UPDATES

കായികം

ചരിത്രവും റെക്കോര്‍ഡുകളും ഇവിടെ പ്രസക്തമല്ല, ഇതു മറ്റൊരു കളി; വിരാട് കോഹ്‌ലി

ഒരു ടീമിനും വിജയം ഉറപ്പു പറയാനാവില്ല

സൂപ്പര്‍ സണ്‍ഡേ ബ്ലോക്ക് ബസ്റ്റര്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ക്രിക്കറ്റ് ലോകം ഓവലിലെ സ്‌റ്റേഡിയത്തില്‍ നെഞ്ചിടിപ്പോടെ ഒത്തുകൂടും. ഇന്ത്യയും പാകിസ്താനും ചാമ്പ്യന്‍സ് കിരീടം തേടി കളത്തിലിറങ്ങുമ്പോള്‍, ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും സുന്ദരമായ കാഴ്ചകളായിരിക്കും നല്‍കുക. പക്ഷേ ആരാധകരും മാധ്യമങ്ങളുമെല്ലാം പറയുകയും എഴുതുകയും ചെയ്യുന്നതുപോലെ മഹത്തായൊരു മത്സരമായി കാണേണ്ടതില്ല ഈ ഫൈനല്‍ എന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‌ലി പറയുന്നത്. ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് കോഹ്‌ലി തങ്ങള്‍ക്കുമേലുള്ള അമിതസമ്മര്‍ദ്ദത്തെ ഒഴിവാക്കാനെന്നവണ്ണം ഫൈനല്‍ മത്സരത്തെ ലഘൂകരിച്ച് സംസാരിച്ചത്.

ടീമിനെ സംബന്ധിച്ച് ഇത് മറ്റൊരു മത്സരം മാത്രമാണ്. എല്ലാ മത്സരങ്ങളും വിജയിക്കാന്‍ തന്നെയാണ് ഞങ്ങള്‍ കളിക്കുന്നത്. ഏറ്റവും നന്നായി കളിക്കുക. ചരിത്രവും റെക്കോര്‍ഡുകളും ഇവിടെ പ്രസക്തമല്ല. ഒരു ടീമിനും വിജയം ഉറപ്പു പറയാനാവില്ല. ആരു നന്നായി കളിക്കുന്നുവോ അവര്‍ ജയിക്കും; കോഹ്‌ലിയുടെ വാക്കുകള്‍.

പാകിസ്താന്‍ ടീമിനെ പുകഴ്ത്താന്‍ കോഹ്‌ലി മറന്നില്ല. അവരുടേതായ ദിവസത്തില്‍ ഏതു ടീമിനെയും തോല്‍പ്പിക്കാനുള്ള കഴിവുള്ളവരാണവര്‍. അതെല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്.

ഫൈനലില്‍ മാറ്റമില്ലാത്ത ടീമുമായി തന്നെയായിരിക്കും ഇറങ്ങുകയെന്നും കോഹ്‌ലി പറഞ്ഞു. ആരെയും കുറിച്ച് ആശങ്കയില്ലെന്നും ഹര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കുമോയെന്ന ചോദ്യത്തിന് ഏതു സമയത്തും മത്സരം ജയിപ്പിക്കാനുള്ള പ്രകടനം നടത്താന്‍ കഴിവുള്ള താരമാണ് ഹര്‍ദിക് എന്നാണ് കോഹ്‌ലി പറഞ്ഞത്. എല്ലായിപ്പോഴും ഞാനെന്റെ ടീമില്‍ നിന്നും നല്ലതുമാത്രമാണ് പ്രതീക്ഷിക്കുന്നത്. എനിക്ക് ഉറപ്പുണ്ട് ഓരോ കളിക്കാരനും അവരുടെ കഴിവിന്റെ ഇരട്ടി കളിക്കളത്തില്‍ പ്രകടിപ്പിക്കും; കോഹ്‌ലി ഉറപ്പോടെ പറയുന്നു.

പത്രസമ്മേളനം അവസാനിക്കുന്നതിനു മുമ്പ് ഇന്നു നടക്കുന്ന ഇന്ത്യ-പാക് ഹോക്കി ഫൈനിലിന് ഇന്ത്യന്‍ ടീമിന് വിജയാശംസകള്‍ നേരാനും കോഹ്ലി തയ്യാറായി. ഞാന്‍ ഇതുവരെ ഹോക്കി കളിച്ചിട്ടില്ല. നമ്മുടെ ടീമിന് ഞാന്‍ എല്ലാവിധ ആശംസകളും നേരുന്നു. ഇന്നു തീര്‍ച്ചയായും അവര്‍ നന്നായി കളിക്കും; കോഹ് ലി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍