UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാസര്‍കോഡ് കേന്ദ്ര സര്‍വകലാശാല ഭരിക്കുന്നത് രാഖി കെട്ടിയ കൈകളോ?

Avatar

രാകേഷ് നായര്‍

കേരളത്തില്‍ സ്ഥിതി ചെയ്യുന്ന ഏക കേന്ദ്ര സര്‍വകലാശാലയായ കാസര്‍ഗോഡ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള (സിയുകെ)യില്‍ സംഘ പരിവാര്‍ രാഷ്ട്രീയം പിടിമുറുക്കുകയാണോ? സമീപകാലത്തായി ഈ സര്‍വകലാശാലയുടെ കാമ്പസുകളില്‍ നടക്കുന്ന പലതും ഇത്തരമൊരു സംശയത്തിലേക്ക് വിരല്‍ ചൂണ്ടുകയാണെന്ന ആശങ്ക പങ്കുവയ്ക്കുകയാണ് വിദ്യാര്‍ത്ഥികള്‍. മതാധിപത്യത്തിന്റെ സദാചാരനിയമങ്ങള്‍ അടങ്ങിയ സിലബസുകള്‍ സി യു കെയിലും വിദ്യാര്‍ത്ഥികളുടെ മേല്‍ അടിച്ചേല്‍പ്പിച്ചു തുടങ്ങിയിരിക്കുകയാണ്. പ്രത്യക്ഷത്തില്‍ തന്നെ ഈ അപകടത്തിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയതോടെ, ഇതുവരെ യൂണിവേഴ്‌സിറ്റിയുടെ പല പരിമിതികളോര്‍ത്തും മൗനം പാലിച്ചിരുന്ന വിദ്യാര്‍ത്ഥിസമൂഹം പ്രതികരണങ്ങളുമായി രംഗത്തുവന്നു കഴിഞ്ഞു. പതിവുപോലെ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന നടപടികളുമായി എവിടെത്തേയുമെന്നപോലെ സര്‍വകലാശാല അഡ്മിനിസ്‌ട്രേഷന്‍ എതിര്‍പക്ഷത്തു നിലയുറപ്പിച്ചു.

2009 ല്‍ പാസാക്കിയ ദി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ആക്ട് പ്രകാരം രാജ്യത്ത് പുതുതായി ആരംഭിച്ച 15 കേന്ദ്ര യൂണിവേഴ്‌സിറ്റിയില്‍ ഒന്നാണ് കാസര്‍ഗോഡ് പെരിയയില്‍ പ്രധാന കാമ്പസായി സ്ഥാപിതമായ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള. കാസര്‍ഗോഡ് വിദ്യാനഗര്‍, പട്ടണക്കാട്, തിരുവനന്തപുരം, തിരുവല്ല എന്നിവിടങ്ങളിലായാണ് മറ്റു കാമ്പസുകള്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടെ പ്രയോജനം നിസ്തുലമാണെങ്കിലും നിര്‍ഭാഗ്യകരമായ പലതും ഇവിടെ നടക്കുന്നു എന്നത് ഭയത്തോടെ മാത്രമെ കാണാന്‍ കഴിയൂ. സ്ഥാപിതമായിട്ട് ഏഴുവര്‍ഷം പിന്നിട്ടിട്ടും ഇതുവരെ കാമ്പസില്‍ സ്വന്തമായൊരു കെട്ടിടം പോലും സ്ഥാപിക്കാന്‍ കഴിയാതെ, ഇപ്പോഴും വാടക കെട്ടിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടി വരുന്ന അവസ്ഥ നിലനിര്‍ത്തുന്ന യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് എന്നാല്‍ തങ്ങളുടെ നിയമങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ഉത്സാഹം അത്ഭുതപ്പെടുത്തുന്നതാണ്.

സിയുകെയില്‍ അതിന്റെ ആരംഭകാലത്തുണ്ടായിരുന്ന സഹിഷ്ണുതാപരമായ കാലാവസ്ഥയില്‍ വ്യതിയാനം ഉണ്ടാകുന്നത് കേന്ദ്രത്തില്‍ ഭരണം മാറുന്നതോടെയാണ്. ഇന്ത്യയിലാകമാനം അക്കാദമിക് രംഗങ്ങളില്‍ ഉണ്ടായ രാഷ്ട്രീയനിറം മാറ്റം സിയുകെയിലും പ്രതിഫലിച്ചു തുടങ്ങുകയായിരുന്നു. മാസങ്ങള്‍ക്കു മുമ്പ് കാമ്പസിനകത്ത് പുതുതായി നിര്‍മിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെ ഭൂമി പൂജ നടക്കുന്നതോടെ അന്തരീക്ഷത്തിന്റെ നിറം മാറ്റം വിദ്യാര്‍ത്ഥികള്‍ക്ക് സ്പഷ്ടമായി. ഭൂമി പൂജപോലൊന്ന് ഒരു സര്‍വകലാശലയില്‍ നടക്കുന്നത് ഏതുതരം അജണ്ടയുടെ ഭാഗമായിട്ടാണെന്നു വ്യക്തമായ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തി. വൈസ് ചാന്‍സലറുടെയും അഡ്മിനിസ്‌ട്രേഷന്‍ ബോഡിയുടെയും അപ്രീതി പിടിച്ചുപറ്റുന്ന തരത്തിലേക്ക് ആ പ്രതിഷേധം ഉയരുകയും ചെയ്തു.

നിര്‍മാണോദ്ഘാടന ചടങ്ങിലേക്ക് ജനപ്രതിനിധികള്‍ക്കൊപ്പം ക്ഷണിക്കപ്പെട്ട ഒരു വിശിഷ്ട വ്യക്തിയുടെ സാന്നിധ്യവും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സംസാരവിഷയമായി. ഏതെങ്കിലുമൊരു ബോഡിയിലെ ഇലക്ട്രല്‍ മെംബറോ, കാസര്‍ഗോഡ് ജില്ലക്കാരനോ അല്ലാത്ത ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനായിരുന്നു ആ വിശിഷ്ടവ്യക്തി. ഒരു പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എന്നതില്‍ കവിഞ്ഞ് എന്ത് പ്രത്യേകതയാണ് വി മുരളീധരനെ കേന്ദ്രസര്‍വകലാശലയിലെ ഒരു ചടങ്ങിലേക്ക് ക്ഷണിക്കാന്‍ ഉള്ളതെന്നു വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നു. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവ് എന്നതോ? കോടിയേരി ബാലകൃഷ്ണനോ വി എം സുധീരനോ പാണക്കാട് തങ്ങള്‍ക്കോ ഇല്ലാതെപോയ മുന്‍ഗണന മുരളീധരന് കൈവന്നത് സിയുകെയിലെ ചടങ്ങ് ഒരു പ്രത്യേക രാഷ്ട്രീയത്തിന്റെ വാഹകര്‍ സംഘടിപ്പിക്കുന്നത് ആയതുകൊണ്ടാണോ? അന്നവിടെ സ്ഥാപിച്ച ശിലാഫലകത്തില്‍ വൈസ് ചാന്‍സിലര്‍ ജി ഗോപകുമാറിന്റെ പേരിന്റെ മുകളിലായി വി മുരളീധരന്‍ എന്നു കൊത്തിവച്ചിട്ടുണ്ട്. എന്തിനു വേണ്ടി? ഗോപകുമാറിന് വി സി സ്ഥാനം നേടിക്കൊടുത്തതിന്റെ ഉപകാരസ്മരണയ്‌ക്കോ? സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ നോമിനി അല്ലേ? വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങളും സംശയങ്ങളും നീളുകയാണ്.

മുരളീധരന്‍ വി സി ദ്വയത്തില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല, സിയുകെയുടെ കാവി ബന്ധം. ഇവിടെ പലപ്പോഴും ബിജെപിക്കാരുടെ വാഹനങ്ങള്‍ വന്നുപോകാറുണ്ട്. ആരംഭകാലങ്ങളില്‍ ഉണ്ടായിരുന്ന അന്തരീക്ഷമല്ല ഇപ്പോള്‍ സിയുകെ കാമ്പസുകളില്‍ ഉള്ളിലുള്ളത്. രാഖി കെട്ടിയ കൈകളാണ് പ്രൊഫസര്‍മാരുടെയും സ്റ്റാഫുകളുടെയും ഇടയില്‍ കൂടുതല്‍. വി സി പോലും തുടക്ക സമയത്ത് കാണിച്ചിരുന്ന സഹിഷ്ണുത ഇപ്പോള്‍ മാറ്റിവച്ചിരിക്കുന്നു. പുതിയതായി നടന്ന അഡ്മിനിസ്‌ട്രേഷന്‍ റിക്രൂട്ട്‌മെന്റിനുശേഷമാണ് എല്ലാം തകിടം മറയുന്നത്. പുതിയതായി വന്നവര്‍ക്കെല്ലാം കൃത്യമായ അജണ്ടകളുള്ളവരെപോലെയാണ് പെരുമാറുന്നത്. ടെമ്പററി പോസ്റ്റിലെത്തുന്ന അധ്യാപകരില്‍ അധികവും ബിജെപി-ആര്‍ എസ് എസ് ബന്ധമുള്ളവരാണ്. ഈ മാറ്റങ്ങളൊക്കെ കാമ്പസിനകത്ത് കാണാം; പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വിദ്യാര്‍ത്ഥി പറയുന്നു.

അഡ്മിനിസ്‌ട്രേഷന്റെ തീരുമാനങ്ങള്‍ പലതും ജനാധിപത്യവിരുദ്ധമായിട്ടും അതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നില്ല എന്നതിന് കാരണം കാമ്പസിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അഭാവമാണ്. യൂണിവേഴ്‌സിറ്റിയുടെ ബൈലൊ രൂപീകരണത്തില്‍ തന്നെ കാമ്പസുകളെ അരാഷ്ട്രീയവത്കരിക്കുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ തിരുകി കയറ്റിയിരുന്നു. സിയുകെയില്‍ ഉള്ളത് സ്റ്റൂഡന്‍സ് കൗണ്‍സില്‍ ആണ്. നാല്‍പ്പതംഗ കൗണ്‍സിലില്‍ 20 പേരെ അഡ്മിനിസ്‌ട്രേറ്റീവ് സൈഡില്‍ നിന്ന് റെക്കമന്‍ഡ് ചെയ്യുകയാണ്. പകുതിപ്പേര്‍ക്കുമാത്രമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏതെങ്കിലും സ്ഥാനത്തേക്കായി ആര്‍ക്കും മത്സരിക്കാന്‍ സാധിക്കില്ല. ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്നയാള്‍ ചെയര്‍മാന്‍, അതിനടുത്ത് വോട്ടുകിട്ടുന്നവര്‍ക്ക് പിന്നാലെയുള്ള സ്ഥാനങ്ങള്‍ എന്ന രീതിയാണ് അവലംബിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ പ്രായപരിധി 25 വയസായി നിജപ്പെടുത്തിയിരിക്കുന്നു. ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പ് നടക്കുന്നില്ല എന്നതുകൊണ്ടു തന്നെ അംഗീകൃത വിദ്യാര്‍ത്ഥി രാഷ്ട്രീയപ്രസ്ഥാനങ്ങളൊന്നും തന്നെ സിയുകെ കാമ്പസില്‍ പ്രവര്‍ത്തിക്കുന്നില്ല. കോളേജ് അധികാരികളെ സംബന്ധിച്ച് വിദ്യാര്‍ത്ഥി രാഷ്ട്രീയം കാമ്പസില്‍ ശക്തിപ്പെടാതിരിക്കുന്നത് സൗകര്യമാണ്. എതിര്‍പ്പുകള്‍ക്ക് ശക്തി കുറയും. ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ യൂണിറ്റ് വന്നാലും മതി. ഞങ്ങളത് പലരോടായി പറയുന്നുണ്ട്. എന്നാല്‍ ആരും തന്നെ ഇതുവരെ അനുകൂലമായി തീരുമാനമെടുത്തിട്ടില്ല. വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്ക് കൃത്യമായൊരു പ്ലാറ്റ്‌ഫോം ഉണ്ടാകാന്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ സാന്നിധ്യം സഹായകമാകും; അതില്ലാത്തിടത്തോളം കാര്യങ്ങള്‍ നേരിയാകില്ല, സ്റ്റൂഡന്റ്‌സ് കൗണ്‍സിലിന് പരിമിതികളുണ്ട്. അഡ്മിനിസ്‌ട്രേഷന് കൗണ്‍സിലില്‍ കാര്യമായി ഇടപെടാന്‍ സാധിക്കും; ഒരു വിദ്യാര്‍ത്ഥി തന്റെ ആശങ്ക പങ്കുവയ്ക്കുന്നു.

സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടെ ആദ്യ വൈസ് ചാന്‍സിലര്‍ ജാന്‍സി ജെയിംസിന്റെ കാലത്ത് കാമ്പസിന് ഉണ്ടായിരുന്നത് ഒരു ക്രിസ്ത്യന്‍ കോണ്‍വെന്റ് പരിവേഷമായിരുന്നു. വിദ്യാര്‍ത്ഥികളെ അടച്ചിട്ട കൂട്ടിലിട്ട് പഠിപ്പിക്കാന്‍ ശ്രമിച്ച ജാന്‍സി ജെയിംസിനെക്കാള്‍ കുറച്ചുകൂടി ലിബറലായിരുന്നു ഗോപകുമാറിന്റെ തുടക്ക കാലം. വി സിയെ കുറിച്ച് മോശമായി എന്തെങ്കിലും പറഞ്ഞു കേട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് മാറ്റങ്ങള്‍ വന്നിരിക്കുന്നു. പുതിയ രജിസ്ട്രാറിന്റെയും സ്റ്റൂഡന്‍സ് ഡീനിന്റെയുമൊക്കെ വരവോടെ വി സിയുടെ ഇടപെടലുകള്‍ സങ്കുചിതമായിരിക്കുകയാണ്. ദിവസങ്ങള്‍ക്കു മുമ്പ് നടന്ന ഓപ്പണ്‍ ഫോറത്തില്‍ വി സി യുടെ ഈ അസഹിഷ്ണുത വിദ്യാര്‍ത്ഥികള്‍ അനുഭവിച്ചതാണ്. ഭൂമി പൂജയെക്കുറിച്ചും എക്‌സ്ടേണല്‍ ഇവാല്യൂഷേനെ (ഒരു യൂണിവേഴ്‌സിറ്റിയായിട്ടുപോലും വാല്യുവേഷനും ചോദ്യ പേപ്പര്‍ തയ്യാറാക്കലുമൊക്കെ പുറത്തുള്ള സംവിധാനങ്ങളെ ഏല്‍പ്പിക്കുന്നത് എന്തിനാണെന്ന ചോദ്യത്തിന് അധികൃതര്‍ വ്യക്തമായ ഉത്തരം ഇതുവരെ നല്‍കിയിട്ടില്ല) കുറിച്ചും ചോദിച്ച വിദ്യാര്‍ത്ഥികളോട് പ്രകോപനപരമായ സമീപനമായിരുന്നു വി സിയുടെ ഭാഗത്തു നിന്നുണ്ടായതെന്നു വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇതില്‍ നിന്നെല്ലാം കൂടിയ അളവിലുള്ള അസഹിഷ്ണുതായായിരുന്നു ആര്‍ട്‌സ് ഡേയോടനുബന്ധിച്ച് നടന്നത്.

ഇക്കഴിഞ്ഞ ഏപ്രിലില്‍ ഒരു ആര്‍ട്‌സ് ഡേ സംഘടിപ്പിച്ചിരുന്നു (സ്റ്റൂഡന്റസ് കൗണ്‍സില്‍ രൂപീകരണത്തില്‍ വന്ന കാലതാമസം ആണ് കഴിഞ്ഞ വര്‍ഷത്തെ ആര്‍ട്‌സ് ഡേ ഈ എപ്രില്‍ വരെ നീളാന്‍ കാരണം). അന്നു യാതൊരു ബുദ്ധിമുട്ടുകളും വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടതായി വന്നിരുന്നില്ല. എന്നാല്‍ കഴിഞ്ഞ മാസം (ഒക്ടോബര്‍ 27-29) നടന്ന ആര്‍ട്‌സ് ഡേയുടെ സമാപന ദിവസം സംഭവിച്ചത് വിദ്യാര്‍ത്ഥികളുടെ അവകാശത്തെ തച്ചുടയ്ക്കാനുള്ള ശ്രമങ്ങളായിരുന്നു. അവസാനദിവസം സമാപന സമ്മേളനം കഴിഞ്ഞുള്ള കള്‍ച്ചറല്‍ പ്രോഗ്രാമിന് പത്തു മണിവരെ സമയം വിദ്യാര്‍ത്ഥികള്‍ കളച്ചറല്‍ കോര്‍ഡിനേറ്ററോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ 9 മണിക്ക് പരിപാടികള്‍ അവസാനിപ്പിച്ചോളണം എന്ന വാശിയിലായിരുന്നു അഡ്മിനിസ്‌ട്രേഷന്‍. ഇതിനിടയില്‍ മറ്റൊരു വിദ്യാര്‍ത്ഥി വിരുദ്ധ നടപടിയും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിരുന്നു. ആര്‍ട്‌സ് ഡേയോടനുബന്ധിച്ചുള്ള ഫുഡ് ഫണ്ട് വെട്ടിക്കുറച്ചു. ആകെയുള്ളത് ഒരു കാന്റീന്‍, അതാണെങ്കില്‍ നേരത്തെ അടയ്ക്കുകയും ചെയ്യും. രാവിലെ മുതല്‍ രാത്രിവരെ നീളുന്ന പരിപാടികള്‍ക്കിടിയില്‍ ഈ നടപടി വിദ്യാര്‍ത്ഥികളെ പട്ടിണിക്കിടുന്നതിനു തുല്യമായിരുന്നു. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചത് പ്രതിഷേധ കഞ്ഞി എന്നൊരു സമരരൂപത്തിലൂടെയായിരുന്നു. ഈ നടപടി അധികൃതരെ വിറളി പിടിപ്പിച്ചിരുന്നു. അതിന്റെ അനന്തര ഫലം വിദ്യാര്‍ത്ഥികള്‍ അറിഞ്ഞത് ആര്‍ട്‌സ് ഡേയുടെ അവസാനദിവസമായിരുന്നു. അപ്രതീക്ഷിതമായി എത്തിയ പൊലീസ് വണ്ടി കണ്ട് ആദ്യം പകച്ചുപോവുകയായിരുന്നു സിയുകെ വിദ്യാര്‍ത്ഥികള്‍. രാത്രി ഒമ്പതുമണി കഴിഞ്ഞ് കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടാവരുതെന്ന ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് പൊലീസ് എത്തിയതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാല്‍ പൊലീസിനോട് സംസാരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടിയത്, വി സിയുടെ പരാതിയെ തുടര്‍ന്നാണ് അവരെത്തിയത് എന്ന മറുപടിയായിരുന്നു. കാമ്പസില്‍ ക്രമസമാധാനപ്രശ്‌നം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നായിരുന്നു വി സി യുടെ പരാതി. ആദ്യം അറസ്റ്റ് ഭീഷണിയൊക്കെ മുഴക്കിയ പൊലീസ് ഒടുവില്‍ വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചയില്‍ പത്തരവരെ പരിപാടികള്‍ അവതരിപ്പിക്കാനുള്ള അനുവാദം കൊടുത്തിട്ടാണ് പോയത്. ഇതിനിടയില്‍ ഏതാനും സെക്യുരിറ്റിക്കാരും സ്റ്റാഫുകളും ഒഴിച്ച് ബാക്കി യൂണിവേഴ്‌സിറ്റി അധികൃതര്‍ എല്ലാവരും സ്ഥലം കാലിയാക്കിയിരുന്നു. ഈ ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരെ പ്രതികരിക്കണം എന്ന നിശ്ചയത്തോടെ മുന്നൂറോളം വരുന്ന വിദ്യാര്‍ത്ഥികള്‍ അന്നേ രാത്രി കാമ്പസ് വിട്ടുപോകാതെ അവിടെ കൂടിയിരുന്ന് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി.

എന്നാല്‍ ഈ പ്രതിഷേധം വലിയൊരു തെറ്റായാണ് അധികൃതര്‍ കണ്ടെത്തിയത്. ഗുരുതരമായ സദാചാരലംഘനമായിരുന്നു വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്നുണ്ടായത്രേ!. പ്രതിഷേധത്തിനുണ്ടായിരുന്ന എല്ലാ പെണ്‍കുട്ടികളുടെയും വീട്ടിലേക്ക് യൂണിവേഴ്‌സിറ്റി നോട്ടീസ് അയച്ചു. അനുവദിക്കപ്പെട്ട സമയത്തിനപ്പുറവും ഉത്തരവാദിത്വപ്പെട്ടവരെല്ലാം നിര്‍ബന്ധിച്ചിട്ടും ഹോസ്റ്റലില്‍ കയാറാതെ പുറത്തു ചെലവഴിച്ച കുറ്റത്തിന് രക്ഷകര്‍ത്താവെത്തി സമാധാനം പറയണമെന്നായിരുന്നു നോട്ടീസിലെ ആവശ്യം. എന്നാല്‍ ഒരേ ‘കുറ്റം’ ചെയ്ത വിദ്യാര്‍ത്ഥികളില്‍ പെണ്‍കുട്ടികള്‍ക്കു മാത്രം നോട്ടീസ് അയക്കുന്നത് എന്തു കൊണ്ട് എന്നൊരു ചോദ്യം വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തി. ഈ സംശയം അവര്‍ ചോദിച്ചത് രജിസ്ട്രാറോട് ആയിരുന്നു. തീര്‍ത്തും നിരുത്തരവാദപരമായി പെരുമാറിയ രജിസ്ട്രര്‍ ഇതൊക്കെ അച്ചടക്ക സമതിയുടെ തീരുമാനം എന്നായിരുന്നു പ്രതികരിച്ചത്. എങ്കില്‍ അച്ചടക്ക സമതിയോട് തങ്ങള്‍ക്ക് ഇതേ ചോദ്യം ചോദിക്കണമെന്നാവിശ്യപ്പെട്ട വിദ്യാര്‍ത്ഥികളോട് നിന്റെയൊന്നും സമയത്തിനു വിളിച്ചു കൂട്ടാനുള്ളതല്ല അച്ചടക്ക സമതിയെന്നും ഞങ്ങളെന്തു പറയുന്നോ അത് അനുസരിച്ചാല്‍ മതിയെന്ന ധിക്കാരവും രജിസ്ട്രാറുടെ ഭാഗത്തു നിന്നുണ്ടായതായും വിദ്യാര്‍ത്ഥികള്‍ ഓര്‍ക്കുന്നു. ഇതിനെതിരെ സ്റ്റുഡന്റസ് കൗണ്‍സില്‍ യോഗം ചേരുകയും അധികൃതരുടെ നടപടിക്കെതിരെ പ്രമേയം പാസാക്കുകയും ചെയ്തു. കൂടാതെ നോട്ടീസ് അയച്ച വിദ്യാര്‍ത്ഥിനികളുടെ വീട്ടിലേക്ക് രക്ഷകര്‍ത്താക്കളെ കൊണ്ടുവരരുതെന്നാവശ്യപ്പെട്ടു മറ്റൊരു നോട്ടീസ് സ്റ്റൂഡന്റസ് കൗണ്‍സിലിന്റെ വകയായി അയക്കുകയും ചെയ്തു. എന്നാല്‍ ചിലരുടെ രക്ഷകര്‍ത്താക്കള്‍ കാമ്പസില്‍ എത്തുകയുണ്ടായി. ഇവര്‍ക്കൊക്കെ സദാചാര ക്ലാസ് എടുത്തുകൊടുക്കുകയായിരുന്നു അഡ്മിനിസ്‌ട്രേഷന്‍.

സി യു കെ യുടെ കാമ്പസിലും ഹോസ്റ്റലുകളിലും കേട്ടാല്‍ ചിരിവരുന്ന ചില നിയന്ത്രണങ്ങളാണുള്ളതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഹോസ്റ്റലില്‍ പത്തു മണി കഴിഞ്ഞാല്‍ ഉറക്കെ ചിരിക്കാന്‍ പാടില്ല, വര്‍ത്തമാനം പറയരുത്, ഇന്ന വസ്ത്രങ്ങളെ ധരിക്കാവൂ എന്നൊക്കെയാണ് നിബന്ധനകള്‍. ആര്‍ട്‌സ് ഡേയോടനുബന്ധിച്ച് അവതരിപ്പാക്കാനുള്ള പരിപാടിയുടെ റിഹേഴ്‌സല്‍ ഏതാനും വിദ്യാര്‍ത്ഥിനികള്‍ പ്രാക്ടീസ് ചെയ്തിരുന്നത് രാത്രിയില്‍ അവരുടെ ക്ലാസ് റൂമില്‍വച്ചായിരുന്നു. ഇത് തന്റെ ഉറക്കത്തിനു ശല്യമായി തോന്നിയ സെക്യൂരിറ്റി ഗാര്‍ഡ് ഒരു ദിവസം ഇവര്‍ക്കു നേരെ ശബ്ദമുയര്‍ത്തി. വിട്ടുകൊടുക്കാന്‍ വിദ്യാര്‍ത്ഥിനികളും തയ്യാറായില്ല. പിറ്റേ ദിവസം സെക്യൂരിറ്റിക്കാരന്റെ വക പരാതി രജിസ്ട്രാര്‍ക്കുപോയി. വിദ്യാര്‍ത്ഥികള്‍ തന്നോട് മോശമായി പെരുമാറിയെന്നും തനിക്കെതിരെ അവര്‍ ലൈംഗികാധിക്ഷേപത്തിനു പരാതി നല്‍കാന്‍ സാധ്യതയുണ്ടെന്നും ഈ വിദ്യാര്‍ത്ഥിനികളില്‍ ചിലര്‍ ആഭാസകരമായ രീതിയിലാണ് വസ്ത്രം ധരിക്കുന്നതെന്നും ആ സമയത്ത് ഇവര്‍ക്കു മുന്നില്‍ ചെല്ലാതിരിക്കാനുള്ള അവകാശം തനിക്കു നല്‍കണമെന്നൊക്കെയായിരുന്നു പരാതിയിലെ ആവശ്യങ്ങള്‍. ഇപ്പോള്‍ കേരള ഹൈക്കോടതിയുടെ പുതിയ ഉത്തരവുകള്‍ ഇവിടെയും നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. കേന്ദ്ര യൂണിവേഴ്‌സിറ്റിയില്‍ ഇവിടുത്തെ നിയമങ്ങള്‍ ബാധകമോ എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക സംശയമുണ്ട്; വിദ്യാര്‍ത്ഥികള്‍ പറയുന്നു.

പത്തുവദിവസത്തെ സമയമാണ് നോട്ടീസ് ലഭിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് രക്ഷകര്‍ത്താക്കളെ കൊണ്ടുവരുന്നതിനായി അനുവദിച്ചിരിക്കുന്നത്. രക്ഷകര്‍ത്താക്കളെ കൊണ്ടുവരാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന വാശിയില്‍ നില്‍ക്കുകയാണ് വി സി യെന്ന് അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ വ്യക്തമായാതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ജെന്‍ഡര്‍ ഡിസ്‌ക്രിമിനേഷന്‍ ഉണ്ടാവരുതെന്ന് യുജിസി പറയുമ്പോള്‍ തന്നെയാണ് ഒരു കേന്ദ്ര സര്‍വകലാശാലയില്‍ വ്യക്തമായ ലിംഗവിവേചനം നടക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു.

തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കുകയാണ് അധികൃതര്‍. കേരളത്തിലെ മറ്റു കാമ്പസുകളില്‍ നടക്കുന്ന അതേ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ സി യു കെ കാമ്പസുകളിലും നടക്കുന്നു. പക്ഷേ മറ്റിടങ്ങളിലുള്ള വിദ്യാര്‍ത്ഥി പ്രതിരോധം ഇവിടെ അത്രകണ്ട് ശക്തമാകുന്നില്ല. ഒന്നാമതായി വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇവിടെയില്ല എന്നതു തന്നെ. സ്റ്റൂഡന്റ്‌സിന്റെ യൂണിറ്റി ഉണ്ടാവരുതെന്ന് അധികൃതര്‍ക്ക് ലക്ഷ്യമുണ്ട്. പല കാമ്പസുകളായി ചിതറി കിടക്കുന്നവരാണ് ഞങ്ങള്‍. അതുകൊണ്ട് തന്നെ ഒരുമിച്ചു ചേരല്‍ അപൂര്‍വമാണ്. ആര്‍ട്‌സ് ഡേ പോലുള്ള സന്ദര്‍ഭങ്ങളിലാണ് അതു സംഭവിക്കുന്നതും. അതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരസ്പരം ചര്‍ച്ചകള്‍ നടത്തുന്നതിന് ഒരു ഫെയ്‌സ്ബുക്ക് കൂട്ടായ്മ ഉണ്ടാക്കാമെന്നു തീരുമാനിച്ചു. അവിടെയും അധികൃതരുടെ ഇടപെടല്‍ ഉണ്ടായി. കാമ്പസില്‍ വൈകുന്നേരം മൂന്നരവരെ ഫേസ്ബുക്ക് നിരോധിച്ചിരിക്കുകയാണ്. ഇങ്ങനെ പലവിധമായി ഒരു ഫാസിസ്റ്റ് അജണ്ട സി യു കെ യില്‍ നടപ്പിലാക്കി വരികയാണ്. ഈ ഭയം ഇപ്പോള്‍ എല്ലാവരിലും ഉണ്ടായിരിക്കുകയാണ്. ഇതിനെതിരെ ആവുന്നവിധത്തില്‍ ശബ്ദമുയര്‍ത്തി പ്രതിഷേധിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍; സി യു കെ വിദ്യാര്‍ത്ഥികള്‍ ആവേശത്തോടെ പറയുന്നു.

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് ലേഖകന്‍)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍