UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അദ്ധ്യാപകരേ, സി ഇ ടി സംഭവത്തില്‍ കുറ്റക്കാര്‍ നിങ്ങള്‍ തന്നെ

Avatar

രാഹുല്‍ പശുപാലന്‍

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ ഓണാഘോഷത്തിനിടയില്‍ നടന്ന അപകടത്തില്‍ ഒരു പെണ്‍കുട്ടി മരിക്കാന്‍ ഇടയായ ദൗര്‍ഭാഗ്യകരമായ സാഹചര്യം ആദ്യം മുതല്‍ മാധ്യമങ്ങളും പൊതുബോധവും ആഘോഷിച്ച രീതി യുവത്വത്തോടുള്ള എന്തോ വൈരാഗ്യം കാണിക്കുന്നത് പോലെ ആയിരുന്നു . ജീപ്പിടിച്ച് കൊലപ്പെടുത്തി , അതിര് വിട്ട ആഘോഷം എന്ന് തുടങ്ങിയ മാധ്യമ വിചാരണയും, സിഇടിയില്‍ സംസ്ഥാന കമ്മറ്റി കൂടി ആലോചിച്ചു നടത്തിയ കൊലപാതകം ആണ് എന്ന് തോന്നിപ്പിക്കുന്ന രീതിയുള്ള രാഷ്ട്രീയ മുതലെടുപ്പും. അതിനെല്ലാമൊപ്പം ചേര്‍ന്ന് പോകുന്ന രീതിയില്‍ ‘പ്രേമം’ സിനിമയെ പഴിചാരി ഡിജിപിയും. അതെ ദിവസം തന്നെ പോലീസിനെ കണ്ടു ഭയന്നോടിയ വിദ്യാര്‍ത്ഥി കിണറ്റില്‍ വീണു മരിക്കാന്‍ കാരണമായത് കമ്മിഷണര്‍ സിനിമ ആണെന്ന് എന്തായാലും ഡിജിപി പറയാഞ്ഞത് ഭാഗ്യം. ഇതില്‍ ഒടുവിലത്തെ പ്രതികരണമാണ് സിഇടിയിലെ അദ്ധ്യാപകന്‍ തന്നെ നടത്തിയ, ‘പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന പട്ടിക ജാതി വിദ്യാര്‍ഥികള്‍ സംവരണത്തിലൂടെ അഡ്മിഷന്‍ നേടുന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണം’ എന്നുള്ള ആരോപണം. ‘അപകടത്തില്‍പ്പെട്ട ജീപ്പോടിച്ചിരുന്ന ബൈജുവും 56000 + റാങ്ക് വാങ്ങി പട്ടിക വിഭാഗത്തില്‍ അഡ്മിഷന്‍ നേടിയ, നിലവില്‍ മുപ്പതോളം ബാക്ക്‌പേപ്പറുകള്‍ ഉള്ള വിദ്യാര്‍ത്ഥിയാണ് എന്നതും അറിയുക.”, ആദ്ധ്യാപകന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ടു തന്റെ ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റിലെ ഒരു വാചകമാണിത്.

ആദ്യവായനയില്‍ സംവരണത്തിനെതിരെയുള്ള ഒരു പരാമര്‍ശം എന്ന് മാത്രം തോന്നുമെങ്കിലും അതില്‍ ഒളിഞ്ഞിരിക്കുന്ന മനുഷ്യത്വ വിരുദ്ധതയും ഈ പരാമര്‍ശം നടത്തിയത് ഒരു ആധ്യാപകന്‍ ആണ് എന്നതും കാര്യങ്ങള്‍ കൂടുതല്‍ ഗൗരവം ഉള്ളതാക്കുന്നു. ലിംഗ സമത്വത്തിനായി ഇതേ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ നടത്തുന്ന ദേശീയ ശ്രദ്ധ ആകര്‍ഷിച്ച സമരത്തിനെതിരെയും ഈ അദ്ധ്യാപകന്‍ സ്വീകരിച്ച നിലപാട് ഈ അവസരത്തില്‍ ചേര്‍ത്ത് വായിക്കേണ്ടതാണ് .

‘its esay to built a new child rather than repairing a broken men ‘എന്ന പ്രശസ്ത വാചകം ഈ അവസരത്തില്‍ ഓര്‍ക്കണം ഇന്നത്തെ വിദ്യാര്‍ത്ഥികളിലാണ് നാളത്തെ രാജ്യത്തിന്റെ ഭാവി എന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ് അപ്പോള്‍ ഈ വിദ്യാര്‍ത്ഥികളിലെ വ്യക്തിത്വത്തെ രൂപപ്പെടുത്താന്‍ സഹായിക്കേണ്ട അധ്യാപകര്‍ ഇത്തരം ജാതി ചിന്തകളുടെയും സ്ത്രീവിരുദ്ധ ചിന്തകളുടെയും കൂത്തരങ്ങ് ആകുന്നത് ദൂരവ്യാപകമായ ദോഷഫലങ്ങള്‍ ഉണ്ടാക്കും.

കാമ്പസുകള്‍ എന്നും ആഘോഷങ്ങളുടെ വേദിയാണ് അതില്‍ സിനിമയ്‌ക്കോ കലയ്‌ക്കോ ഒന്നും ചെയ്യാനില്ല എന്നതാണ് സത്യം. അതെപോലെ മദ്യവും മയക്കുമരുന്നും വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രചരിക്കാന്‍ ഉള്ള കാരണം സിനിമയാണ് എന്ന വാദവും ബാലിശമാണ്. ഇത്തരം അപകടങ്ങളെ പലരും ഉപയോഗിക്കുന്നത് കാമ്പസുകളില്‍ നിന്നും രാഷ്ട്രീയം നിരോധിക്കണം എന്ന വാദം ഉന്നയിക്കാനുള്ള അവസരമായാണ്. എന്നാല്‍ അത്തരം നിരോധനങ്ങള്‍ വിദ്യാര്‍ഥികളെ കൂടുതല്‍ ആരാജകത്വത്തിലേക്കും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനനങ്ങളിലേക്കും തള്ളി വിടുകയേ ഉള്ളൂ. വിദ്യാര്‍ഥികളെ ഒരു സാമൂഹിക ജീവിതം പരിചയപ്പെടുത്തുന്നതില്‍ വിദ്യാര്‍ഥി സംഘടനകള്‍ വഹിക്കുന്ന പങ്കു വലുതാണ്. ആഘോഷങ്ങളും മറ്റു പരിപാടികളും കാമ്പസുകളില്‍ നടക്കുമ്പോള്‍ അതില്‍ ഒരു പങ്കാളിത്തവും ഇല്ലാതെ മാറി നിന്ന് കുറ്റം പറയാന്‍ മാത്രമുള്ള പാനല്‍ ആയി അധ്യാപകര്‍ മാറുന്നിടത്താണ് ഇത്തരം അപകടങ്ങളുടെ മൂലകാരണം.

സജീവ് സോമനെ പോലെ ജാതി ചിന്തയും സ്ത്രീവിരുദ്ധതയും രക്തത്തില്‍ പേറുന്ന ഒരു അധ്യാപകന് ഒരിക്കലും തന്റെ വിദ്യാര്‍ഥികളുമായി അത്തരത്തില്‍ ഒരു സൗഹൃദം ഉണ്ടാക്കിയെടുക്കാനോ അവര്‍ക്കൊപ്പം സംഘാടനത്തില്‍ ഒരു ഭാഗമാകനോ കഴിയില്ല. ആ കോണില്‍ നിന്നും നോക്കിയാല്‍ ഇത്തരം അപകടങ്ങളുടെ ധാര്‍മിക ഉത്തരവാദിത്വം ഈ ആധ്യാപകനില്‍ കൂടി ഉണ്ട്. പ്രായം കടന്നു പോയത് കൊണ്ടും നല്ല പ്രായത്തില്‍ ഇത്തരത്തില്‍ ജീവിതം ആസ്വദിക്കാന്‍ കഴിയാതെ പോയതും കാരണം ഉണ്ടാകുന്ന ഫ്രസ്‌ട്രേഷന്‍ തീര്‍ക്കാന്‍ മുഴുവന്‍ യുവത്വത്തെ പഴിപറയുന്നവരുടെ മാനസികാവസ്ഥ മനസിലാക്കാം. പക്ഷെ ഇത്തരം മനുഷ്യത്വ വിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ അതിനു സമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യത ഭയപ്പെടുത്തുന്നതാണ്.

മുസ്ലീങ്ങള്‍ മുഴുവന്‍ തീവ്രവാദികള്‍ ആണ് എന്ന പൊതുബോധം പോലെ തന്നെ കഴിവില്ലാത്തവരും പഠിത്തത്തില്‍ പിന്നാക്കം നില്‍ക്കുന്നവരും ആണ് പട്ടികജാതി വിദ്യാര്‍ഥികള്‍ എന്നും അവര്‍ സംവരണങ്ങളിലൂടെ കടന്നു കൂടി ഒരു ശല്യമാകുന്നു എന്നും കരുതുന്ന പൊതുബോധം നിലനില്‍ക്കുന്നു എന്നതാണ് ഈ അദ്ധ്യാപകന്‍ നടത്തിയ പരാമര്‍ശം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകള്‍ക്ക് താഴെ വന്ന കമന്റുകള്‍ സൂചിപ്പിക്കുന്നത്. ഇദ്ദേഹത്തിന്റെ വാദത്തെ പിന്താങ്ങുന്ന ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തന്നെയുണ്ട് എന്നതും ആശങ്കാജനകമാണ്.

അതേ കാമ്പസില്‍ നിന്നും പഠിച്ചിറങ്ങിയ ഒരു പൂര്‍വവിദ്യാര്‍ത്ഥിയാണ് ആദ്യമായി അധ്യാപകന്റെ പോസ്റ്റില്‍ ഉള്ള ദളിത് വിരുദ്ധത ചൂണ്ടികാണിച്ചത്. അപ്പോഴുണ്ടായ മറുവാദം, അദ്ധ്യാപകന്‍ നിഷ്‌കളങ്കമായി നടത്തിയ പ്രസ്താവനയില്‍ നിങ്ങള്‍ എന്തിനാണ് ജാതി കാണുന്നത് എന്നാണ്. ആ ചോദ്യം ചോദിച്ചവര്‍ പലരും മതേതര പുരോഗമന രാഷ്ട്രീയത്തിന്റെ വക്താക്കള്‍ ആണ് എന്നതില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത് എത്രത്തോളം ആഴത്തില്‍ ദളിത് വിരുദ്ധ പൊതുബോധം ഇരുപത്തൊന്നാം നൂറ്റാണ്ടിലും നമ്മുടെ സമൂഹത്തില്‍ ആഴ്ന്നിറങ്ങുന്നു എന്നതാണ്.

കോളേജിലെ ആഘോഷങ്ങളെയും പരിപാടികളെയും അധ്യാപകരോളം നിയന്ത്രിക്കാന്‍ കഴിയുന്നവര്‍ വേറെ ഇല്ല. പക്ഷെ അതിനു കഴിയണമെങ്കില്‍ വിദ്യാര്‍ത്ഥികളുമായി ഇടപഴകാനും അവരില്‍ ഒരാളായി നിന്ന് കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാനും കഴിയുന്ന അധ്യാപകര്‍ ഉണ്ടാകണം. മറിച്ചു യുവത്വത്തിന്റെ ആഘോഷങ്ങളെയും പ്രണയത്തെയും ആണ്‍-പെണ്‍ സൗഹൃദത്തെയും എല്ലാം അസൂയയോടും സദാചാര കണ്ണോടും മാത്രം കാണാന്‍ കഴിയുന്ന അധ്യാപകര്‍ സാമൂഹിക വിരുദ്ധരായ ഒരു കൂട്ടം വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കാനും ഇത്തരം അപകടങ്ങള്‍ ക്ഷണിച്ചു വരുത്താനും മാത്രമേ ഉപകരിക്കൂ.

(സാമൂഹ്യ പ്രവര്‍ത്തകനും സ്വതന്ത്ര സിനിമാ പ്രവര്‍ത്തകനുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍