UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“കാവേരി നമ്മതു, ന്യായ ബേക്കു…”: ഈ ബന്ദും മുദ്രാവാക്യങ്ങളും കാവേരി പ്രശ്നം പരിഹരിക്കില്ല

Avatar

മുരളി മാര്‍ഗശ്ശേരി

തമിഴ്നാടിന് കാവേരി നദിയില്‍ നിന്ന് 15,000 ഘന അടി വെള്ളം വിട്ടു നല്‍കാനാവശ്യപ്പെട്ട് സുപ്രീം കോടതി നടത്തിയ വിധി പ്രഖ്യാപനത്തിനെതിരെ BJP, JD (U)എന്നീ പാര്‍ട്ടികളും കര്‍ണ്ണാടകാനുകൂല സംഘടനകളും നടത്തിയ ബന്ദില്‍ ബാംഗ്ലൂര്‍ എറെക്കുറെ നിശ്ചലമായിരുന്നു. സ്കൂള്‍ കുട്ടികളും വിവിധ യൂണിയനുകളും “കാവേരി നമ്മതു, ന്യായ ബേക്കു..” എന്ന് മുഴക്കിയാണു ജാഥയില്‍ പങ്കെടുത്തത്.

ഈ തര്‍ക്കത്തിന് ഒരു നൂറ്റാണ്ടിന്റെ കാലപ്പഴക്കമുണ്ട്. ഇപ്പോള്‍ മുഴക്കുന്ന മുദ്രാവാക്യങ്ങള്‍ക്കും നടത്തിവരുന്ന ബന്ദിനുമൊന്നും ഈ പ്രശ്നം എളുപ്പം പരിഹരിക്കാന്‍ കഴിയില്ല എന്നതാണ് സത്യം. നൂറ്റാണ്ടിന് മുമ്പുണ്ടാക്കിയ ഉടമ്പടി പ്രകാരവും തര്‍ക്കം പരിഹരിക്കാനായി ഏര്‍പ്പെടുത്തിയ ട്രൈബ്യൂണലിന്റെ വിധിപ്രകാരവും കാവേരി ജലത്തിന്റെ ഏറിയ പങ്കും ഉപയോഗപ്പെടുത്താന്‍ തമിഴ്നാടിനും പുതുച്ചേരിക്കും സാധിക്കുന്നു. തമിഴ്നാടിന് ഏകദേശം 419 ടിഎംസി അടിയും കര്‍ണ്ണാടകത്തിന് 270 ടിഎംസി അടിയും കേരളത്തിന് 30 ടിഎംസി അടിയുമാണ് അര്‍ഹമായത്. മണ്‍സൂണ്‍ തുടര്‍ച്ചയായി പരാജയപ്പെടുകയും തുടര്‍ന്ന് നദിയിലെ ജല ലഭ്യതയില്‍ കുറവ് അനുഭവപ്പെടുകയും ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവ ഉള്‍പ്പെടുന്ന തെക്കന്‍ കര്‍ണ്ണാടകയുടെ ജലത്തിന്റെ ആവശ്യം വര്‍ദ്ധിക്കുകയും തമിഴ്നാടിന് സാമ്പ (ഓഗസ്റ്റ് –നവംബര്‍) കൃഷി സീസണിന് ജലം നല്‍കാനാകാത്ത സാഹചര്യത്തില്‍ കര്‍ണ്ണാടക ചെന്നെത്തുകയും ചെയ്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

2018 ലെ അസംബ്ലി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ബിജെപിയും ജെഡിയുവും ഇപ്പോഴത്തെ കോണ്‍ഗ്രസ്  സര്‍ക്കാരിനെതിരെ രാഷ്ട്രീയ കോലോഹലങ്ങള്‍ നടത്തുന്നത് എന്ന് പ്രാഥമികമായി വിലയിരുത്താം – സിദ്ധരാമയ്യ സര്‍ക്കാറിനെ താഴെയിറക്കാനും അതിന് ശേഷിയുണ്ട്. 2012-ല്‍ ഈ വിഷയത്തില്‍ പ്രതിഷേധിച്ച സിദ്ധരാമയ്യക്ക് ഇന്ന് അധികാരത്തിലിരിക്കുമ്പോള്‍ വരുന്ന സുപ്രീം കോടതി വിധിയെ മാനിക്കാതെ തരമില്ല. കാവേരി തര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ കലാപത്തെത്തുടര്‍ന്ന് മുമ്പ് മുഖ്യമന്ത്രിയായിരുന്ന എസ്. ബംഗാരപ്പ രാജിവെയ്ക്കുക പോലും ചെയ്തിട്ടുണ്ട്.

അതേസമയം തമിഴ്നാടിന് ഒരു നൂറ്റാണ്ടിന്റെ പഴക്കമുള്ള ഉടമ്പടിയെച്ചൊല്ലി തുടര്‍ന്നും സുപ്രീം കോടതിയെ സമീപിക്കാനും ട്രൈബ്യൂണല്‍ വിധിപ്രകാരം എക്കാലവും ജലം അനുവദിച്ചുകിട്ടാനും സാധ്യമല്ല, കാരണം ഇരു സംസ്ഥാനങ്ങളുടെയും എല്ലാ ആവശ്യങ്ങളും നിവൃത്തിക്കാനുള്ള വെള്ളം മണ്‍സൂണ്‍ പരാജയപ്പെടുന്ന ഇക്കാലത്ത് കാവേരിയില്‍ ഒഴുകിയെത്തുന്നില്ല. കുഡഗു പ്രദേശത്തുനിന്നാണ് കാവേരി എഴുപത് ശതമാനവും ജലം ശേഖരിക്കുന്നത്. ഇതിന്റെ ഒരു സ്രോതസ്സ് വയനാട്ടിലൂടെ ഒഴുകുന്ന കബനി നദിയാണ്, മാണ്ഡ്യ എന്നൊരു വരണ്ട പ്രദേശത്തെ കാര്‍ഷികയോഗ്യമാക്കിയത് കവേരിയില്‍ നിര്‍മ്മിച്ച കൃഷ്ണരാജസാഗര്‍ അണക്കെട്ടിലെ ജലം ഉപയോഗിച്ചാണ്. കാവേരി ജലം കനാല്‍ മുഖേന ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ കര്‍ണ്ണാടകത്തിലെ ജില്ലകളായ മൈസൂരും മാണ്ഡ്യയും തമ്മില്‍ തര്‍ക്കമുണ്ട് എന്നതാണ് മറ്റൊരു വസ്തുത.  കാര്‍ഷികയോഗ്യമല്ലാത്ത മാണ്ഡ്യയിലെ ഏതാനും പ്രദേശത്തെ ആളുകളാണ് ബാംഗ്ലൂരിലേക്കും മൈസൂരിലേക്കും കുടിയേറിയ ആളുകളില്‍ ഒരു വിഭാഗം. ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമായിരിക്കുന്നത് മാണ്ഡ്യയിലാണെന്നും നോക്കിക്കാണണം. ഈ വിഷയത്തെ മറ്റൊരു തലത്തിലൂടെ വിലയിരുത്താന്‍ ശ്രമിച്ചത് പരിസ്ഥിതിവാദിയും സിഎസ്ഇ (Centre for Science and Environment) ഡയറക്ടര്‍ ജനറലുമായ സുനിതാ നരൈനാണ്. (വായിക്കാം: http://www.cseindia.org/node/6499).

“കുഡഗിലെ കാപ്പിത്തോട്ടങ്ങളും മറ്റ് കൃഷികളുമാണ് നിലവില്‍ കാവേരിയിലേക്ക് ജലമൊഴുക്കുന്ന മുഖ്യസ്രോതസ്സ്. അവയുടെ സംരക്ഷണവും നിലനില്‍പ്പും മാത്രമാണ് കാവേരിയെ ജലസമ്പുഷ്ടമാക്കാന്‍ സഹായിച്ചിരുന്നത്. അവയിലുണ്ടാകുന്ന മാറ്റം കാവേരിയിലെ ജല ലഭ്യതയേയും പ്രതികൂലമായി ബാധിക്കുന്നു.” ഇന്ന് മുറവിളി കൂട്ടുന്നവരും വന്‍കിട കര്‍ഷകരും രാഷ്ട്രീയക്കാരും അവരുടെ അശാസ്ത്രീയവും ബുദ്ധിശൂന്യവുമായ പരിസ്ഥിതി ഇടപെടലുകളുമാണ് ജലസമരത്തെ രൂക്ഷമാക്കുന്നത്. എല്ലാവരും തലയിലേറ്റി നടക്കുന്ന വികസനത്തിന്റെ പേരില്‍ നടപ്പാക്കിയ കൃഷിനിലവും കുന്നുകളും നികത്തലുമാണ് സംസ്ഥാനത്ത് ഇത്രത്തോളം പ്രതിസന്ധി സൃഷ്ടിക്കപ്പെടാനുള്ള പ്രധാന കാരണം. ബാംഗ്ലൂര്‍ നഗരത്തില്‍ മാത്രം കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ആയിരക്കണക്കിന് മരങ്ങള്‍ മുറിച്ചു മാറ്റിയിട്ടുണ്ട്. 1976ല്‍ 75ശതമാനമായിരുന്ന നഗരത്തിന്റെ സസ്യസമൃദ്ധി ഇപ്പോള്‍ 23 ശതമാനമാണെന്നും 2020-ല്‍ ബാഗ്ലൂര്‍ വാസയോഗ്യമല്ലാതാകുമെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്ന IISc. ഗവേഷണ കണ്ടെത്തല്‍ പറയുന്നത്. ഇപ്പോള്‍ കാണുന്ന ഈ കര്‍ണ്ണാടകാനുകൂലികളൊക്കെ കാവേരി നദിയുടെ സംരക്ഷണത്തിന് എത്രത്തോളം വാതോരാതെ സംസാരിക്കും? ഇതെല്ലാം മനസ്സിലാക്കി കന്നട-തമിഴ് വികാരത്തെ തത്കാലത്തേക്ക് മാറ്റിനിറുത്തി, രാഷ്ട്രീയ താത്പര്യങ്ങളെ മാറ്റിവെച്ച് ഇരു സംസ്ഥാനങ്ങളിലെയും കര്‍ഷകരെ ഉള്‍പ്പെടുത്തി ഒരു പുതിയ സംഘം രൂപീകരിക്കുകയും ജല ലഭ്യതയും വിതരണവും അതില്‍ ചര്‍ച്ചചെയ്ത് കാലാനുസൃതമായ തീരുമാനം കൈക്കൊള്ളുകയും കൂട്ടത്തില്‍ കാവേരി റിവര്‍ ബേസിനുകളില്‍ ജലം ആഗികരണം ചെയ്യുന്ന കൃഷി രീതികളെ പ്രോത്സാഹനം ചെയ്യുകയുമാണ് ശാശ്വതമായ പരിഹാരത്തിനായി വേണ്ടത്.

(മാധ്യമപ്രവര്‍ത്തകനും ബ്ലോഗറുമാണ് ലേഖകന്‍)

Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍