UPDATES

ട്രെന്‍ഡിങ്ങ്

ലാലുപ്രസാദ് യാദവിനെതിരേ സിബിഐ കേസ്; റെയ്ഡ് നടക്കുന്നു

ഭാര്യ റാബ്‌റി ദേവി, മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എന്നിവര്‍ക്കെതിരേയും കേസ് എടുത്തു

ലാലു പ്രസാദ് യാദവിനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ടാണ് കേസ്. വെളളിയാഴ്ച രാവിലെ മുതല്‍ ഡെല്‍ഹി, പാറ്റ്‌ന, റാഞ്ചി, പുരി, ഗുഡ്ഗാവ് എന്നിവിടങ്ങളിലായി ലാലുവും കുടുംബവുമായി ബന്ധപ്പെട്ട 12 ഇടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തുന്നുണ്ട്. റെയില്‍വേ മന്ത്രിയായിരിക്കേ അനധികൃതമായി ഒരു സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയതിനു പകരമായി രണ്ടേക്കര്‍ ഭൂമി സ്വന്തമാക്കിയെന്നാണ്‌ സിബിഐ പറയുന്നത്.

ലാലുവിനു പുറമെ ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന റാബ്‌റി ദേവി, മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവ് എന്നിവര്‍ക്കെതിരേയും കേസ് ചാര്‍ജ്‌ ചെയ്തിട്ടുണ്ട്.

2006 ല്‍ കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കേ ഐആര്‍സിടിസിയുടെ കീഴിലുള്ള ഹോട്ടലുകളുടെ നടത്തിപ്പു ചുമതല അനധികൃതമായി ഒരു സ്വകാര്യ കമ്പനിക്കു നല്‍കിയതുമായി ബന്ധപ്പെട്ടാണ് അഴിമതി നടന്നതെന്നു പറയുന്നു. 2006 ജനുവരിയില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നും ഐആര്‍സിടിസി റാഞ്ചിയിലേയും പുരിയിലേയും ബിഎന്‍ആര്‍ ഹോട്ടലുകള്‍ ഏറ്റെടുത്തിരുന്നു. ഇവയുടെ നടത്തിപ്പു ചുമതല 15 വര്‍ഷത്തേക്ക് സുജാത ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് ലീസിന് നല്‍കുകയായിരുന്നു. കരാര്‍ തുകയായി 15.45 കോടിയും ലൈസന്‍സസ് ഫീസായി 9.96 കോടിയുമാണ് ബിഎന്‍ആര്‍ ഹോട്ടലുകള്‍ ഏറ്റെടുക്കാന്‍ സുജാത ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയത്.

ഈ കരാര്‍ നല്‍കിയതിനു പകരമായി രണ്ടേക്കര്‍ ഭൂമി ലാലുവിന് ലഭിച്ചതായാണ് പരാതി. ലാലുവിന്റെ സഹായി പ്രേം ചന്ദ ഗുപ്തയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ പേരിലാണ് ഭൂമി കൈമറ്റം ചെയ്തത്. ഈ ഭൂമി കൈമാറ്റമല്ലാതെ ഈ കമ്പനിയുടെ പേരില്‍ മറ്റൊരു ബിസിനസും നടന്നിട്ടില്ലെന്നാണ് സിബിഐ പറയുന്നത്. ഇതേ കേസില്‍ ഐആര്‍സിടിസി മാനേജിംഗ് ഡയറക്ടര്‍, രണ്ടു സ്വകാര്യ കമ്പനി ഡയറക്ടര്‍മാര്‍ എന്നിവര്‍ക്കെതിരേയും കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞമാസം ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ലാലുവിന്റെ പുത്രിയും രാജ്യസഭ എംപിയുമായ മിസ ഭര്‍തിക്കെതിരേ കേസ് എടുത്തിരുന്നു. ആയിരംകോടിയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടാമ് കേസ്. ബിഹാര്‍ സര്‍ക്കാരില്‍ ഭരണസഖ്യത്തിലുള്ള ആര്‍ജെഡിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയാണ് കേന്ദ്രാന്വേഷണങ്ങള്‍ ലാലുവിനും കുടുംബത്തിനുംമേല്‍ വ്യാപിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍