UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സദാചാര പോലീസിംഗ്, കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാല വക

Avatar

ഉണ്ണികൃഷ്ണന്‍ വി

ഫറൂഖ് കോളേജിനും സിഇടിയ്ക്കും പിന്നാലെ കാസര്‍ഗോഡ് കേന്ദ്രസര്‍വ്വകലാശാലയിലും വിദ്യാര്‍ത്ഥികള്‍ക്കു നേരെ സദാചാരപോലീസുകാരുടെ പിടി വീണിരിക്കുകയാണ്. ലിംഗവിവേചനപരമായ നടപടികളും ഫാസിസ്റ്റ് നിലപാടുകളും കൊണ്ട് കേന്ദ്ര സര്‍വ്വകലാശാലയും ഒട്ടും മോശമല്ല എന്നു തെളിയിക്കുന്നു. തികച്ചും ഏകാധിപത്യപരമായ നിലപാടുകളിലൂടെ വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കുകയാണ് കേന്ദ്രസര്‍വ്വകലാശാല അധികൃതര്‍. സ്ത്രീസുരക്ഷ എന്ന പുകമറ സൃഷ്ടിച്ചുകൊണ്ട് അവര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് തികച്ചും ലിംഗവിവേചനപരമായ നടപടികളാണ്.

ലിംഗവിവേചനപരമായ നടപടികള്‍ അവിടെ പുതുമയല്ലെങ്കിലും ഇപ്പോഴത്തെ പ്രശ്നങ്ങളുടെ തുടക്കം കഴിഞ്ഞ മാസം 27 മുതല്‍ 29 വരെ നടന്ന യൂണിവേഴ്‌സിറ്റി കലോത്സവ ദിനങ്ങളിലാണ്. പരിപാടിയുടെ അവസാന ദിവസം 9.30നു മുന്‍പ് ഹോസ്റ്റലില്‍ കയറണമെന്നായിരുന്നു വിദ്യാര്‍ത്ഥികള്‍ക്കു ലഭിച്ച അന്ത്യശാസനം. കൂടാതെ കലോത്സവത്തിന്റെ അവസാന ദിവസം രാത്രി 9 മണിയോടെ പരിപാടി അവസാനിപ്പിക്കാന്‍ കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ വിദ്യാര്‍ത്ഥികളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയുണ്ടായി. എന്നാല്‍ പരിപാടികളുടെ ബാഹുല്യം കാരണം കോര്‍ഡിനേറ്ററുടെ ആവശ്യം വിദ്യാര്‍ത്ഥികള്‍ക്കു നിരസിക്കേണ്ടി വന്നു.

തുടര്‍ന്ന് ഇടപെട്ടത് പോലീസായിരുന്നു. വൈസ് ചാന്‍സലര്‍ ആവശ്യപ്പെട്ടതു കാരണമാണ് തങ്ങള്‍ ക്യാമ്പസിലെത്തിയത് എന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയപ്പോഴാണ് സംഭവത്തിന്‍റെ ഗൌരവം വിദ്യാര്‍ത്ഥികള്‍ക്കു മനസ്സിലായത്. ചര്‍ച്ച നടത്തുകയോ അറിയിപ്പു നല്‍കുകയോ ചെയ്യാതെ, യാതൊരു വിധ ക്രമസമാധാന പ്രശ്നവുമില്ലാതിരുന്ന അവസരത്തില്‍ പോലീസിനെ വിളിച്ചു വരുത്തിയ നടപടി വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പു പിടിച്ചു വാങ്ങുകയായിരുന്നു. തങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിച്ച നടപടിക്കെതിരെ പ്രതിഷേധിക്കാന്‍  ഹോസ്റ്റലിലേക്കു പോകാന്‍ കൂട്ടാക്കാതെ അന്നു രാത്രി മുഴുവന്‍  കാമ്പസില്‍ കഴിച്ചുകൂട്ടാനും അവര്‍ തീരുമാനിച്ചു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങിയ മുന്നൂറോളം  വിദ്യാര്‍ത്ഥികള്‍ പിറ്റേന്നു പുലര്‍ച്ചെ വരെ പ്രതിഷേധ സൂചകമായി കുത്തിയിരിപ്പു സമരം നടത്തുകയും ചെയ്തു.

എന്നാല്‍ സുരക്ഷയെന്നു മുറവിളി കൂട്ടുന്ന സര്‍വ്വകലാശാല അധികൃതര്‍ സംഭവസ്ഥലത്തെക്ക് തിരിഞ്ഞു നോക്കിയതുപോലുമില്ല. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കേണ്ട സര്‍വ്വകലാശാല രജിസ്ട്രാറോ, ഡീനോ മറ്റുദ്യോഗസ്ഥരോ സന്നിഹിതരാകതെയാണ് പോലീസിനെ കാമ്പസിലേക്ക് വിളിച്ചു വരുത്തിയത്. കൂടാതെ കാമ്പസില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കായി ഒരു സംവിധാനവും അവര്‍ ഏര്‍പ്പാടാക്കിയുമില്ല. ഇതോടെ സുരക്ഷയ്ക്ക് വേണ്ടിയാണ് പുതിയ നിയന്ത്രണങ്ങള്‍ എന്നുള്ള സര്‍വ്വകലാശാലയുടെ വാദം പൊളിയുകയാണ്.

തുടര്‍ന്ന് രജിസ്ട്രാര്‍ തികച്ചും ലിംഗവിവേചനപരവും തരം താണതുമായ ഒരു നടപടിക്കു മുതിരുകയായിരുന്നു. കുത്തിയിരിപ്പു സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനികളുടെ വീട്ടിലേക്കു മാത്രം സര്‍വ്വകലാശാലയില്‍ നിന്നും കത്തുകള്‍ അയച്ചു. യൂണിവേഴ്‌സിറ്റി കലോത്സവത്തിന്റെ അവസാനദിനം  അനുവദിക്കപ്പെട്ട സമയത്ത് ഹോസ്റ്റലില്‍ തിരിച്ചെത്തിയില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അത്. രാത്രി  9.30നു മുമ്പ് ഹോസ്റ്റലില്‍ തിരിച്ചെത്തണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നിട്ടും പിറ്റേന്നു രാവിലെയാണ് അവര്‍ ഹോസ്റ്റലില്‍ എത്തിയത് എന്ന അപരാധത്തിന്റെെ തുടര്‍ശിക്ഷാ നടപടിയായി നോട്ടീസ് കൈപ്പറ്റി 10 ദിവസത്തിനുള്ളില്‍ സര്‍വകലാശാല രജിസ്ട്രാറെ കാണാനാണ് വിദ്യാര്‍ത്ഥിനികളുടെ മാതാപിതാകള്‍ക്കുള്ള നിര്‍ദ്ദേശം.

ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിക്കഴിഞ്ഞു. രക്ഷിതാക്കള്‍ക്ക്‌ അയച്ച നോട്ടീസില്‍ വസ്തുതാപരമായ പിശകുകളുണ്ടെന്നും യഥാര്‍ത്ഥ വിവരങ്ങളെ മറച്ചുവെച്ചിരിക്കുകയാണെന്നും സര്‍വ്വകലാശാല സ്റ്റുഡന്റ്റ്സ് കൌണ്‍സില്‍ പാസ്സാക്കിയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പോലീസുമായി സംസാരിച്ച്  പത്തരയോടു കൂടി കലാപരിപാടികള്‍  അവസാനിപ്പിക്കാന്‍ തീരുമാനമായതായും പ്രമേയത്തില്‍ പറയുന്നുണ്ട്. ക്യാമ്പസില്‍ പ്രതിഷേധം നടന്നുവെന്ന കാര്യവും മൂന്നൂറോളം വിദ്യാര്‍ത്ഥികള്‍ അതില്‍ പങ്കെടുത്തിരുന്നു എന്ന കാര്യവും വ്യക്തമാക്കാതെയാണ് രക്ഷിതാക്കള്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത് . വാര്‍ഡനും പോലീസും നിര്‍ബന്ധിച്ചിട്ടും ഹോസ്റ്റലില്‍ കയറാന്‍  തയ്യാറായില്ല എന്നുള്ള വാദവും ശുദ്ധ അസംബന്ധമാണെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നു. തങ്ങളോടു വിശദീകരണം ചോദിക്കാതെ രക്ഷിതാക്കള്‍ക്ക്‌  നോട്ടീസ് അയച്ച സര്‍വ്വകലാശാലയുടെ നടപടിയെയും പ്രമേയം വിമര്‍ശിക്കുന്നുണ്ട്.

നിലവില്‍ വന്ന് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും സ്ഥിരമായ ഒരു കെട്ടിടം പോലുമില്ലാത്ത ഈ സര്‍വ്വകലാശാലയില്‍ നടക്കുന്നത് കെടുകാര്യസ്ഥതയുടെ അഴിഞ്ഞാട്ടമാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഹോസ്റ്റലുകളില്‍ മറ്റെങ്ങുമില്ലാത്ത നിയമങ്ങളും ഇവര്‍ക്കായി അധികൃതര്‍ ചമച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ എപ്പോള്‍ റൂമിലെ ലൈറ്റ് അണയ്ക്കണം, എത്ര ഉറക്കെ സംസാരിക്കണം, എത്ര ഉറക്കെ ചിരിക്കണം, ഏതു വസ്ത്രം ധരിക്കണം എന്നുവരെയുള്ള നിയമങ്ങള്‍ക്കുള്ളിലാണ് അവരുടെ ഹോസ്റ്റല്‍ ജീവിതം. സെക്യൂരിറ്റി മുതല്‍ കുക്ക് വരെ ഇവിടെ നിയമനിര്‍മ്മാതാക്കളാവുന്നു. അതൊന്നും പോരാതെ സര്‍വ്വകലാശാലയുടെ വിദ്യാര്‍ത്ഥിവിരുദ്ധ നിലപാടുകളോടു പ്രതികരിക്കുന്നവരെ തിരഞ്ഞുപിടിച്ച് പീഡിപ്പിക്കുന്നത്തിലും ഇവര്‍ തന്ത്രങ്ങള്‍ മെനയുന്നു. വര്‍ഗ്ഗീയ ഫാസിസ്റ്റ് നിലപാടുകളുമായി കേരളത്തിന്‍റെ വിദ്യാഭ്യാസ ചരിത്രത്തിനു തന്നെ കളങ്കം ചാര്‍ത്തിയ ഫാറൂഖ് കോളേജ് മാനേജ്മെന്റ്റും കാസര്‍ഗോഡ് കേന്ദ്രസര്‍വ്വകലാശാലയും പെണ്‍കുട്ടികളെ തളച്ചിടാന്‍ നിയമക്കുരുക്കുകള്‍ ഒരുക്കിയ സിഇടിയും തമ്മില്‍ അന്തരമൊന്നുമില്ല എന്നുള്ളത് പകല്‍പോലെ വ്യക്തമാവുകയാണ്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍