UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കലാഭവന്‍ മണിയുടെ മരണം: അന്വേഷണം സിബിഐ ഏറ്റെടുത്തു

നേരത്തെ കേസന്വേഷണം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്നാണ്‌ സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്ന്

കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐ ഇന്‍സ്‌പെക്ടര്‍ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് ഏറ്റെടുത്തിരിക്കുന്നത്. ചാലക്കുടിയില്‍ എത്തിയ അന്വേഷണ സംഘം ചാലക്കുടി സിഐയുടെ പക്കല്‍ നിന്നും മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ ഫയലുകള്‍ കൈപ്പറ്റുകയും ചെയ്തു.

മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് കഴിഞ്ഞദിവസമാണ് കോടതി ഉത്തരവിട്ടത്. മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. നേരത്തെ കേസന്വേഷണം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്നാണ്‌ സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്ന്. കരള്‍ രോഗമാണ് മണിയുടെ മരണകാരണമെന്നും സിബിഐ കോടതിയെ അറിയിച്ചു. അത് തള്ളിയാണ് ഒരുമാസത്തിനകം അന്വേഷണം ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.

രാമകൃഷ്ണന്‍ നേരത്തെ മരണത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതോടെ അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു. ഡിജിപി ലോക്‌നാഥ് ബഹ്ര സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര സെക്രട്ടരി ഇതുസംബന്ധിച്ച് വിജ്ഞാപനവും പുറത്തിറക്കി.

അന്വേഷണത്തിനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് കൈമാറുകയും ചെയ്തു. എന്നാല്‍ കേസേറ്റെടുക്കില്ലെന്നാണ് സിബിഐ സ്വീകരിച്ച നിലപാട്. ഇതിനെത്തുടര്‍ന്നാണ് രാമകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചത്. കലാഭവന്‍ മണിയുടെ കുടുംബം ഏപ്രില്‍ ആദ്യം കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ട് ആവശ്യം ഉന്നയിക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ആറിനാണ് മണി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ചാലക്കുടി പുഴയോരത്തെ ഔട്ട് ഹൗസായിരുന്ന പാടിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മണിയെ സുഹൃത്തുക്കളും സഹായികളും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മണിയുടെ ആന്തരികാവയവത്തില്‍ കീടനാശിനിയുടെയും വ്യാജമദ്യത്തിന്റെയും സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. കാക്കനാട് നടന്ന രാസപരിശോധനയിലാണ് ഇത്.

അതേസമയം ഹൈദ്രാബാദിലെ കേന്ദ്രലാബില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ കീടനാശിനിയുടെ സാന്നിധ്യം തള്ളി. മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളും നടന്മാരുമായ ജാഫര്‍ ഇടുക്കി, സാബു എന്നിവര്‍ക്കും മറ്റ് സുഹൃത്തുക്കള്‍ക്കുമെതിരെ രാമകൃഷ്ണന്‍ സംശയം ഉന്നയിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍