UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കത്തുന്ന കാവേരി; അകലുന്ന മനുഷ്യര്‍

Avatar

പ്രമീള ഗോവിന്ദ്

കര്‍ണാടകവും തമിഴ്‌നാടും തമ്മില്‍ നടന്നു വരുന്ന അരനൂറ്റാണ്ടിലേറേ പഴക്കമുള്ള കാവേരി നദീജല തര്‍ക്കം വീണ്ടും പുകഞ്ഞു കത്തുന്നു. തമിഴ്‌നാടിനു ജലം വിട്ടുകൊടുക്കാനുള്ള നീക്കത്തെ തുടര്‍ന്ന് വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞ കര്‍ണാടകത്തില്‍ നാളെയും ബന്ദിന് ആഹ്വാനം. തമിഴ്‌നാടിന് അടുത്ത പത്തു ദിവസത്തേക്ക് 15,000 ഘന അടി കാവേരി നദീജലം വിട്ടുകൊടുക്കണമെന്ന് സുപ്രീംകോടതി തിങ്കളാഴ്ച ആവശ്യപ്പെട്ടതിനെ തുടര്‍ന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നലെ മുതല്‍ തമിഴ്‌നാടിന് ജലം ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വെള്ളം വിട്ടുകൊടുക്കുന്നതില്‍ പ്രതിഷേധിച്ച് കര്‍ണാടകയിലെ കര്‍ഷക സംഘടനകളും കന്നഡ അനുകൂല സംഘടനകളും ഇന്നലെ ആഹ്വാനം ചെയ്ത ബന്ദ് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ബംഗളുരു-മൈസൂര്‍ ദേശീയപാത കര്‍ഷകരുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. കനത്ത ഗതാഗത കുരുക്കിന് ഇതു കാരണമായി. ബെംഗളൂരുവില്‍ നിന്നു മൈസൂര്‍ വഴി കേരളത്തിലേക്കുള്ള ബസ് സര്‍വീസുകളും തടസ്സപ്പെട്ടു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഏകദേശം എഴുന്നൂറോളം സര്‍ക്കാര്‍ ബസുകള്‍ നിരത്തില്‍ നിന്ന് പിന്‍വലിച്ചതായാണ് വിവരം. മാണ്ഡ്യയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും ഇന്നലെ അടഞ്ഞുകിടന്നു. കാവേരി ഹൊറാത്ത സമിതി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഇന്നലെ ബന്ദ് ആചരിച്ചത്.

നൂറ്റാണ്ടുകളായി കന്നഡ-തമിഴ് കര്‍ഷകരുടെ പ്രധാന ജലസ്രോതസ്സാണ് കാവേരീ നദി. സാമൂഹികപരമായും സാംസ്‌കാരികമായും സാമ്പത്തികമായും മതപരമായും ഇരു സംസ്ഥാനങ്ങളിലേയും ജനജീവിതം കാവേരിനദിയുമായി ആഴത്തില്‍ ബന്ധപ്പെട്ട കിടക്കുന്നതാണ്. അതിനാല്‍ ജനങ്ങളുടെ വൈകാരിക പ്രതികരണങ്ങളെ ഇളക്കി വിട്ടു പ്രശ്‌നത്തില്‍ മുതലെടുക്കാനാണ് രാഷ്ട്രീയപാര്‍ട്ടികള്‍ എല്ലാ കാലത്തും ശ്രമിച്ചിട്ടുള്ളത്. കാലം പോകും തോറും ഉറച്ചു പോയ പൊതുജനാഭിപ്രായത്തെ മറികടന്നു മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കു പോലും എല്ലാവര്‍ക്കും സ്വീകാര്യമായ പ്രശ്‌ന പരിഹാരത്തിലേക്ക് എത്താന്‍ സാധിക്കുന്നില്ല.

കാവേരി നദീജല തര്‍ക്കത്തില്‍ ഏറെ വൈകാരികമായി പ്രതികരിക്കുന്ന ജില്ലയാണ് മാണ്ഡ്യ. കാവേരി നദിയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തു നിന്നാണ് നദീജലതര്‍ക്കവുമായി ബന്ധപ്പെട്ട് ഭൂരിഭാഗം പ്രതിഷേധങ്ങളും അരങ്ങേറുന്നത്. ഇന്നലെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗമാണ് തമിഴിനാടിന് 10 ദിവസത്തേക്ക് സുപ്രീംകോടതി നിര്‍ദേശപ്രകാരമുള്ള ജലം വിട്ട് കൊടുക്കാന്‍ തീരുമാനിച്ചത്. ഈ തീരുമാനത്തിനെതിരേ സുപ്രിം കോടതിയെ സമീപിക്കാനാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം.

അരനൂറ്റാണ്ടിലേറെയായി തുടരുന്ന നദീജലതര്‍ക്കം
കാവേരി നദീജല തര്‍ക്കത്തിന് അരനുറ്റാണ്ടിലേറെ പഴക്കമുണ്ട്. ആദ്യം കര്‍ണാടകവും തമിഴ്‌നാടും തമ്മില്‍ ഉടലെടുത്ത തര്‍ക്കത്തില്‍ പിന്നീട് കേരളവും പോണ്ടിച്ചേരിയും പങ്കാളികളായി. ബ്രിട്ടീഷ് ഭരണകാലത്ത് 1892ല്‍ അവരുടെ കീഴിലായിരുന്ന മദ്രാസ് പ്രവിശ്യയും മൈസൂര്‍ രാജാവും തമ്മിലായിരുന്നു ആദ്യം തര്‍ക്കം. 1916ല്‍ മൈസൂര്‍ ഭരണകൂടം കൃഷ്ണരാജ സാഗര്‍ അണക്കെട്ട് നിര്‍മിക്കാന്‍ തീരുമാനിച്ചപ്പോള്‍ മദ്രാസ് അധികാരികള്‍ എതിര്‍പ്പുമായി രംഗത്തെത്തി. തമിഴ്‌നാട്ടിലേക്കുള്ള നീരൊഴുക്കിനെ ബാധിക്കുമെന്നായിരുന്നു വാദം. തര്‍ക്കത്തിനൊടുവില്‍ 1924ല്‍ പ്രാബല്യത്തില്‍ വന്ന കരാറനുസരിച്ച് മൈസൂറിന് അണക്കെട്ടുണ്ടാക്കാന്‍ അനുവാദം ലഭിച്ചു. അതോടൊപ്പം തന്നെ മദ്രാസ് പ്രവിശ്യയിലുണ്ടായിരുന്ന മേട്ടൂര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് തടസ്സപ്പെടരുത് എന്ന വ്യവസ്ഥയും ഉണ്ടായിരുന്നു. 575.68 ടി.എം.സി.എഫ്. ടി ജലത്തിന് തമിഴ്‌നാടിന് അര്‍ഹതയുണ്ടെന്നായിരുന്നു വ്യവസ്ഥ. കൂടാതെ പുതിയതായി കര്‍ണാടക ഭാഗത്ത് ഉണ്ടാക്കുന്ന അണക്കെട്ടുകള്‍ക്കു തമിഴ്‌നാടിന്റെ സമ്മതവും ആവശ്യമായിരുന്നു.

കേരളത്തില്‍ നിന്നുത്ഭവിക്കുന്നതും കാവേരിയുടെ പോഷകനദിയുമായ കബനിയില്‍ 1959ല്‍ കര്‍ണാടകം ഒരു അണക്കെട്ടുണ്ടാക്കി. തമിഴ്‌നാട് പ്രതിഷേധവുമായി രംഗത്തു വന്നു. മറ്റൊരു പോഷകനദിയായ ഹേമാവതി നദിയില്‍ അണക്കെട്ടുണ്ടാക്കാന്‍ തീരുമാനമായപ്പോഴേക്കും തമിഴ്‌നാടിന്റെ എതിര്‍പ്പുകള്‍ ശക്തമായി. എന്നാല്‍ ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ഉണ്ടാക്കിയ പഴയ കരാര്‍ കാലഹരണപ്പെട്ടു എന്നായിരുന്നു കര്‍ണാടകത്തിന്റെ വാദം.

സ്വാതന്ത്ര്യത്തിന് ശേഷമാണ് കേരളവും പുതുച്ചേരിയും തര്‍ക്കത്തില്‍ പങ്കാളികളാവുന്നത്. ഇതിനെ തുടര്‍ന്നാണ് 1970 ല്‍ വസ്തുതകള്‍ പഠിക്കുന്നതിനായി കമ്മിറ്റിയെ നിയോഗിക്കുന്നത്. 1972ല്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പിന്നീട് നിരവധി പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് 1976 ല്‍ ഇരു സംസ്ഥാനങ്ങളും തമ്മില്‍ കരാറില്‍ ഏര്‍പ്പെടുന്നത്. പിന്നീട് തമിഴ്‌നാട്ടിലെ പുതിയ സര്‍ക്കാര്‍ കരാരിലെ നിര്‍ദേശങ്ങളുമായി പൊരുത്തപ്പെടാനാവില്ല എന്ന് അറിയിച്ചതിനെ തുടര്‍ന്നാണു വിവാദങ്ങള്‍ വീണ്ടും തലപൊക്കുന്നത്.

1986ല്‍ അന്തര്‍സംസ്ഥാന നദീജല തര്‍ക്കങ്ങള്‍ പരിഹാരിക്കാനുള്ള 1956ലെ വകുപ്പ് പ്രകാരം െ്രെടബ്യുണല്‍ രൂപീകരിച്ച് പ്രശ്‌നം പരിഹരിക്കണം എന്ന് തമിഴ്‌നാട് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 1990ല്‍ തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ച് ട്രിബ്യൂണലിനെ നിയമിക്കാന്‍ വിധി സമ്പാദിച്ചു. സുപ്രീംകോടതി വിധിയനുസരിച്ച് 1991 ജൂണ്‍ 2ന് വി.പി. സിംഗ് സര്‍ക്കാര്‍ മൂന്നംഗ കാവേരി ജല ട്രൈബ്യുണല്‍ രൂപീകരിച്ചു.

പതിനാറ് വര്‍ഷത്തിന് ശേഷം 2007ലാണ് ട്രൈബ്യുണല്‍ അവസാനമായി വിധി പ്രഖ്യാപിക്കുന്നത്. വിധിയനുസരിച്ച് തമിഴ്‌നാടിന് 419 ടിഎംസിയും കര്‍ണാടകത്തിന് 270 ടിഎംസിയും കേരളത്തിന് 30ടിഎംസി പുതുച്ചേരിക്ക് 7 ടിഎംസി ജലവും അനുവദിച്ചിരുന്നു. കാവേരി തടത്തില്‍ 740 ടിഎംസി ജലം ലഭ്യമാണ് എന്ന കണക്കൂട്ടലിലാണ് ഈ വീതംവെക്കല്‍ ട്രൈബ്യൂണല്‍ നടത്തിയത്. പക്ഷെ തമിഴ്‌നാടും കര്‍ണാടകവും ട്രൈബ്യൂണലില്‍ റിവ്യു പെറ്റീഷന്‍ സമര്‍പ്പിച്ചു.

2012ല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹം ചെയര്‍മാനായ കാവേരി നദി അഥോറിറ്റി ദിവസവും 9000 ക്യുബിക് ജലം തമിഴ്‌നാടിന് നല്‍കാന്‍ കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. ഈ ഉത്തരവ് നടപ്പിലാക്കാന്‍ തയ്യാറാകാതിരുന്ന സംസ്ഥാന സര്‍ക്കാരിനും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടിവന്നത്. മാപ്പ് അപേക്ഷിച്ച സര്‍ക്കാര്‍ വെള്ളം നല്‍കാന്‍ തയ്യാറായി എങ്കിലും സംസ്ഥാനമൊട്ടുക്ക് വ്യാപക പ്രതിഷേധം അരങ്ങേറി. പലതും വലിയ തോതിലുള്ള അക്രമങ്ങളിലാണ് കലാശിച്ചത്.

വീണ്ടും കര്‍ണാടകം ജലം നിഷേധിച്ചതോടെയാണു മുഖ്യമന്ത്രി ജയലളിതയുടെ നേതൃത്വത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരിനെതിരേ കോടതിയലക്ഷ്യത്തിന് നിയമനടപടികള്‍ സ്വീകരിച്ചത്. കാവേരി ട്രൈബ്യൂണല്‍ വിധി അനുസരിച്ചുള്ള ജലം തങ്ങള്‍ക്കു ലഭ്യമാകണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റില്‍ വീണ്ടും കോടതിയെ സമീപിച്ചു. ഇതിനെ തുടര്‍ന്നാണു കഴിഞ്ഞ ദിവസം പത്തു ദിവസത്തേക്ക് 15,000 ഘന അടി കാവേരി നദീജലം വിട്ടുകൊടുക്കണമെന്ന് സുപ്രീംകോടതി കര്‍ണാടകയോട് ആവശ്യപ്പെട്ടത്. 

ഇത്തവണ കാലവര്‍ഷം കുറവായിരുന്നതിനാല്‍ കൃഷിക്കല്ല കുടിവെള്ളത്തിനാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണന എന്നു കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയിതിനു പിന്നാലെയാണു തമിഴ്‌നാട്ടിലെ കൃഷി നശിക്കാതിരിക്കാന്‍ ജലം വിട്ടു കൊടുക്കണ്ടേി വരുന്നത്. കുറഞ്ഞ അളവില്‍ ജലം ആവശ്യമുള്ള വിളകള്‍ക്കാണു കര്‍ണാടകത്തിലേയും തമിഴ്‌നാട്ടിലേയും കര്‍ഷകര്‍ കൂടുതല്‍ പരിഗണന നല്‍കേണ്ടത് എന്ന നിരീക്ഷണവും ഇവിടെ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നുണ്ട്. കേരളവും അധികം വൈകാതെ ഇത്തരം ഒരു സാഹചര്യം നേരിടേണ്ടി വന്നാല്‍ അത് എന്ത് കൊണ്ടൊക്കെയാവും എന്ന് പ്രത്യേകം പറയേണ്ടതില്ല.

അരനുറ്റാണ്ടിലേറേയായി തുടരുന്ന കാവേരി നദീജല തര്‍ക്കത്തിന് പരിഹാരം കാണാന്‍ സാധിക്കുന്നില്ല എന്നത് ഭരണകൂടത്തിന്റെ ഏറ്റവും വലിയ തോല്‍വി തന്നെയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ അടുത്ത യുദ്ധം ജലത്തിന് വേണ്ടിയാകും എന്ന മുന്നറിയിപ്പ് ലഭിച്ചിട്ടും പ്രായോഗിക തലത്തില്‍ ജലക്ഷാമം നേരിടാന്‍ ദേശീയതലത്തില്‍ നാം സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. കാവേരി നദിയിലെ ജലത്തിന്റെ പേരില്‍ രണ്ട് സംസ്ഥാനത്തെ ജനങ്ങളെ ശത്രുക്കളാക്കിയെങ്കില്‍ നദി സംയോജന പദ്ധതിനടപ്പിലായാല്‍ രാജ്യം മുഴുവന്‍ ജനങ്ങള്‍ തമ്മില്‍ തല്ലുന്നത് കാണേണ്ടിവരും. അന്തര്‍സംസ്ഥാന നദീജല തര്‍ക്കങ്ങള്‍ െ്രെടബ്യുണലുകള്‍ക്കു മുന്നില്‍ എത്തുമ്പോള്‍ വിഷയത്തെ വേണ്ടരീതിയില്‍ പഠിക്കാതെ പലപ്പോഴും താത്കാലിക പരിഹാരം മാത്രമാണ് നിയമപരമായി നടപ്പിലാക്കപ്പെടുന്നത്. സ്വച്ഛമായി ഒഴുകാനുള്ള നദിയുടെ അവകാശം തന്നെയാണ് ആദ്യമായി ഇവിടെ ഹനിക്കപ്പെടുന്നത്. പ്രകൃതിയുടെ സ്വാതന്ത്ര്യത്തില്‍ നാം കൈകടത്തുമ്പോള്‍ അത് ആത്യന്തികമായി മനുഷ്യന്റെ നിലനില്‍പ്പിനെ തന്നെയാണ് ബാധിക്കുക.

(പ്രമുഖ പ്രവാസി മാധ്യമപ്രവര്‍ത്തകയും നിലവില്‍ ദുബായ് വോയ്‌സ് ഓഫ് കേരള റേഡിയോയിലെ വാര്‍ത്താധിഷ്ഠത പരിപാടികളുടെ അവതാരകയുമാണ് ലേഖിക. ഏഷ്യാനെറ്റ് ഗള്‍ഫ് റേഡിയോ, തിരുവനന്തപുരം ഏഷ്യാനെറ്റ്, വിവിധ അച്ചടി പ്രസീദ്ധികരണങ്ങളിലും, വിഷ്വല്‍ മിഡീയ, ഓണ്‍ലൈന്‍ മേഖലയിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.) 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍