UPDATES

ട്രെന്‍ഡിങ്ങ്

ഈ മാപ്പു പറച്ചിലില്‍ എന്ത് ആത്മാര്‍ത്ഥയാണുള്ളത് പിതാവേ? അവരെ ശിക്ഷിക്കേണ്ടത് ക്രിമിനല്‍ കോടതിയിലാണ്; ദൈവത്തിന്റെ കോടതിയിലല്ല

ലോകത്ത് ഒരു ക്രിസ്ത്യാനിയെ ഉണ്ടായിരുന്നുള്ളൂ, രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹത്തെ കുരിശിലേറ്റി കൊല്ലുകയും ചെയ്തു.

കോയമ്പത്തൂര്‍ സ്വദേശിയായ ഫാത്തിമ സോഫിയ എന്ന പതിനേഴുകാരി കൊല്ലപ്പെട്ടത് ഒരു പള്ളിമേടയിലായിരുന്നു. ആ മരണത്തിന് ഉത്തരവാദിയായത് ഒരു വികാരിയും. സഭാ വിശ്വാസികളുടെ ഭാഷയില്‍ പറഞ്ഞാല്‍ ജഡികശരീരമുള്ള ഒരു വികാരി; ഫാദര്‍ ആരോക്യരാജ്. ഈശോമിശിഹായുടെ തിരുഹൃദയമുള്ള പുരോഹിതന്മാരുടെ ജഡികശരീരത്തിലെ കാമാഭിലാഷങ്ങളുടെ മറ്റൊരു ഇരയായിരുന്നു ഫാത്തിമ സോഫിയ. താന്‍ മൂലമാണ് ആ പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്ന് ആരോക്യരാജ് കോയമ്പത്തൂര്‍ ബിഷപ്പ് അടക്കമുള്ള ഉന്നത പുരോഹിതന്മാരോട് ഏറ്റുപറഞ്ഞിരുന്നു. നിഷ്ഠൂരമായൊരു കൊലപാതകത്തെക്കുറിച്ച് അറിഞ്ഞിട്ടും ബിഷപ്പും വൈദികരും ആ വിവരം പൊലീസില്‍ അറിയിച്ചില്ല. നിയമവ്യവസ്ഥയുടെ മുന്നില്‍ കുറ്റവാളിയായ പുരോഹിതനെ ഏല്‍പ്പിക്കാന്‍ തയ്യാറായില്ല. പകരം സഭയുടെ തീരുമാനത്തിന് അച്ചന്റെ കുറ്റം വിട്ടു. അതും കുട്ടികളെ ദുരുപയോഗം ചെയ്‌തെന്ന കുറ്റം മാത്രം രേഖപ്പെടുത്തി. റോമില്‍ നിന്നുള്ള നിര്‍ദേശം പ്രകാരം ഫാദര്‍ ആരോക്യരാജിനെ പുരോഹിതവേലയില്‍ നിന്നും നീക്കി നിര്‍ത്തുകയും രഹസ്യമായൊരിടത്തേക്ക് മാറ്റി പാര്‍പ്പിക്കുകയും ചെയ്തു.

മകള്‍ നഷ്ടപ്പെട്ട ഒരമ്മയുടെ പോരാട്ടം ഇല്ലായിരുന്നെങ്കില്‍ ഫാദര്‍ ആരോക്യരാജ് ഒരിക്കലും സമൂഹ നിയമത്തിനു മുന്നില്‍ എത്തില്ലായിരുന്നു. അയാള്‍ ചെയ്ത പാതകം ആരും തന്നെ അറിയുകയുമില്ലായിരുന്നു.

ദൈവത്തിന്റെ കോടതി ഉണ്ടായിരിക്കാം. അവിടെ നീതി നടപ്പാക്കപ്പെടുകയോ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയോ ചെയ്യുമായിരിക്കാം. പക്ഷേ വിശ്വാസത്തിന്റെ നിയമങ്ങള്‍ക്കപ്പുറം ഒരു ലോ ആന്‍ഡ് ഓഡര്‍ സംവിധാനം ഈ ലോകത്തുണ്ട്. മനുഷ്യര്‍ മനുഷ്യര്‍ക്കായി സൃഷ്ടിച്ചിരിക്കുന്ന ഒന്ന്. അവിടെ പുരോഹിതനും സാധാരണക്കാരനുമൊക്കെ ഒരുപോലെയാണ്. ആ നിയമവ്യവസ്ഥയിലാണ് തെറ്റു ചെയ്യുന്നവര്‍ വിചാരണ ചെയ്യപ്പെടേണ്ടതും ശിക്ഷിക്കപ്പെടേണ്ടതും. ദൈവത്തെ ഇവിടേക്കു വലിച്ചിഴയ്‌ക്കേണ്ടതില്ല.

തന്റെ മകളുടെ ഘാതകനെയും അയാള്‍ക്കു സംരക്ഷണം ഒരുക്കിയവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിച്ചതിനു ശാന്തി എന്ന വീട്ടമ്മ നേരിട്ടതു കൂടി അറിയണം. അവരെ സഭയില്‍ നിന്നും പുറത്താക്കി. വിശ്വാസികളെന്നു പറയുന്നവരുടെ കൂട്ടം വീടിനു കല്ലെറിഞ്ഞു. പച്ചയ്ക്കു തീ കൊളുത്തുമെന്നു ഭീഷണിപ്പെടുത്തി. കാത്തോലിക്ക സഭയുടെ ചരിത്രം പരിശോധിച്ചാല്‍ അവിശ്വാസികളെയും എതിര്‍പ്പുയര്‍ത്തുന്നവരെയും ജീവനോടെ ചുട്ടെരിച്ചതിന്റെ കഥകള്‍ ഒത്തിരിയുണ്ട്. ചില കാര്യങ്ങളില്‍ സഭ അതിന്റെ പാരമ്പര്യത്തില്‍ നിന്നും അണുവിട ചലിക്കാറില്ല.

വികാരിയുടെ ലൈംഗിക പീഡനം; നാണംകെട്ട ന്യായീകരണവുമായി സഭ

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഫാദര്‍ റോബിന്‍ നിയമത്തിനു മുന്നിലാണ് ശിക്ഷിക്കപ്പെടേണ്ടത്. ദൈവത്തിന്റെ സന്നിധിയിലല്ല. ഒരുപക്ഷേ ഈ വിവരം പുറത്തുവന്നിരുന്നില്ല എന്നിരിക്കിട്ടെ, ഫാദര്‍ റോബിന്‍ ഏതുവിധത്തിലായിരിക്കും ശിക്ഷിക്കപ്പെടുക? സഭ ഒരിക്കലും അയാളെ ഇരുമ്പഴിക്കുള്ളില്‍ ഇടില്ല. ഒരു സ്ഥലംമാറ്റം, അല്ലെങ്കില്‍ സ്ഥാനചലനം. അതിലും കൂടിയ ശിക്ഷയായി അവര്‍ വിധിക്കുക ദൈവത്തിന്റെ മുന്നില്‍ അച്ചന്റെ തെറ്റുകള്‍ സമര്‍പ്പിക്കല്‍ മാത്രമായിരിക്കും. അങ്ങനെ തന്നെയാണ് ഓരോ തവണയും സഭ തെറ്റുകാരെ സംരക്ഷിച്ചുകൊണ്ടിരുന്നത്.
ഫാദര്‍ റോബിന്‍ തെറ്റ് ചെയ്താല്‍ അതിനു കത്താലോക്ക സഭ മൊത്തം കുറ്റമേല്‍ക്കണോ എന്നു ചോദിക്കുന്നുണ്ട്. ഒരു ഫലത്തെ നശിപ്പിക്കാന്‍ ഒരു പുഴുക്കുത്ത് തന്നെ ധാരാളം. ഫാദര്‍ റോബിന്‍ തെറ്റ് ചെയ്താല്‍ അയാള്‍ മാത്രം ശിക്ഷയനുഭവിച്ചാല്‍ മതി, പക്ഷേ അയാളെപോലുള്ളവര്‍ക്ക് അങ്ങനെയൊരു തെറ്റ് ചെയ്യാന്‍ കാരണമാകുന്നത്, ദൈവം, വിശ്വാസം തുടങ്ങിയ രക്ഷാമാര്‍ഗങ്ങള്‍ വഴി തങ്ങള്‍ക്കു സുരക്ഷിതരാകാം എന്ന ചിന്തയാണ്. സഭ അനുവദിച്ചുകൊടുക്കുന്ന സുരക്ഷ.

കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയോടും കുടുംബത്തോടും മാപ്പ് പറഞ്ഞിട്ടുണ്ട് മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം. ഇരയായ പെണ്‍കുട്ടിയേയും അവളുടെ മാതാപിതാക്കളെയും ദൈവസമക്ഷം സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാമെന്ന ഉദാരതയാണ് ബിഷപ്പ് മുന്നോട്ടുവയ്ക്കുന്നത്. ബിഷപ്പ് പറയുകയാണ്; പ്രിയപ്പെട്ടവരെ നിങ്ങളെ ഞാന്‍ ദൈവസമക്ഷം സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. നിങ്ങളുടെ കണ്ണീര്‍ ദൈവം കാണുന്നുണ്ട്. ആ കണ്ണീരിനോട് കൂടി എന്റെയും ഞാന്‍ ചേര്‍ക്കുന്നു. നിങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ. മാപ്പ്. ഒരിക്കലും നികത്താന്‍ പറ്റാത്ത നഷ്ടത്തിലും വിശ്വാസജീവിതത്തില്‍ അടിയുറച്ചു നില്‍ക്കുന്ന നിങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും. കഠിനമായ പ്രതിസന്ധി അതിജീവിക്കാന്‍ നിങ്ങള്‍ക്ക് ശക്തി ലഭിക്കട്ടെ’.

ഈ മാപ്പു പറച്ചിലില്‍ എന്ത് ആത്മാര്‍ത്ഥയാണുള്ളത് പിതാവേ എന്നു ചോദിക്കാന്‍ ധൈര്യപ്പെടുന്ന എത്ര വിശ്വാസികളുണ്ടാവും. ഫാദര്‍ റോബിന്‍ ചെയ്ത ക്രിമിനല്‍ കുറ്റം വിചാരണ ചെയ്യപ്പെടേണ്ടത് ദൈവ സന്നിധിയിലല്ല. അതിവിടെ, ഈ ഭൂമിയില്‍ മനുഷ്യരുടെ കോടതിയിലാണ്. ആ കോടതിയില്‍ നിന്നും ഇരയ്ക്കും അവളുടെ മാതാപിതാക്കള്‍ക്കും നീതി കിട്ടുമെന്നു പറയാനും അതിനുവേണ്ടി ദൈവത്തിങ്കല്‍ പ്രാര്‍ത്ഥിക്കുമെന്നും പറയണമായിരുന്നു. അല്ലാതെ കരയുന്നവരുടെ കൂടെ ചേര്‍ന്നിരുന്നു കരയുന്നതല്ല നീതിമാന്റെ കടമ. ക്രിസ്തുവിന്റെ അനുയായികള്‍ക്കു ക്രിസ്തുവിന്റെ ജീവിതം എന്തായിരുന്നുവെന്ന് അറിയാതെ പോകരുത്. സത്യത്തിന്റെ കോട്ട തകര്‍ക്കാന്‍ ശ്രമിച്ചാല്‍, ഇടിഞ്ഞു വീഴുന്ന കല്ലുകള്‍ക്കിടയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ല.

ബിഷപ്പ് ജോസ് പൊരുന്നേടം ഉള്‍പ്പെടെയുള്ളവര്‍ കണക്കെടുത്തു നോക്കണം; ഒത്തിരി റോബിന്‍മാരെ ഈ സഭയില്‍ കണ്ടെത്താനാകും. ആ കണക്ക് കൂടിക്കൊണ്ടേയിരിക്കുകയാണെങ്കില്‍ ദൈവസമക്ഷം സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകള്‍ ഫലവത്താകുന്നില്ല എന്നാണര്‍ത്ഥം. പാപികളുടെ പാപങ്ങള്‍ പൊറുക്കാന്‍ പരിശുദ്ധ പിതാവിനോട് അപേക്ഷിക്കുന്ന ക്രിസ്തുവിനെ മാത്രമല്ല, തെറ്റുകാര്‍ക്കെതിരേ ചാട്ടവീശിയ പോരാളി കൂടിയായിരുന്നു ആ നസ്രായേന്‍. അവന്റെ പിന്‍ഗാമികള്‍ക്കും കാണണം ആ ഗുണം. സബാത്തു ദിവസം അടുപ്പില്‍ തീ കത്തിക്കാന്‍ ധൈര്യം കാണിച്ചവന്റെ അനുയായികള്‍ ഫാദര്‍ റോബിനെ പോലുള്ളവര്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ തന്നെ കിട്ടാന്‍ ശ്രമിക്കാതെ, ആ തെറ്റിനെ മൂടിവച്ച് ഇരയോട് ദൈവവിശ്വത്തിന്റെ ഉറപ്പിനെ കുറിച്ച് പ്രഘോഷണം നടത്തുകയല്ല വേണ്ടത്.

ഇതൊക്കെ കാണുമ്പോഴാണ് ഒരിക്കല്‍ ഡോ. ജോണ്‍സണ്‍ പറഞ്ഞ വാചകം ഓര്‍ക്കുന്നത്; ലോകത്ത് ഒരു ക്രിസ്ത്യാനിയെ ഉണ്ടായിരുന്നുള്ളൂ, രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹത്തെ കുരിശിലേറ്റി കൊല്ലുകയും ചെയ്തു.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍