UPDATES

എന്‍ജിഒകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നീക്കം ശക്തമാക്കുന്നു

അഴിമുഖം പ്രതിനിധി

സര്‍ക്കാരിതര സംഘടനകള്‍ക്കെതിരായ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടരുന്നു. ഏകദേശം 9000 എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം തീരുമാനിച്ചു. നേരത്തെ ഗ്രീന്‍പീസ് ഇന്ത്യയുടെ എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും ഫോര്‍ഡ് ഫൗണ്ടേഷനെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതനനുസരിച്ച് മുന്‍കൂര്‍ അനുമതിയി്ല്ലാതെ ഇനി പ്രാദേശിക സംഘങ്ങള്‍ക്ക് ഫോര്‍ഡ് ഫൗണ്ടേഷന്റെ ഫണ്ടുകള്‍ സ്വീകരിക്കാനാവില്ല. 

നിയമങ്ങള്‍ പാലിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് 8,975 എന്‍ജിഒകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ വിശദീകരിക്കുന്നു. 2009 മുതല്‍ 2012 വരെയുള്ള വരവ്-ചിലവ് കണക്കുകള്‍ സമര്‍പ്പിക്കാന്‍ 10,343 എന്‍ജിഒകളോട് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 229 അസോസിയേഷനുകള്‍ മാത്രമാണ് ഇതിനോട് പ്രതികരിച്ചതെന്ന് മന്ത്രാലയം വിശദീകരിക്കുന്നു. വിദേശ സംഭാവന നിയന്ത്രണ ചട്ടങ്ങള്‍ പ്രകാരം ഓരോ വര്‍ഷവും ലഭിക്കുന്ന സംഭാവനയുടെ സ്രോതസിനെ കുറിച്ചും അവ എന്തിന് വേണ്ടി ചിലവഴിക്കുന്നു എന്നതിനെ കുറിച്ചുമുള്ള കണക്കുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടതുണ്ട്. 

ഊര്‍ജ്ജ പദ്ധതികള്‍, ഖനനം, ജനിതക മാറ്റം വരുത്തിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയ്‌ക്കെതിരെ പ്രചാരണം നടത്തുന്നതിലൂടെ എന്‍ജിഒകളും മറ്റ് സന്നദ്ധ സംഘടനകളും രാജ്യത്തിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്നതായി കഴിഞ്ഞ വര്‍ഷം ഇന്റലിജന്‍സ് ബ്യൂറോ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരം സംഘടനകള്‍ക്കെതിരെ തിരിഞ്ഞത്. ഇതിന്റെ ഭാഗമായി ഗ്രീന്‍പീസ് ഇന്ത്യ പ്രവര്‍ത്തക പ്രിയ പിള്ളയെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത് വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഏത് തരത്തിലുള്ള എതിര്‍പ്പുകളെയും നിശബ്ദമാക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണ് പുതിയ തീരുമാനങ്ങളെന്ന ആരോപണം ശക്തമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍