അഴിമുഖം പ്രതിനിധി
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡലത്തിലെ പോലീസ് സ്റ്റേഷനു നേര്‍ക്ക് ബോംബാക്രമണം. കണ്ണൂര്‍ ചക്കരക്കല്‍ പോലീസ് സ്റ്റേഷനിലേക്കാണ് അക്രമികള്‍ ബോംബേറ് നടത്തിയത്. അക്രമത്തിനു പിന്നില്‍ സിപിഐഎം പ്രവര്‍ത്തകര്‍ ആണെന്ന് ആരോപണമുണ്ട്.
ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് ആക്രമണം ഉണ്ടായത്. സ്റ്റേഷന് നേരെ പ്രവര്‍ത്തകര്‍ രണ്ടു തവണ നാടന്‍ബോംബ് എറിയുകയുണ്ടായി. ശബ്ദത്തെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. ആക്രമണത്തില്‍ ആളപായമില്ല.
കാപ്പാട് സ്വദേശിയായ നിഗീഷ് എന്ന യുവാവിനെ അഞ്ചോളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും അയാളുടെ ബൈക്ക് അടിച്ചു തകര്‍ക്കുകയും ചെയ്ത കേസില്‍ റെയിസ്, റെജില്‍ എന്നീ യുവാക്കളുടെയും കണ്ടാല്‍ അറിയാവുന്ന മൂന്നു പേരുടെയും വീടുകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിനു ശേഷമാണ് സ്റ്റേഷന് നേരെ ആക്രമണം ഉണ്ടായത്. മര്‍ദ്ദനമേറ്റ ചെറുപ്പക്കാരന്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലാണ്. സ്റ്റേഷന് നേരെ ബോംബ് എറിഞ്ഞ കേസില്‍ കണ്ടാലറിയാവുന്ന ഏതാനും പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.