UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സി ഇ ടി; ഒന്നാം പ്രതി അല്‍ഫോണ്‍സ് പുത്രന്‍! അഥവാ കുരുക്കിന് കണക്കായ ചില കഴുത്തുകള്‍

Avatar

സാജു കൊമ്പന്‍

അങ്ങനെ നിരോധനങ്ങളുടെയും നിയന്ത്രണങ്ങളുടെയും നമ്മുടെ സുന്ദര സുരഭില ജനാധിപത്യ രാജ്യത്ത് മറ്റൊന്നുകൂടി. കാമ്പസുകളിലെ ആഘോഷ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുള്‍ റബ്ബ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം സി ഇ ടി യില്‍ ഓണാഘോഷത്തിനിടെ സംഭവിച്ച തെസ്നി എന്ന വിദ്യാര്‍ഥിനിയുടെ ദാരുണ മരണത്തിന്റെ  പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം. എന്നാല്‍ പിന്നെ ഓണം തന്നെയങ്ങ് നിരോധിച്ചുകൂടെ എന്ന് ചില ദോഷൈകദൃക്കുകള്‍ ചോദിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. കാര്യങ്ങളുടെ പോക്ക് അങ്ങനെയാണ്. മദ്യനിരോധനം, മുണ്ട് നിരോധനം, ബീഫ് നിരോധനം തുടങ്ങി ചെറുതും വലുതുമായ എത്ര നിരോധനങ്ങളെക്കുറിച്ച് നമ്മള്‍ കേട്ടിരിക്കുന്നു. ഓണാഘോഷമോ നിരോധനമോ അല്ല ഇവിടെ വിഷയം. മറിച്ച് കേരളത്തെ ഞെട്ടിച്ച ഒരു മരണത്തെ തുടര്‍ന്ന് നമ്മുടെ മാധ്യമങ്ങളും രാഷ്ട്രീയ സമൂഹവും നടത്തുന്ന ചര്‍ച്ചകളാണ്. 

യഥാര്‍ഥത്തില്‍ ആരാണ് സി ഇ ടിയിലെ പെണ്‍കുട്ടിയുടെ മരണത്തിന് കാരണം? ഓണാഘോഷം, ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍, കാമ്പസ് രാഷ്ട്രീയം, എസ് എഫ് ഐ, പ്രേമം സിനിമ, അതിന്റെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍, പിണറായി വിജയന്‍ ഇങ്ങനെ എത്ര വേണമെങ്കിലും നീട്ടാം ഈ പ്രതി പട്ടിക. അവസാനം കോളേജ് കാമ്പസിലേക്ക് തുറന്ന ജീപ്പ് കടത്തിവിട്ട സെക്യൂരിറ്റിയെ നമുക്ക് തൂക്കി കൊല്ലാം. ആനന്ദിന്റെ ഗോവര്‍ദ്ധനന്റെ യാത്രകള്‍ പോലെ. തൂക്കു കുരുക്കിന് കണക്കായ ഒരു കഴുത്ത് കണ്ടെത്തല്‍. യഥാര്‍ഥത്തില്‍ അതാണ് കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി നടന്നുകൊണ്ടിരിക്കുന്നത്. ചര്‍ച്ചകള്‍ കാട് കയറുകയും യഥാര്‍ത്ഥ പ്രശ്നം അഭിസംബോധന ചെയ്യപ്പെടാതെ പോവുകയുമാണ് ഇവിടെ.

ഇത് 90കളുടെ പകുതി മുതല്‍ മാറിതുടങ്ങിയ കാമ്പസിന്‍റെ ദുരന്തപൂര്‍ണ്ണമായ പര്യവസാനമാണ്. കാമ്പസ് മധ്യവര്‍ഗ്ഗ ആഘോഷങ്ങളുടെയും പണക്കൊഴുപ്പിന്റെയും കേന്ദ്രമായി മാറി തുടങ്ങിയത് ഈ കാലം മുതലാണ്. അതോടൊപ്പം മറുവശത്ത് കാമ്പസ് രാഷ്ട്രീയം ജീര്‍ണ്ണിക്കാനും. ഇതിന് സമാന്തരമായാണ് അല്ലെങ്കില്‍ ഇതില്‍ നിന്ന് വെള്ളവും വളവും ഊറ്റിയെടുത്താണ് സ്വകാര്യ മേഖല വിദ്യാഭ്യാസ രംഗത്ത് കച്ചവടത്തിന്റെ വലിയ വാ പിളര്‍ത്തി ഭീമാകാര രൂപം പൂണ്ട് വളര്‍ന്നത്. ദുര്‍ബലമായ പ്രത്യയശാസ്ത്ര അടിത്തറയില്‍ നിന്നുകൊണ്ട് പ്രായോഗിക രാഷ്ട്രീയത്തിന്റെ വൈരുദ്ധ്യങ്ങളുമായി കലഹിച്ച് തിരുത്തല്‍ ശക്തിയായി നില്‍ക്കാന്‍ കഴിയാതെ ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെല്ലാം വഴിപാട് സമരങ്ങളുടെ വക്താക്കളായി മാറുകയും ചെയ്തു. പ്രീഡിഗ്രി പൂര്‍ണ്ണമായും കോളേജില്‍ നിന്നു എടുത്തു മാറ്റി സ്കൂളിന്റെ തുടര്‍ച്ചയായി പ്ലസ്ടു സംവിധാനത്തിലേക്ക് മാറിയതും ഈ കാലത്താണ്. രണ്ടായിരത്തിന്റെ തുടക്കത്തില്‍ കോളേജിലെ അദ്ധ്യയന രീതികള്‍ (സെമസ്റ്ററൈസേഷന്റെയും ഇന്‍റേണല്‍ പരീക്ഷകളുടെയും വരവോടെ) കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാകുകയും ചെയ്തതോടെ കാമ്പസ് രാഷ്ട്രീയവും സാംസ്കാരികവുമായ ഇടപെടലുകളും വെറും പുറംമോടികള്‍ മാത്രമായി. കാമ്പസിലെ കലാസാംസ്കാരിക പരിപാടികള്‍ ഫെസ്റ്റിവലുകളും. അടിച്ചു പൊളിക്കലായി കാമ്പസിന്‍റെ മുദ്രാവാക്യം.

ഈ അടിച്ചുപൊളി സംസ്കാരത്തിന്റെ ഭീഷണമായ പാരമ്യമാണ് സി ഇ ടിയിലും മറ്റ് പല കാമ്പസുകളിലും സമീപകാലത്ത് കണ്ടത്. തുറന്ന ജീപ്പും, ചെകുത്താന്‍ എന്നു പേരിട്ട ലോറിയും ജെ സി ബി നൃത്തവുമെല്ലാം ഇതിന്റെ പ്രതീകങ്ങള്‍ മാത്രം. എല്ലാറ്റിലും ആഘോഷം മാത്രം കാണുന്ന രീതിയിലേക്ക് (കാലിക്കറ്റ് സര്‍വകലാശാലയില്‍ വി സിയുടെ സ്വേച്ഛാധിപത്യ നടപടികള്‍ക്കെതിരെ എസ് എഫ് ഐ നടത്തിയ സമരത്തിനിട്ട പേര് ഫെസ്റ്റിവല്‍ ഓഫ് റെസിസ്റ്റന്‍സ് ആയിരുന്നു) സ്പെക്ടക്കള്‍സിന്‍റെ പ്രകടനം മാത്രമായി സമരങ്ങളും കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളും സൌഹൃദ കൂട്ടായ്മകളും മാറി എന്നുവേണം കരുതാന്‍. കഴിവുറ്റ ബൌദ്ധിക നേതൃത്വത്തിന്‍റെ അഭാവമാണ് ഇതിന് കാരണം. അക്കാദമിക്ക് തലത്തിലും അല്ലാതെയും ഗൌരവതരമായ ചിന്തയുടെ കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്നില്ല. ഫേസ്ബുക്ക് നിലവാരമുള്ള കുറിപ്പടികള്‍ അല്ലാതെ. എന്നാല്‍ ഇതെല്ലാം തന്നെ കേവലം വിദ്യാര്‍ഥി സമൂഹത്തിന്‍റെ മാത്രം പ്രശ്നമായി കാണുന്നത് യഥാര്‍ത്ഥ കാരണങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമല്ലാതെ മറ്റൊന്നല്ല.  

സി ഇ ടി സംഭവം പ്രധാനമായും മൂന്നു തരത്തിലാണ് കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഒന്ന്, ടി പി ചന്ദ്രശേഖരന്‍റെ കൊലപാതകത്തിന് ശേഷം സി പി എമ്മിനെ വീണ്ടും മരണത്തിന്റെ വ്യാപാരികളായി അവതരിപ്പിക്കാനുള്ള ശ്രമം. സംഭവം നടന്നു തൊട്ടടുത്ത മണിക്കൂറുകളില്‍ തന്നെ ഈ വിഷയത്തെ രാഷ്ട്രീയമായി ചര്‍ച്ച ചെയ്യാനാണ് കെ എസ് യു ശ്രമിച്ചത്. അതില്‍ പൂര്‍ണ്ണമായും എസ് എഫ് ഐ മുഖമടിച്ച് വീഴുകയും ചെയ്തു. ജീപ്പിലുണ്ടായിരുന്നവര്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആണെന്നതും ജീപ്പൊടിച്ച വിദ്യാര്‍ഥി കണ്ണൂര് കാരനാണെന്നതും മതി സാഹചര്യ തെളിവുകളായിട്ട്. വേണമെങ്കില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരിലേക്ക് ഗൂഡാലോചന നീട്ടാവുന്ന തരത്തില്‍ കഥകള്‍ ചമയ്ക്കാം. രണ്ട്, സെന്‍ കുമാര്‍ നടത്തിയ പ്രസ്താവനയുടെ ചുവടുപിടിച്ച് പ്രേമം സിനിമയാണ് പ്രചോദനം എന്ന തരത്തിലുള്ള ചര്‍ച്ചകള്‍. ഇത് നേരത്തെ ദൃശ്യം സിനിമ ഇറങ്ങിയപ്പോഴും പൊട്ടിവന്ന ചര്‍ച്ചയായിരുന്നു. ഒരു കലാസൃഷ്ടി സമൂഹത്തെ സ്വാധീനിക്കുമോ ഇല്ലയോ എന്നൊക്കെ സാമൂഹ്യ ശാസ്ത്രകാരന്മാരും മനശാസ്ത്ര വിദഗ്ധരുമൊക്കെ പറയേണ്ട കാര്യമാണ്. ഇപ്പോള്‍ കാമ്പസില്‍ നടക്കുന്ന ആഘോഷങ്ങളില്‍ പ്രേമത്തിലെ നായകനും മറ്റും കടന്നു വരുന്നത് സിനിമയുടെ പ്രശ്നമോ അത് സ്വീകരിച്ച സമൂഹത്തിന്റെ അവസ്ഥയോ എന്ന് പരിശോധിക്കപ്പെടട്ടെ. മൂന്ന്, കാമ്പസ് രാഷ്ട്രീയമാണ് പ്രശ്നം എന്ന ചര്‍ച്ച. അത്തരം ചര്‍ച്ചകളില്‍ പങ്കാളികളാകുന്നത് മത/സാമുദായിക നേതാക്കന്മാരായ വിദ്യാഭ്യാസ മാനേജര്‍മാര്‍ ആണെന്നതാണ് ഏറ്റവും കൌതുകരം. ഇന്ത്യയിലെ കാമ്പസുകളില്‍ മുഖ്യധാരയില്‍ നിന്നും അല്ലാതെയും ഉയര്‍ന്നുവരുന്ന പ്രക്ഷോഭങ്ങള്‍ ആരെയൊക്കെയോ ഭയപ്പെടുത്തി തുടങ്ങിയിട്ടുണ്ട് എന്നത് സത്യമാണ്. ഈ സംഭവത്തോടെ സി ഇ ടിയില്‍ പെണ്‍കുട്ടികള്‍ നടത്തുന്ന ബ്രേക്ക് ദി കര്‍ഫ്യു പോലുള്ള പ്രക്ഷോഭങ്ങളുടെ ഗതി എന്താവും എന്നതും ആശങ്കപ്പെടുത്തുന്ന കാര്യമാണ്.

 
എന്തായാലും കിട്ടിയ അവസരം മുതലെടുക്കാന്‍ തന്നെയാണ് ഗവണ്‍മെന്‍റിന്റെ തീരുമാനം. കാമ്പസിലെ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവാരാന്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെയും മറ്റും യോഗം വിളിച്ചു കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. പുതിയ നിയന്ത്രണങ്ങള്‍ വരുന്നതോടെ ഭരണകൂടം എങ്ങനെയായിരിക്കും കാമ്പസുകളില്‍ ഇടപെടാന്‍ പോകുന്നത് എന്നതിന് അടിയന്തരാവസ്ഥ തന്നെയാണ് ഏറ്റവും മികച്ച ഉദാഹരണം. അതിന്റെ നാല്‍പ്പതാം വര്‍ഷത്തില്‍ തന്നെ ഒരു നിശബ്ദ അടിയന്തിരാവസ്ഥയിലേക്ക് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നു എന്നതാണ് എഫ് ടി ഐ ഐയിലും മറ്റും നടക്കുന്ന സമരങ്ങളെ അധികാരികള്‍ നേരിടുന്ന രീതിയില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്. സമരം ചെയ്യുന്നവരെയും മുടി നീട്ടി വളര്‍ത്തുന്നവരെയും ബോബ് മാര്‍ലിയുടെ ചിത്രമുള്ള ടീ ഷര്‍ട്ട് ധരിക്കുന്നവരെയുമൊക്കെ മാവോയിസ്റ്റും ദേശവിരുദ്ധരുമൊക്കെയായി ചിത്രീകരിക്കുന്നതിന് സമീപകാല ഉദാഹരണങ്ങള്‍ നിരവധിയാണ്. 

ഇനി ഇതും കൂടി കേള്‍ക്കുക. മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് എ കെ ആന്‍റണി കഴിഞ്ഞ ദിവസം പറഞ്ഞത് യുവാക്കളില്‍ മയക്കു മരുന്നിന്റെ ഉപയോഗം കൂടി എന്നാണ്. വിദ്യാലയങ്ങളിലും ഹോസ്റ്റലുകളിലും മയക്കു മരുന്ന് യഥേഷ്ടം കാണുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. എന്തായാലും ഇത് പുതിയ മദ്യ നയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ അധികാര സമവാക്യങ്ങളുമായി ബന്ധപ്പെടുത്തി ചുരുക്കി വായിക്കേണ്ട പ്രസ്താവനയല്ല. മറിച്ച് യുവാക്കള്‍ക്ക് നേരെ വിരല്‍ ചൂണ്ടപ്പെടുന്ന പൊതു ബോധത്തിന്റെ ആവിഷ്ക്കാരമായി കൂടി വിലയിരുത്തപ്പെടേണ്ട ഒന്നാണ്.

(അഴിമുഖം സീനിയര്‍ എഡിറ്ററാണ് ലേഖകന്‍)


അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍