വിഴിഞ്ഞത്ത്തിന്റെ ഭാവി സംസ്ഥാന സര്‍ക്കാരിന്റെ കൈയ്യിലാണ്, സര്‍ക്കാരിന് ഈ വിഷയത്തില്‍ എത്രത്തോളം താത്പര്യം ഉണ്ടെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കേട്ടിടത്തോളം വളരെ താത്പര്യം കുറവാണ്. പുതുതായി വന്ന സര്‍ക്കാര്‍ ഇതുവരേയ്ക്കും വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ പ്രത്യേക താത്പര്യം പ്രകടിപ്പിച്ചു കണ്ടില്ല.
അതുകൊണ്ട് 12 പോര്‍ട്ടുകള്‍ നടത്തി അനുഭവ പരിജ്ഞാനമുള്ള കേന്ദ്ര സര്‍ക്കാര്‍ വളരെ ശക്തമായിട്ട് അവരുടെ പ്രോജക്റ്റുകള്‍ മുന്നോട്ടു കൊണ്ടുപോകും. കുളച്ചല്‍ അദാനിയാണോ ഏറ്റെടുക്കുക എന്നറിയില്ല.വലിയ ഒരു പ്രോസ്സസ് വഴിയാണ് ഒരു കമ്പനിയെ തെരഞ്ഞെടുക്കുക. അങ്ങനെ ഒരു പ്രോസ്സസ്സും തുടങ്ങാതെ കേന്ദ്രസര്‍ക്കാര്‍ ഒരു കമ്പനിയെ ഇക്കാര്യം ഏല്‍പ്പിച്ചു എന്നുള്ളത് വിശ്വാസയോഗ്യമല്ല. അഥവാ അങ്ങനെ ഏല്‍പ്പിച്ചു കൊടുത്തിട്ടുണ്ടെങ്കില്‍ രണ്ടു തരത്തില്‍ ഇതിനെ കാണാന്‍ സാധിക്കും. രണ്ടു പ്രോജക്റ്റും നന്നായി ചെയ്യാന്‍ പറ്റുന്ന ഒരു ഇന്‍വെസ്റ്റര്‍ ആണ് അദാനി. അതുകൊണ്ട് രണ്ടും നന്നാവാനോ അല്ലെങ്കില്‍ നശിക്കാനോ സാധ്യതയുണ്ട്.
കുളച്ചല്‍ തുറമുഖം വരികയാണെങ്കില്‍ സര്‍ക്കാരിന്റെ പരിചയക്കുറവു കാരണം ഒരുപക്ഷെ വിഴിഞ്ഞത്തിനു തിരിച്ചടികള്‍ ഉണ്ടായേക്കാം. നമുക്ക് ഉള്ള ഒരു പ്രധാന പ്രശ്നം ഭൂമി കുറവാണ് എന്നതാണ്. പോര്‍ട്ടിന് ധാരാളം ഭൂമി ആവശ്യമാണ്. കുളച്ചല്‍ അങ്ങനെയൊരു പ്രശ്നമില്ല. വ്യവസായങ്ങള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന ഒരു സംസ്ഥാനമാണ് തമിഴ്നാട് എന്ന് നമുക്കറിയാം. കേരളത്തെക്കുറിച്ചാണെങ്കില്‍ ഒരു നെഗറ്റീവ് ചിത്രമാണ് നിലവിലുള്ളത്. അത്തരത്തിലുള്ള താരതമ്യം ചെയ്യപ്പെടലില്‍ കേരളം തള്ളപ്പെടും. എന്നാല്‍ ഒന്ന് കേന്ദ്രത്തിന്‍റേതും മറ്റൊന്ന് സംസ്ഥാനത്തിന്‍റേതും ആയതിനാല്‍ ആ താരതമ്യം ചെയ്യല്‍ ആവശ്യമില്ല.
(അഴിമുഖം പ്രതിനിധി നിതിന്‍ അംബുജന്‍ ഏലിയാസ് ജോണുമായി സംസാരിച്ച് തയ്യാറാക്കിയത്)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)