UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സന്മനസുള്ളവര്‍ക്ക് സമാധാനം; ദഹിപ്പിച്ചാലും കുഴിച്ചിട്ടാലും!

Avatar

ടീം അഴിമുഖം   

മരിച്ചവരുമായുള്ള ഇടപാടില്‍ തങ്ങളുടെ പ്രമാണ വിശുദ്ധി റൊമാന്‍ കാത്തലിക് സഭ ഉറപ്പിച്ചിരിക്കുന്നു-വേദപുസ്തക പ്രകാരം.

ഏതാണ്ട് ഏകശിലാ രൂപത്തിലുള്ള ആ മതത്തിലെ ഏറ്റവും യാഥാസ്ഥിതികമായ വിഭാഗത്തിന് മതവിശ്വാസവും ജനവികാരങ്ങളും ഒന്നിപ്പിച്ചുകൊണ്ടുപോവുക എത്ര പ്രധാനമായിരിക്കുന്നു എന്നാണ് ഈ നീക്കം കാണിക്കുന്നത്.

മരിച്ചവരുടെ ചാരവും അവശിഷ്ടങ്ങളും നിമജ്ജനം ചെയ്യുന്നത് കാത്തോലിക്ക സഭ നിരോധിച്ചു. അങ്ങനെ ആവശ്യപ്പെടുന്നവര്‍ക്ക് ഒരു ക്രിസ്ത്യന്‍ ശവമടക്ക് നിഷേധിക്കപ്പെടും. ഇത് വേദപ്രമാണങ്ങളിലേക്കുള്ള മടങ്ങിപ്പോക്കാണ്. ഏതാണ്ട് ആറ് പതിറ്റാണ്ടു മുമ്പ് സഭ നടത്തിയ ഭാഗികമായ അയവിനെ റദ്ദാക്കല്‍.

വത്തിക്കാന്റെ പുതിയ മാര്‍ഗരേഖകള്‍ പ്രിയപ്പെട്ടവരെ ഓര്‍മ്മിക്കാനുള്ള ജനപ്രിയ രീതികളില്‍ പലതിനെയും വിലക്കുന്നു-ചാരം കടലില്‍ ഒഴുക്കുന്നത് മുതല്‍ അത് ആഭരണത്തിലോ മാലയിലോ ആക്കി സൂക്ഷിക്കുന്നതടക്കം.

വത്തിക്കാന്‍ ഈ പുതുയുഗ രീതികളെയെല്ലാം ബഹുദൈവവാദവുമായാണ് (pantheism) ബന്ധിപ്പിക്കുന്നത്.

പോപ് ഫ്രാന്‍സിസിന്റെ അംഗീകാരം ലഭിച്ച ഔദ്യോഗികശാസനത്തില്‍, ഒഴിവാക്കാനാകാത്ത ചില സാഹചര്യത്തിലൊഴിച്ചാല്‍, ചാരം കുടത്തിലാക്കി വീട്ടില്‍ സൂക്ഷിക്കുന്നതുപോലും വിലക്കുന്നു. മരിച്ചവരുടെ ചാരം കുടുംബാംഗങ്ങള്‍ തമ്മില്‍ പങ്കുവെക്കുന്നത് ഇത് വിലക്കുന്നു.

വത്തിക്കാന്റെ പ്രാമാണിക സമിതി വിശ്വാസ പ്രമാണ സമ്മേളനം പുറപ്പെടുവിച്ച രേഖയില്‍ ശവമടക്കിന്റെ പല പുതിയ രീതികളും ക്രിസ്ത്യന്‍ ആശയങ്ങളുമായി യോജിക്കാത്ത ‘പ്രകൃതി മാതാവുമായുള്ള സംയോജനത്തിന്റെ’രീതികളാണ് പിന്തുടരുന്നത് എന്ന് പറയുന്നു.

നൂറ്റാണ്ടുകളായി കത്തോലിക്ക സഭ ശവദാഹത്തെ വിലക്കുന്നു. വിധിദിനത്തില്‍ ക്രിസ്ത്യാനികളെ ശവക്കുഴിയില്‍ നിന്നും ഉയിര്‍പ്പിക്കും എന്ന വിശ്വാസമാണ് ഇതിനാധാരം.

പലപ്പോഴും ശവദാഹം അനിവാര്യമാക്കുന്ന സാമൂഹ്യവും ശുചിത്വപരവുമായ കാരണങ്ങള്‍ ഉണ്ടാകാം എന്നു പറഞ്ഞാണ് 1963-ല്‍ വത്തിക്കാന്‍ ഈ വിലക്ക് ഭാഗികമായി നീക്കിയത്. എങ്കിലും സാധ്യമായിടത്തെല്ലാം കത്തോലിക്കര്‍ ശവമടക്ക് നടത്തണമെന്നുതന്നെ സഭ പറഞ്ഞിരുന്നു.

പുതിയ മാര്‍ഗരേഖ ശവദാഹത്തെ തത്വത്തില്‍ അംഗീകരിക്കുന്നെങ്കിലും ചാരം പലതരത്തില്‍ ഉപയോഗിക്കുന്നതിനെ വിലക്കുകയും അത് ശ്മശാനം പോലുള്ള വിശുദ്ധ സ്ഥലങ്ങളില്‍ മാത്രമേ സൂക്ഷിക്കാവൂ എന്ന നിര്‍ദേശം നല്കുകയും ചെയ്യുന്നു.

“വ്യക്തിയുടെ ആത്യന്തികമായ ഇല്ലാതാവലായും, പ്രകൃതി മാതാവുമായുള്ള, പ്രപഞ്ചവുമായുള്ള ലയനമായും, പുനര്‍ജന്‍മങ്ങളിലെ ഒരു ഘട്ടമായും, ശരീരം എന്ന തടവില്‍ നിന്നുള്ള മോചനമായും എല്ലാം മരണത്തെ കാണുന്ന തെറ്റായ ആശയങ്ങളെ പൊറുക്കാനോ അനുവദിക്കാനോ സഭക്കാവില്ല,” എന്നു അത് പറയുന്നു. “ബഹുദൈവവിശ്വാസം, പ്രകൃതിവാദം, ശൂന്യതാവാദം എന്നിവയുടെ ഓരോ പ്രത്യക്ഷപ്പെടലും ഒഴിവാക്കേണ്ടതാണ്. മരിച്ചുപോയ വിശ്വാസികളുടെ ചാരം അന്തരീക്ഷത്തിലോ, മണ്ണിലോ, കടലിലോ, അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലോ വിതറുന്നതോ, സ്മാരകങ്ങളായോ, ആഭരണങ്ങളിലോ, മറ്റ് വസ്തുക്കളിലോ  സൂക്ഷിക്കുന്നതോ അനുവദനീയമല്ല.”

ക്രിസ്ത്യന്‍ വിശ്വാസത്തിനു ബാഹ്യമായ കാരണങ്ങളാല്‍ ആരെങ്കിലും അങ്ങനെ ചെയ്യണമെന്ന് ആവശ്യപ്പെട്ടാല്‍ ആ വ്യക്തിക്ക്  ക്രിസ്ത്യന്‍ രീതിയിലുള്ള ശവമടക്ക് നിഷേധിക്കേണ്ടതാണ് എന്നും അത് കൂട്ടിച്ചേര്‍ക്കുന്നു.

ശവദാഹത്തില്‍ തടയാനാകാത്ത വര്‍ദ്ധന ഉണ്ടായിട്ടുണ്ടെന്നും പല രാജ്യങ്ങളിലും അതൊരു രീതിയായെന്നും വിശ്വാസ പ്രമാണ സമ്മേളനത്തിന്റെ തലവന്‍ കര്‍ദിനാള്‍ ജെറാഡ് മുള്ളര്‍ പറഞ്ഞു.

പക്ഷേ,“മരിച്ചവര്‍ കുടുംബത്തിന്റെ സ്വകാര്യ സ്വത്തല്ലെന്ന്” അദ്ദേഹം തറപ്പിച്ചു പറഞ്ഞു.

“മരിച്ചവരുടെ ചാരം ഒരു വിശുദ്ധസ്ഥലത്ത് സൂക്ഷിക്കണം, മുന്‍കാലങ്ങളില്‍ അത് ശ്മശാനമോ പള്ളിയോ ആയിരുന്നു.”

“മരണം നമ്മുടെ അസ്തിത്വത്തിന്റെ അവസാനമല്ല.” പക്ഷേ പലരെ സംബന്ധിച്ചും അടിസ്ഥാനപരമായ ചിലതുണ്ട്. അത് ആളുകള്‍ മറ്റുള്ളവരെ പല രീതികളിലും ഓര്‍മ്മിക്കാന്‍ ശ്രമിക്കുന്നു എന്നാണ്. അപ്പോള്‍ അവര്‍ വാദിക്കുന്നത്, മരിച്ചുപോകുന്ന ആളുടെ ആഗ്രഹങ്ങളെ മാനിക്കുക എന്നതാണ് പ്രധാനം എന്നാണ്. ജീവിച്ചിരിക്കുന്നവര്‍ക്ക് സമാധാനവും സൌഖ്യവും നല്‍കുകയും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍