UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സൈന്യത്തില്‍ സ്ഥലംമാറ്റത്തിന് പണം; മലയാളി ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു

പണം വാങ്ങി ചട്ടവിരുദ്ധമായി സൈനികരുടെ സ്ഥലം മാറ്റങ്ങള്‍ തരപ്പെടുത്തിക്കൊടുക്കുകയാണ് ഇവര്‍ ചെയ്തത്

സൈനിക ആസ്ഥാനം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ സ്ഥലംമാറ്റ റാക്കറ്റില്‍പ്പെട്ടവരെ സിബിഐ അറസ്റ്റ് ചെയ്തു. മലയാളിയായ ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് റാക്കറ്റ് പ്രവര്‍ത്തിച്ചു വന്നത്. തിരുവനന്തപുരം സ്വദേശി ലഫ്റ്റനന്റ് കേണല്‍ ആര്‍ എസ് മോനി ആണ് അറസ്റ്റിലായത്.

പണം വാങ്ങി ചട്ടവിരുദ്ധമായി സൈനികരുടെ സ്ഥലം മാറ്റങ്ങള്‍ തരപ്പെടുത്തിക്കൊടുക്കുകയാണ് ഇവര്‍ ചെയ്തത്. മോനിക്കൊപ്പം രണ്ട് ഉന്നത ഉദ്യോഗസ്ഥരും അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. മോനിയുടെയും ബ്രിഗേഡിയര്‍ പദവിയിലുള്ള രണ്ട് ഉദ്യോഗസ്ഥരുടെയും പേരാണ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വിഷയത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. കൂടുതല്‍ പേര്‍ അറസ്റ്റിലായേക്കുമെന്നാണ് പ്രതീക്ഷ. അതേസമയം കേസിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സിബിഐ തയ്യാറായിട്ടില്ല.

സൈനിക ആസ്ഥാനത്തെ പേഴ്‌സണല്‍ ഡിവിഷനിലെ ഉദ്യോഗസ്ഥനാണ് മോനി. ഹൈദ്രാബാദ് സ്വദേശി പുരുഷോത്തം, ബംഗ്ലൂര്‍ സ്വദേശി എസ് സുഭാസ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ഗൗരവ് കോഹ്ലി എന്ന ഇടനിലക്കാരന്‍ വഴിയായിരുന്നു ഇവരുടെ ക്രമക്കേടുകള്‍ നടന്നിരുന്നത്. പുരുഷോത്തം വിവിധ സൈനിക പോസ്റ്റുകളില്‍ നിയമിതരാകുന്ന സൈനികരുമായി ബന്ധപ്പെട്ട് പണം വാങ്ങി അവര്‍ ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് മാറ്റം വാങ്ങിക്കൊടുക്കുകയാണ് ചെയ്തിരുന്നത്. സൈനിക ആസ്ഥാനത്തെ പേഴ്‌സണല്‍ ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമാണ് കോഹ്ലിക്കുള്ളത്. കോഹ്ലിയുമായി ബന്ധപ്പെട്ടാണ് പുരുഷോത്തം സ്ഥലംമാറ്റങ്ങള്‍ ശരിയാക്കിയിരുന്നത്.

സെക്കന്ദരാബാദിലേക്കോ വിസാഗിലേക്കോ സ്ഥലം മാറ്റം വേണമെന്ന് ആവശ്യപ്പെട്ടാണ് സുഭാസ് പുരുഷത്തമിനെ ബന്ധപ്പെട്ട്. സുഭാസിന്റെ സ്ഥലംമാറ്റം ഉറപ്പുനല്‍കിയ മോനിയ്ക്ക് ഇയാള്‍ കോഹ്ലി മുഖേന രണ്ട് ലക്ഷം രൂപയും കോഹ്ലിക്ക് മൂന്ന് ലക്ഷം രൂപയും നല്‍കി. ഡല്‍ഹി സൈനിക ആസ്ഥാനത്തുള്ള മോനിയുടെ വീട്ടിലെത്തിയാണ് കോഹ്ലി ചില ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയത്. ബ്രിഗേഡിയര്‍ എസ്‌കെ ഗ്രോവറും ഈ ക്രമക്കേടില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സിബിഐയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍