UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഞങ്ങള്‍ സുരക്ഷിതരാണ്; വീടുകളില്‍ അടച്ചിരിക്കുന്നതുകൊണ്ടു മാത്രം

Avatar

ബംഗലൂരുവില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് ഉദ്യോഗസ്ഥനായ ചെങ്ങന്നൂര്‍ സ്വദേശി രാകേഷ് കുമാര്‍  കാവേരി സംഘര്‍ഷത്തെ കുറിച്ച് ബംഗലൂരുവില്‍ നിന്നെഴുതുന്നു.

 

കാവേരി നദിയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് ഇവിടെ ഒരു പതിവ് സംഭവമാണ്. എല്ലാ വര്‍ഷവും കാലവര്‍ഷം വരുംപോലെ അതിങ്ങനെ വന്നു പൊയ്ക്കൊണ്ടേയിരിക്കും. ഇതിന് മുന്‍പ് 1990-ലാണ് ഇതുപോലൊരു കലാപം ഉണ്ടായത്.

ഇതിപ്പോള്‍ സര്‍ക്കാറിന്റെ കയ്യില്‍ നിന്നും വിട്ടുപോയ അവസ്ഥയാണ് എന്ന് വേണമെങ്കില്‍ പറയാം. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ബന്ദ്‌ ശാന്തമായി നടത്തണം എന്നുള്ള ആഹ്വാനം തന്നെ കലാപകാരികള്‍ക്ക് വളമായി എന്ന് വേണം കരുതാന്‍. ഒരിക്കലും ഒരു മുഖ്യമന്ത്രി അങ്ങനെ പറയാന്‍ പാടില്ലായിരുന്നു.

നിരോധനാജ്ഞ പ്രഖ്യാപിച്ചതു കൊണ്ട് ഇന്ന് വലിയ പ്രശ്നങ്ങള്‍ ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശരിയായ വിവരങ്ങള്‍ ഞങ്ങള്‍ക്ക് അറിയാന്‍ കഴിയുന്നില്ല എന്ന് പറയുന്നതാകും ഉചിതം. ഞങ്ങള്‍ എല്ലാവരും വീടുകളില്‍ അടച്ചിരിപ്പാണ്.

 

റോഡുകള്‍ എല്ലാം ഒഴിഞ്ഞു കിടക്കുകയാണ്. തിരക്കുകൊണ്ട് വീര്‍പ്പുമുട്ടിയിരുന്ന ബംഗലൂരു നഗരത്തിലെ റോഡുകള്‍ ഒഴിഞ്ഞു കിടക്കുന്നു. കോളേജുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല.

ഐറ്റി സ്ഥാപനങ്ങള്‍ എല്ലാം തന്നെ വീട്ടിലിരുന്നു ജോലി ചെയ്താല്‍ മതി എന്നുള്ള നിര്‍ദ്ദേശമാണ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇന്നലെ ഞങ്ങളുടെ സ്ഥാപനത്തില്‍ നിന്നും ജീവനക്കാരെ ക്യാബുകളിലാണ് താമസ സ്ഥലങ്ങളില്‍ കൊണ്ടെത്തിച്ചത്. തമിഴ്നാട് സ്വദേശികളോട് വീട് വിട്ട് പുറത്തിറങ്ങരുതെന്ന് പോലിസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എത്ര വലിയ ദേശിയ ബന്ദ്‌ വന്നാലും പ്രവര്‍ത്തനത്തെ ബാധിക്കാത്ത ഐറ്റി നഗരത്തെ കാവേരി പിടിച്ചു കുലുക്കിയിരിക്കുന്നു. ഉള്‍പ്രദേശങ്ങളെക്കാള്‍ കൂടുതല്‍ അക്രമം നടക്കുന്നത് ബംഗലൂരുവില്‍ ആണ്.

കര്‍ഷകര്‍ മാത്രമാണ് സംഘടിച്ചു ഇറങ്ങിയിരിക്കുന്നത് എന്ന് തോന്നുന്നില്ല. ഇതിനു പിന്നില്‍ കൃത്യമായ രാഷ്ട്രീയ ഉദ്ദേശ്യം വേറെ ഉണ്ടായിരിക്കണം. കാരണം കര്‍ഷകര്‍ ആവശ്യമില്ലാതെ വാഹനങ്ങള്‍ക്ക് തീയിടുകയും പോലിസിനെ ഭയമില്ലാതെ തെരുവിലിറങ്ങി പൂര്‍ണ്ണ അക്രമം അഴിച്ചു വിടുമെന്നും തോന്നുന്നില്ല.

തെരുവിലെ യുദ്ധം സാധാരണ ജനതയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. യുവാക്കളാണ് കൂടുതലും തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. അക്രമം ഒന്നിനും ഒരു പരിഹാരമല്ല എന്ന് അവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ആരും മിനക്കെട്ടില്ല. അല്ലെങ്കില്‍ പറയാന്‍ ബാധ്യതയുള്ളവര്‍ ആദ്യം മിണ്ടാതെയിരുന്നു. കര്‍ണ്ണാടക മുഖ്യമന്ത്രിയും തമിഴ്നാട് മുഖ്യമന്ത്രിയും പരസ്പരം പഴിചാരുകയാണ്. ഇരുകൂട്ടരും തങ്ങളുടെ ജനതയുടെ സുരക്ഷ ഉറപ്പു വരുത്താന്‍ പരസ്പരം പറഞ്ഞിരിക്കുന്നു. അതു കൊണ്ട് ഒരു പ്രയോജനവും ഇല്ല എന്നാണ് തോന്നുന്നത്.

സ്ഥിതിഗതികള്‍ അല്പം ശാന്തമായത് കേന്ദ്ര സേന രംഗത്തെത്തിയതിന് ശേഷമാണ്. പ്രശ്നം അധികം നീണ്ടു പോകണമെന്നില്ല. രണ്ടു ദിവസത്തിനുള്ളില്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാന അന്തരീക്ഷം പുന:സ്ഥാപിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷ.

ഇനിയൊരു യുദ്ധം ഉണ്ടാകുന്നെങ്കില്‍ അത് ജലത്തിന് വേണ്ടിയാണ് എന്ന് പറഞ്ഞത് എത്രമാത്രം ശരിയാണ് എന്ന് ഇപ്പോള്‍ മനസ്സിലാകുന്നു. നദികളും ജലാശയങ്ങളും എല്ലാം നശിപ്പിച്ചതിന് ശേഷം രണ്ടു വിഭാഗങ്ങള്‍ ഒരു  നദിയുടെ പേരില്‍ തെരുവില്‍ ഏറ്റുമുട്ടുന്നു. ഇത് കാണുമ്പോള്‍ മുല്ലപ്പെരിയാര്‍ വിഷയം ഓര്‍മ്മ വരുന്നു. അന്ന് തമിഴ് ജനത പ്രകോപനകരമായി പെരുമാറിയപ്പോള്‍ മലയാളികള്‍ സംയമനം പാലിക്കുകയുണ്ടായി. എന്നാല്‍ ഇവിടെ അതെല്ലം വെറും കഥകള്‍ മാത്രമാണ്.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍