UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റെയ്ഡോട് റെയ്ഡ്; ചില ചിന്തകള്‍

Avatar

അഴിമുഖം പ്രതിനിധി

സി ബി ഐ അന്വഷിക്കണമെന്ന ആവശ്യമായി ഹൈക്കോടതിയിൽ എത്തിയ നിരവധി അഴിമതി കേസുകളിൽ കേന്ദ്ര ഏജൻസി മൗനം പാലിക്കുകയോ ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലെന്നു തടസ വാദം ഉയർത്തുകയോ ആണ് സാധാരണ ചെയ്യുന്നത്. ഇതിനെല്ലാം വിരുദ്ധമായി ജേക്കബ് തോമസിനെതിരായ അന്വേഷണത്തിനു തയ്യാറാണെന്നാണ് സിബിഐ ഇപ്പോൾ കോടതിയെ അറിയിച്ചിരിക്കുന്നത്. തെളിഞ്ഞാൽ രണ്ടു ഇൻക്രിമെന്റ് തടയാൻ മാത്രം ഗൗരവമുള്ള കുറ്റം അന്വഷിക്കാനാണ് സേതുരാമയ്യന്മാർ എത്തുന്നത്. `ഒന്നും കാണാതെ കോണ്ടി കുളത്തിൽ ചാടില്ല ` എന്ന പഴമൊഴി പോലെ ഈ അന്വേഷണത്തിലൂടെ സിബിഐ പലതും മനസ്സിൽ കാണുന്നുണ്ട്.

സംസ്ഥാന രാഷ്ട്രീയത്തെ ഉലയ്ക്കുന്ന കേസിലെ ഒരു റോൾ ബിജെപി ഏറ്റെടുക്കുകയാണ്. യുഡിഎഫ് കാലത്തെ മന്ത്രിമാരുടെ അഴിമതി അന്വേഷണം സിബിഐ ഏറ്റെടുത്തു തുടങ്ങിയാൽ ഇപ്പോൾ സമദൂരം പാലിക്കുന്ന കെ എം മാണിയുടെ ബിജെപിയിലേക്കുള്ള ദൂരം കുറയ്ക്കാം. മാണിയെ പേടിപ്പിക്കാനുള്ള ഏറ്റവും നല്ല വടി ജേക്കബ് തോമസ് ആണ്. കാൽമുട്ട് കുത്തിയുള്ള പ്രാർത്ഥന മുഴുവനും ജേക്കബ് തോമസിനെ അന്വഷണ ചുമതലയിൽ നിന്നും മാറ്റണം എന്നതാണ്.

ജേക്കബ് തോമസിനെതിരെ സിബിഐ അന്വഷണത്തിനു കോടതി ഉത്തരവിട്ടാൽ മുൻനിലപാടുകൾ അനുസരിച്ച് അദ്ദേഹം വിജിലൻസ് മേധാവി സ്ഥാനം രാജി വയ്ക്കും. സിബിഐയിൽ ഡിജിപി റാങ്കിലെ ഉദ്യോഗസ്ഥൻ ഈ കേസ് അന്വേഷിക്കാൻ സാധ്യതയില്ലാത്തതിനാൽ സത്യസന്ധ്യമായ അന്വഷണം നടക്കുന്നതിനായി മാറി നിൽക്കുകയാണ് നല്ലത് എന്നു ജേക്കബ് തോമസിനു  ഉൾവിളി ഉണ്ടാകും. ജേക്കബ് തോമസിന് പകരം രാജേഷ് ദിവാനെപ്പോലുള്ളവരെ വിജിലൻസ് ഡയറക്ടർ ആക്കാനാണ് ഭൂരിഭാഗം പേർക്കും താല്പര്യം.

ഇനി കെ എം എബ്രഹാമിലേക്കു വരാം. അഴിമതി കേസിൽ റെയ്ഡ് നടത്തുമ്പോൾ മുൻകൂട്ടി അറിയിച്ചില്ലെന്നു പറഞ്ഞു ജേക്കബ് തോമസിനെതിരെ വാളെടുത്തു നിൽക്കുകയാണ് ഇദ്ദേഹം. റിലയൻസും സഹാറയും പോലുള്ള വൻകുത്തകകൾക്ക് മുന്നിൽ മുട്ടിടിക്കാത്ത നട്ടെല്ലുള്ള ഐഎഎസുകാരൻ എന്നാണ് ഡൽഹിയിൽ എബ്രഹാമിന് പേരുള്ളത്. ഐഎഎസുകാര്‍ സർക്കാർ ജോലി രാജി വച്ച് റിലയൻസിന് വേണ്ടി ജോലി ചെയ്യുമ്പോൾ ഈ ഉദ്യോഗസ്ഥൻ അവർക്കെല്ലാം അതിശയമായിരുന്നു.

കഴിഞ്ഞ സർക്കാരിന്റെ കാലത്തു ധനകാര്യ വകുപ്പിന്റെ ചുമതലയോടൊപ്പം ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും ചുമതല എബ്രഹാമിനായിരുന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി അബ്ദുറബ്ബിനെ തിരുത്താൻ ശേഷിയുള്ള ആളായിരുന്നു അദ്ദേഹം. മന്ത്രി ആവശ്യപ്പെട്ടു എന്നതിന്റെ പേരിൽ ഒന്നും കണ്ണടച്ച് ചെയ്യുകയുമില്ല. സംസ്ഥാനത്തെ കോളേജുകളിൽ പുതിയ തസ്തിക അനുവദിക്കാനും ഒഴിവുള്ളതു നികത്താനും അബ്ദുറബ് തീരുമാനിച്ചെങ്കിലും എബ്രഹാം അതും അട്ടിമറിച്ചു. മുസ്‌ലിം ലീഗാണ് പാർട്ടി എങ്കിലും അബ്ദുറബ്, പികെ കുഞ്ഞാലിക്കുട്ടിക്ക് അത്രയ്ക്ക് താല്പര്യമില്ലാത്ത ആളാണ്. റബ്ബിന്റെ പിടി അങ്ങ് പാണക്കാട് ആയതിനാൽ കുഞ്ഞാലിക്കുട്ടിക്ക് ഒന്നും ചെയ്യാനും കഴിയില്ല. ഉമ്മൻ ചാണ്ടി ആകട്ടെ കുഞ്ഞാലിക്കുട്ടിയുടെ താല്പര്യം മാത്രമാണ് സംരക്ഷിച്ചത്. ഇത്തരം ഉൾപ്പാർട്ടി രാഷ്ട്രീയം ഇഴകീറി പഠിച്ചയാളാണ് എബ്രഹാം.

ഉമ്മൻചാണ്ടിയുടെയും സഭയുടെയും നിർലോഭമായ പിന്തുണ ഉണ്ടായിരുന്നതിനാൽ എബ്രഹാം കഴിഞ്ഞ മന്ത്രിസഭയിലെ സർവ ശക്തനായിരുന്നു. ഇത്രയും ശക്തനായ മുതിർന്ന  ഐഎഎസ് ഉദ്യോഗസ്ഥൻ എന്തുകൊണ്ട് കേരളത്തെ തീറെഴുതിയ കടുംവെട്ടു ക്യാബിനറ്റ് തീരുമാനങ്ങള്‍ക്കെതിരെ ശബ്ദമുയർത്താതിരുന്നതാണ് പിണറായിക്ക് എബ്രഹാമിൽ മതിപ്പു കുറയാൻ കാരണം. ജനാധിപത്യം വസ്ത്രാക്ഷേപം ചെയ്യുമ്പോൾ മൗനം പാലിച്ച ഭീഷ്മരെപോലെ അദ്ദേഹം മൗനിയായി.

എബ്രഹാമിനെ ധനകാര്യവകുപ്പ് സെക്രട്ടറിയാക്കാൻ പിണറായിക്കു തരിമ്പും താത്പര്യമുണ്ടായിരുന്നില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് സുപ്രധാന ചുമതല ഏൽപ്പിക്കുന്നത്.

സത്യസന്ധൻ എന്ന് ഉറച്ച വിശ്വാസം ഉണ്ടെങ്കിൽ പറയാതെ വീട്ടിൽ എത്തി പരിശോധന നടത്തി എന്നൊന്നും പുലമ്പാതെ അന്വഷണം അന്വഷണ സംഘവുവുമായി സഹകരിക്കുകയാണ് എബ്രഹാമും കൂട്ടരും ചെയ്യേണ്ടത്. 

പിൻകുറിപ്പ്: റെയ്ഡ് വിവരം മുന്നറിയിപ്പില്ലാതെയാണെന്ന്… ശ്ശൊ മോശമായിപ്പോയി….അടുത്ത തവണ റെയ്ഡാൻ വരുമ്പോ ഒരാഴ്ച്ച മുന്നേ അറിയിച്ചേക്കാം… വേണേ വരണ വിവരമറിയിക്കാൻ ചെണ്ടമേളോം നടത്താം…. വിളിച്ച് പറഞ്ഞാൽ ഫലം കുറയുമെന്ന് അറിയരുതോ? (കടപ്പാട് : ലല്ലു ശശിധരൻ പിള്ളയുടെ ഫേസ്‌ബുക് പോസ്റ്റ് )

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍