UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചക്കിട്ടപ്പാറക്ക് ചുറ്റും വീണ്ടും വട്ടമിട്ട് ഖനന മാഫിയ

അഴിമുഖം പ്രതിനിധി

ചക്കിട്ടപ്പാറയില്‍ ജനകീയ പ്രതിഷേധം മറികടന്നും ഖനന അനുമതി നേടിയെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി കര്‍ണാടകയിലെ ബെല്ലാരി ആസ്ഥാനമായുള്ള എം എസ് പി എല്‍ കമ്പനി വീണ്ടും ശ്രമം നടത്തുന്നു. ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര്‍ ഖനനം നടത്താന്‍ അനുമതി തേടി കേന്ദ്രസര്‍ക്കാറിനെയും ദേശീയ മൈനിംഗ് ട്രിബ്യൂണലിനെയും സമീപിക്കാനാണ് എം എസ് പി എലിന്റെ നീക്കം. ഖനനം സംബന്ധിച്ച കോടതി ഉത്തരവുകളും കേന്ദ്ര അനുമതികളും കമ്പനിയ്ക്ക് അനുകൂലമായിരിക്കുന്ന സാഹചര്യത്തില്‍ ഖനനാനുമതി സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവുമായാണ് ഇപ്പോള്‍ കമ്പനി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.

ചക്കിട്ടപ്പാറയില്‍ ഖനന അനുമതി സംബന്ധിച്ച ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് എം എസ് പി എല്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മേധ വെങ്കിട്ട അയ്യര്‍ കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇരുമ്പയിര് ഖനനം നടത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് ഭരണസമിതി വീണ്ടും തള്ളിയത് കാര്യങ്ങള്‍ മനസ്സിലാക്കാതെയാണെന്നും ഖനനം നടത്തണമെന്നാണ് പ്രദേശത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. കാര്‍ഷികമേഖലയായതിനാല്‍ ഖനനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതം കണക്കിലെടുത്താണ് അനുമതി നിഷേധിക്കുന്നതെന്നാണ് പഞ്ചായത്ത് ഭരണസമിതി നല്‍കിയ വിശദീകരണമെങ്കിലും ഇത് സംബന്ധിച്ച ഗ്രീന്‍ ട്രൈബ്യൂണല്‍ വിധിയുള്‍പ്പെടെ കമ്പനിയ്ക്ക് അനുകൂലമാണ്. 2017 ജനുവരിക്കകം ലീസ് പുതുക്കികിട്ടുന്ന തരത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കണം. കേന്ദ്രം നല്‍കിയ അനുമതി റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമില്ലെങ്കിലും, അനാവശ്യ ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് വീണ്ടും വീണ്ടും അനുമതി തേടുന്നത്.

ആയിരം ഏക്കറോളം സ്ഥലം ലീസിന് ഏറ്റെടുത്തതില്‍ ചക്കിട്ടപാറയില്‍ 406.4 ഹെക്ടര്‍ സ്ഥലത്ത് ഖനനം നടത്താനുളള അനുമതിയാണ് കമ്പനി തേടിയത്. ഖനനത്തിന് ക്ലിയറന്‍സും കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും കമ്പനിയ്ക്ക് ലഭിച്ചതാണ്. ചക്കിട്ടപ്പാറയില്‍ ഖനനത്തിന് അനുമതി തേടി ഇപ്പോഴത്തെ സര്‍ക്കാറിനെയും മുന്‍ മുഖ്യമന്ത്രിയെയും അന്നത്തെ വ്യവസായമന്ത്രിയെയുമെല്ലാം സമീപിച്ചിരുന്നെങ്കിലും അനുകൂല ഉത്തരവ് ലഭ്യമായില്ല. മുന്‍സര്‍ക്കാര്‍ ഓണ്‍ലൈന്‍ സബ്മിഷന്റെ സാങ്കേതികത്വം പറഞ്ഞ് അനുമതി വൈകിപ്പിക്കുകയാണ് ചെയ്തതെന്നും മേധ വെങ്കിട്ട അയ്യര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറിന്റെ ഭരണകാലത്ത് 2009 മെയ് മാസത്തിലാണ് കര്‍ണാടക ബെല്ലാരിയിലെ എം എസ് പി എല്‍ കമ്പനിക്ക് ചക്കിട്ടപാറ, മാവൂര്‍, കാക്കൂര്‍ എന്നിവിടങ്ങളില്‍ 30 വര്‍ഷത്തേക്ക് ഖനനത്തിനും അനുബന്ധ സര്‍വേക്കും വ്യവസായമന്ത്രി എളമരം കരീം അനുമതി നല്‍കിയത്. ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയതിന് പിന്നില്‍ എളമരം കരീമിന്റെ നേതൃത്വത്തില്‍ അഞ്ച് കോടി രൂപയുടെ കോഴ ഇടപാട് നടന്നതായി കരീമിന്റെ ബന്ധു ടി പി നൗഷാദിന്റെ ഡ്രൈവറായിരുന്ന സുബൈര്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് വിജിലന്‍സ് കേസ് രജിസ്റ്റര്‍ അന്വേഷണവും നടന്നു. മുന്‍ വ്യവസായമന്ത്രി എളമരം കരീം നല്‍കിയ അനുമതി കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് റദ്ദാക്കിയെങ്കിലും അത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കുന്നതില്‍ വന്ന കാലതാമസവും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിന്നീട് 2015 മാര്‍ച്ച് മാസത്തില്‍ അനുമതി റദ്ദാക്കി കൊണ്ടുള്ള ഉത്തരവ് അന്നത്തെ വ്യവസായവകുപ്പ് പുറത്തിറക്കി. എല്‍ ഡി എഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയതോടെ എം എസ് പി എല്‍ കമ്പനി അനുമതിയ്ക്കായി സജീവമായി രംഗത്തിറങ്ങുകയായിരുന്നു. എന്നാല്‍ വന്‍ജനരോഷവും വിവാദവും യു ഡി എഫ് അംഗങ്ങളുടെ പ്രതിഷേധവും ഭയന്ന് നിര്‍ദ്ദിഷ്ട ഖനനമേഖല ഉള്‍പ്പെടുന്ന ചക്കിട്ടപാറ പഞ്ചായത്ത് സാങ്കേതിക അനുമതി നിഷേധിക്കുകയായിരുന്നു. എന്നാല്‍ സര്‍വ്വെയ്ക്ക് പണ്ട് അനുമതി നല്‍കിയ എല്‍ ഡി എഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയ സാഹചര്യത്തിലാണ് വ്യാപക എതിര്‍പ്പും ജനരോഷവും സാങ്കേതിക അനുമതികളുമെല്ലാം മറികടന്ന് ഇരുമ്പയിര് ഖനന നീക്കം സജീവമാക്കാന്‍ കമ്പനി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍