UPDATES

ബീഫ് രാഷ്ട്രീയം

ഗോവധ നിരോധനം എന്ന നിലപാടിന് ഇല്ലാത്ത കോടതിവിധിയുടെ ഒരു മറ

ഇന്ത്യയില്‍നിന്നും അയല്‍നാടുകളിലേയ്ക്ക് കാലികളെ കള്ളക്കടത്ത് നടത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ കോടതി വിധിയും കാലിച്ചന്തയും തമ്മില്‍ എന്ത് ബന്ധം?

നുണ എന്നത് സംഘി സാഹിത്യ പ്രചാരണ സഹകരണ സംഘത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളിലൊന്നാണ്. അതിന്റെ പല വകഭേദങ്ങള്‍ പലരൂപത്തില്‍ പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കിയതിന്റെ കൂടി ഫലമാണ് ഇപ്പോള്‍ അവര്‍ക്കു ലഭിച്ചിരിക്കുന്ന രാഷ്ട്രീയാധികാരം. കേരളത്തില്‍ അത് ചിലവാകുക അത്ര എളുപ്പമല്ല എന്നതുമാത്രമാണ് ഇപ്പോള്‍ അവരെ തടഞ്ഞു നിര്‍ത്തുന്നത്.

മാംസം കഴിച്ചോളൂ, പക്ഷെ കന്നുകാലിയുടെ കാര്യം ഞങ്ങള്‍ നോക്കിക്കോളാന്‍ എന്ന കേന്ദ്ര നിര്‍ദ്ദേശം വന്നപ്പോള്‍ ആദ്യ മണിക്കൂറില്‍ പല ബി ജെ പി നേതാക്കന്മാര്‍ക്കും വിക്കായിരുന്നു. പക്ഷെ അത്‌പെട്ടെന്ന് മാറി. മുട്ടാപ്പോക്കും ധാര്‍ഷ്ട്യവും പുറത്തുചാടി; ഓണ്‍ലൈനില്‍ നുണസാഹിത്യം പതഞ്ഞൊഴുകുന്നുണ്ടായിരുന്നു. പല സുഹൃത്തുക്കളും ചൂണ്ടിക്കാട്ടിയതുപോലെ ഈ നുണകള്‍ എഴുതുന്നവരോ പറയുന്നവരോ പോലും വിശ്വസിക്കുന്നുണ്ടാവില്ല. പക്ഷെ ഒരു ചെറിയ ശതമാനത്തെയെങ്കിലും വിശ്വസിപ്പിക്കാന്‍ അവര്‍ക്കു കഴിയുന്നുണ്ട് എന്നതാണ് വസ്തുത.

മനുഷ്യന്റെ അടുക്കളയില്‍ കടന്നുകയറാനുള്ള പരിവാരത്തിന്റെ ശ്രമം മലയാളി പതിവില്ലാത്ത വിധം തിരിച്ചറിഞ്ഞതിന്റെ ഒരു പരിഭ്രമം ഇപ്പോള്‍ എന്തോ കാണുന്നുണ്ട്. നുണകളുടെ മലവെള്ളം അഴിച്ചുവിട്ടു അതിനെ പ്രതിരോധിക്കാനൊരു ശ്രമം ഇപ്പോഴും കാണാം.
അതങ്ങിനെ നടക്കട്ടെ. അവര്‍ക്കു വിജയാശംസകള്‍ നേരാം. അതിന്റെയിടയില്‍ നമ്മള്‍ കുറേക്കാലമായി സംരക്ഷിച്ചുവച്ചിരിക്കുന്ന തുരുത്ത് അങ്ങിനെത്തന്നെ സൂക്ഷിക്കാന്‍ പറ്റുമോയെന്നു നമുക്കും നോക്കാം.

ഗുണമുണ്ടെങ്കിലും ഇല്ലെങ്കിലും ഈ നുണസാഹിത്യം പരിശോധിക്കപ്പെടേണ്ടതുണ്ട്. ചിലതു താഴെ കുറിക്കുന്നു:

ഒന്ന്:
‘ഇത് സുപ്രീം കോടതി വിധിയ്ക്കനുസരിച്ച് കേന്ദ്ര സര്‍ക്കാരുണ്ടാക്കിയ നിയമമാണ്. കോടതി വിധി അനുസരിക്കുക എന്നതാണ് സര്‍ക്കാരിന്റെ ജോലി. അതനുസരിച്ചാണ് പിണറായി സെന്‍കുമാറിനെ ഡി ജി പി ആക്കിയത്. ഞങ്ങള്‍ നല്ല അന്തസായി കോടതിവിധി അംഗീകരിച്ചു.’
ഏതു കോടതിവിധി, സുഹൃത്തേ? എന്താണ് കേസ്? എന്താണ് വിധി? ഇന്ത്യയില്‍നിന്ന് നേപ്പാളിലേക്കും ബംഗ്ലാദേശിലേക്കും കാലികളെ കള്ളക്കടത്തുന്നത് തടയണം എന്നാവശ്യപ്പെട്ടു മൃഗസ്‌നേഹികളും സംഘടനകളും സുപ്രീം കോടതിയില്‍ നല്‍കിയ കേസിലാണ് കോടതിവിധി. അതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ മൂന്നുമാസത്തിനകം നിര്‍മ്മിക്കണം എന്നാണ് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

ഇന്ത്യയില്‍നിന്നും അയല്‍നാടുകളിലേയ്ക്ക് കാലികളെ കള്ളക്കടത്ത് നടത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ കോടതി വിധിയും കാലിച്ചന്തയും തമ്മില്‍ എന്ത് ബന്ധം? കാലിച്ചന്തയില്‍ കാര്‍ഷികാവശ്യത്തിനു മാത്രമേ കാലികളെ വില്‍ക്കാവൂ എന്ന് കോടതി പറഞ്ഞോ? എന്തിനാണ് കോടതിയുടെ ചെലവില്‍ ഒരു നുണ പ്രചാരണം?

അതായത് ഗോവധ നിരോധനം എന്ന നിങ്ങളുടെ ഒരു നിലപാടിന് ഇല്ലാത്ത കോടതിവിധിയുടെ ഒരു മറ. നേരിട്ട് പറയൂ, അതല്ലേ ഹീറോയിസം? ഇതൊരുമാതിരി…

രണ്ട്:
എന്നാല്‍ സത്യമെന്താണ്?
ഇത്തരം ചട്ടങ്ങള്‍, അതായത് മാംസത്തിനായി കാലികളെ വില്‍ക്കുന്നതിനും മറ്റു സംസ്ഥാനങ്ങളില്‍ കൊണ്ടുപോകുന്നതും നിയന്ത്രിക്കാന്‍, ചട്ടങ്ങള്‍ രൂപീകരിക്കാന്‍ കേന്ദ്രത്തിനു നിര്‍ദ്ദേശം കൊടുക്കണമെന്ന് ആവശ്യപ്പെട്ടു ഒരാള്‍ ജനുവരി മാസത്തില്‍ സുപ്രീം കോടതിയിലെത്തി. ഇതായിരുന്നു ആവശ്യം:

‘A direction to the Center to frame a uniform policy throughout India for protection of cattle and to preserve them for all purpose instead of slaughtering them and exporting the said cattle in market, despite the fact that we have the provisions under the Constitution …to protect and increase our cattle’….

കൊല്ലുന്നതിനും കയറ്റുമതി ചെയ്യുന്നതിനും പകരം കന്നുകാലികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ രാജ്യത്തിനു മുഴുവന്‍ ബാധകമാകുന്ന നയം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം കൊടുക്കണം എന്നായിരുന്നു ആവശ്യം.

എന്തായിരുന്നു കോടതിയുടെ പ്രതികരണം?

‘What is the need of an order like this. Sorry we don’t find any merit. We cannot direct states to frame law banning slaughter of cattle. Various orders have been passed by us in the past on measures to be adopted to prevent illegal inter-state transportation of the cattle. We think that is more than sufficient and serves the purpose’, a bench of Chief Justice J S Khehar and Justice N V Ramana told while dealing with the PIL.

ച്ചാല്‍, അതെടുത്തു കൊട്ടയില്‍ ഇടാന്‍.

കശാപ്പു തടയണമെന്ന് പറഞ്ഞു പോയാല്‍ കോടതി സമ്മതിക്കില്ല എന്ന് മനസിലായപ്പോള്‍ പിന്നെ അടുത്ത വഴി നോക്കി. അതല്ലേ സത്യം? എന്നിട്ടു കോടതി പറഞ്ഞു എന്ന നുണ. പോത്തിനെ ചാരി എരുമയെ തല്ലുന്ന പരിപാടി. മോശമാണ്.

മൂന്ന്:
‘ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാലത്തുണ്ടാക്കിയ നിയമത്തില്‍ മൃഗങ്ങളോടുള്ള ക്രൂരത തടയുന്നത് പറയുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ചട്ടങ്ങള്‍.’
ഏതു നിയമത്തിലാണ് കാലിച്ചന്തകളെ നിയന്ത്രിക്കാന്‍ പറഞ്ഞിട്ടുള്ളത്? ഏതു നിയമമാണ് വ്യാപാരത്തെ നിയന്ത്രിക്കാന്‍ പറഞ്ഞിട്ടുള്ളത്? നെഹ്രുവിന്റെ കാലത്തു കൊണ്ടുവന്ന നിയമം ( പിനീട് ഭേദഗതി ചെയ്തത്) കമന്റില്‍ കൊടുത്തിട്ടുണ്ട്. മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ചട്ടങ്ങളും കൊടുത്തിട്ടുണ്ട്. നെഹ്രുവിന്റെ നിയമത്തില്‍ എവിടെയാണ് കാലിച്ചന്തകളെ നിയന്ത്രിക്കാനുള്ള വകുപ്പുള്ളത്? പോട്ടെ, കാലിച്ചന്ത എന്ന വാക്ക് ആ നിയമത്തില്‍ എവിടെയാണ്?

ആ നിയമത്തില്‍ മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനായി കശാപ്പുശാലകള്‍ എങ്ങിനെ സൂക്ഷിക്കണം എന്ന് കൃത്യമായി പറയുന്നുണ്ട്. നിങ്ങളുടെ പുതിയ ചട്ടങ്ങളില്‍ കശാപ്പുശാലകള്‍ എങ്ങിനെ സൂക്ഷിക്കണം എന്ന് എവിടെ പറയുന്നു? പോട്ടെ, ‘കശാപ്പുശാല’ എന്നൊരു വാക്ക് പുതിയ ചട്ടങ്ങളില്‍ എവിടയെങ്കിലും ഉണ്ടോ, ഒരു ആനുഷംഗിക പരാമര്‍ശമല്ലാതെ?
അതായത്,

നെഹ്രുവിന്റെ നിയമത്തില്‍ ‘കശാപ്പുശാല’യുണ്ട്, അതെങ്ങിനെ സൂക്ഷിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. അതില്‍ ‘കാലിച്ചന്ത’ ഇല്ല

നിങ്ങളുടെ ചട്ടങ്ങളില്‍ കാലിച്ചന്തയെ നിയന്ത്രിക്കുന്നതിനുള്ള വകുപ്പുകള്‍ ഉണ്ട്, ‘കശാപ്പുശാല’ ഇല്ല.

അതായത്, നിങ്ങളുടെ പാപഭാരം നെഹ്രുവിന്റെ തലയില്‍ വെച്ചുകെട്ടരുത്. എന്തായാലും ഇത്രയും മര്യാദകേട് കാണിക്കുന്നതല്ലേ, ഞങ്ങളുടെ ലക്ഷ്യം മൃഗങ്ങളോടുള്ള ക്രൂരത തടയലല്ല, ചന്തയെ നിയന്ത്രിച്ചു, കാലികളെ വച്ച് വ്യാപാരം നടത്തുന്ന മനുഷ്യരുടെ മെക്കട്ടു കയറ്റമാണ് എന്ന് അന്തസായി പറയ്. ഇതൊരുമാതിരി….

നാല്:
‘ഗുണനിലവാരമുള്ള മാസം ഉറപ്പാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെയാണ് കമ്മികള്‍ എതിര്‍ക്കുന്നത്. രോഗമില്ലാത്ത മൃഗങ്ങളുടെ ഇറച്ചി ഇനിമുതല്‍ നിങ്ങള്‍ കഴിച്ചാല്‍ മതി എന്നുപറയുന്നതാണോ ഫാസിസം ?’

മാംസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള എന്തെങ്കിലും പ്രത്യേക ചട്ടം ഉണ്ടെങ്കില്‍ എടുത്തുകാണിക്കാന്‍ അത് പറഞ്ഞു നടക്കുന്നവരെ ഞാന്‍ ക്ഷണിക്കുന്നു. മാംസത്തിന്റെ ഗുണനിലവാരം പ്രശ്‌നമാണ്. കശാപ്പുശാലകളുടെ കാര്യം മിക്കവാറും ഭീകരമാണ്. അവിട നടക്കുന്ന കാര്യങ്ങള്‍ അങ്ങേയറ്റം ഗാര്‍ഹണീയമാണ്. അതിനെ നിയന്ത്രിക്കാനുള്ള എന്തെങ്കിലും കാര്യം?

അതായത് ഗുണനിലവാരമുള്ള മാംസം എന്ന ന്യായമായ ആവശ്യം മുന്‍നിര്‍ത്തി നിങ്ങള്‍ നിങ്ങളുടെ അജണ്ട നടത്തുന്നു. നേരിട്ട് പറയൂ, എന്തിനു നുണയുടെ പരിച? അധികാരത്തിന്റെ സംരക്ഷണം ധാരാളമല്ലേ?

അഞ്ച്;
‘ഞങ്ങളെന്തു കഴിക്കണമെന്നതു കേന്ദ്രമല്ല തീരുമാനിക്കേണ്ടത്, അത് ഞങ്ങളാണ് എന്നു പറയുന്ന അന്തമില്ലാത്ത കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പറയുന്നതാണു കാര്യമെങ്കില്‍, ആ നേതാക്കളോടും ഞമ്മക്കും ചിലത് ചോദിക്കാനുണ്ട്. കുറേ നാളായിട്ടുള്ള ആഗ്രഹമാണ്, മാനിറച്ചി കഴിക്കണമെന്നത്, അതുപോലെ മലമ്പാമ്പിന്റെ ഇറച്ചി, കാട്ടുപന്നിയുടെ ഇറച്ചി.. ഇഷ്ടമുള്ളതു കഴിക്കാന്‍ സ്വാതന്ത്ര്യമുള്ള പിണറായി വിജയന്റെ നാട്ടില്‍ ഇതൊക്കെ നടക്കുമെങ്കില്‍ നിങ്ങള്‍ പറയുന്നത് ഞാനും ഏറ്റുപിടിക്കാം.’ അതായത് പശുവിറച്ചി തിന്നണം എന്നപോലെ മാനിറച്ചി തിന്നണം എന്ന്. 🙂

സ്‌കൂളില്‍ പോകണ്ട സമയത്ത് മാവേലെറിയാന്‍ പോയതിന്റെ പ്രശ്‌നമാണ്. ഗായ് ഏക് പാല്‍ത്തൂ ജന്‍വര്‍ ഹേ ..അതായത് പശു ഒരു വളര്‍ത്തുമൃഗമാണ് എന്ന് എല്ലാവരും കോപ്പിയെഴുതി പഠിച്ചപ്പോള്‍ അണ്ണന്‍ കഌസില്‍ ഇല്ലായിരുന്നു. മാനിനെ വീട്ടുമൃഗമാക്കി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കട്ടെ. അപ്പോള്‍ ആലോചിക്കാം.ഇപ്പോള്‍ തല്ക്കാലം പട്ടിയിറച്ചി തിന്നു സമാധാനിക്കു. ഇനി അതേയുള്ളൂ ബാക്കി.

ആറ്:
‘ഇന്ത്യന്‍ കോഫി ഹൗസിലെ ജീവനക്കാരും സന്ദര്‍ശകരും ഏതു പത്രം വായിക്കണമെന്നത് തീരുമാനിക്കാന്‍ സിപിഎമ്മിനാണ് അധികാരം, എന്നിട്ട് ഇവരാണ് ഈ രാജ്യത്തിന്റെ ഭരണഘടനയിലെഴുതിയത് നടപ്പിലാക്കുന്നതിനെതിരെ കുരയ്ക്കുന്നത്..’
കോഫി ഹൗസ് അഡ്മിനിസ്‌ട്രേറ്ററുടെ പണിയാണ് കേന്ദ്ര സര്‍ക്കാരിന്റേതു എന്ന്. മാവേലെറിയാന്‍ പോയെന്റെ ഗുണം. വിഷയം അറിഞ്ഞപ്പോള്‍ ‘അസംബന്ധം’ എന്നാണ് മന്ത്രി കടകംപള്ളി പ്രതികരിച്ചത്. ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശവും കൊടുത്തു അതുപോലെ ചെയ്താല്‍ മതി. ചെയ്യുമോ?

നുണകളുടെ സുനാമി വരുന്നുണ്ട്. അവയുടെ വലിപ്പം, രൂപം, സമയം ഒക്കെ അവര്‍ നിശ്ചയിക്കും. നമ്മള്‍ക്കതില്‍ റോളില്ല. നമുക്ക് ചെയ്യാനുള്ളത് പ്രതിരോധത്തിന്റെ കൊച്ചു കണ്ടല്‍ക്കാടുകള്‍ വച്ചുപിടിപ്പിക്കുക എന്നതാണ്. ഈ കര ഒലിച്ചുപോകാതെ നോക്കണമല്ലോ.

(ലിങ്കുകള്‍:
കമന്റ് 1: മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള 1960ലെ നിയമം.https://goo.gl/GBCj40
കമന്റ് 2: പുതിയ 2017 ലെ ചട്ടങ്ങള്‍ https://goo.gl/XTFcci
കമന്റ് 3: ബാലഗോപാലിന്റെ പോസ്റ്റിന്റെ ലിങ്ക് https://goo.gl/jxsG8i
കമന്റ് 4. പൊതുതാല്‍പ്പര്യ ഹര്‍ജിയ്‌ക്കെതിരെയുള്ള വിധി https://goo.gl/sSu7Qk
കമന്റ് 5: കോടതിവിധികളുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ ലിങ്ക് https://goo.gl/LGw834
കമന്റ് 6. ഇന്നലത്തെ മീഡിയവണ്‍ ചര്‍ച്ച)https://goo.gl/ZV93pj

(കെ ജെ ജേക്കബ് ഫെയ്‌സ്ബുക്കില്‍ എഴുതിയത്‌)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെജെ ജേക്കബ്

കെജെ ജേക്കബ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍