UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സി.ബി.ഐയുടെ കാര്യത്തിലെങ്കിലും വാക്കുപാലിക്കാന്‍ മോദി തയാറാകുമോ?

Avatar

ടീം അഴിമുഖം

ഇനിയും എന്തിനുവേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കാക്കുന്നത്?

അഴിമതിയില്ലാതാക്കുമെന്നും ഇന്ത്യന്‍ന്‍ ജനാധിപത്യത്തിന്‍റെ ഉന്നതമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും ഒക്കെയുള്ള മോദിയുടെ അവകാശവാദം ആത്മാര്‍ത്ഥമാണെങ്കില്‍, അദ്ദേഹം തീര്‍ച്ചയായും സിബിഐ തലവന്‍ രഞ്ജിത് സിന്‍ഹയോട് വീട്ടില്‍ പോയിരിക്കാന്‍ പറയണം. 2 ജി അഴിമതിയന്വേഷണത്തിന്റെ വഴിമുടക്കാന്‍ രഞ്ജിത്ത് സിന്‍ഹ കുറ്റകരമായ ഇടപെടല്‍ നടത്തിയിട്ടുണ്ടോയെന്നെ് മോദി പരിശോധിക്കണം. രാജ്യത്തെ നടുക്കിയ ഈ അഴിമതിയുടെ രാഷ്ട്രീയ ഗുണഫലം നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദവിയിലേക്ക് ഉയര്‍ത്തിയതില്‍ വലിയ പങ്കുവഹിച്ചിട്ടുമുണ്ട്.

മോദി എപ്പോഴും അവകാശപ്പെടുന്ന തന്റെ പൊതുജീവിതത്തിന്റെ ആര്‍ജവവും സത്യസന്ധതയും തെളിയിക്കാന്‍ ഇന്നലെ ഉണ്ടായ സുപ്രീം കോടതി ഉത്തരവിന് അപ്പുറം ഏതെങ്കിലും അത്യന്തിക പരീക്ഷയുടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. സുപ്രീം കോടതി തന്നെ വ്യാകുലപ്പെട്ട, ഇന്ത്യയുടെ സുപ്രധാന അന്വേഷണ ഏജന്‍സിയുടെ ബഹുമാന്യത ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മോദിക്കുള്ള പ്രതിജ്ഞാബദ്ധതയെ അളക്കാന്‍ ഇതിലും മികച്ചൊരു വഴി ഉണ്ടെന്ന് തോന്നുന്നില്ല. 2002 ലെ കലാപത്തില്‍ ആരോപണ വിധേയനായതു മുതല്‍ കഴിഞ്ഞ ദശാബ്ദക്കാലം മുഴുവന്‍ മോദിയുടെ രാഷ്ട്രീയത്തില്‍ ആവര്‍ത്തിച്ചു വരുന്ന ഒന്നാണ് സിബിഐയുടെ രാഷ്ട്രീയ ഉപജാപം. ഇപ്പോള്‍ മോദി പ്രധാന്യം കൊടുക്കേണ്ടത്, സിബിഐയുടെ ദുര്‍ഗതിയില്‍ ഇടപെടുന്നതിനും രഞ്ജിത് സിന്‍ഹയെ സ്ഥാനത്ത് നിന്ന് മാറ്റാനുമാണ്. കഴിവുകെട്ടതെന്ന് വിശേഷിപ്പിക്കപ്പെട്ട മന്‍മോഹന്‍സിംഗ് ഭരണത്തെയും അതുവഴി ദശാബ്ദങ്ങളായി രാജ്യത്തെ ക്ഷയിപ്പിച്ചുകൊണ്ടിരുന്ന കൂട്ടുകക്ഷി ഭരണത്തെയും തുടച്ചുനീക്കി, സ്വയം ഈ രാജ്യത്തിന്റെ പ്രധാന സേവകനാണെന്നു പ്രഖ്യാപിച്ചുകൊണ്ട് ഭരണത്തിലേറിയ നാള്‍തൊട്ട്, ഈ പ്രധാനമന്ത്രിയെ ജനങ്ങള്‍ കാര്യമായി ശ്രദ്ധിക്കുന്നുണ്ടെന്ന് മറക്കരുത്.

മോദി എന്തുകൊണ്ട് ഈ വിഷയത്തില്‍ ഇടപെടണമെന്നതിന് പിന്നില്‍ രണ്ട് സുപ്രധാന കാര്യങ്ങള്‍ ഉണ്ട്. ചരിത്രപരമെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന വ്യാഴാഴ്ചത്തെ ഉത്തരവിലൂടെ സുപ്രീം കോടതി രഞ്ജിത് സിന്‍ഹയോട് 2 ജി കേസില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ആവശ്യപ്പെട്ടതാണ് അതില്‍ ആദ്യത്തേത്. സ്‌പെക്ട്രം അഴിമതിക്കേസിലെ പ്രതികളെ സംരക്ഷിക്കാനും മുന്‍ ടെലികോം മന്ത്രി ദയാനിധി മാരന്‍ ഉള്‍പ്പെട്ട എയര്‍സെല്‍-മാക്‌സിസ് കേസിന്റെ പ്രോസിക്യൂഷന്‍ നടപടികള്‍ വൈകിപ്പിക്കാനും രഞ്ജിത് സിന്‍ഹ ശ്രമിച്ചതായി പ്രഥമദൃഷ്ട്യാ തന്നെ തെളിവുള്ളതായി കണ്ടെത്തിയിരിക്കുകയാണ് കോടതി. 

“2 ജി കേസിന്റെ അന്വേഷണത്തിലും പ്രൊസിക്യൂഷന്‍ നടപടികളിലും സിബിഐ ഡയറക്ടര്‍ ഇടപെടരുതെന്ന് കോടതി നിര്‍ദ്ദേശിക്കുന്നു. അദ്ദേഹം സ്വയം തന്നെ ഈ കേസില്‍ നിന്നു വിട്ടു നില്‍ക്കാന്‍ തയ്യാറാകണം. കേസ് അന്വേഷണത്തിന് സിബിഐയിലെ തന്നെ മറ്റൊരു അന്വേഷണസംഘത്തെ നിയോഗിക്കണം”-ചീഫ് ജസ്റ്റീസ് എച്ച് എല്‍ ദത്തു, ജസ്റ്റീസുമാരായ മദന്‍ ബി ലോകൂര്‍, എ കെ സിക്രി എന്നിവരടങ്ങിയ ബഞ്ച് ആവശ്യപ്പെട്ടു.

സിബി ഐയുടെ നല്ലപേര് സംരക്ഷിക്കാനും അതേപോലെ സിബിഐ ഡയറക്ടറുടെ മതിപ്പ് കളയേണ്ടതില്ല എന്നതിനാലും കാര്യങ്ങള്‍ കൂടുതല്‍ വിശദീകരിക്കുന്നില്ലെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. “പൊതു താത്പര്യ ഹര്‍ജിയില്‍ നല്കിയിരിക്കുന്ന വിവരങ്ങള്‍ പ്രഥമ ദൃഷ്ട്യാ തന്നെ വിശ്വസനീയമാണ് എന്നത് മാത്രം മതി ഞങ്ങള്‍ക്ക് ഈ നിരീക്ഷണങ്ങളില്‍ എത്തിച്ചേരാന്‍. കാരണങ്ങള്‍ ആവര്‍ത്തിച്ച് വിശദീകരിച്ച് സി ബി ഐയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല”. കോടതി വ്യക്തമാക്കി.

പ്രതിച്ഛായ നഷ്ടപ്പെട്ട സിബിഐയെ അതിന്റെ നാശത്തില്‍ നിന്ന് എത്രയും വേഗം രക്ഷിച്ചെടുക്കുമെന്ന് മോദി ഉറപ്പ് നല്‍കേണ്ടതാണ്. കള്ളപ്പണത്തില്‍ തൊട്ട് അഴിമതിയുടെ കാര്യത്തില്‍വരെ പലതരം വാഗ്ദാനങ്ങളും സത്യം ചെയ്യലുകളുമൊക്കെ ഈയടുത്തകാലത്തായി മോദി നടത്തിയിട്ടുണ്ടല്ലോ. മോദിയുടെ പദ്ധതികള്‍ നടപ്പില്‍ വരുത്തണമെങ്കില്‍ അതില്‍ സുപ്രധാന വേഷം ചെയ്യേണ്ടത് സിബിഐ ആണെന്നും ഓര്‍ക്കണം.

പൊതുജീവിതത്തിലെ സത്യസന്ധത പാലിക്കുന്നതില്‍ തനിക്കുണ്ടെന്ന് അവകാശപ്പെടുന്ന വ്യക്തിപരമായ ഉറപ്പും പ്രതിജ്ഞാബദ്ധതയും മോദി ഇവിടെ പ്രദര്‍ശിപ്പിച്ചേ മതിയാകൂ എന്നതിന് രണ്ടാമതായി ചൂണ്ടിക്കാണിക്കുന്ന കാരണം രഞ്ജിത് സിന്‍ഹയുടെ പേരുകേട്ട സ്വഭാവവിശേഷം തന്നെയാണ്. കോടതി നിര്‍ദ്ദേശം വന്നതിന് ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞ് അഹന്തയോടെ സിന്‍ഹ പറഞ്ഞത്, താന്‍ ഈ കാര്യത്തില്‍ വിഷമിക്കുന്നില്ലെന്നായിരുന്നു. “ഇവിടെ നാണക്കേടിന്റെ ആവശ്യമൊന്നുമില്ല, സുപ്രിം കോടതി നിര്‍ദേശപ്രകാരം ഞാന്‍ സ്വയം ഈ കേസില്‍ നിന്ന് പിന്മാറുന്നു” സിന്‍ഹ പറഞ്ഞു. സിബിഐയിലെ ഒരു ഉന്നത ഐപിഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്, “അദ്ദേഹം ഒരിക്കലും തെറ്റായവഴിയില്‍ സഞ്ചരിക്കുന്നൊരാളല്ല, എന്നാല്‍ നല്ലതും ചീത്തയും തമ്മിലുളള വ്യത്യാസം തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ ധാര്‍മികതയെ ചോദ്യം ചെയ്യുന്ന ഘടകം”. അഴിമതി നിറഞ്ഞ വ്യവസ്ഥയുടെ മലിനജലത്താല്‍ ജ്ഞാനസ്‌നാനം ചെയ്യപ്പെട്ടിരിക്കുന്ന രഞ്ജിത് സിന്‍ഹയ്ക്ക്  സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് സുപ്രീം കോടതി ഒരു സുപ്രധാന കേസിന്റെ അന്വേഷണത്തില്‍ നിന്ന് സിബിഐ ഡയറക്ടറോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്എന്നതിന്റെ പ്രാധാന്യം മനസിലാക്കാന്‍ കഴിയുന്നില്ല.

ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ ദാസ് മോദി, താന്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ജനങ്ങള്‍ക്ക് നല്‍കി വന്ന വാക്കുകള്‍ പാലിക്കാന്‍ തയ്യാറാവണം. പാഴ്‌വാക്കുകള്‍ നല്‍കി ജനങ്ങളെ വിഡ്ഢികളാക്കുകയല്ലായിരുന്നുവെന്ന് തെളിയിക്കണം. അതിനദ്ദേഹം തയ്യാറായില്ലെങ്കില്‍, ദരിദ്ര നാരായണന്‍മാരായ ഇന്ത്യന്‍ പൗരന്മാര്‍ തങ്ങളുടെ പ്രാപ്തി എന്താണെന്ന് അദ്ദേഹത്തിന് കാണിച്ചുകൊടുക്കുക തന്നെ ചെയ്യും. അതവര്‍ പലകുറി തെളിയിച്ചിട്ടുമുള്ള ചരിത്രം ഈ രാജ്യത്തിനുണ്ട്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍