണം ക്വാളിറ്റി ഇല്ലാതാക്കുന്നു.

വസ്തുതകൾ:
(1) സർക്കാർ ജോലി ദാരിദ്ര്യ / തൊഴിലില്ലായ്മ നിർമ്മാർജ്ജന ഉപാധിയല്ല.
(2) മുന്നോക്കക്കാരിൽ കുറഞ്ഞ ശതമാനമേ ദരിദ്രർ കാണൂ.
(3) മുഴുവൻ സർക്കാർ ജോലിയും പാവപ്പെട്ടവർക്ക് സംവരണം ചെയ്താലും ദാരിദ്ര്യം അങ്ങനെ തന്നെ തുടരും. കാരണം ചെറിയൊരു ശതമാനം ദരിദ്രർക്ക് മാത്രം കൊടുക്കാവുന്ന എണ്ണമേ സർക്കാർ ജോലികൾക്ക് ഉള്ളൂ.
(4) രാജ്യത്തെ ദരിദ്രരിൽ മുക്കാലേ അരക്കാലും സംവരണ സമുദായങ്ങളിൽ തന്നെ.
(5) 50% സീറ്റുകളിൽ മാത്രമേ സംവരണമുള്ളു.
(6) 50% ക്വോട്ട മെറിറ്റിലാണ്. ജനസംഖ്യയിൽ 30% വരുന്ന ഉയർന്ന ജാതിക്കാർ ആണ് സിംഹഭാഗം മെറിറ്റ്‌ ക്വാട്ടയും കൈയടക്കുന്നത്. അവരോട് മത്സരക്ഷമത ഇല്ലാത്തത് കൊണ്ടാണ് പിന്നാക്ക സമൂഹങ്ങൾക്ക് സംവരണം ആവശ്യമായി വരുന്നത്.
(7) ജാതിയിൽ ‘കുറഞ്ഞ’വന് പതിത്വമുണ്ട് എന്ന വരേണ്യവാദം മാത്രമാണിത്. ഇതേ വാദം സാമ്പത്തികസംവരണ വിഷയത്തിലും ഉന്നയിക്കാമല്ലോ.

ബച്ചു മാഹി

ബച്ചു മാഹി

മാഹി സ്വദേശിയായ ബച്ചു വിദേശത്തു ജോലി ചെയ്യുന്നു; ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട് ഓണ്‍ലൈനിലും മറ്റു പ്രസിദ്ധീകരണങ്ങളിലും എഴുതാറുണ്ട്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍