UPDATES

ഐപിഎല്‍ പുനെ ടീം: മാതൃകമ്പനിയുടെ ഓഹരി വിലയില്‍ ഇടിവ്

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) രണ്ടു വര്‍ഷത്തേയ്ക്ക് പൂനെ ഫ്രാഞ്ചൈസിയെ ലേലത്തില്‍ പിടിച്ച ദ കല്‍ക്കട്ട ഇലക്ട്രിക് സപ്ലൈ കോര്‍പ്പറേഷന്‍ (സി ഇ എസ് സി) ലിമിറ്റഡിന്റെ ഓഹരി വില ഇടിഞ്ഞു. എട്ടുശതമാനത്തോളമാണ് ഇടിവുണ്ടായത്. സി ഇ എസ് സിക്ക് 51 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഉപകമ്പനിയാണ് പുനെ ടീമിനെ ബിസിസിഐയില്‍ നിന്ന് ലേലം കൊണ്ടത്. ഒരു വര്‍ഷം പതിനാറ് കോടി രൂപയാണ് ബിസിസിഐയ്ക്ക് കമ്പനി നല്‍കേണ്ടത്.

ഫ്രാഞ്ചൈസിയിലൂടെ ബ്രാന്‍ഡിങ്ങിലും മാര്‍ക്കറ്റിങ്ങിലും നിര്‍ണായകമായ അവസരങ്ങളാണ് കമ്പനി കാണുന്നത്. എന്നാല്‍ എല്ലാവര്‍ക്കും ഇതേ അഭിപ്രായമല്ലയുള്ളത്. കമ്പനിയുമായി ബന്ധമില്ലാത്ത വൈവിദ്ധ്യവല്‍ക്കരണമായിട്ടാണ് അവരിതിനെ കാണുന്നത്. പുനെ ഫ്രാഞ്ചൈസി വിഭവങ്ങള്‍ ചോര്‍ത്തുമെന്ന് അവര്‍ ഭയപ്പെടുന്നു. ഇതാണ് കമ്പനിയുടെ ഓഹരികളെ ബാധിച്ചത്.

സി ഇ എസ് സിയില്‍ നിന്ന് പണം ഫ്രാഞ്ചൈസിയിലേക്ക് പോകില്ലെന്ന് ഓഹരി ഉടമകളുടെ ആശങ്കകളെ തണുപ്പിക്കാന്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രൊമോട്ടര്‍മാരുള്ള ഗ്രൂപ്പ് ഫ്രാഞ്ചൈസിയാകും പൂനെയെന്നും ഗ്രൂപ്പിലെ അംഗങ്ങള്‍ക്കാകും നഷ്ടത്തിന്റേയും ലാഭത്തിന്റേയും ഉത്തരവാദിത്വം എന്നും കമ്പനി വ്യക്തമാക്കുന്നു. എന്നിരുന്നാലും ഇത് ഓഹരി ഉടമകളെ തൃപ്തിപ്പെടുത്തിയില്ല.

ബിസിസിഐക്ക് പണം നല്‍കുന്നത് കൂടാതെ കളിക്കാരെ വാങ്ങുന്നതിനും ടീമിന്റെ ചെലവിനും വേണ്ട പണം ഫ്രാഞ്ചൈസി ഉടമകള്‍ കണ്ടെത്തണം. ഓഹരി ഉടമകളെ അസംതൃപ്തരാക്കിയ രണ്ട് ഘടകങ്ങള്‍ ഇതാണ്. എന്നാല്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടേയും ടീമിന്റെ ജേഴ്‌സി പോലുള്ളവയുടെ വിപണനത്തിലൂടേയും സമ്മാനത്തുകയിലൂടേയും ടിക്കറ്റ് വില്‍പനയിലൂടേയും പണം തിരികെ പിടിക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി.

എന്നാല്‍ ഇപ്പോഴുള്ള ഫ്രാഞ്ചൈസികളില്‍ പലതും നഷ്ടം ഉണ്ടാക്കുന്നത് തുടരുന്നതിനാല്‍ സി ഇ എസ് സിയുടെ മോഹങ്ങള്‍ എത്രമാത്രം പൂവണിയുമെന്ന് കണ്ടറിയണം.

2015-ല്‍ 60 കോടി രൂപയുടെ നഷ്ടമാണ് ഐപിഎല്‍ ഫ്രാഞ്ചൈസിയായ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമകളായ സണ്‍ ടിവിക്ക് ഉണ്ടായത്.

സി ഇ എസ് സി നേരത്തെ റീട്ടെയ്ല്‍ മേഖലയിലേക്ക് വൈവിദ്ധ്യവല്‍ക്കരണം നടത്തിയിരുന്നുവെങ്കിലും പ്രതീക്ഷിച്ച പോലെ നേട്ടം കൈവരിക്കാന്‍ ആയില്ല. വളരെക്കാലമായി നഷ്ടമുണ്ടാക്കുകയാണ്. സമാനമായി ഐപിഎല്‍ ഫ്രാഞ്ചൈസി കമ്പനിക്ക് പുലിവാലാകുമെന്നാണ് വിശകലന വിദഗ്ദ്ധര്‍ കരുതുന്നത്. അടുത്ത രണ്ടു വര്‍ഷം കൊണ്ട് 120 കോടി രൂപയുടെ ചെലവാകും കമ്പനിക്ക് ഐപിഎല്‍ ഫ്രാഞ്ചൈസി കമ്പനിക്ക് ഉണ്ടാക്കുകയെന്ന് എഡല്‍വീസ് സെക്യൂരിറ്റീസ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍