UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചാന്‍സലേഴ്‌സ് കൗണ്‍സിലിനു പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശമെന്ത്?

Avatar

രാകേഷ് നായര്‍

സര്‍വകലാശാലകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന ലക്ഷ്യത്തോടെ ചാന്‍സലേഴ്‌സ് കൗണ്‍സില്‍ രൂപീകരിക്കാനുള്ള സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പി സദാശിവത്തിന്റെ തീരുമാനം പൊളിറ്റിക്കല്‍-അക്കാഡമിക് രംഗങ്ങളില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. ഒരു വിഭാഗം ഗവര്‍ണറുടെ നടപടിയെ സദുദ്ദേശപരമെന്ന് വിശേഷിപ്പിക്കുമ്പോള്‍, ഫാഷിസ്റ്റ് അജണ്ട നടപ്പിലാക്കാനായി അക്കാഡമിക് ഹൈജാക്കിംഗ് നടത്തുകയാണ് പി സദാശിവമെന്നാണ് എതിര്‍ഭാഗത്തിന്റെ ആരോപണം.

ഗവര്‍ണറാണ് സ്വയംഭരണ സ്ഥാപനങ്ങളായ സര്‍വകാലശാലകളുടെ ഭരണത്തലവനായ ചാന്‍സലര്‍ എന്നിരിക്കെ അദ്ദേഹത്തിന്റെ നീക്കങ്ങളില്‍ പ്രത്യക്ഷത്തില്‍ യാതൊരു തെറ്റുമില്ല. മാത്രമല്ല, നമ്മുടെ സര്‍വകലാശാലകളുടെ നിലവിലെ അവസ്ഥ ഒട്ടും ആശാവഹമല്ല. കുത്തഴിഞ്ഞ നിലയിലേക്ക് എത്തപ്പെട്ട ഈ അക്കാഡമിക് സ്ഥാപനങ്ങളില്‍ നിന്ന് രാഷ്ട്രീയ വൈരാഗ്യങ്ങളുടെ നിറംകെട്ട കഥകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി ചവിട്ടിയരക്കുന്ന ദുര്‍ഗതിയിലേക്ക് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണറുടെ ഇടപെടല്‍. സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചു ചേര്‍ത്ത ഗവര്‍ണര്‍ പുതിയൊരു അഡൈ്വസറി ബോര്‍ഡായി ചാന്‍സലേഴ്‌സ് കൗണ്‍സിലും രൂപീകരിച്ചു. ഗവര്‍ണറുടെ സെക്രട്ടറി കണ്‍വീനറയി, പ്രോ ചാന്‍സലര്‍ കൂടിയായ മന്ത്രി, കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നിവരടങ്ങിയ ചാന്‍സലേഴ്‌സ് കൗണ്‍സില്‍ മൂന്നുമാസത്തിലൊരിക്കല്‍ യോഗം കൂടി സര്‍വകലാശാല നടപടികള്‍ വിലയിരുത്തണമെന്നാണ് തീരുമാനം, അതോടൊപ്പം അക്കാഡമിക് കലണ്ടര്‍, കോളേജുകളെ അപ്രധാന പരിക്ഷാനടത്തിപ്പുകളുടെ ചുമതലയേല്‍പ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഗവര്‍ണര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. സര്‍വകലാശാലകളുടെ പരമാധികാരിയായ ചാന്‍സലര്‍ക്ക് നിയമപ്രകാരം എപ്പോള്‍ വേണമെങ്കിലും സര്‍വകാലാശാലകളുടെ അവലോകനം വിളിക്കാമെന്നിരിക്കെ തന്നെ, പി സദാശിവം മുന്നോട്ടുവച്ചിട്ടുള്ള ഈ പുതിയ ചുവടിന് സര്‍വകലാശാലകളുടെ ശുദ്ധീകരണം മാത്രമാണോ ലക്ഷ്യം, അതോ അതിനു പിന്നില്‍ ഗവര്‍ണര്‍ക്ക് എന്തെങ്കിലും അജണ്ടയുണ്ടോ? ഈ ചോദ്യങ്ങളില്‍ നിന്നാണ് കേരളത്തില്‍ പുതിയ ചര്‍ച്ചകള്‍ ഉണ്ടായിരിക്കുന്നത്.

ഇന്റര്‍ യൂണിവേഴ്‌സിറ്റി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി
ചാന്‍സലേഴ്‌സ് കൗണ്‍സലിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു മുമ്പ് ഐ യു സി സി യെക്കുറിച്ച് പരാമര്‍ശിക്കണമെന്നാണ് കേരള സര്‍വകലാശാല മുന്‍ വിസി ആയ ഡോ ബി ഇക്ബാല്‍ പറയുന്നത്. വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും വിവിധ സര്‍വകലാശാലകളില വൈസ് ചാന്‍സലര്‍മാര്‍, പ്രോ വൈസ് ചാന്‍സലര്‍മാര്‍, സ്റ്റാട്യൂട്ടറി ഓഫിസര്‍മാരായ റജിസ്ട്രാര്‍, ഫൈനാന്‍സ് ഓഫിസര്‍, പരീക്ഷ കണ്‍ട്രോളര്‍ എന്നിവരുമടങ്ങുന്നതായിരുന്നു ഇന്റര്‍ യൂണിവേഴ്‌സിറ്റി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയിലെ പ്രതിനിധികള്‍. കേരള സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്നു ഐയുസിസിയുടെ കണ്‍വീനര്‍. ഈ സമിതി വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സര്‍വകലാശാലകള്‍ നേരിടുന്ന പൊതു പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. പ്രധാനമായും വിവിധ സര്‍വകാലാശാലകള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനായിരുന്നു സമിതി ശ്രമിച്ചിരുന്നത്. വിവിധ കോഴ്‌സുകളുടെ അംഗീകാരം, പരീക്ഷ തീയതികളുടെ ഏകീകരണം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും സമിതി ചര്‍ച്ച ചെയ്തിരുന്നത്. എന്നാല്‍ ഓരോ സര്‍വകലാശാലകള്‍ക്കും ഉള്ളിലുള്ള പ്രശ്‌നങ്ങളില്‍ അതാത് സര്‍വകലാശാല അധികൃതര്‍ തന്നെ പരിഹാരം കാണുകയായിരുന്നു ചെയ്തിരുന്നത്. കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വന്നതോടെ ഐയുസിസിയുടെ പ്രവര്‍ത്തന നിലയ്ക്കുകയാണുണ്ടായത്. എന്നാലോ ഐയുസിസി നിര്‍വഹിച്ചിരുന്ന ചുമതലകള്‍ക്കായി ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വേദിയൊരുക്കിയതുമില്ല. അതിനാല്‍ ഐയുസിസി മാതൃകയില്‍ ചാന്‍സലേഴ്‌സ് കൗണ്‍സില്‍ രൂപീകരിക്കുന്നതില്‍ തെറ്റില്ലെന്നാണ് എനിക്ക് പറയാനുള്ളത്.

ചില ചൂണ്ടിക്കാട്ടലുകള്‍
ചാന്‍സലേഴ്‌സ് കൗണ്‍സിലിന്റെ കണ്‍വീനറായി ഗവര്‍ണറുടെ സെക്രട്ടറിയെ നിയമിച്ചത് ഉചിതമായ കാര്യമല്ല. ആ ചുമതല ഒരു വൈസ് ചാന്‍സലര്‍ക്ക് നല്‍കുന്നതായിരുന്നു ഉചിതം. ചാന്‍സലേഴ്‌സ് കൗണ്‍സിലിന്റെ നിമയ സാധുതയാണ് മറ്റൊന്ന്. സര്‍വകലാശാല നിയമത്തില്‍ ഇപ്പോള്‍ ഗവര്‍ണര്‍ രൂപീകരിച്ചിട്ടുള്ളതുപോലെ ഒരു കൗണ്‍സിലിനെപ്പറ്റി പറയുന്നില്ലെന്നത് ശരിയാണ്. അതിനാല്‍ ചാന്‍സലേഴ്‌സ് കൗണ്‍സിലിന് നിയമപരമായ സാധുതയില്ല. എന്നാല്‍ വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നിരുന്ന ഐയുസിസിക്കും ഇപ്രകാരം നിയമ സാധുതയില്ലായിരുന്നു. അന്ന് അതിനെ ആരും ചോദ്യം ചെയ്തിരുന്നില്ലെന്നുമാത്രം. സര്‍വകലാശാല നിയമ പ്രകാരം സര്‍വകലാശാലകളുടെ മേധാവി ചാന്‍സലറാണ്. സര്‍വകലാശാലകകള്‍ പ്രതിസന്ധികള്‍ നേരിടുകയും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലും സര്‍ക്കാരും അതു പരിഹരിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുമ്പോള്‍ താല്‍ക്കാലിക നടപടിയെന്ന നിലയില്‍ ചാന്‍സലേഴ്‌സ് കൗണ്‍സില്‍ രൂപീകരിച്ചതിനെ ഭരണകക്ഷയില്‍പ്പെട്ടവര്‍ വിമര്‍ശിക്കുന്നത് ഉചിതമല്ല. സര്‍ക്കാരിന്റെ പരാജയം കൊണ്ടുകൂടിയാണ് ഗവര്‍ണര്‍ക്ക് ഇടപെടേണ്ടി വന്നതെന്ന് മറക്കരുത്. വിദ്യാഭ്യാസ മന്ത്രി സര്‍വകലാശാലകളുടെ പ്രോ-ചാന്‍സലര്‍ കൂടിയാണെന്ന് ഓര്‍ക്കണം. ഗവര്‍ണറുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നത് ഭരണഘടനാപരമായ പ്രതിസന്ധിയിലേക്കും സംസ്ഥാനത്തെ നയിക്കാന്‍ ഇടയുണ്ട്.

ഗവര്‍ണര്‍ നല്ല ഉദ്ദേശത്തോടെ കൂടിയാവും കൗണ്‍സില്‍ രൂപീകരിച്ചത്. എന്നാല്‍ ഇന്നു കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അതുകൊണ്ട് കഴിയുമെന്ന് തോന്നുന്നില്ല. സര്‍ക്കാരുമായി ആശയവിനിമയം നടത്തി ചാന്‍സലറായ ഗവര്‍ണറും പ്രോ ചാന്‍സലറായ മന്ത്രിയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്ത് കേരളത്തിന് സമുചിതമായ ഉന്നത വിദ്യാഭ്യാസ നയവും അതിനു സഹായകരമായ രീതിയില്‍ സര്‍വകലാശാലകളുടെ ഭരണ സംവിധാനങ്ങളില്‍ സമഗ്രമായ മാറ്റം വരുത്താനുള്ള നടപടികളും സ്വീകരിക്കുകയാണ് വേണ്ടത്. ചാന്‍സലേഴ്‌സ് കൗണ്‍സില്‍ പോലുള്ള ഒറ്റമൂലികള്‍ കൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതല്ല നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന ഗുരുതരങ്ങളായ പ്രതിസന്ധികള്‍- ഡോ.ബി ഇക്ബാല്‍ പറഞ്ഞു.

ഗവര്‍ണരുടെ ഇടപെടല്‍ നിയമ വിരുദ്ധമോ?
സര്‍വകലാശാല നിയമത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അധികാരങ്ങളെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ഇതനുസരിച്ച് ഗവര്‍ണര്‍ക്ക് സര്‍വകാലശാലകളുടെ ഏതു കാര്യത്തിലും ഇടപെടാം. ചാപ്റ്റര്‍ 3 യില്‍ സെക്ഷന്‍ 7 ല്‍ 1-10 വരെ പറയുന്നത് ചാന്‍സലറുടെ അധികാരങ്ങളെക്കുറിച്ചാണ്. സെനറ്റുകളുടെയും സിന്‍ഡിക്കേറ്റുകളുടെയും രൂപീകരിണത്തിലും അവ പിരിച്ചുവിടുന്നതിലും ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. ആ നിലയ്ക്ക് ഗവര്‍ണറുടെ ഇടപെടലുകളുടെ നിയമ സാധുതയെ ചോദ്യം ചെയ്യുന്നതില്‍ ന്യായമില്ലെന്നാണ് ടി എന്‍ പ്രതാപന്‍ എംഎല്‍എ ചൂണ്ടിക്കാണിക്കുന്നത്. ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചു ചേര്‍ക്കുന്നത് ആദ്യമായിട്ടല്ല. 2013 ആഗസ്റ്റില്‍ അന്നത്തെ ഗവര്‍ണറും വിസിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സിന്‍ഡിക്കേറ്റ് അവിടുത്തെ വിസിക്കെതിരെ ഹൈക്കോടതയില്‍ കേസ് കൊടുത്തപ്പോള്‍ കോടതി ചാന്‍സലറോടാണ് പ്രശ്‌നത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടത്. കോടതിയുടെ ഈ റഫറന്‍സ് തന്നെ ഗവര്‍ണറുടെ അധികാരത്തെ സാധൂകരിക്കുന്നതാണ്. അതിനാല്‍ ഗവര്‍ണറുടെ നീക്കത്തെ നിയമപ്രശ്‌നമായി ചൂണ്ടിക്കാണിച്ച് എതിര്‍ക്കുന്നതില്‍ കാര്യമില്ല. സര്‍വകലാശാലയുടെ അക്കാഡമിക്-അഡ്മിനിസ്‌ട്രേറ്റീവ് വികസനത്തിനുവേണ്ടി, അവ ശക്തിപ്പെടുത്തുന്നതിനുവേണ്ടി ഗവര്‍ണര്‍ ഇടപെടുന്നതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. എതിര്‍പ്പുകള്‍ക്കു പിന്നില്‍ എന്ത് ലക്ഷ്യമാണുള്ളതെന്ന് അന്വേഷിക്കണം- പ്രതാപന്‍ പറയുന്നു.

എന്തുകൊണ്ട് ഗവര്‍ണര്‍ക്ക് ഇടപെടേണ്ടി വന്നു?
ഉന്നത വിദ്യാഭ്യാസ രംഗവും സര്‍വകലാശാലകളും കുത്തഴിഞ്ഞ നിലയിലാണ്. ഈ മേഖലയില്‍ സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും പരാജയപ്പെട്ടിരിക്കുന്നു. സര്‍വകലാശാലകളെ നയിക്കാനുള്ള നേതൃത്വ ഗുണം വിസിമാര്‍ക്കും ഭരണസമതികള്‍ക്കുമില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടേണ്ട പ്രോ-ചാന്‍സലര്‍ കൂടിയായ വിദ്യാഭ്യസ മന്ത്രി പ്രശ്‌നങ്ങള്‍ കണ്ടു നില്‍ക്കുന്നു. ജനാധിപത്യപരമായി തിരഞ്ഞെടുത്ത സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ഗവര്‍ണര്‍ക്ക് നേരിട്ട് ഇടപെടാനുള്ള അവസരം നല്‍കിയതും അതിനുള്ള സാഹചര്യം നല്‍കിയതും യുഡിഎഫ് സര്‍ക്കാരാണ്- എസ്എഫ്‌ഐ ഈ വിഷയത്തില്‍ വ്യക്തമാക്കുന്ന നിലപാട് ഇപ്രകാരമാണ്.

ഗവര്‍ണര്‍ നടപ്പാക്കുന്നത് രാഷ്ട്രീയ അജണ്ടയോ?
ഗവര്‍ണറുടെ ഇടപെടലില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നാണ് കെ ടി ജലീല്‍ എം എല്‍ എ പറയുന്നത്. അതിനായി അദ്ദേഹം നിരത്തുന്ന വാദങ്ങളാണ് ഇനി പറയുന്നത്- കേരളത്തിലെ സര്‍വകലാശാലകളില്‍ നിലവിലെ പ്രതിസന്ധികള്‍ സൃഷ്ടിച്ചതിന് ഒന്നും രണ്ടും പ്രതികള്‍ സംസ്ഥാന സര്‍ക്കാരും പ്രോ ചാന്‍സലര്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രിയുമാണ്. സര്‍വകലാശാലകളിലെ പ്രശ്‌നം തീര്‍ക്കാന്‍ പ്രോ ചാന്‍സലര്‍ ഒരു നീക്കവും നടത്തിയില്ല. ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ഒരു യോഗമെങ്കിലും വിളിച്ച് പരിഹാരം കാണാന്‍ തയ്യാറാകേണ്ടതല്ലായിരുന്നോ മന്ത്രി? കാലിക്കറ്റ് യൂണിവേഴ്‌സിറ്റില്‍ നിന്ന് എത്ര ദൂരമുണ്ട്? ഒന്നുറക്കെ വിളിച്ചാല്‍ കേള്‍ക്കാവുന്നത്ര അകലമേയുള്ളൂ. എന്നിട്ടും ആ മന്ത്രി എന്താ ചെയ്തത്? സിന്‍ഡിക്കേറ്റും വിസിയും തമ്മിലടി നടത്തുമ്പോഴും മന്ത്രിയവിടെവരെയൊന്നു പോയോ? പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രി ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഈയവസരം ബിജെപി നിയോഗിച്ച ഗവര്‍ണര്‍ വിദഗ്ദമായി മുതലെടുക്കുകയായിരുന്നു.

രാജ്യവ്യാപകമായി ബിജെപി സര്‍വകലാശാലകളിലും വിദ്യാഭ്യാസരംഗങ്ങളിലും  ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ആര്‍എസ്എസ് മേധാവി വിജയദശമി നാളില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാര്‍ത്ത ഏജന്‍സി ഉപയോഗിച്ചതും, കഴിഞ്ഞയാഴ്ച യുജിസി ചെയര്‍മാനടക്കമുള്ള ഉന്നതവിദ്യാഭ്യാസ മേധാവികളെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയതൊന്നും നിസ്സാരമായി കാണരുത്. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കാന്‍ പോകുന്നത്. ഇന്ത്യയില്‍ തന്നെ കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് കേരളത്തില്‍ ഗവര്‍ണര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഏതെങ്കിലുമൊരു മുതിര്‍ന്ന രാഷ്ട്രീയ നേതാവിനെ ഗവര്‍ണറാക്കി അയക്കാതെ പി.സദാശിവത്തെപ്പോലൊരു നിയമവിദഗ്ദനെത്തന്നെ കീഴ്‌വഴക്കങ്ങളെല്ലാം തെറ്റിച്ച് ബിജെപി കേരളത്തിലെ ഗവര്‍ണറാക്കി നിയമിച്ചത് യാദൃശ്ചികമല്ല,വ്യക്തമായ ലക്ഷ്യം അവര്‍ക്കുണ്ട്. കേരളത്തിലെ രാഷ്ട്രീയപ്രബുദ്ധതയെ മറികടന്ന് അവര്‍ക്ക് കളത്തില്‍ കടക്കാനാണ് സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റീസ് കൂടിയായ പി.സദാശിവത്തെ ബിജെപി ഇവിടെ നിയമിച്ചത്. നിര്‍ഭാഗ്യമെന്ന് പറയട്ടെ ബിജെപിയുടെ കുതന്ത്രം മനസ്സിലാക്കാന്‍ ഇവിടുത്തെ കോണ്‍ഗ്രസുകാര്‍ക്കും അവരുടെ സര്‍ക്കാരിനും ഇതുവരെ കഴിഞ്ഞിട്ടില്ല.

ഈ രാജ്യത്ത് എവിടെയാണ് സര്‍വകലാശാലകളുടെ മേല്‍നോട്ടത്തിനായി ഒരു ചാന്‍സലര്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുള്ളത്? ഇന്ത്യയില്‍ ഒരിടത്തും നിലവില്ലാത്തതും നിയമവിധേയമല്ലാത്തതുമായ ചാന്‍സലേഴ്‌സ് കൗണ്‍സിലില്‍ വിദ്യാഭ്യാസമന്ത്രിയായ പ്രോ ചാന്‍സലര്‍ വെറും കാഴ്ചക്കാരനാണ്. സര്‍വകലാശാലകളെ സംബന്ധിച്ച വിവരങ്ങള്‍ ചാന്‍സലര്‍ ശേഖരിക്കുന്നത് പ്രോ ചാന്‍സലറില്‍ നിന്നാണ്. ആ കീഴ്‌വഴക്കമാണ് പുതിയ ഗവര്‍ണര്‍ തെറ്റിച്ചിരിക്കുന്നത്. അതിന് കാരണക്കാരായതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. സര്‍വകലാശാലകളില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നെങ്കില്‍ ഗവര്‍ണറുടെ സ്വാര്‍ത്ഥ ലക്ഷ്യങ്ങളോടെയുള്ള ഇടപെടലിന് അവസരമുണ്ടാകില്ലായിരുന്നു. ഗവര്‍ണര്‍ വിളിച്ചുചേര്‍ത്ത വിസിമാരുടെ യോഗത്തെ അനുമോദിക്കുന്ന ചിലരുണ്ട്. അവര്‍ കാര്യങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യം മനസ്സിലാക്കാതെ സംസാരിക്കുന്നവരാണ്. ആ യോഗത്തില്‍ എന്താണ് ചര്‍ച്ച ചെയ്തത്? സര്‍വകലാശാലകളില്‍ നടപ്പിലാക്കാനുള്ള കാര്യങ്ങളാണ്. ഇപ്പോള്‍ പ്രത്യക്ഷത്തില്‍ നമ്മള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളൊന്നും തന്നെ ആ യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നതാണ് സത്യം. അങ്ങിനെയുള്ളൊരു ചര്‍ച്ചയായിരുന്നു നടന്നിരുന്നതെങ്കില്‍ ഗവര്‍ണറുടെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടായിരുന്നു. എന്നാല്‍ അവയെ അപ്രസക്തമാക്കി തനിക്ക് നടപ്പിലാക്കാനുള്ള കാര്യങ്ങളെക്കുറിച്ചാണ് ഗവര്‍ണര്‍ വിസ്തരിച്ചിട്ടുള്ളതിനാല്‍, അവയ്ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയത്തെ നാം കാണുകയും അവയെ എതിര്‍ക്കുകയും വേണം. 

രാഷ്ട്രീയം കാണുന്നവരുടെ കണ്ണിലാണോ കരട്?
നമ്മുടെ സര്‍വകലാശാലകളെ ശുദ്ധീകരിക്കാനുള്ള നടപടികളാണ് ഗവര്‍ണര്‍ പി സദാശിവം കൈക്കൊള്ളുന്നതെന്നാണ് ബിജെപി വക്താവ് വി വി രാജേഷ് വിശ്വസിക്കുന്നത്. അതില്‍ രാഷ്ട്രീയം കാണുന്നവരാണ് യഥാര്‍ത്ഥ കുറ്റവാളികളെന്നും രാജേഷ് ആരോപിക്കുന്നു. ഇക്കാലമത്രയും കേരളത്തിലെ സര്‍വകാലാശാലകളെ പലരും സ്വകാരസ്വത്തുക്കളായിവെച്ചു കൊണ്ടിരിക്കുകയായിരുന്നു. എംജി സര്‍വകലാശാലയില്‍ കെ എം മാണിയുടെ ഭരണമാണെങ്കില്‍ കാലിക്കറ്റില്‍ ലീഗുകാരാണ് ഉടമസ്ഥര്‍. സിപിഎമ്മിന് കേരളസര്‍വകലാശാലയുടെ അധികാരം. ഇതായിരുന്ന് ഇവിടുത്തെ അവസ്ഥ. ഈ കീഴ്‌വഴക്കങ്ങള്‍ തച്ചുതകര്‍ക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. അതിനെ പിന്തുണയ്ക്കുകയാണ് ബൗദ്ധികജ്ഞാനമുള്ള സാമാന്യജനം ചെയ്യേണ്ടത്. ഒരുകാര്യം ചിന്തിച്ചാല്‍ മതി, ലോകത്തിലെ മികച്ച സര്‍വകലാശാലകളുടെ ഗണത്തില്‍ നമ്മുടെ ഏതെങ്കിലും ഒരു സര്‍വകലാശാല ഉള്‍പ്പെട്ടിട്ടുണ്ടോ? എന്താണ് കാരണം ? ഇവിടുത്തെ രാഷ്ട്രീയക്കാര്‍ തന്നെ. അവര്‍ക്ക് രാഷ്ട്രീയം കളിക്കാനാണ് സര്‍വകലാശാലകള്‍, ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവിയോര്‍ത്ത് അവരൊരിക്കലും വ്യാകുലപ്പെടാറില്ല. മാസങ്ങളായി പ്രവര്‍ത്തനം താളംതെറ്റിക്കിടക്കുയാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍. എന്താണ് അവിടെ സര്‍ക്കാരും വിദ്യാഭ്യാസ മന്ത്രിയും ചെയ്തത്? അവിടുത്തെ കുട്ടികളെക്കുറിച്ച് ഇവരൊന്നും ആലോചിക്കാത്തതെന്താണ്? ഈ രാജ്യത്തിന്റെ ഭാവിയ്ക്കുവേണ്ടി യത്‌നിക്കേണ്ട ഒരു തലമുറയെയാണ് അവഗണിക്കുന്നത്. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ ഇടപെടലുകള്‍ നടത്തിയെങ്കില്‍, അതിനെ അഭിനന്ദിക്കുകയാണ് വേണ്ടേത്. ഗവര്‍ണറായിട്ടല്ല, ചാന്‍സലറായിട്ടാണ് അദ്ദേഹം ഇടപെട്ടിരിക്കുന്നത്. അതിനുള്ള അധികാരവും അവകാശവും അദ്ദേഹത്തിനുണ്ട്. മുന്‍പൊന്നും ഇല്ലാത്ത കീഴ്‌വഴക്കമെന്നാണ് ചിലര്‍ പറയുന്നത്. തന്റെ മുന്‍ഗാമികളൊന്നും ഇത്തരമൊരു പ്രവര്‍ത്തി നടത്തിയിട്ടില്ലെന്നത് പുതിയ ഗവര്‍ണര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള നിയമതടസ്സം ഉണ്ടാക്കുന്നില്ല. തെറ്റുകള്‍ ആവര്‍ത്തിക്കാനല്ല, തിരുത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. ചാന്‍സലേഴ്‌സ് കൗണ്‍സില്‍ രൂപീകരിച്ചതിനെയാണ് ചിലര്‍ വിമര്‍ശിക്കുന്നത്. ആ കൗണ്‍സിലില്‍ തന്റെ ഇഷ്ടക്കാരെയോ ബിജെപിക്കാരെയോ അല്ല  അദ്ദേഹം ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് സുബോധമുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. എന്നിട്ടും കുറ്റം ചികയുന്നവര്‍ ആദ്യം ചെയ്യേണ്ടത് സ്വന്തം കണ്ണില്‍ കുടുങ്ങിയ കരടെടുത്ത് മാറ്റാനാണ്.

ഈ വാക് തര്‍ക്കങ്ങളിലെല്ലാം പൊതുവായി ഉന്നയിക്കുന്നത് നമ്മുടെ സര്‍വകലാശാലകളുടെ നിലവിലെ ദുഃസ്ഥിതിയാണ്. അനേകലക്ഷം വിദ്യാര്‍ത്ഥികളുടെ ഭാവിയെ സാരമായി ബാധിക്കുന്ന അനാസ്ഥയാണ് ഓരോ സര്‍വകലാശാലകളും നടത്തുന്നത്. ഇതിനെതിരെ ശക്തമായ ഇടപെടലുകള്‍ നടന്നേപറ്റൂ. അതില്‍ രാഷ്ട്രീയമുണ്ടോ, ഇല്ലയോ എന്നതും ചര്‍ച്ച ചെയ്യേണ്ട വിഷയം തന്നെയാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഗവര്‍ണറുടെ നീക്കത്തെ പൂര്‍ണമായി രാഷ്ട്രീയവത്കരിച്ച് വിവാദമുണ്ടാക്കാതെ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് വേണ്ടത്. സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പിനും അതില്‍ നേരിട്ട് ഇടപെടാനും മറ്റുള്ളവര്‍ക്ക് പുറമെ നിന്ന് നിര്‍ദ്ദേശങ്ങളും പരിഹാരങ്ങളും സമര്‍പ്പിക്കാനും കഴിയണം. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ അനുയോജ്യമായ തീരുമാനങ്ങളെടുത്ത് സര്‍വകലാശകളെ മികച്ച അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഇടങ്ങളായി പുനരുജ്ജീവിപ്പിക്കേണ്ടത് ഒരു സാമൂഹ്യബാധ്യതയായി ഏറ്റെടുത്തേപറ്റൂ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍