UPDATES

സിബിഐയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കോടതിയില്‍

അഴിമുഖം പ്രതിനിധി

സിബിഐയ്ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുവാന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. സിബിഐയിലെ ഉദ്യോഗസ്ഥരുടെ നടപടി മൂലം സംസ്ഥാന സര്‍ക്കാരിന് 10 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുള്ളതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ്റുഹൗസുകളില്‍ കേസന്വേഷണത്തിനായി സിബിഐ ഉദ്യോഗസ്ഥര്‍ താമസിച്ച വകയില്‍ കേരള സര്‍ക്കാരിന് ലഭിക്കേണ്ട വാടകയില്‍ നഷ്ടം സംഭവിച്ചു എന്നാണ് പരാതി. ഇതിനെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്മേല്‍ അന്വേഷണം നടത്തിയ എറണാകുളം സ്പെഷ്യല്‍ സെല്‍ വിജിലന്‍സ് വിഭാഗം സര്‍ക്കാരിന്റെ നഷ്ടം കണ്ടെത്തുകയും സിബിഐ യില്‍ നിന്നും തുക ഈടാക്കുവാന്‍ നടപടിയെടുക്കാവുതാണെന്നും കാണിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജിക്കാരന്‍ കേസ്സിലേക്ക് ആവശ്യമായ കൂടുതല്‍ രേഖകള്‍ ഹാജരാക്കി. തുടര്‍ന്ന് കൂടുതല്‍ പ്രതികളെ ഉള്‍പ്പെടുത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ ഹര്‍ജി നല്‍കി. പിഡബ്ല്യൂഡി മുന്‍ സെക്രട്ടറി ടി.ഒ. സൂരജ്, മുന്‍ ആഭ്യന്തര സെക്രട്ടറി നിവേദിത പി ഹരന്‍, പിഡബ്ല്യൂഡി മുന്‍ സെക്രട്ടറി, എ.പി.എ. മുഹമ്മദ് ഹനീഫ്, മുന്‍ എറണാകുളം ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം, പിഡബ്ല്യൂഡി ചീഫ് എന്‍ജിനീയര്‍ എം. പെണ്ണമ്മ, എറണാകുളം പിഡബ്ല്യൂഡി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ ടി ബിന്ദു, സിബിഐ ഡിവൈ.എസ്.പി. പ്രേമകുമാര്‍, സിബിഐ എസ്.പി. ജോസ് മോന്‍ തുടങ്ങിയവരെയും പ്രതിസ്ഥാനത്ത് ചേര്‍ത്ത് അന്വേഷണം നടത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ഹര്‍ജിയില്‍ വിശദമായ വാദം കേട്ട വിജിലന്‍സ് കോടതി സ്പെഷ്യല്‍ ജഡ്ജി പി മാധവന്‍ ഒക്ടോബര്‍ 20 ന് കേസ് വിധി പറയാന്‍ മാറ്റി. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍