കെ എ ആന്റണി
ഞങ്ങളുടെ കുഗ്രാമത്തില്‍ എന്റെ കുട്ടിപ്രായത്തില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി വന്നെത്തുന്ന ഒരു മധ്യവയസ്‌കനുണ്ടായിരുന്നു. അയാള്‍ പുറത്തുവിട്ടപേര് കുഞ്ഞമ്പു എന്നാകയാല്‍ അയാള്‍ കുഞ്ഞമ്പു എന്നു വിളിക്കപ്പെട്ടു. ഏതു ദേശക്കാരനെന്നുപോലും ആര്‍ക്കും അറിയാത്തൊരാള്‍. കുഞ്ഞമ്പു ഒരിക്കലും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. കാല്‍സറായിയും അതിനു മുകളില്‍ നരച്ചൊരു കോട്ടും കൈയ്യിലൊരു സ്യൂട്ട്‌കെയ്‌സുമായി കുഞ്ഞമ്പു കൊളക്കാടും കാടന്‍മലയിലും ഓടപ്പുഴയിലും മലാമ്പടിയിലുമൊക്കെ കറങ്ങി നടക്കുന്നത് ഒരു കൗതുക കാഴ്ച്ചയായി. കുഞ്ഞമ്പുവിന്റെ പെട്ടിക്കകത്ത് എന്തെന്നറിയാനുള്ള നാട്ടുകാരുടെ ജിജ്ഞാസ അസ്ഥാനത്താക്കി കൊണ്ട് അയാള്‍ ഓടിമറയും. എങ്കിലും ആരും നിനച്ചിരിക്കാത്ത സമയത്ത് കടന്നുവരും. പട്ടാളത്തില്‍ നിന്നും വട്ടിളകി വന്നയാളാണെന്നു ചിലര്‍. അഅതല്ല സി ഐ ഡി ആണെന്നു മറ്റു ചിലര്‍. അക്കാലത്ത് കൊളക്കാട് നടന്ന ചുരുളഴിയാത്ത ഒരു കൊലപാതകം രണ്ടാമത്തെ വാദത്തില്‍ ശക്തി പകര്‍ന്നു. അങ്ങനെ കുഞ്ഞമ്പു സി ഐ ഡി ആയി (സി ഐ ഡി കള്‍ പലവഴിക്കും വരും എന്ന ശ്രീനിവാസ ഡയലോഗിന്റെ തുടക്കം ഒരുപക്ഷേ ഇതായിക്കൂടെന്നില്ല.) പിന്നീട് കുഞ്ഞമ്പു തീര്‍ത്തും അപ്രത്യക്ഷനായി. കൊലപാതകത്തിന്റെ ചുരുള്‍ നാളിതുവരെ അഴിഞ്ഞതുമില്ല.
ജിഷ വധക്കസ് സിബി ഐ ക്ക് വിടണമെന്ന മുറവിളിയുടെ പശ്ചാത്തലത്തിലാണ് കുഞ്ഞമ്പുവിനെ ഓര്‍ത്തുപോയത്. അക്കാലത്ത് സിബി ഐ യെ കുറിച്ച് എന്റെ നാട്ടുകാര്‍ക്ക് എന്തെങ്കിലുമൊക്കെ വിവരമുണ്ടായിരുന്നെങ്കില്‍ കുഞ്ഞമ്പു സിബി ഐ ആകുമായിരുന്നു. അല്ലെങ്കില്‍ നക്‌സലെറ്റ്. കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന് അന്നു മുളപൊട്ടു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. നാട്ടുകൂട്ടത്തിനിടയില്‍പെട്ട് നട്ടംതിരിഞ്ഞുപോയ ഒട്ടേറെ കുഞ്ഞമ്പുമാര്‍ അതിനു മുമ്പും ശേഷവും ഉണ്ടായിട്ടുണ്ട്.
ആരാണ് ഈ സിബി ഐ എന്ന ചോദ്യം അടുത്തകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. ഇസ്രത് ജഹാന്‍ വധവും കുമര്‍ നാരായണന്‍ പ്രശ്‌നങ്ങളും അവിടെ നില്‍ക്കട്ടെ. കേരളത്തില്‍ പല കേസുകളിലും സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തുവന്ന സിപിഎമ്മിനുപോലും ഒരു തരം സിബി ഐ പേടി കുടുങ്ങിയെന്നു മലയാള മനോരമ പ്രഘോഷണം തുടങ്ങിയ കാലത്തിനു തൊട്ടുപിന്നാമ്പുറങ്ങളിലേക്ക് എന്റെ പ്രിയസുഹൃത്ത് ഗീതാനാന്ദനും വന്ദ്യനേതാവ് വി എസ് അചുതാനന്ദനും തെല്ലിട യാത്ര ചെയ്യുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു. സിബി ഐ കൂട്ടിലടച്ച തത്തയാണെന്ന വ്യാഖ്യാനത്തില്‍ പിണറായി മുഖ്യനും കൂട്ടരും എത്തിനില്‍ക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല പ്രധാനപ്രശ്‌നം.
സത്യത്തില്‍ സിബി ഐക്ക് കേരളത്തില്‍ ഒരു മേല്‍വിലാസം ഉണ്ടാക്കി കൊടുത്തത് മമ്മൂട്ടി സിനിമകളാണെന്നു വാദിക്കുന്നവരുണ്ട്. ഒരു സിബി ഐ ഡയറിക്കുറുപ്പില്‍ തുടങ്ങി ഒരു പരമ്പര തന്നെ സൃഷ്ടിച്ച ഒരു തരം നോണ്‍സെന്‍സ് സിനിമകള്‍. അല്ലെങ്കിലും സിനിമാക്കാരെ കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല. അവര്‍ ജനമനസറിഞ്ഞ് ഒരു മുഴം മുന്നേയെറിഞ്ഞ് സിനിമ പിടിച്ചു കളയും. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പ്രേക്ഷകഹൃദയത്തെ അലക്കിവെളുപ്പിച്ച് ഇസ്തിരി ഇട്ട് ഓടിക്കും.
ഒരു പാതിരി പ്രതിയായ പ്രമാദമായ മാടത്തരുവി മറിയക്കുട്ടി കൊലക്കേസ് പോലും സിനിമയ്ക്കാധാരമായി. അന്വേഷിച്ചത് സിബി ഐ അല്ലെങ്കിലും പാതിരിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുത്തിരുന്നു.1981 ല്‍ ഏറ്റുമാനൂര്‍ ശിവക്ഷേത്രത്തില്‍ നിന്നും മോഷണം പോയ സ്വര്‍ണവിഗ്രഹം കണ്ടെത്തുന്നതില്‍ സിബി മാത്യൂസ് നായകത്വം വഹിച്ച പൊലീസ് സംഘം വീഴ്ചവരുത്തിയില്ല. അങ്ങനെയാണ് ഒരു കീറക്കടലാസിന്റെ തുമ്പുപിടിച്ച് പൊലീസ് നെയ്യാറ്റിന്‍കരയിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ വീട്ടിലെത്തിയത്. തലേവര്‍ഷത്തെ നോട്ടുബുക്കുകള്‍ വാങ്ങിയ ആക്രിക്കച്ചവടക്കാരനെ കുറിച്ചുള്ള അന്വേഷണമാണ് ഒടുവില്‍ സ്റ്റീഫന്‍ എന്ന പ്രതിയിലേക്കും മോഷ്ടിച്ച വിഗ്രഹത്തിലേക്കും എത്തിച്ചത്. കേരളത്തിലെ പൊലീസുകാര്‍ തീര്‍ത്തും നിര്‍വീര്യമല്ലെന്നതിനുള്ള ചിലതെളിവുകളില്‍ ഒന്നാണിത്. എന്നു കരുതി മൂന്നാം മുറയുമായി ഇറങ്ങി പുറപ്പെടുന്ന പൊലീസുകാര്‍ ഉദയനെയും പാലക്കാട് പുത്തൂര്‍ ഷീല വധക്കേസിലെ സമ്പത്തിനെയും ഉരുട്ടിക്കൊന്നത് മുമ്പും ഇത്തരം കൊലപാതകങ്ങള്‍ക്ക് ചൂട്ടുപിടിച്ചവരാണ് കേരളത്തിലെ പൊലീസുകാരും ഏമാന്മാരും എന്നിരിക്കെ കാന്‍സര്‍ ബാധിച്ചു മരിച്ച ഐ ജി മധുസൂധനനെ മറക്കുമോ? രാജന്‍ എന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയേയും വര്‍ക്കല വിജയനെയും നമുക്ക് എങ്ങനെ മറക്കാനാകും.
പൊലീസിംഗിലെ ഇരട്ടത്താപ്പ് നയത്തെ തന്നെയാണ് ഗീതാനന്ദനും കൂട്ടരും ചോദ്യം ചെയ്യുന്നത് എന്ന് അറിയായ്കയല്ല. ജിഷയുടെ കൊലപാതകത്തിലും അമിര്‍ ഉള്‍ തന്നെയാണ് പ്രതി എന്നു പൊലീസ് പറയുമ്പോള്‍ ചിലരൊക്കെ അവിശ്വാസം രേഖപ്പെടുത്തുന്നുണ്ടെങ്കില്‍ അവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. എന്നു കരുതി സൗമ്യ വധക്കേസില്‍ പിടിയിലായ ഗോവിന്ദച്ചാമിയെ രക്ഷപ്പെടുത്താന്‍ ഇറങ്ങിയ സംഘത്തെയും അത്രയങ്ങ് കണ്ണടച്ചു വിശ്വസിക്കാനും ആകില്ല. പ്രതിക്കുവേണ്ടി ഹാജരായ ആളൂരാന്‍ വക്കീലിനെ മനസിലാക്കാം. പക്ഷേ പൊതുനന്മ, പൊതുജന സേവനം, പീഡിതരുടെ സഹായികള്‍ എന്നൊക്കെ പറഞ്ഞിറങ്ങുന്ന മറ്റു ചിലരുടെ മനസിലിരുപ്പ് എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല.
(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)