UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാനവും മരണവും പറഞ്ഞ് ഭയപ്പെടുത്തരുത്; തെസ്നി ഞങ്ങളുടെ കരുത്താണ്; ബ്രേക് ദി കര്‍ഫ്യു തുടരുകയും ചെയ്യും

Avatar

ഐശ്വര്യ കൈതേരി കണ്ടോത്ത് 

സിഇടി (കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം) ഇപ്പോള്‍ ചൂടേറിയൊരു ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. സംഭവിക്കാന്‍ പാടില്ലായിരുന്ന ഒരു ദുരന്തത്തിന്റെ പാപഭാരത്താല്‍ തലകുനിഞ്ഞു നില്‍ക്കുകയാണ് ഒട്ടേറെ പെരുമകള്‍ പേറുന്ന ഈ എഞ്ചിനീയറിംഗ് കോളേജ്. തെസ്‌നിയുടെ മരണത്തിലേക്കും അതിന്റെ പിന്നില്‍ നടക്കുന്ന വാഗ്വാദങ്ങളിലേക്കും കടക്കുന്നില്ല. അതേസമയം ഈ മരണം മറ്റൊരു തരത്തില്‍ ചര്‍ച്ച ചെയ്യാനും ആഗ്രഹിക്കുന്നു. നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യം വീണ്ടെടുക്കാനായി ആരംഭിച്ച ബ്രേക്ക് ദി കര്‍ഫ്യു എന്ന സമരമുറ വിദ്യാര്‍ത്ഥിനികളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് കളമൊരുക്കുമ്പോഴാണ് അവരിലൊരാളുടെ ജീവന്‍ അകാലത്തില്‍ പൊലിയുന്നത്. 

ഇപ്പോള്‍ പലരുടെ മനസ്സിലും ഉയരുന്ന ഒരു സംശയമാണ്, ഇനിയെന്താകും ബ്രേക്ക് ദി കര്‍ഫ്യൂവിന്റെ അവസ്ഥ? ഇതോടെ അവസാനിക്കുമോ എല്ലാം? അങ്ങനെ ഊതുമ്പോള്‍ കെടുന്ന മണ്‍വിളക്കല്ല ബ്രേക്ക് ദി കര്‍ഫ്യു. 

ശരിയാണ്, തെസ്‌നിയുടെ മരണം ബ്രേക്ക് ദി കര്‍ഫ്യൂവിന് ഒരു വെല്ലുവിളിയാണ്. നഷ്ടപ്പെട്ടിരിക്കുന്നത് ഒരു പെണ്‍കുട്ടിയുടെ ജീവനാണ്. ഇപ്പോള്‍ കാമ്പസില്‍ നിലനില്‍ക്കുന്ന അവസ്ഥയെ അധികൃതര്‍ ഇതുവച്ച് മുതലെടുക്കാന്‍ ശ്രമം നടത്തിയേക്കാം. നിലവിലെ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയേക്കാം. വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കളെ ഈ കാരണം ചൂണ്ടിക്കാട്ടി ബ്രെയിന്‍ വാഷ് ചെയ്‌തേക്കാം. പെണ്‍കുട്ടികള്‍ കൂടുതല്‍ സൂക്ഷിക്കേണ്ടിയിരിക്കുന്നു എന്ന ഭയം എല്ലാവരിലും പടര്‍ത്തി ഞങ്ങളെ ബന്ധനസ്ഥരാക്കാന്‍ അവര്‍ ശ്രമിച്ചേക്കും. അതുകൊണ്ടൊന്നും അടച്ചിടുന്ന വാതിലുകള്‍ തുറക്കാനായുള്ള പോരാട്ടം ഞങ്ങള്‍ അവസാനിപ്പിക്കില്ലെന്ന് അറിയുക. അതു കൂടുതല്‍ ശക്തമാവുകയെ ഉള്ളൂ. ഊതിയാല്‍ കെട്ടുപോകുന്ന ഒന്നായിരുന്നെങ്കില്‍ ഈ പ്രതിഷേധസമരം ഇത്ര നാളുകള്‍ നീളുകയില്ലായിരുന്നു. പ്രതികൂല സാഹചര്യങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട്. എന്നിട്ടും ഇവിടം വരെ എത്താന്‍ ബ്രേക്ക് ദി കര്‍ഫ്യൂ എന്ന പ്രതിഷേധത്തിനു കഴിഞ്ഞിട്ടുണ്ടെങ്കില്‍, മുന്നോട്ടു പോകാനും ധൈര്യമുണ്ട്. ആരെയും വെല്ലുവിളിച്ചു പറയുന്നതല്ല, ഇത് അവകാശപ്പോരാട്ടമാണ്.

തെസ്‌നിയും ഞങ്ങളെപോലെ, അധികൃതര്‍ ഒരുക്കിയിരുന്ന’ സുരക്ഷ’യ്ക്കുള്ളില്‍ കഴിയേണ്ടിവന്നിരുന്ന കുട്ടിയായിരുന്നു. എന്നാല്‍ അവളെ മരണത്തിലേക്ക് പറഞ്ഞയച്ചതിന് ഒരു കാരണം ഇതേ അധികാരികള്‍ തന്നെയാണ്. വാഹനങ്ങളത്രയും കാമ്പസില്‍ കടന്നു വന്നിട്ടും, അതിനെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് ആയില്ല എന്നത് വീഴ്ച്ചയാണ്. ഒരു പെണ്‍കുട്ടിയുടെ ജീവനു സുരക്ഷ നല്‍കാന്‍ കഴിവില്ലാത്തവരാണ് കോളേജിലെ മുഴുവന്‍ പെണ്‍കുട്ടികളെയും അവരുടെ മാനം രക്ഷിക്കാനുള്ള സദാചാര ക്ലാസ് എടുക്കാന്‍ നടക്കുന്നത്. തെസ്‌നിയുടെ മരണത്തില്‍ പ്രതികള്‍ പന്ത്രണ്ടുപേര്‍ മാത്രമല്ല, പരോക്ഷമായി സിഇടി അധികാരികളും കുറ്റവാളികളാണ്. 

ബ്രേക്ക് ദി കര്‍ഫ്യൂ ഒരു വ്യത്യസ്തമായ സമരരീതിയാണ്. അതങ്ങനെ തന്നെ ആയിരിക്കണം എന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട് താനും. നമ്മള്‍ കണ്ടു വരാറുള്ള സമരങ്ങള്‍ പലതും അന്തിമഫലം മാത്രം ലക്ഷ്യം വച്ചുള്ളതാണ്. ഇവിടെ ഞങ്ങള്‍ നടത്തുന്നത് ഒരു ബോധവത്കരണമാണ്; അധികാരികള്‍ക്കും സ്വയമേവ അതും ഞങ്ങള്‍ക്കും തന്നെയും. ഹോസ്റ്റലിന്റെയോ കോളേജ് ലൈബ്രറിയുടെയോ പ്രവര്‍ത്തന സമയത്തിലുള്ള മാറ്റം മാത്രമല്ല, മറിച്ച് ഓരോ വിദ്യാര്‍ത്ഥിനിയെയും അവളുടെ സ്വാതന്ത്ര്യത്തിന്റെ വില മനസിലാക്കിക്കൊടുക്കുകയാണ്. ഇനിയും അടച്ചുപൂട്ടിയിട്ടു വളര്‍ത്തരുതേ പെണ്‍കുട്ടികളെയെന്ന് അധികാരികളെ പറഞ്ഞു മനസ്സിലിക്കിക്കാന്‍ ശ്രമിക്കുകയാണ്.

ഒരു പക്ഷേ കുറേക്കൂടി തീവ്രമായ സമരമുറയായിരുന്നു നിലവിലുണ്ടായിരുന്നതെങ്കില്‍ ഞങ്ങളുടെ ലക്ഷ്യങ്ങള്‍ ഇതിനകം നടപ്പിലായേനെ. എന്നാല്‍ ഇപ്പോള്‍ സിഇടിയിലെ പെണ്‍കുട്ടികളുടെ മന:സ്ഥിതിയിലും ആത്മവിശ്വാസത്തിലും വന്ന മാറ്റം ഉണ്ടാവില്ലായിരുന്നു. സ്വാതന്ത്ര്യത്തിന്റെ വിലയെന്താണെന്ന് അവര്‍ക്ക് ബോധ്യമാവില്ലായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ഈ സമരരീതി ഇപ്പോഴും വിജയമാണെന്ന് വേണം പറയാന്‍. 

സി.ഇ.ടി അധികാരികളേ: തുറന്നിടൂ അവള്‍ക്ക് മുന്നില്‍ വാതിലുകള്‍

ചെറിയൊരു ഉദാഹരണം പറയാം. ശിശിര എന്ന പെണ്‍കുട്ടി, കോളേജിലെ ആദ്യവര്‍ഷങ്ങളില്‍ അധികം സംസാരിക്കാത്ത, അധികം പ്രതികരിക്കാത്ത ഒരു പാവമായിരുന്നു. ഒരു ഷോപ്പില്‍ പോകാന്‍ പോലും ഒരു കൂട്ടില്ലാതെ അവള്‍ക്കാകുമായിരുന്നില്ല. ബ്രേക്ക് ദി കര്‍ഫ്യു തുടങ്ങിയപ്പോള്‍ ശിശിരയും അതിന്റെ ഭാഗമായി.അവളില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ ഈ കൂട്ടായ്മക്കായി. ശിശിര ഇപ്പോള്‍ പാസ് ഔട്ട് ആയി. ഈയിടെ ബംഗളൂരുവിലെ ഒരു കമ്പനിയില്‍ നിന്ന് ഓഫര്‍ ലെറ്റര്‍ വന്നിരുന്നു. വീട്ടുകാര്‍ താല്‍പര്യമില്ലാതിരുന്നിട്ടും അവള്‍ വാശിപിടിച്ചു. ജോലിക്കു പോകാന്‍ തന്നെ ഉറച്ചു. അവസാനം അവളുടെ ദൃഢനിശ്ചയത്തിനു മുമ്പില്‍ വീട്ടുകാര്‍ക്കും സമ്മതിക്കേണ്ടി വന്നു. ഒരു പെണ്‍കുട്ടി, മറ്റൊരു നാട്ടില്‍ എങ്ങനെ ഒറ്റയ്ക്ക് ജീവിക്കും എന്ന ചിന്തയായിരിക്കാം ശിശിരയുടെ വീട്ടുകാരെ ആ ജോലിക്കു പോകുന്നതില്‍ നിന്ന് അവളെ തടയാന്‍ പ്രേരിപ്പിച്ചത്. അകാരണനായ ഇത്തരം ചിന്തകളും ഭയങ്ങളുമാണ് പലപ്പോഴും സ്ത്രീകളെ ബന്ധനസ്ഥയാക്കുന്നത്. അവളുടെ ജീവിതത്തിന്റെ നിറങ്ങള്‍ മായച്ചു കളയുന്നത്. പെണ്ണ് എപ്പോഴും ആണിന്റെ പുറകിലെ വരുന്നുള്ളൂവെന്ന് പരതിപിക്കുന്നവര്‍ തന്നെയാണ് ഞങ്ങളെ കൂട്ടിലടയ്ക്കുന്നതും. ഇരുമ്പു കൂട്ടില്‍ കിടന്നുകൊണ്ട് ഒരു പക്ഷിക്കും പറക്കാന്‍ കഴിയില്ല. ജീവിതം ആണിനും പെണ്ണിനും ഒരുപോലെയല്ലേ. പിന്നെ ഞങ്ങളെ മാത്രം എന്തിനങ്ങനെ പൂട്ടിയിട്ടു വളര്‍ത്തുന്നു. ശിശിര ഒരു ഉദ്ദാഹരണം മാത്രമാണ്. ഇങ്ങനെ ഒരുപാടു പേരുടെ ജീവിതത്തില്‍ മാറ്റത്തിന്റെ ഹേതുവായിട്ടുണ്ട് ബ്രേക്ക് ദി കര്‍ഫ്യൂ. 

പക്ഷേ കാമ്പസില്‍ നടന്ന ഒരു കുരുതിയുടെ പേരില്‍ പ്രിന്‍സിപ്പലും വാര്‍ഡനും അടക്കമുള്ളവരുടെ ഇടുങ്ങിയ ചിന്താഗതികള്‍ക്ക് വലിയ മാറ്റമൊന്നും വന്നിട്ടുണ്ടെന്നു ഞങ്ങള്‍ വിശ്വസിക്കുന്നില്ല. പകരം അവരിത് മുതലെടുക്കാനെ സാധ്യതയുള്ളൂ.

ലേഡീസ് ഹോസ്റ്റല്‍ എന്നത് ശരിക്കും കൊട്ടിയടയ്ക്കപ്പെട്ട ഒരു കാരാഗൃഹമാണ്. കുറ്റവാളികളെപ്പോലെ അടയ്ക്കപ്പെടുകയാണ് പെണ്‍കുട്ടികള്‍ ഇവിടെ. ഒരു അത്യാഹിതമുണ്ടായാല്‍പോലും പടികള്‍ പലതും തുറന്നു വരുമ്പോഴേക്കും എല്ലാം കഴിഞ്ഞെന്നുവരും. രാത്രി സമയത്ത് ഒരപകടമുണ്ടായാല്‍ പുറത്തിറങ്ങണമെങ്കില്‍ ആദ്യം സെക്യൂരിറ്റിയെ വിളിക്കണം, അവിടെനിന്നും വാര്‍ഡനെ വിളിച്ചു താക്കോല്‍ വാങ്ങിയാലെ ഗ്രില്ലുകള്‍ തുറക്കാന്‍ കഴിയൂ, ഇപ്പറഞ്ഞതെല്ലാം നടന്നു വരുമ്പോഴേക്കും എല്ലാം കഴിഞ്ഞിരിക്കും. 

സുരക്ഷ എന്നതു കൊണ്ട് സിഇടി അധികൃതര്‍ അര്ത്ഥമാക്കുന്നത് എന്താണെന്ന് ഇതുവരെ ഞങ്ങള്‍ക്ക് ആര്‍ക്കും പിടി കിട്ടിയിട്ടില്ല. വിദ്യാര്‍ത്ഥിനികളുടെ സ്വാതന്ത്ര്യം നിരോധിച്ചുകൊണ്ടു മുന്നോട്ടു പോകാനാണ് തീരുമാനമെങ്കില്‍ അതിനെ ഒരു തരത്തിലും അംഗീകരിക്കാന്‍ ബ്രേക്ക് ദി കര്‍ഫ്യൂു ടീം തയ്യാറുമല്ല. വിദ്യാര്‍ത്ഥിനികളുടെ ആത്മവീര്യം മുഴുവന്‍ ചോര്‍ത്തി വെറുമൊരു ‘ഷോപീസ്’ മാത്രമായി മാറ്റാനാണ് അവരുടെ ശ്രമം. അതൊരിക്കലും സുരക്ഷയെ കരുതിയല്ല, വ്യവസ്ഥാപിത താത്പര്യങ്ങളുടെ അടിച്ചേല്‍പ്പിക്കലിന്റെ ഭാഗമാണ്. 

അതിനവര്‍ കണ്ടെത്തുന്ന കാരണങ്ങള്‍ വെറും മൂന്നാകിടവും. കാമ്പസില്‍ പെണ്‍കുട്ടി ഒറ്റയ്ക്ക് നടന്നാല്‍ പീഢിപ്പിക്കപ്പെടും, സാമൂഹ്യവിരുദ്ധര്‍ കാമ്പസിനകത്ത് കയറുന്നത് പെണ്‍കുട്ടികള്‍ മാന്യമായി വസ്ത്രധാരണം നടത്താത്തത് കൊണ്ടാണ് എന്നൊക്കെയാണ് അവരുടെ വാദം. പക്ഷേ ഈ കാമ്പസിനുള്ളില്‍ അങ്ങനെയൊരു അനുഭവവും ഒരാള്‍ക്കും ഉണ്ടായിട്ടില്ല. പിന്നെ എന്തിനാണ് ഇങ്ങനെ ചില ബാലിശമായ ചിന്താഗതികളില്‍ കടിച്ചുതൂങ്ങിയിരിക്കുന്നത്? തെസ്‌നി ഞങ്ങള്‍ക്കൊരു ആയുധമല്ല, കരുത്താണ്. മാനവും മരണവും പറഞ്ഞ് ഭയപ്പെടുത്താന്‍ വരരുത്. നിങ്ങളൊക്കെ അനുഭവിക്കുന്ന സ്വാതന്ത്ര്യം, അത് ഞങ്ങള്‍ക്കും വേണം.

(സിഇടിയില്‍ നിന്ന് ഈ വര്‍ഷം പാസ് ഔട്ടായ ഐശ്വര്യ ബ്രേക് ദി കര്‍ഫ്യുവിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങളില്‍ തൊട്ട് സജീവമായി പ്രവര്‍ത്തിച്ചിരുന്നയാളാണ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍