UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“ഭൂരിപക്ഷം ഹിന്ദുക്കളായിരുന്നെങ്കില്‍ കാശ്മീരിനോട് മോദി സര്‍ക്കാര്‍ ഇത് ചെയ്യില്ലായിരുന്നു, കേന്ദ്രഭരണ പ്രദേശമാക്കിയാല്‍ തമിഴ്‌നാട് പ്രതിഷേധിക്കില്ലേ?” എന്ന് പി ചിദംബരം

മറ്റ് ചില സംസ്ഥാനങ്ങള്‍ക്കും പ്രത്യേക അവകാശ നിയമങ്ങള്‍ ഉണ്ടെന്ന് മുന്‍ ആഭ്യന്തരമന്ത്രി

കാശ്മീരിലെ സ്ഥിതി ആശങ്കാജനകമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ പി ചിദംബരം. എഴുപതു കൊല്ലത്തെ ചരിത്രമറിയാത്തവരാണ് ഇപ്പോള്‍ ഭരണഘടനയുടെ 370 -ാം വകുപ്പ് റദ്ദാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പൂനൈയിൽ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. അക്കാര്യത്തില്‍ സംശയങ്ങളൊന്നുമില്ല. ആര്‍ക്കെങ്കിലും അക്കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ അത് ബിജെപിയ്ക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കാശ്മീരിന് മാത്രമല്ല, 371 -ാം വകുപ്പ് മറ്റ് പല സംസ്ഥാനങ്ങള്‍ക്കും പ്രത്യേക പദവി നല്‍കുന്നുണ്ട്. എന്നാല്‍ മറ്റ് പല സംസ്ഥാനങ്ങള്‍ക്കും ഇത്തരത്തില്‍ പ്രത്യേക അധികാരങ്ങളുണ്ട്. എന്നാല്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശമായതുകൊണ്ടാണ് കാശ്മീരിന്റെ കാര്യത്തില്‍ ഇത്തരത്തില്‍ ഒരു നടപടി എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഭൂരിപക്ഷ പ്രദേശമായിരുന്നെങ്കില്‍ ഇത്തരമൊരു നടപടി ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുമായിരുന്നില്ല. കാശ്മീരില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനങ്ങളും അതിനെതിരെ നടപടികളുമുണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയാല്‍ തമിഴ്‌നാട് ശാന്തമായിരിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. ഏഴ് പാര്‍ട്ടികള്‍ സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ചത് ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിനെതിരെ ശക്തമായ നിലപാടെടുക്കുന്ന ടിഎംസി വോട്ടടുപ്പ് വേളയില്‍ സഭയില്‍ നിന്നിറങ്ങി പോയതിനേയും അദ്ദേഹം വിമര്‍ശിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കാശ്മീരിന്റെ പ്രത്യേക അധികാരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളഞ്ഞത്. എന്‍ഡിഎയ്ക്ക് പുറമെ ബി എസ് പി, ടിഡിപി, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളും സര്‍ നയത്തെ പിന്താങ്ങുകയായിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി കാശ്മീരില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കയാണ്. പ്രദേശത്തെ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ വലിയ പ്രതിഷേധങ്ങള്‍ നടക്കുന്നുവെന്നാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍