UPDATES

ട്രെന്‍ഡിങ്ങ്

സഭ ഇതു പറയൂ, പള്ളിമേടയിലെ ബലാത്സംഗത്തിന് കാരണം മദ്യമോ വീഞ്ഞോ?

മദ്യത്തെക്കുറിച്ചു വിലപിക്കുന്ന പാതിരിമാർ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ എന്തുകൊണ്ട് പ്രക്ഷോഭങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നില്ല?

കെ എ ആന്റണി

കെ എ ആന്റണി

പാതിരിമാർ പ്രതികളാകുന്ന ലൈംഗിക അതിക്രമങ്ങൾ പെരുകുന്ന കേരളത്തിൽ നിന്നും  ഇപ്പോൾ ഉയരുന്ന പ്രധാന വിലാപം മദ്യത്തിന് എതിരെ ആകുന്നു എന്നത് ചിരിയും ചിന്തയും ഒരുമിച്ചുണർത്തുന്നതാണ്. കേരള കത്തോലിക്കാ ബിഷപ്പുമാരുടെ സംഘടനയായ കെസിബിസിയുടെ മദ്യവിരുദ്ധ സമിതി വകയാണ് ഈ വിലാപം എന്നതും ഏറെ ശ്രദ്ധ അർഹിക്കുന്ന ഒന്നു തന്നെ. ഈ മാസം പത്താം തീയതി എറണാകുളത്തെ കെസിബിസി ആസ്ഥാനത്ത് ഇവരുടെ വക പ്രതിഷേധ കൂട്ടായ്മയും ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ വരാനിരിക്കുന്ന കേരള സർക്കാരിന്റെ മദ്യ നയത്തെ സ്വാധീനിക്കാൻ ഉതകും വിധത്തിലുള്ള പ്രക്ഷോഭ പരിപാടികൾക്ക് ഇക്കൂട്ടർ ഇതിനകം തന്നെ രൂപം നൽകിയിയിട്ടുണ്ട്. അധികം വൈകാതെ തന്നെ പാതിരിമാരും കന്യാസ്ത്രീകളും കുഞ്ഞാടുകളും നമ്മുടെ തെരുവുകളിൽ പ്രതിഷേധ കൊടുങ്കാറ്റ് അഴിച്ചുവിടും എന്ന കാര്യത്തിൽ തർക്കം വേണ്ട.

മാർച്ച് 31-നകം ദേശീയ-സംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റർ ചുറ്റളവിലുള്ള മുഴുവൻ മദ്യശാലകളും ഒഴിവാക്കണം എന്ന സുപ്രീം കോടതി വിധി സർക്കാർ അട്ടിമറിക്കാൻ നീക്കം നടത്തുന്നു എന്നാരോപിച്ചാണ് കെസിബിസി പ്രക്ഷോഭത്തിന്‌ ഒരുങ്ങുന്നത്. മദ്യത്തോടുള്ള എതിർപ്പ് പള്ളിയും പട്ടക്കാരനും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. തിരുസഭ ഉണ്ടായ കാലം മുതൽക്കു തന്നെ വീഞ്ഞിനെക്കുറിച്ചല്ലാതെ ഇതര ലഹരി പാനീയങ്ങളെക്കുറിച്ച് സഭ ചിന്തിച്ചിട്ടേയില്ല. മദ്യത്തെ നഖശിഖാന്തം എതിർക്കുമ്പോഴും വീഞ്ഞ് വിട്ടുള്ള ഒരു ഏർപ്പാടിനും സഭ ഒരുക്കവുമല്ല. കാരണം വീഞ്ഞ് വിശുദ്ധ പാനീയമാകുന്നു. അത് യേശുവിന്റെ രക്തമാകുന്നു. ദിവ്യ ബലിയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാകുന്നു വീഞ്ഞ്. അതുകൊണ്ടു തന്നെ കന്യാസ്ത്രി മഠങ്ങളിലും അരമനകളോട് അനുബന്ധിച്ചുള്ള വീഞ്ഞ് വാറ്റു കേന്ദ്രങ്ങളിലും ഇത് നിർലോഭം ഉത്പാദിപ്പിച്ചു വരുന്നു.

പള്ളിയെയും പട്ടക്കാരനെയും തള്ളിപ്പറയുന്നവർക്കുള്ള ശിക്ഷ കൂടിയതാണ്. നരകത്തീയിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഇത് തന്നെയാണ് എല്ലാ മതവിശ്വാസ പ്രചാരകരും നമ്മെ പഠിപ്പിക്കുന്നത്. അത് ഏതു ജാതി, ഏതു മതം എന്നൊന്നും അണുവിട വ്യത്യാസമില്ല. അവർ ദൈവത്തിന്റെ അടുത്തൂൺ സാധ്യമാക്കിയവരാണ്. അവരിലൂടെയാണ് ദൈവം നമ്മെപ്പോലുള്ള പാപികളോട് സംവദിക്കുന്നത്. ഇങ്ങനെ ഒരു ചിന്ത വിശ്വാസികളിൽ രൂഢമൂലമാകയാൽ തങ്ങൾ എന്ത് പറഞ്ഞാലും അവർ എതിർക്കില്ലെന്ന് പട്ടക്കാർക്കും ബിഷപ്പുമാർക്കും നന്നായി അറിയാം. അതുകൊണ്ടു തന്നെയാണ് സ്ത്രീ പീഡനം പോലുള്ള വിഷയങ്ങൾ വിട്ട്, സഭ മദ്യത്തിൽ പിടിച്ചു കളിക്കുന്നത്.

അപ്പവും വീഞ്ഞും പാതിരിമാർ നിർലോഭം ഉപയോഗിക്കട്ടെ. അതിന് ആരും അവരെ കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍ മദ്യശാലകൾ വ്യാജ കേന്ദ്രങ്ങളല്ല എന്ന് അവര്‍ അംഗീകരിക്കണം. നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി തന്നെയാണ് അവ പ്രവർത്തിക്കുന്നത്. ഈ മദ്യശാലകൾ ആരെയും അങ്ങോട്ട് പിടിച്ചുവലിച്ചു കയറ്റുന്നില്ല. ആവശ്യക്കാർ അവിടേക്കു ചെല്ലുന്നതാണ്. പള്ളിക്ക് ചെയ്യാവുന്ന കാര്യം മദ്യം കഴിക്കുന്നതിൽ നിന്നും തങ്ങളുടെ കുഞ്ഞാടുകളെ പിന്തിരിപ്പിക്കുക എന്നതാണ്. അല്ലാതെ വോട്ടു ബാങ്കിന്റെ ബലം പറഞ്ഞു മുഴുവൻ മദ്യശാലകളും പൂട്ടിക്കാൻ വേണ്ടി കൊടി പിടിക്കലല്ല.

മദ്യത്തിനെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള കാതോലിക്കാ സഭ ഒരു കാര്യം വ്യക്തമാക്കിയാൽ കൊള്ളാം.  പള്ളിമേടകളിലെ പീഡനങ്ങൾ മദ്യപാനം കൊണ്ട് ഉണ്ടാവുന്ന വിപത്താണോ അതോ വീഞ്ഞിന്റെ വിപത്താണോ എന്ന് ദയവുചെയ്ത് ഒന്ന് പറഞ്ഞു തരണം.

മദ്യത്തെക്കുറിച്ചു വിലപിക്കുന്ന പാതിരിമാർ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ എന്തുകൊണ്ട് പ്രക്ഷോഭങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നില്ല എന്നത് അത്ഭുതകരം തന്നെ. കൊട്ടിയൂർ സംഭവത്തിനു ശേഷം പള്ളിമേടകളിൽ സ്ത്രീകൾക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് ഇന്നലെ മാനന്തവാടി മെത്രാൻ പറഞ്ഞു കണ്ടു. ഇനി മുതൽ അൾത്താര ബാലികമാർ ഉണ്ടാവില്ലത്രേ. പള്ളിമേടകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്ന കാര്യവും സജീവ പരിഗണനയിലാണ്.

ചുരുക്കത്തിൽ സ്ത്രീകളും ബാലികമാരും ഇനിയങ്ങോട്ട് പുരോഹിതനും അരമനയ്ക്കുമൊക്കെ പിശാചുക്കളെപോലെ ആയിരിക്കും എന്നർത്ഥം. അവരുടെ പ്രലോഭനങ്ങളിൽ വീഴാതിരിക്കാൻ പട്ടക്കാർ ഇനി മുതൽ മുട്ടിപ്പായി പ്രാർത്ഥിക്കുകയും ജാഗ്രതയോടെ ഇരിക്കുകയും വേണ്ടതുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍